ADVERTISEMENT

നവംബര്‍ 1. മലേഷ്യയിലെ ക്വാലാലംപുരിൽ മിസ് കോസ്മോ വേൾഡ് 2019 മത്സരം. 25 രാജ്യങ്ങളിലെ സുന്ദരിമാർ വാശിയോടെ പോരാടി. സൗന്ദര്യവും ബുദ്ധിയും പ്രായോഗികതയും സാമൂഹിക പ്രതിബന്ധതയും അടിസ്ഥാനമാക്കിയുള്ള മത്സരം അവസാനിച്ചപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ സാന്‍ഡ്ര സോമൻ വിജയകിരീടം ചൂടി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സൗന്ദര്യ മത്സരത്തിലാണ് 22–ാം വയസ്സിൽ സാന്‍ഡ്ര ജേതാവായത്. അതും തന്റെ ആദ്യ രാജ്യാന്തര സൗന്ദര്യ മത്സരത്തിൽ!

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കും അഭിമാനം ആയി സാന്‍ഡ്ര സോമൻ എന്ന കോഴിക്കോട്ടുകാരി. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് സൗന്ദര്യ ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്ന സാന്‍ഡ്ര മോഡലിങ് കരിയാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാണ്. ചിട്ടയായ പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവും ആണ് സാന്‍ഡ്രയെ വിജയത്തിലേക്ക് എത്തിച്ചത്. 

sandra-soman-1

2019 ഏപ്രിലിൽ സൂപ്പർഗ്ലോബ്ലിലൂടെയാണ് സാൻഡ്ര ബ്യൂട്ടീ പെഗന്റിൽ തുടക്കം കുറിക്കുന്നത്. അന്ന് റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ട സാന്‍ഡ്ര, മൂന്നു ടൈറ്റിലുകളിലും സ്വന്തമാക്കി. അങ്ങനെ മിസ് കോസ്മോ വേള്‍ഡിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്. 

കിരീടനേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ സാന്‍ഡ്ര സോമൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ജേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്തു തോന്നി ?

എന്റെ ആദ്യത്തെ രാജ്യാന്തര മത്സരമായിരുന്നു. അനുഭവസമ്പത്തുള്ള മികച്ച മത്സരാർഥികളായിരുന്നു ഒപ്പമുള്ളവർ. അതുകൊണ്ട് ജേതാവാകുമെന്ന് പ്രതീക്ഷച്ചല്ല പോയത്. ‘നല്ല അവസരം ലഭിച്ചു, അടുത്ത തവണ കൂടുതൽ നന്നായി ശ്രമിക്കണം’ എന്നെല്ലാം മത്സരത്തിനു മുൻപേ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. 

ടാലന്റ് റൗണ്ട് നല്ല ആത്മവിശ്വാസം നൽകി. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ആണ് അവതരിപ്പിച്ചത്. നന്നായി തയാറെടുത്തിരുന്നെങ്കിൽ ആദ്യ എട്ടിൽ എത്താമായിരുന്നു എന്നാണ് അപ്പോൾ തോന്നിയത്. പക്ഷേ, ജോതാവായി. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായിരുന്നു അത് സമ്മാനിച്ചത്.

sandra-soman-5

എങ്ങനെയാണ് മോഡലിങ്ങിനോട് താൽപര്യം തോന്നുന്നത് ?

ഞാനൊരു ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി ആണ്. പഠിക്കുമ്പോൾ തന്നെ മോഡലിങ്ങില്‍ താൽപര്യം തോന്നിത്തുടങ്ങി. അങ്ങനെ പല മത്സരങ്ങളിൽ പങ്കെടുത്തു. മാസികകളുടെ കവർഗേളായി. ഓരോ തവണയും കൂടുതൽ സീരിയസ് ആയി കരിയറിനെ സമീപിച്ചു.

കരിയറിന് കരുത്തേകിയത് എന്താണ് ?

ഞാൻ കോഴിക്കോട് ജനിച്ച്, ഇവിടെ വളർന്ന ഒരു പെൺകുട്ടിയാണ്. എന്റെ കുടുംബത്തിൽ ഈ കരിയറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആരും ഇല്ല. എന്നാൽ എന്റെ മാതാപിതാക്കൾ എനിക്കു കരുത്തേകി കൂടെ നിന്നു. കുടുംബത്തിന്റെ പിന്തുണ ആദ്യം മുതൽ അവസാനം ഒപ്പം ഉണ്ടായിരുന്നു. അതായിരുന്നു മുന്നോട്ട് പോകാനുള്ള ധൈര്യവും കരുത്തും നൽകിയത്.

sandra-soman-6

ദൗർബല്യങ്ങള്‍ ഉണ്ടായിരുന്നില്ലേ ?

തീർച്ചയായും. അധികം സംസാരിക്കാത്ത, ഒതുങ്ങിയ സ്വഭാവമുള്ള ഒരാളായിരുന്നു ഞാൻ. ഇങ്ങനെയൊരു കരിയറിൽ അത് വലിയൊരു ദൗർബല്യമാണ്.‌ പെട്ടെന്നു സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടത് ഈ കരിയറിൽ അത്യാവശ്യമാണ്. കാര്യങ്ങൾ  അപ്ഡേറ്റഡ് ആയിരിക്കണം. അതിനാൽ എന്റെ സ്വഭാവത്തിന് മാറ്റം അനിവാര്യമായിരുന്നു.

മികച്ച പരിശീലനവും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുള്ള സമീപനവും അത്തരം മാറ്റത്തിനു സഹായകമായി. ഈ കരിയർ തിരഞ്ഞെടുത്തതോടെ പ്രഫഷനൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരെയധികം മെച്ചപ്പെട്ടു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

രാജ്യാന്ത വേദിയിൽ ഇന്ത്യൻ ക്ലാസിക്കല്‍ നൃത്തത്തിന് കയ്യടി. അല്ലേ ?

അതെ. ടാലന്റ് റൗണ്ടിലാണ് ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചത്. ആ റൗണ്ടിലെ പ്രകടനത്തിന് അഭിനന്ദനങ്ങൾ ലഭിച്ചു. എന്റെ ആത്മവിശ്വാസം ഉയരാൻ ഇതു കാരണമായി. ആ റൗണ്ടിൽ റണ്ണര്‍ അപ് ആവുകയും ചെയ്തു. 17 വര്‍ഷമായി നൃത്തം പഠിക്കുന്നുണ്ട്.  കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളാണ് പരിശീലിക്കുന്നത്.

sandra-soman-4

മിസ് കോസ്മോ വേൾഡ് 2019 ന്റെ പ്രത്യേകതകൾ ?

ചോദ്യത്തോര റൗണ്ടിൽ എനിക്കു ലഭിച്ച ചോദ്യവും ഇതായിരുന്നു. സിഎൽ ബ്രാൻഡും മുന്‍ ലോകസുന്ദരി ക്യാരീ ലീയും ചേർന്നു നടത്തുന്ന സൗന്ദര്യ മത്സരമാണിത്. 2016–ൽ ആണിത് ആരംഭിച്ചത്. ബാഹ്യസൗന്ദര്യത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു മത്സരമല്ല എന്ന് എല്ലാവരും അവകാശപ്പെടാറുണ്ട്. എന്നാൽ മിസ് കോസ്മോ വേൾഡിന്റേത് വെറും അവകാശവാദമല്ല. നിരവധി മൂല്യങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന ഒരു വേദിയാണ് അത്. 

‌സസ്റ്റൈനബിൾ ഫാഷൻ, വെജിറ്റേറിയനിസം എന്നിവ പ്രമോട്ട് ചെയ്യുക ഇതിലൂടെ ഭൂമിയെ സംരക്ഷിക്കുക എന്നീ കാഴ്ചപ്പാടുകളാണ് കോസ്മോ വേള്‍ഡ് മുന്നോട്ടു വയ്ക്കുന്നത്. പരിപാടിയുടെ സംഘാടനത്തിലും ഇത് വ്യക്തമാണ്.

പൂജ ബിമ്രയുടെ നേതൃത്വത്തിലുള്ള പരിശീലനം നിർണായകമായി അല്ലേ ?

തീർച്ചയായും. 15 ദിവസത്തോളം മത്സരങ്ങൾക്കു വേണ്ടി മലേഷ്യയിൽ ആയിരുന്നു. അതിനും മുൻപ് ഒരു മാസത്തോളം പൂജ ബിമ്രയുടെ അക്കാദമിയിൽ പരിശീലനം നടത്തി. വസ്ത്രങ്ങൾ, ആക്സസറീസ് മേക്കപ്പ് എന്നിങ്ങനെ എല്ലാ മേഖലയിലും പൂജയുടേയും ടീമിന്റെയും സഹായം വളരെ വലുതായിരുന്നു. 

miss-cosmo-world-sandra-soman-sharing-her-experience

മുന്നോട്ടുള്ള ലക്ഷ്യങ്ങൾ

രാജ്യാന്തര തലത്തിൽ മികച്ചൊരു ടൈറ്റിലാണ് സ്വന്തമാക്കിയിരിക്കുന്നത്. കോസ്മ വഴി രാജ്യാന്തര തലത്തിലുള്ള ബ്രാൻഡുകളിൽ നിന്ന് മികച്ച ഓഫറുകൾ വരുന്നുണ്ട്. സിനിമയില്‍ നിന്ന് നേരത്തെ ഓഫറുകൾ വന്നിരുന്നു. മോഡലിങ്ങിലും സിനിമയിലും നല്ല പ്രൊജക്ടുകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്. 

ഞാൻ ആരംഭിച്ച ഒരു ബ്രാൻഡ് ഉണ്ട്. അത് മുന്നോട്ടു കൊണ്ടു പോകണം. സസ്റ്റൈനബിൾ ഫാഷൻ കൂടുതൽ സ്വീകാര്യമാക്കാന്‍ വേണ്ട പ്രവർത്തനങ്ങളുടെ ഭാഗമാകണം. ഇതെല്ലാമാണ് ലക്ഷ്യങ്ങൾ.

മോഡലിങ് കരിയർ സ്വപ്നം കാണുന്നവരോട് പറയാനുള്ളത്

ബാഹ്യസൗന്ദര്യം എല്ലാവർക്കും ഉണ്ട്. അത് ഒരോരുത്തരിലും വ്യത്യസ്തം ആ‌യിരിക്കും. പല ഗുണങ്ങളായിരിക്കും നമ്മിൽ ഉണ്ടാവുക. മോഡലിങ് കരിയർ ആക്കുമ്പോൾ പ്രാധാന്യം നൽകേണ്ടത് ആത്മവിശ്വാസത്തിനാണ്. അതുണ്ടെങ്കിൽ നമുക്ക് എന്തും മറികടക്കാൻ സാധിക്കും. അർപ്പണബോധത്തോടെ പ്രവർത്തിക്കുക.

English Summary : Miss Cosmo World 2019 SandraSoman Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com