ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടി

HIGHLIGHTS
  • 'മിസ് സൗത്ത് ഇന്ത്യ ക്വീൻ ' മത്സരത്തിൽ മിസ് കേരള പട്ടം കരസ്ഥമാക്കി
  • നിരവധി ലോകോത്തര പ്രശസ്‌ത ഉൽപന്നങ്ങൾക്കായി മോഡലായി
malayali-model-sanjuna-in-londan
SHARE

മോഡലിങ്ങിലും ഫാഷൻ ഡിസൈനിങ്ങിലും നിലവിലുള്ള മുൻവിധികളെയെല്ലാം മറികടന്നാണ് കണ്ണൂർ ജില്ലയി‍ൽനിന്നുള്ള ഒരു നാട്ടുമ്പുറത്തുകാരി പെൺകുട്ടി ലണ്ടനിൽ മോഡലിങ് രംഗത്ത്  രാജ്യാന്തരപ്രശസ്‌തിയുള്ള താരമായത്. മോഡലിങ്ങിലെ പൊതുധാരണകളെ തകിടം മറിച്ചുകൊണ്ടായിരുന്നു അണിയാരത്തുകാരി സഞ്ജുന മഡോണക്കെൻഡിയുടെ മുന്നേറ്റം

പാനൂർ മുനിസിപ്പാലിറ്റിയോട് ചേർന്ന അണിയാരം ഗ്രാമത്തിൽ മഡോണക്കെണ്ടിയിലെ കണ്ണന്റെയും സരോജാ കണ്ണന്റെയും മകളാണ് സഞ്ജുന. സഹോദരൻ സനൂഷ്, സഹോദരി സനിഷ.

ഒരു കല എന്നതിലുപരി ഫാഷനെ ഉൾക്കൊള്ളുകയും പാഷനായി കൊണ്ടുനടക്കുകയും ചെയ്യുന്നു സഞ്ജുന. മോഡലിങ് എന്നു കേട്ടാൽ‌ പഴയ തലമുറക്കാർക്ക് ചില സദാചാര പ്രശ്നങ്ങളൊക്കെ തോന്നിയിരുന്നെങ്കിലും ഇന്ന് ശ്രദ്ധേയമായ, മാന്യതയുള്ള ഒരു പ്രഫഷൻ എന്ന നിലയിൽ അതു വളർന്നിരിക്കുന്നു. ഫ്രഞ്ച് വാക്കായ 'modella ' യിൽ നിന്നാണത്രേ മോഡലിങ് എന്നപദം രൂപം പ്രാപിച്ചതും പ്രചാരത്തിലായതും.  പ്രശസ്ത ബ്രിട്ടിഷ് ഡിസൈനർ ചാർലീസ് ഫ്രെഡറിക് വർത്ത് അരനൂറ്റാണ്ടിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ മേരി അഗസ്റ്റിൻ വെർനറ്റ് എന്ന സ്ത്രീയെ മോഡലാക്കിയാണ് അതിനു തുടക്കം കുറിച്ചതെന്ന് സഞ്ജുന പറയുന്നു.

malayali-model-sanjula-in-londan

2011 ൽ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട്  ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്ന് അപ്പാരൽ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടിയശേഷം ഒരു ഫാഷൻ സ്ഥാപനത്തിൽ ജൂനിയർ ഫാഷൻ ഡിസൈനറായി ജോലിയിൽ  പ്രവേശിച്ചു. അപ്പോഴും, ഒരു മോഡലാവാനുള്ള മോഹം സഞ്ജുനയുടെ മനസ്സിലുണ്ടായിരുന്നു. ഇന്റർനാഷനൽ ബിസിനസ്സിൽ എംബിഎ നേടി ഏറെ താമസിയാതെ ഇന്ത്യയിലെ പ്രശസ്‌ത ഉൾവസ്ത്ര നിർമാതാക്കളായ സിവമെയിൽ സ്‌പെഷൽ ഡിസൈനറായി. അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായതോടെ മോഡലുകൾക്കും പ്രമുഖ വ്യക്തികൾക്കുമായി പ്രത്യേക വസ്ത്രങ്ങൾ രൂപകൽപന ചെയ്യുന്നതിലായി സഞ്ജുനയുടെ മുഴുവൻ ശ്രദ്ധയും .

താമസിയാതെ ''സാൻസ് കൊച്ചർ'' എന്ന ബ്രാൻഡിൽ ഒരു വസ്ത്രനിരയ്ക്കു തുടക്കം കുറിച്ചുകൊണ്ട്  2015 ൽ ബെംഗളൂരുവിൽ മോഡലിങ് കരിയർ തുടങ്ങി. 2016 ൽ നടന്ന 'മിസ് സൗത്ത് ഇന്ത്യ ക്വീൻ '  മത്സരത്തിൽ മിസ് കേരള പട്ടം കരസ്ഥമാക്കിയതിനു പുറമേ മികച്ച ഫോട്ടോജനിക് ഫേസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ഫാഷനെക്കുറിച്ച് ആഴത്തിലറിയാനും പഠിക്കാനുമായി  യൂറോപ്പിലേക്കു പോയത്. ഈ യാത്രയിൽ വിവിധ രാജ്യങ്ങളിലെ സമാനസ്വഭാവക്കാരും ഫാഷൻ പ്രേമികളായുമുള്ള  നിരവധി പ്രമുഖ വ്യക്തിത്വങ്ങളുമായി സൗഹൃദമുണ്ടാക്കാനുള്ള അവസരം ലഭിച്ചു.

malayali-model-sanjula-in-londan2

ഇന്ത്യയിൽ  തിരിച്ചെത്തിയെങ്കിലും  തന്റെ ചിരകാല സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള വേദി എന്ന നിലയിൽ വീണ്ടും ലണ്ടനിലേക്കു പറന്നു.

രണ്ടാമത്തെ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ അവർ 2017 ൽ ലക്ഷ്വറി ബ്രാൻഡ് മാനേജ്‌മെന്റിൽ എംബിഎ നേടി. തുടർന്ന് ലണ്ടനിലെ പ്രമുഖ ഫാഷൻ ഡിസൈൻ ഏജൻസിയിൽ ജോലിക്കു കയറി. ലണ്ടനിലെ പ്രശസ്‌ത ഫാഷൻ ബ്രാൻഡായ ''നോബഡീസ് ചൈൽഡ് '' മായി സഹകരിച്ചുകൊണ്ട് ഇപ്പോഴും ലണ്ടനിൽ  പ്രവർത്തിക്കുന്നു. പരിസ്ഥിതിസൗഹൃദരീതി അവലംബിച്ചുകൊണ്ടുള്ള വസ്ത്രനിർമാണരീതിക്ക്  പ്രാധാന്യം കൊടുക്കുന്ന സഞ്ജുന മഡോണക്കെണ്ടി നിരവധി ലോകോത്തര പ്രശസ്‌ത  ഉൽപന്നങ്ങൾക്കായി മോഡലായി.

malayali-model-sanjula-in-londan1

സാഹസികത ഇഷ്ടപ്പെടുന്ന  സഞ്ജുന ലണ്ടനിലെ ജീവിതത്തിനിടയിലാണ്  വിമാനം പറപ്പിക്കാൻ പഠിച്ചതും നല്ലൊരു വൈമാനിക എന്ന പേര് നേടിയതും. ഒരു പൈലറ്റാകണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്നതായി സഞ്ജുന പറയുന്നു. അഞ്ച് വർഷത്തിലേറെ ഭാരതീയ നൃത്തത്തിൽ പ്രാവീണ്യം നേടിയ നർത്തകി എന്നതിനുപുറമെ  കരാട്ടെയിൽ  പരിശീലനം നേടാനും സഞ്ജുനയ്ക്കായി. ഏതാനും ഹോളിവുഡ് സിനിമകളിൽ അഭിനയിക്കാനും കഴിഞ്ഞു.

അവസരം ലഭിച്ചാൽ ഇന്ത്യൻ സിനിമയിലും പരസ്യരംഗത്തും ഒരു കൈ നോക്കാൻ ആഗ്രഹമുണ്ടെന്നും സഞ്ജുന പറയുന്നു.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA