ADVERTISEMENT

കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ സബ്യസാചിയുടെയോ മനീഷ് മൽഹോത്രയുടെയോ ഡിസൈനർ ലെഹംഗ ധരിക്കാൻ ആഗ്രഹമുണ്ടോ? പലപ്പോഴും വില കണ്ടു ഞെട്ടിയ ആ മോഹങ്ങൾ ഇനി വാടകവില മാത്രം നൽകി സ്വന്തമാക്കാം, ധരിക്കാം, ആവശ്യം കഴിഞ്ഞ് തിരിച്ചേൽപ്പിക്കാം!

ഇഷ്ടപ്പെട്ട ഡിസൈനറുടെ  കയ്യൊപ്പു ചാർത്തിയ മനോഹര വസ്ത്രം അല്ലെങ്കിൽ ജ്വല്ലറി കണ്ടു കണ്ണുമിഴിച്ചു നിന്നിട്ടുളളവരെല്ലാം ഒരിക്കലെങ്കിലും അതു ധരിക്കാനും ആഗ്രഹിച്ചിട്ടുണ്ടാകും. പലരും ആ മോഹം ഉപേക്ഷിക്കുന്നത് അതിന്റെ  ‘അത്ര മനോഹരമല്ലാത്ത’ പ്രൈസ് ടാഗിൽ തട്ടിവീണായിരിക്കും. എന്നാൽ ആ മോഹങ്ങളെ വാടകയ്ക്കെടുത്ത് പുതിയ ട്രെൻഡിന് വഴിയൊരുക്കുകയാണ് ഓൺലൈൻ ഫാഷൻ ലോകം.

ഒരു പാർട്ടിക്കോ വിവാഹചടങ്ങിനോ മാത്രമായി ധരിക്കാനുള്ള വസ്ത്രത്തിന് വൻ തുക ചെലവാക്കാൻ മടിക്കുന്നവർക്കും എന്നാൽ ഇഷ്ടപ്പെട്ട ഡിസൈനറുടെ വസ്ത്രം  അണിയണമെന്ന് കൊതിയുള്ളവർക്കും വാടകയ്ക്ക് കിട്ടും വസ്ത്രവും ആക്സസറീസും. 

rental-fashion-3

ഫാഷൻ സ്വപ്നങ്ങളെ വാടകയ്ക്കെടുക്കുന്ന  ഓൺലൈൻ സൈറ്റുകൾ മാത്രമല്ല സ്റ്റോറുകളും ഇന്ത്യയിലെ മെട്രോ സിറ്റികളിൽ സജീവമായിക്കഴിഞ്ഞു. ‌വിവാഹം, ഹൽദി, പാർട്ടി എന്നിങ്ങനെ ചടങ്ങിനനുസരിച്ച്  വാടകയ്ക്കെടുക്കാനുള്ള അവസരമാണിവിടെ. ഇഷ്ടപ്പെട്ട ജ്വല്ലറിയും വമ്പൻ ബ്രാൻഡുകളുടെ ബാഗ്, ക്ലച്ച്, പഴ്സ് തുടങ്ങിയ ആക്സസറീസും വാടകയ്ക്കുണ്ട്. 

ഫ്ലൈറോബ് (Flyrobe),  സ്റ്റേജ് 3 (Stage3), റെന്റ് ഇറ്റ് ബെ(Rentitbea) തുടങ്ങിയവയാണ് ഈ രംഗത്തെ വമ്പൻ ഓൺലൈൻ ബ്രാൻഡുകൾ. കൂടാതെ പ്രധാന സിറ്റികളിലെല്ലാം ചിലതിന് സ്റ്റോറുകളുമുണ്ട്.  

വളരുന്ന ട്രെൻഡ്

മറ്റു രാജ്യങ്ങളിൽ നേരത്തെ ഹിറ്റായതാണെങ്കിലും ഇന്ത്യയിൽ വാടക വസ്ത്ര വിപണിക്ക് വിരലിലെണ്ണാവുന്ന പ്രായമേയുള്ളൂ. ഈ മേഖലയിലെ  ഇന്ത്യയുടെ കച്ചവടം  എത്തിനിൽക്കുന്നത് 12,000 കോടിയിലാണെന്ന് കണക്കുകൾ പറയുന്നു. ഡൽഹി, മുംബെ, പൂണെ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഇതിനോടകം പ്രചാരത്തിലുള്ള ട്രെൻഡാണിത്. 

rental-fashion-2

യഥാർഥ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ  നാലോ എട്ടോ ദിവസത്തേക്ക് വസ്ത്രം വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമാണ് ഇതിനെ വ്യത്യസ്തമാക്കുന്നതും. സബ്യസാചി മുഖർജി, മനീഷ് മൽഹോത്ര, തരുൺ തഹ്‌ലിയാനി, അനാമിക ഖന്ന തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ, ആക്സസറീസ് എന്നിവയെല്ലാം സൈറ്റുകളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ആവശ്യമുള്ള ദിവസത്തേക്ക് സ്വന്തമാക്കാം.  

പ്രകൃതിയെ ബഹുമാനിച്ചു കൊണ്ടുള്ള എത്തിക്കൽ ഫാഷൻ, ഇക്കോ ഫ്രണ്ട്‌ലി ഫാഷൻ എന്നിവയുമായി ചേർത്തും ഈ ട്രെൻഡിനെ സ്വീകരിക്കുന്നവരുണ്ട്. ഒരു ചടങ്ങിനായി ഒരു വസ്ത്രം അതും ഒരു തവണ മാത്രം ഉപയോഗിക്കുന്ന രീതി പലരും പിന്തുടരുമ്പോൾ ഭൂമിക്കുണ്ടാകുന്ന ദോഷങ്ങൾ പരിഗണിച്ച് വാടക വിപണിയെ ഇരു കൈയും നീട്ടു സ്വീകരിക്കുകയാണ്  ഫാഷനിസ്റ്റകൾ. 

rental-fashion-1

വാടക വില

ഏകദേശം രണ്ടുലക്ഷം രൂപ വിലയുള്ള സബ്യസാചി ലെഹംഗ 13000  രൂപ മുടക്കിയാൽ ആഘോഷരാവിലേക്ക് മാത്രമായി സ്വന്തമാക്കാം. റെന്റൽ സൈറ്റുകളിൽ കയറി ഏതു ദിവസത്തേക്കാണ് വസ്ത്രങ്ങൾ വേണ്ടതെന്നതിനു കൂടി സെറ്റ് ചെയ്താൽ ലഭ്യമായ ഡിസൈനുകൾ ബ്രൗസ് ചെയ്ത് ഇഷ്ടമായവ തിരഞ്ഞെടുക്കാം.

‘‘വസ്ത്രങ്ങൾ കൈമാറുന്നതും വസ്ത്രങ്ങൾക്ക് മറ്റുപയോഗങ്ങൾ കണ്ടെത്തുന്നതും ഡിസൈനർ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കാറുണ്ട്. സ്വാപ് പാർട്ടികൾ വസ്ത്രധാരണത്തെ കൂടുതൽ രസകരമാക്കുന്നു. ഓരോ വസ്ത്രത്തിനു പിന്നിലും ഓരോ കഥയുണ്ട്.  ഒരു വസ്ത്രത്തിനു മറ്റുപയോഗങ്ങൾ കണ്ടെത്തുകയെന്നതും രസകരമാണ്. ഞാനതു പലപ്പോഴും ചെയ്യാറുണ്ട്. പഴയ ഷർട്ടുകൾ പലരീതിയിൽ ഉപയോഗപ്പെടുത്താം. കസ്റ്റമേഴ്സിനെയും ഇക്കാര്യത്തിൽ പ്രോത്സാഹിപ്പിക്കാറുണ്ട് ’’ – ശ്രീജിത്ത് ജീവൻ, ഡിസൈനർ

‘‘കൊച്ചിയിൽ വിവാഹ ഗൗണുകൾ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഒരു ദിവസം മാത്രം ഉപയോഗിക്കുന്ന വസ്ത്രത്തിനായി ഇത്രയും വലിയ തുക മുടക്കണോ എന്ന് ആലോചിക്കുന്നവരാണ് കൂടുതലും.  പുതിയ ഒരു ഗൗണിന് 13000 രൂപയെങ്കിലും മുടക്കണം.  എന്നാൽ 6000–7000 രൂപ മുടക്കിയാൽ നല്ല വിവാഹ ഗൗൺ വാടകയ്ക്ക് കിട്ടും. ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളും ഗൗൺ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. ഇഷ്ടപ്പെട്ട ഗൗൺ അവരുടെ സൈസിൽ സ്റ്റിച്ച് ചെയ്ത് നൽകും. ഒരു ദിവസത്തേക്കാണ് ഗൗൺ നൽകുന്നത്. 1000 മുതലാണ് വാടക നിരക്ക്. 500 രൂപയാണ് ബുക്കിങ് ചാർജ്. 

തിരികെ കിട്ടുന്ന വസ്ത്രങ്ങൾ ഡ്രൈക്ലീൻ ചെയ്തു വയ്ക്കും. ഇതുവരെ വാടകയ്ക്കു നൽകിയ വസ്ത്രങ്ങൾ മോശമായ രീതിയിൽ തിരിച്ചുകിട്ടിയ അനുഭവമുണ്ടായിട്ടില്ല.’’ – ഷീന ബ്രൈഡൽ ഡ്രീംസ് തോപ്പുംപടി

English Summary : Rent the dress and go for function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com