ലോകം സംസാരിക്കുന്നു, മഞ്ജു നടപ്പിലാക്കുന്നു ; കോട്ടണ്‍ പാര്‍ട്ടിവെയറിൽ പ്രൗഢിയോടെ താരം

HIGHLIGHTS
  • കോട്ടൺ വസ്ത്രങ്ങൾ കാലാവസ്ഥയ്ക്ക് അനുയോജ്യം
  • പുതിയ സ്റ്റൈൽസ്റ്റേറ്റ്മെന്റ് ആയി പെട്ടെന്ന് അംഗീകാരം നേടി
manju-warrier-cotton-kurthy
ഫിലിംഫെയർ അവാർഡ് വേദിയിൽ സിംപിൾ കുർത്തി ധരിച്ച് മഞ്ജുവാരിയർ എത്തിയപ്പോൾ
SHARE

ഫിലിംഫെയർ അവാർഡ്സ് റെഡ് കാർപറ്റ് വേദിയിൽ തെന്നിന്ത്യയിലെ താരനിരയാകെ പുതുമോടിയിൽ, പുതുവസ്ത്രങ്ങളിൽ, പുതുപരീക്ഷണങ്ങളിൽ തിളങ്ങിയിരിക്കുമ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എത്തിയത് സിംപിൾ കോട്ടൺ കുർത്തിയിൽ! താരപ്പൊലിമയുള്ള സദസ്സിലേക്ക് വെറുമൊരു കാഷ്വൽ വസ്ത്രത്തിൽ എത്താൻ ധൈര്യപ്പെടുകയോ എന്നു പക്ഷേ ആരും ആശ്ചര്യപ്പെട്ടില്ല. കാരണം പതിവുപോലെ മഞ്ജു വാരിയരുടെ കുലീനതയും പ്രൗഡിയും കൂടിയതേയുള്ളൂ ആ തിരഞ്ഞെടുപ്പിൽ. ലോകം സുസ്ഥിര ഫാഷനെക്കുറിച്ചു സംസാരിക്കുമ്പോൾ, ഒരു ചെറുപുഞ്ചിരിയോടെ അതു നടപ്പാക്കി താരം.

പാർട്ടിയിലേക്ക്, ആഘോഷവേളയിലേക്ക്, ചടങ്ങുകളിലേക്ക് കോട്ടൺ ധരിച്ചാൽ മതിയാകുമോ എന്നു സംശയിച്ചു നിന്നവർക്കു മുന്നിൽ വാതിൽ തുറന്നിട്ട് മഞ്ജു മുന്നേ നടന്നു. 

കോട്ടൺ വസ്ത്രങ്ങൾ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും ചർമത്തിനു സുഖകരമാണെന്നും അറിയാമെങ്കിലും പൊതുവെ ഡെയ്‌ലി വെയര്‍ എന്ന ടാഗിൽ മാത്രമായി ഒതുക്കപ്പെടുകയായിരുന്നു. ദൈനംദിന ജീവിതത്തിനു പുറത്തുള്ള ആഘോഷവേളകളിൽ കാര്യമായ സ്ഥാനം കിട്ടിയതുമില്ല. പക്ഷേ പതിയെയാണെങ്കിലും മാറ്റങ്ങൾ എത്തുന്നു. 

ഡിസൈനർ പുതുമകളിലേക്ക് കോട്ടൺ എത്തിയപ്പോൾ അതു സ്വീകരിക്കാൻ ഫാഷനിസ്റ്റകളും മടിക്കുന്നില്ല. സിനിമാതാരങ്ങൾ കോട്ടൺ അനാർക്കലിയും ഡ്രസും ധരിച്ചു പൊതുവേദികളിലെത്തിയപ്പോൾ അതു പുതിയ സ്റ്റൈൽസ്റ്റേറ്റ്മെന്റ് ആയി പെട്ടെന്ന് അംഗീകാരം നേടി.

‘‘ആദ്യമായാകും റെഡ് കാർപറ്റ് ഇവന്റിൽ ഒരു സെലിബ്രിറ്റി കോട്ടൺ കാഷ്വൽസ് ധരിച്ച് എത്തുന്നത്. ഫിലിംഫെയർ അവാർഡ് വേദിയിൽ മഞ്ജുവാരിയരെ ആ വേഷത്തിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. സൂപ്പർ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയിരുന്നത്’’– സ്റ്റെഫി സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ

 ഫെസ്റ്റീവ് കോട്ടൺ

കോട്ടൺ കുർത്തിയിൽ അലങ്കാരപ്പണികൾ ചേരുമ്പോൾ അടിമുടി പ്രൗഡി നിറയുന്ന ഫെസ്റ്റീവ് വെയർ ആയിമാറുന്നു. പ്രാദേശികമായ പാരമ്പര്യത്തനിമയുള്ള പ്രിന്റുകളും തുണിത്തരങ്ങളും പുതുമയുള്ള ഡിസൈനുകളിൽ രംഗത്തെത്തുമ്പോൾ കണ്ണെടുക്കാനാകില്ല. മുഗൾ ചക്രവർത്തിനിമാരുടെ പ്രൗഡിയേറിയ വസ്ത്രം അനാർക്കലി ദേശഭേദമന്യേ ഫാഷനിസ്റ്റകളുടെ നിത്യപ്രണയം നേടിക്കഴിഞ്ഞു. കോട്ടൺ ഫെസ്റ്റിവ് വസ്ത്രങ്ങൾ എന്നാൽ പ്രധാനമായും അനാര്‍ക്കലി പാറ്റേൺ തന്നെ. 

‘‘അനാർക്കലി ഡിസൈനുകളാണ് കോട്ടൺ ഇഷ്ടപ്പെടുന്നവർ പാർട്ടിവെയറായി തിരഞ്ഞെടുക്കുന്നത്. മുഗൾ ചിത്രപ്പണികളും നിർമിതികളുമാണ് പ്രചോദനം നൽകുന്നത്. ഹെവി ഫ്ലെയേഡ് അനാർക്കലിയാണ് ഏറെ ആകർഷകം.  എട്ടു മുതൽ ഒൻപതു മീറ്റർ വരെ തുണിയിലാണ് ഫ്ലെയേഡ് അനാർക്കലി ചെയ്യുന്നത്. മുകളിൽനിന്നു ചെറിയ പാനലുകളായി വരുന്ന പാറ്റേൺ ചെയ്യുമ്പോൾ ഫിറ്റിങ് വളരെ കൃത്യമാകും. ഇതിൽ ഹെവി ഹാൻഡ് വർക്കു കൂടി ചേരുമ്പോൾ പാർട്ടിവെയർ ലുക്ക് കംപ്ലീറ്റ്’’, ഡിസൈനർ രേവതി ഉണ്ണിക്കൃഷ്ണൻ (ജുഗല്‍ബന്ദി) പറയുന്നു.

ഏറെ പ്രിയം അജ്റക്ക്

കോട്ടണ്‍ വസ്ത്രങ്ങളിൽ ട്രെൻഡ് ആയ ബ്ലോക്ക് പ്രിന്റുകളിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധനേടുന്നത് അജ്റക്ക് പ്രിന്റുകൾ ആണ്. ഗുജറാത്തിലെ കച്ചിൽ പ്രാദേശികമായി ചെയ്യുന്ന പാരമ്പര്യ ഹാൻഡ് ബ്ലോക്ക് പ്രിന്റ് രീതിയാണ് അജ്റക്ക്. എത്‌നിക് ലുക്ക് ഇഷ്ടപ്പെടുന്നവരുടെ ഹൃദയം കവരും ഈ പ്രിന്റുകൾ. രാജകീയ പ്രൗഡി നൽകുന്നതിൽ ഈ മോട്ടിഫുകൾക്കും ഏറെ പ്രാധാന്യമുണ്ട്.

മിനിമലിസം 

പാർട്ടിവെയർ കോട്ടണ്‍ വസ്ത്രങ്ങൾക്കൊപ്പം സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ‍ മിനിമലിസം പാലിക്കാൻ ശ്രദ്ധിക്കണമെന്നു പറയുന്നു, രേവതി ഉണ്ണിക്കൃഷ്ണൻ. ‘‘ഫെസ്റ്റീവ് വെയറുകളിൽ കൂടുതൽ ഹാൻഡ്‌വർക്ക് ഉൾപ്പെടുത്തുന്നത് പലപ്പോഴും നെക്കിൽ ആയിരിക്കും. ജുവൽനെക്ക് പാറ്റേൺ വരുന്ന വസ്ത്രങ്ങളിൽ മറ്റ് ആഭരണങ്ങളുടെ ആവശ്യമില്ല. മാലയോ മറ്റ് ആക്സസറീസോ വേണ്ട. ഹെവി ഇയർപീസ് മാത്രം ധരിച്ചാൽ മതി.

മുഗൾ പാരമ്പര്യത്തിൽ പ്രചോദിതമായ കോട്ടൺ അനാർക്കലിയിൽ നടി ഇഷ തല്‍വാർ

isha-talwar-1

പർപ്പിൾ നിറവും അജ്റക്ക് പ്രിന്റും ഭംഗിയേറ്റുന്നു.ഹെവി ഫ്ലെയേഡ് അനാർക്കലിയെ ആകര്‍ഷകമാക്കുന്നത് ജുവൽനെക്ക് പാറ്റേണും ലോങ് സ്‌ലീവ്സും. 

ഹാൻഡ് വർക്ക് മോട്ടിഫുകൾക്ക് മാതൃകയാകുന്നത് മുഗൾ ആർക്കിടെക്ചർ. ചെറിയ പാനലുകൾ വരുന്ന ഡിസൈൻ ആയതിനാൽ മികച്ച ഫിറ്റിങ്.അനാർക്കലിയുടെ ശ്രദ്ധകവരുന്ന മറ്റൊരു പ്രത്യേകത സെൽഫ് കളർ ബോർഡർ, പ്രിന്റുകളിൽ മാത്രം വ്യത്യാസം.

ഡിസൈനർ: രേവതി ഉണ്ണിക്കൃഷ്ണൻ ജുഗൽബന്ദി, കൊച്ചി

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA