sections
MORE

രാഹുലിനൊപ്പം ലാക‌്മേയിൽ ചേന്ദമംഗലം കൈത്തറി

HIGHLIGHTS
  • ഡിസൈനർ ജീവിതത്തിന്റെ തുടക്കം തന്നെ കേരള കൈത്തറിയിലാണ്
  • ഡിസൈനർ മികവിന് വിദേശ സ്കോളർഷിപ്പും അന്ന് അദ്ദേഹം നേടിയിരുന്നു.
rahul-mishra-with-chendamangalam-handloom-at-lakme-fashion-week
ലാക്മെയിൽ രാഹുൽ മിശ്രയുടെ കലക്ഷന്റെ ഭാഗമായി ചേന്ദമംഗലം കൈത്തറി പലാസോ, രാഹുൽ മിശ്ര (വലത്)
SHARE

കഴിഞ്ഞമാസം 26ന് മിലാനിൽ ‘പാരിസ് ഹൗട് കുറ്റോർ വീക്കി’ൽ (Paris Haute Couture Week) പ്രത്യേക ക്ഷണിതാവായെത്തി കലക്ഷൻ അവതരിപ്പിക്കുമ്പോൾ തുടക്കക്കാരനെന്നപോലെ പരിഭ്രമിച്ചെന്ന് രാഹുൽ മിശ്ര. ആദ്യമായാണ് ഒരു ഇന്ത്യൻ ഡിസൈനർ പാരിസ് ഹൗട് കുറ്റോർ കലണ്ടറിലെ ഗസ്റ്റ് അംഗമാകുന്നത്. ആ അംഗീകാരത്തിനിടെയും രാഹുലിന്റെ മനസ്സിലുയർന്നത് ഒരു ചോദ്യം, 2006ൽ ലാക്േമയിൽ ആദ്യമായി കലക്‌ഷൻ അവതരിപ്പിച്ചപ്പോഴുണ്ടായ അതേ ചോദ്യം – “Is this good enough?”. പക്ഷേ ലാക്മേയിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ആ വേദിയിലെ മുഴുവൻ പേരും, ക്ഷണിതാക്കളും താരങ്ങളും എഡിറ്റർമാരും വെൻഡെൽ റൊഡ്രിക്സും സബ്യസാചി മുഖർജിയും ഉൾപ്പെടെയുള്ള ഡിസൈനർമാരും എഴുന്നേറ്റു നിന്ന് കയ്യടിക്കുകയായിരുന്നു.

ലാക്മേയിൽ നിന്ന് മിലാനിലേക്ക് രാഹുൽ മിശ്രയുടെ ഡിസൈനർ ജീവിതത്തിന്റെ ബഹുദൂര യാത്രയുടെ ഒരു വട്ടമെത്തിയ വേദിയായി കഴിഞ്ഞയാഴ്ച നടന്ന ലാക്മേ 2020 സമ്മർ റിസോർട്ട് എഡിഷൻ. 20 വർഷങ്ങളുടെ ഗൃഹാതുരതയുമായി ലാക്മേ റാംപ് ഉണർന്നപ്പോൾ ജെൻ െനക്സ്റ്റിന്റെ ഭാഗമായി ആദ്യ കലക്ഷന്റെ ഓർമയുണർത്തി രാഹുൽ മിശ്രയുമെത്തി. ഈ യാത്രയ്ക്കൊപ്പം ആ വേദിയിൽ രാഹുലിന്റെ കൈപിടിച്ചത് കേരള കൈത്തറിയും.

രാഹുലിന്റെ ഡിസൈനർ ജീവിതത്തിന്റെ തുടക്കം തന്നെ കേരള കൈത്തറിയിലാണ്. എൻഐഡിയിലെ പഠനത്തിന്റെ ഭാഗമായി രാഹുൽ ആർ&ഡി നടത്തിയത് ബാലരാമപുരം കൈത്തറിയിലാണ്. ലാക്മേയുടെ ജെൻ നെക്സ്റ്റ് വേദിയിൽ തുടക്കക്കാരനായി എത്തുമ്പോൾ രാഹുൽ അവതരിപ്പിച്ചതാകട്ടെ പൂർണമായും കേരള കൈത്തറിയിൽ ഒരുക്കിയ ഏഴു ഡിസൈനുകൾ. അതും 7 റിവേഴ്സിബിൾ ഡിസൈനർ വസ്ത്രങ്ങൾ. വെറുതെ പുറംമറിച്ചിടാവുന്ന വസ്ത്രമല്ല, രണ്ടു ഭാഗങ്ങളിലും രണ്ടു രീതിയിൽ ഡിസൈൻ വരുന്ന വസ്ത്രങ്ങളാണ് രാഹുൽ മിശ്ര അന്നൊരുക്കിയത്. ആ ഡിസൈനർ സ്പർശത്തിനു മുന്നിലാണ് വെൻഡെൽ റൊഡ്രിക്സും സബ്യസാചി മുഖർജിയും ഉൾപ്പെടെയുള്ള ഡിസൈനർമാർ ഹർഷാരവും മുഴക്കി എഴുന്നേറ്റു നിന്നതും. ഈ ഡിസൈനർ മികവിന് വിദേശ സ്കോളർഷിപ്പും അന്ന് അദ്ദേഹം നേടിയിരുന്നു.

മിലാനിൽ നിന്ന് ലാക്മേ വേദിയിലെത്തിയ വേളയിൽ ജീവിതത്തിലെ ഈ രണ്ടു ദൂരങ്ങളും സമന്വയിപ്പിച്ച കലക്ഷനാണ് രാഹുൽ റാംപിലെത്തി‌ച്ചത്. മിലാനിലെ ഷോയുടെ ഭാഗമായി ഒരുക്കിയ ഹാൻഡ് വർക്ക് നിറഞ്ഞ വസ്ത്രത്തിനൊപ്പം പലാസോയായി ചേന്ദമംഗലത്തെ കൈത്തറി അകമ്പടിയായി.

സേവ് ദ് ലൂം കൂട്ടായ്മയിലൂടെ ചേന്ദമംഗലത്തെ തറികളുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകിയ ഫാഷൻ കൺസൽറ്റന്റ് രമേഷ് മേനോനാണ് ഒരിക്കൽകൂടി കേരള കൈത്തറി രാഹുലിന്റെ മുന്നിലെത്തിച്ചത്. ഇത്തവണ ചരിത്ര വേദിയിൽ ചുവടുവയ്ക്കാനുള്ള നിയോഗം ചേന്ദമംഗലം കൈത്തറിയ്ക്കായിരുന്നു! 

English Summary : Rahul Mishra collection at Lakme

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA