ADVERTISEMENT

കെൻഡൽ ജെന്നറിന്റെ ക്യൂട്ട് ഫെയ്സും ജിസേൽ ബുൻചെന്റെ പെർഫക്ട് ബോഡിയും മാത്രം റാംപുകളിലും ഫാഷൻ മാഗസിനുകളിലും നിറഞ്ഞിരുന്ന കാലം മാറുകയാണ്. ചെറുതെങ്കിലും ‘മാറ്റം’ ഫാഷൻ ലോകത്ത് ക്യാറ്റ് വോക്ക് നടത്തിത്തുടങ്ങിയിരിക്കുന്നു. 

 വർഷിത തടവർത്തി

ഡിസൈനർ സബ്യസാചി മുഖർജിയുടെ മോഡൽ വർഷിത തടവർത്തി എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ സംസാരവിഷയം. തടിയുള്ളവർക്കും ഇരുനിറക്കാർക്കും ഫാഷൻ രംഗത്തുള്ള ഭ്രഷ്ടിനെതിരെ പോരാടി വിജയിച്ച അർഷിതയെ ബോഡി പോസിറ്റിവിറ്റി ഐക്കണായാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.‘പ്ലസ് സൈസ് മോഡൽ എന്ന വിളി കേൾക്കുമ്പോൾ അസഹ്യത തോന്നും. മെലിഞ്ഞ മോഡലുകളെ മോഡൽ എന്നു തന്നെ വിളിക്കും. വലിയ ശരീരമുള്ള സ്ത്രീകളോട് മാത്രം എന്തിനാണ് വേർതിരിവ്?’ വർഷിത ചോദിക്കുന്നു. തെന്നിന്ത്യൻ സിനിമയിൽ അവസരത്തിനായി 5 വർഷമാണ് വർഷിത അലഞ്ഞത്. സമീപിച്ച സംവിധായകരൊക്കെ തടി കുറച്ച്, നിറം വച്ച് വരാനാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ഒരു മോഡലിങ് ഏജൻസിയും അവരെ സ്വീകരിച്ചില്ല. തന്റെ ഔട്ട്‌ലെറ്റിൽ ഷോപ്പിങ്ങിനായി എത്തിയപ്പോഴാണ് വർഷിതയെ സബ്യസാചി കണ്ടെത്തിയത്. 

വിന്നി ഹാർലോ

ലോകപ്രശസ്ത ബ്രാൻഡായ വിക്ടോറിയ സീക്രട്ടിന്റെ വരെ മോഡലായ വിന്നി ഹാർലോയെ സീബ്ര എന്നായിരുന്നു സ്കൂളിൽ സഹപാഠികൾ വിളിച്ചിരുന്നത്. ശരീരത്തിൽ വെള്ളപ്പാണ്ടുള്ളതായിരുന്നു കാരണം. പരിഹാസച്ചിരികളിൽ മനംമടുത്ത് ഹൈസ്കൂളിൽ വിന്നി ഹാർലോ പഠനം നിർത്തി. 

പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരം ടൈറാ ബാങ്സ് ഇൻസ്റ്റഗ്രാമിൽ വിന്നിയുടെ ഫോട്ടോകൾ കണ്ടതാണ് മോഡലിങ്ങിലേക്കുള്ള വഴിതുറന്നത്. ചെറുപ്പക്കാരുടെ സ്വപ്നമായ ‘അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡൽ’ ഷോയിലേക്ക് 2014ൽ വിന്നി തിരഞ്ഞെടുക്കപ്പെട്ടു. സ്പാനിഷ് ഫാഷൻ ബ്രാൻഡായ ഡെസിഗ്‌വല്ലിന്റെ അംബാസഡറായിട്ടായിരുന്നു തുടക്കം. തൊട്ടടുത്ത വർഷം ലണ്ടൻ ഫാഷൻ വീക്കിലൂടെ റാംപ് മോഡലിങ്ങിൽ വരവറിയിച്ചു. ഗ്ലാമർ, കോസ്മോപൊളിറ്റൻ, കോംപ്ലക്സ്, എൽ തുടങ്ങിയ മാഗസിനുകളുടെ കവർ ഗേളായി. ലോകത്തെ മികച്ച 100 വനിതകളിലൊരാളായി ബിബിസി 2016ൽ തിരഞ്ഞെടുത്തു. 

അഞ്ജലി ലാമ

ഇന്ത്യൻ ഫാഷന്റെ ചരിത്രത്തിലെ ആദ്യ ട്രാൻജെൻഡർ മോഡലാണ് നേപ്പാൾ സ്വദേശിനിയായ അഞ്ജലി ലാമ. ഒട്ടേറെ ജോലികളിൽനിന്നു പുറത്താക്കപ്പെട്ട അഞ്ജലി വോയ്സ് ഓഫ് വുമൺ എന്ന നേപ്പാളി മാഗസിന്റെ കവർ ഗേളായതോടെയാണ് ഫാഷൻ രംഗത്തേക്ക് എത്തിയത്. എന്നാൽ ഇതിനുശേഷം 2 വർഷത്തേക്ക് മറ്റു പ്രോജക്ടുകളൊന്നും ലഭിച്ചില്ല. വീട്ടുകാർ പുറത്താക്കിയതോടെ മുംബൈയിലേക്കു താമസം മാറി.

 2107ൽ ലാക്മേ ഫാഷൻ വീക്കിന്റെ ഓഡിഷനിൽ പങ്കെടുത്തു. എന്നാൽ 2 സീസണുകൾക്ക് ശേഷമാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയത്. ഇതിനുശേഷം അഞ്ജലിയുടെ തലവര തന്നെ മാറി. പ്രോജക്ടുകളുടെ നീണ്ടനിരയാണ് കാത്തിരുന്നത്. ഇന്റർനാഷനൽ ബ്രാൻഡായ കാൽവിൽ ക്ലെയിൻ, പ്രശസ്ത ഇന്ത്യൻ ഡിസൈനർമാരായ തരുൺ താഹ്‌ലിയാനി, അനിത ഡോങ്ഗ്ര തുടങ്ങിയ പ്രശസ്തരുടെ ടോപ് ലിസ്റ്റ് മോഡലാണ് ഈ മുപ്പത്തിനാലുകാരിയിപ്പോൾ.

ജാക്കി ഓഷ്യോഗ്‌നസി

ആദ്യ ഫാഷൻ ഷൂട്ട് 60–ാം വയസ്സിൽ! ചുളിവുകൾ‍ നിറയുന്ന പ്രായത്തിൽ ഇനിയെന്ത് ഫാഷൻ എന്നു ചിന്തിക്കുന്നവർക്കുള്ള ഏറ്റവും മികച്ച ഉത്തരമാണ്– ജാക്കി ഓഷ്യോനഗസി എന്ന ഈ അറുപത്തിയാറുകാരി. ന്യൂയോർക്കിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ജാക്കി മോഡലിങ് ഏജൻസിയുടെ കണ്ണിൽപെട്ടത്.

‘ഒരിക്കലും നിങ്ങളുടെ ശരീരത്തെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യരുത്. മറ്റൊരാളുടെ സ്റ്റൈൽ കോപ്പിയടിക്കാനും ശ്രമിക്കരുത്’– ഇതാണ് ജാക്കിയുടെ ഫാഷൻ മന്ത്രം.

മോഫി ഗാതോൺ ഹാർഡി

കൺപീലികളുടെ എണ്ണത്തിനു പോലും പ്രാധാന്യം കൊടുക്കുന്ന ഫാഷൻ ഇൻഡസ്ട്രിയിൽ കോങ്കണ്ണ് ബാധിച്ച യുവതി മോഡലാകുന്നത് ആലോചിച്ചു നോക്കൂ. കഠിനാധ്വാനത്തിനു പകരം മറ്റൊന്നുമില്ലെന്ന് തെളിയിക്കുകയാണ് മോഫി ഗാതോൺ ഹാർഡി എന്ന ഇരുപത്തിനാലുകാരി. കണ്ണിന്റെ വൈകല്യംമൂലം ഒട്ടേറെ അവസരങ്ങൾ നഷ്ടമായപ്പോഴും കൂടുതൽ കഠിനമായി പരിശ്രമിക്കാനായിരുന്നു മോഫിയുടെ തീരുമാനം. 

View this post on Instagram

New @sakspotts very chic very zen

A post shared by Moffy (@moffygathornehardy) on

സർജറി ചെയ്യാൻ ഡോക്ടർമാരുൾപ്പെടെ നിർദേശിച്ചെങ്കിലും മോഫി തയാറായില്ല. ഒടുവിൽ മോഫിയെ തേടിയെത്തിയവരെ കണ്ട് ലോകം ഞെട്ടി, സൂപ്പർ മോഡൽ കേറ്റ് മോസിനെ സ്വന്തമാക്കിയ സ്റ്റോം മോഡൽസ് എന്ന ലോക പ്രശസ്ത മോഡലിങ് ഏജൻസി!  

ഹർനാം കൗർ

കഴുത്തൊപ്പം താടിയുമായി ഫാഷൻ വേദികൾ കീഴടക്കുകയാണ് ഹർനാം കൗർ എന്ന ബ്രിട്ടിഷ് സിഖ് മോഡൽ. 11–ാം വയസ്സിലാണ് ഹർനാമിനു താടി മുളച്ചു തുടങ്ങിയത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോമായിരുന്നു കാരണം. സഹപാഠികളുടെ കാളിയാക്കൽ നിറഞ്ഞതായിരുന്നു സ്കൂൾ കാലം. വാക്സിങ് നടത്തിയാലും തൊട്ടടുത്ത ദിവസം മുതൽ രോമങ്ങൾ വീണ്ടും വളരുന്നതുകണ്ട് ഹർനാം തകർന്നു പോയി. ഇതിനിടെ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. 

ദിവസങ്ങൾനീണ്ട ചിന്തകൾക്കൊടുവിൽ പൊരുതാൻ തന്നെ ഹർനാം തീരുമാനിച്ചു. വാക്സിങ്ങിനായി പാർലറുകളിലേക്കുള്ള യാത്രകൾ അവസാനിപ്പിച്ചു. ഇപ്പോൾ അറിയപ്പെടുന്ന ഫാഷൻ മോഡലും മോട്ടിവേഷനൽ സ്പീക്കറുമാണ് ലണ്ടൻ ഫാഷൻ വീക്കിൽ വരെ സാന്നിധ്യമറിയിച്ച ഈ ഇരുപത്തെട്ടുകാരി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com