ADVERTISEMENT

വിവാഹമെന്നാൽ ആഘോഷമാണ്. കല്യാണപ്പെണ്ണാണെങ്കിൽ രാജകുമാരിയും. രാജകുമാരിയെപ്പോലെയൊക്കെ അണിഞ്ഞൊരുങ്ങാൻ പണവും സമയവുമൊക്കെ ധാരാളം ചെലവാക്കേണ്ടതുണ്ട് എന്നാണ് സങ്കൽപം. എന്നാൽ കുറച്ച് സമയം മാറ്റിവച്ചാൽ പണച്ചെലവ് കുറയ്ക്കാം എന്നാണ് പത്തനംതിട്ട തിരുവല്ല സ്വദേശിയായ ഡിംപിളിന്റെയും നെടുങ്കണ്ടം സ്വദേശിയായ ഡയാനയുടെയും അഭിപ്രായം. സ്വന്തമായി ഡിസൈൻ ചെയ്ത വിവാഹവസ്ത്രം ഉടുത്താണ് ഡിംപിളും ഡയാനയും പള്ളിയിലേക്കെത്തിയത്. ഡിംപിൾ പല മെറ്റീരിയലുകൾ കൂട്ടിച്ചേർത്തു വിവാഹവസ്ത്രമൊരുക്കിയപ്പോൾ ഒരു സാധാരണ പാർട്ടി സാരിയെ അടിപൊളി കല്യാണ സാരിയാക്കുകയായിരുന്നു ഡയാന.

സാരി മതി

വിവാഹത്തിനു ഗൗൺ വേണ്ടെന്നു പണ്ടേ തീരുമാനിച്ചിരുന്നതിനാൽ സാരിയിലെ പരീക്ഷണം ഞാൻ തന്നെ ചെയ്യാം എന്നു തീരുമാനിച്ചതായി ഡിംപിൾ. അങ്ങനെയാണ് സാരി ഡിസൈൻ ചെയ്യുന്നത്. മെറ്റീരിയൽ നോക്കാൻ തുടങ്ങിയതോടെ തന്നെ അഭിപ്രായങ്ങൾ പലതും ഉയർന്നു വന്നു. അമ്മയ്ക്കു ഇഷ്ടം റോസ് സിൽക്കിനോടായിരുന്നു. എനിക്കാകട്ടെ നെറ്റിനോടും. അങ്ങനെയാണ് സാരിയുടെ മുകൾഭാഗം നെറ്റും താഴെയുള്ള ഭാഗം റോസ് സിൽക്കുമായത്.

dimple
ഡിംപിൾ

സിൽക്കും നെറ്റും പിന്നെ ഫിഷ്കട്ടും

റോ സിൽക്കും പ്ലെയിൻനെറ്റും വാങ്ങി തയ്പ്പിച്ചെടുത്തതാണു സാരി. നെറ്റായതിനാൽ ഫിഷ്കട്ട് മോഡലിലുള്ള അണ്ടർ സ്കേർട്ടും ഉപയോഗിച്ചു. െവള്ള സാരിയോടൊപ്പം ഒരു പിങ്ക് ഷേഡ് സാരിക്കു നൽകാൻ കഴി‍ഞ്ഞതും അങ്ങനെയാണ്. വെഡ്ഡിങ് സാറ്റിനാണ് അണ്ടർ സ്കേർട്ടിനായി ഉപയോഗിച്ചത്.

ബീഡ്സ് വർക്കുകൾ

സാരിയിൽ ബീഡ്സ് വർക്ക് ചെയ്യുകയായിരുന്നു അടുത്ത ജോലി. ഇലയുടെ ആകൃതിയിൽ ബീഡ്സ് വർക്ക് ചെയ്ത ലെയ്സാണ് ഞാൻ തിരഞ്ഞെടുത്തത്.റോ സിൽക്കും നെറ്റും കൂട്ടിത്തയ്പ്പിച്ച ഭാഗത്ത് ഈ ലെയ്സ് പിടിപ്പിച്ചു. അതിനുശേഷമാണ് ഷുഗർ ബീഡ്സ് ഉപയോഗിച്ചത്, ഡിംപിൾ പറഞ്ഞു.

മുന്താണി വിട്ടൊരു കളിയില്ല

നീളമുള്ള മുന്താണി എനിക്കു പണ്ടു മുതലേ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ സാരിക്കു നെറ്റ് വാങ്ങിയപ്പോൾ ഒന്നേമുക്കാൽ മീറ്റർ കൂടുതൽ വാങ്ങി. അതിനുശേഷമാണ് മുന്താണിയിൽ ഷുഗർ ബീഡ്സ് ഒട്ടിച്ചത്. വളരെ ചെറിയ കല്ലുകളാണ് ഷുഗർ ബീഡ്സ്. സ്റ്റേജിലൊക്കെ നിൽക്കുമ്പോൾ തിളക്കം കിട്ടുകയും ചെയ്യും എന്നാൽ തിളക്കം അധികമാവുകയുമില്ല. അതുകൊണ്ടാണ് മുന്താണി മുഴുവൻ ഷുഗർ ബീഡ്സ് വച്ചത്.

വെറുതേ കാശു കളയണോ?

തിരുവല്ല മുതൽ കൊച്ചി വരെയുള്ള ബൂട്ടിക്കുകളിൽ ഒട്ടുമിക്കയിടത്തും കയറിയിറങ്ങി മടുത്തിട്ടാണ് സ്വന്തമായി സാരി ഡിസൈൻ ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നത്. സിനൈൻ സാരിയുടെ വില താങ്ങാവുന്നതിലും കൂടുതലാണ്. 25000 രൂപ തൊട്ട് 1.5 ലക്ഷം വരെയാണ് വില പറഞ്ഞത്. അവർ വലിയ വിലയ്ക്കു കാണിച്ചു തന്ന സാരിയാണ് 6,000 രൂപയ്ക്ക് ഞാൻ ചെയ്തത്. സ്വന്തമായി ചെയ്യാനാകുമെങ്കിൽ വെറുതെ പണം കളയേണ്ടല്ലോ, ഡിംപിൾ പറഞ്ഞു. 2019 ഓഗസ്റ്റിലായിരുന്നു ഡിംപിളിന്റെ വിവാഹം. ദ് റൈറ്റേഴ്സ് എന്ന ഓൺലൈൻ പോർട്ടലിന്റെ സ്ഥാപകയാണ് ഡിംപിൾ മീര ജോം. ഇപ്പോൾ യുകെയിലാണ്.

കല്യാണത്തിന് ആരെങ്കിലും ഇങ്ങനെയൊരു സാരി വാങ്ങുമോ? അച്ഛന്റെ ചോദ്യം കേട്ട് ഡയാന ഒന്നു ഞെട്ടി. കാര്യം ശരിയാണ്. ഗോൾഡൻ നിറത്തിലുള്ള ടിഷ്യു സാരി എങ്ങനെ നന്നാക്കിയെടുക്കും? വിവാഹത്തിനാകട്ടെ ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളൂ. അങ്ങനെ വളരെക്കുറച്ചു ദിവസങ്ങൾക്കൊണ്ടു ഒരു സാധാരണ ടിഷ്യു സാരിയെ ആരും കൊതിക്കുന്ന വിവാഹ വസ്ത്രമായി മാറ്റിയെടുത്താണ് ഡയാന പള്ളിയിലേക്കെത്തിയത്.

dayana
ഡയാന

ഫാഷൻ മാറിയാലും സാരി മാറ്റില്ല

വിവാഹ വസ്ത്രം ഒറ്റത്തവണ ഉടുത്തു പിന്നെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ഫാഷൻ മാറിക്കൊണ്ടിരിക്കും, പക്ഷേ, അതിനനുസരിച്ചു സാരി മാറാൻ കഴിയില്ലല്ലോ. അതുകൊണ്ടാണ് സാരി ഞാൻ തന്നെ ഡിസൈൻ ചെയ്യാം എന്നു കരുതിയത്. ഡയാന പറഞ്ഞു.

സ്വർണം പോലൊരു പട്ട്

ഹോളവുഡ് നടി ജൂലിയ റോബർട്സ് അണിഞ്ഞിരുന്ന സ്വർണ നിറത്തിലുള്ള വസ്ത്രം എനിക്കേറെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് വിവാഹത്തിനും സ്വർണ നിറത്തിലുള്ള സാരി തിര‍ഞ്ഞെടുത്തത്. സ്വർണ നിറത്തിന്റെയത്ര ക്ലാസിക് ലുക് വേറെ ഏതു നിറത്തിനാണ് ലഭിക്കുക?

ബീഡ്സ് പ്രിയം

സാരി ഡിസൈൻ ചെയ്യാൻ തുടങ്ങിയപ്പോൾതന്നെ ബീഡ്സ് വർക്ക് മതി എന്നു തീരുമാനിച്ചിരുന്നു. ഡയമണ്ട് ആകൃതിയിലാണ് സാരി മുഴുവൻ ബീഡ്സ് വർക്ക് ചെയ്തത്. ഉപയോഗിച്ച ബൊക്കെയും പ്രത്യേകമായി ചെയ്യിപ്പിക്കുകയായിരുന്നു. അങ്ങനെ 9000 രൂപയ്ക്കാണ് എന്റെ വിവാഹ സാരി ഞാൻ തയാറാക്കിയത്.

English Summary : Bridal saree design

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com