കേരളപ്പിറവി ആഘോഷിക്കാൻ ചേന്ദമംഗലം; പ്രത്യേക കലക്‌ഷൻ പ്രദർശനത്തിന്

care-for-chendamagalam-and-roukas-new-collection
SHARE

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വസ്ത്രവിസ്മയം തീർക്കാൻ കെയർ ഫോർ ചേന്ദമംഗലവും ഡിസൈനർ ലേബലായ റൗക്കയും. പ്രശസ്തമായ ചേന്ദമംഗലം കൈത്തറി സാരികൾ ഉള്‍പ്പെടെയുള്ള പ്രത്യേക കലക്‌ഷനാണ് ഒരുങ്ങുന്നത്. നവംബർ 2 ന് വൈകിട്ട് നാലു മുതൽ ഏഴു വരെയും 3 ന് രാവിലെ പത്തു മുതൽ ഏഴുവരെയും ഇടപ്പള്ളി കേരള മ്യൂസിയത്തിലാണ് പ്രദർശനം.

വ്യത്യസ്തകളും പരീക്ഷണങ്ങളും ശീലമാക്കി മാറ്റിയ ശ്രീജിത് ജീവന്റെ ഡിസൈനുകൾക്ക് ചേന്ദമംഗലത്തെ നെയ്ത്തുകാർ പൂർണത നൽകുമ്പോൾ അതു പറയുന്നത് പോരാട്ടത്തിന്റെ കഥകൾ കൂടിയാണ്. 2018 ഓഗസ്റ്റിൽ കേരളത്തെ തകർത്ത പ്രളയം ചേന്ദമംഗലത്തെ കൈത്തറികളിലും വലിയ ദുരിതം സമ്മാനിച്ചിരുന്നു. നെയ്ത്തുകാർക്ക് പിന്തുണ നൽകാനായി സമാന മനസ്കരായ 5 വ്യക്തികൾ ചേർന്നു രൂപം നൽകിയ സംഘടനയാണ് കെയർ ഫോർ ചേന്ദമംഗലം(സിഫോർസി). അപ്പോളോ ഹോസ്പിറ്റൽ വൈസ് ചെയർമാർ പ്രീത റെഡ്ഡി, ജ്വല്ലറി ഡിസൈൻ മിന്നി മേനോൻ, ആർടിസ്റ്റ് തേജോമയി മേനോൻ, ഹോട്ടൽ സംരഭകനായ ശേഖർ സിതാരാമൻ, എംആർഎഫ് വെൽഫെയർ വൈസ് പ്രസിഡന്റ് മീര മാമ്മൻ എന്നിവരാണ് കെയർ ഫോർ ചേന്ദമംഗലത്തിനു നേതൃത്വം നൽകുന്നത്.

ചേന്ദമംഗലത്തെ 42 വനിതാ നെയ്ത്തുകാരുമായി ചേർന്നു പ്രവർത്തിക്കാനായിരുന്നു സിഫോർസിയുടെ തീരുമാനം. എന്നാൽ ചേന്ദമംഗലം കൈത്തറി വേറെയും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സിഫോർസി തിരിച്ചറിഞ്ഞു. 45 വയസ്സിൽ താഴെയുള്ള നെയ്ത്തുകാർ ആരുമില്ല എന്നതായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. പ്രളയക്കെടുതിയിൽ നിന്നു വീണ്ടെടുക്കുന്നതിനൊപ്പം, നിലനിൽപ്പിനു വേണ്ടി അടുത്ത തലമുറയില്‍ നെയ്ത്തുകാരെ വളർത്തി കൊണ്ടു വരേണ്ടതുണ്ടെന്നും സിഫോർസി മനസ്സിലാക്കി. ഇതിനു വേണ്ടി കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിസൈനർ ലേബലായ റൗക്കയുടെ അമരക്കാരൻ ശ്രീജിത് ജീവനുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

ചേന്ദമംഗലത്തിന് കരുത്തേകാനും പുനരുദ്ധരിക്കാനുമുള്ള ശ്രമഫലമാണ് പുതിയ കലക്‌ഷൻ. ചേന്ദമംഗലത്തിന്റെ പാരമ്പര്യത്തിൽ പരിഷ്കൃത ശൈലിയും യോജിക്കുമ്പോൾ പുതിയൊരു അനുഭവമാകും ഫാഷൻ ലോകത്തെ കാത്തിരിക്കുന്നത്.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA