ADVERTISEMENT

ലോകമെമ്പാടും അസമത്വവും അസ്വസ്ഥതകളും എതിർപ്പും വെറുപ്പും നിറയുമ്പോൾ ദിവസങ്ങൾക്കകലെയെത്തുന്ന പുതുവർഷത്തിന് ആശിക്കാനെന്തുണ്ട്? ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ ഇരുളിനു മീതെ പ്രതീക്ഷയുടെ ആകാശനീലിമ കണ്ടെത്താൻ ഒരുങ്ങുകയാണ് ഫാഷൻ ലോകം. പുതുവർഷത്തിന്റെ പുതുനിറമായി പാന്റോൺ ഇക്കുറി തിരഞ്ഞെടുത്തത്– ക്ലാസിക് ബ്ലൂ. അതേ, പ്രതീക്ഷയുടെ, നിലനിൽപ്പിന്റെ, ശാന്തനീലിമയാണ് ഇക്കാലത്തിന്റെ ആവശ്യവും.

കഴിഞ്ഞയാഴ്ച പാന്റോൺ പുതുവർഷ നിറം പ്രഖ്യാപിച്ചപ്പോൾ കുറെപ്പേരെങ്കിലും നീലയുടെ തിരഞ്ഞെടുപ്പ് വിമർശിച്ചു. 20 വർഷം മുമ്പ് മിലനിയം നിറമായി പാന്റോൺ കണ്ടെത്തിയതും നീലയാണ്. അന്ന് സെറൂലിയൻ ബ്ലൂ (Cerulean Blue) തിരഞ്ഞെടുത്ത കമ്പനിക്ക് ഇക്കുറി പുതുമയൊന്നും കണ്ടെത്താനായില്ല എന്നായിരുന്നു അവരുടെ വാദം. കഴിഞ്ഞവർഷത്തെ നിറം ‘ലിവിങ് കോറൽ’ പരിഗണിച്ചാലും ഇക്കുറി അതിനു ചേരുന്ന വ്യത്യസ്തയില്ലെന്ന് ഏറെപ്പേർക്കും തോന്നി.

പക്ഷേ പാന്റോൺ എക്സിക്യൂട്ടിവ് ഡയറക്ടർ ലിയാട്രിസ് ഈസ്മാൻ വ്യക്തമാക്കുന്നു –  ‘‘ചുറ്റുമുള്ള ലോകത്തേക്ക് കണ്ണോടിച്ചാൽ അറിയാം, നമ്മളിപ്പോൾ ജീവിക്കുന്നത് ഒട്ടേറെ സമാധാനമില്ലായ്മകളുടെ ഇടയിലാണ്. ചില ദിവസങ്ങളിൽ നമ്മുടെ സുരക്ഷയെക്കുറിച്ചു പോലും ആശങ്ക തോന്നും. സുരക്ഷതിത്വമില്ലായ്മ തോന്നും. വൈകാരികമായും മാനസികമായും നീല നിറം പ്രതിനിധീകരിക്കുന്നത് ശാന്തതയും ആശ്രയത്വവുമാണ്’’

2020 ക്ലാസിക് നീലയെ മറ്റു നീല നിറങ്ങളുമായി വേർതിരിച്ചു കാണണം. നേവി ബ്ലൂ ആണെന്നോ പാന്റോണിന്റെ തന്നെ 2010 ടർക്വെസ് ബ്ലൂ, 2008ബ്ലൂ ഐറിസ്, 2000 സെറൂലിയൻ ബ്ലൂ ആണെന്നോ തെറ്റിദ്ധരിക്കരുതെന്ന് കമ്പനി പറയുന്നു.

pantone-selected-classic-blue-as-color-of-2020

ജെൻഡർ വേര്‍തിരിവില്ലാത്ത, സീസണൽ വകഭേദങ്ങളില്ലാത്ത നിറമെന്നു കൂടി നീലയെ വിശേഷിപ്പിക്കാം. ഈ ഇൻഡിഗോ ഷേഡ്, പ്രകൃതിദത്തമായും ഉത്പാദിപ്പിക്കാമെന്നത് സുസ്ഥിര ഫാഷൻ മൂവ്മെന്റിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇനി ഇന്റീരിയർ, ബ്യൂട്ടി, ആർട്, ആർക്കിടെക്ചർ തുടങ്ങിയ വിഭാഗങ്ങളിലും നീല നിറയുന്ന കാലം. 2020ന്റെ ക്ലാസിക് ബ്ലൂ നമുക്കു സമ്മാനിക്കുക ആത്മവിശ്വാസവും സുസ്ഥിരതയും ആകുമെന്ന് പ്രത്യാശിക്കുന്നു, ഫാഷൻ ലോകം. 

English Summary : Pantone selected classic blue as color of 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com