ADVERTISEMENT

കോവിഡ് ഭീതിയിൽ മാസ്ക്കുകളുടെ ഉപയോഗം വ്യാപകമായി. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്കുകൾ നിർബന്ധമായി ധരിച്ചിരിക്കണം എന്ന ഉത്തരവ് സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്തു. കോവിഡ് ഭീതി ഒഴിഞ്ഞാലും മാസ്കിന്റെ ഉപയോഗം തുടരണമെന്നും നിർദേശമുണ്ട്. മാസ്കുകൾ നിത്യജീവിതത്തിന്റെ ഭാഗമാകുമെന്ന കാര്യം ഇതോടെ ഉറപ്പായി.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ‘സുരക്ഷയ്ക്കു വേണ്ടി മാസ്ക്’ എന്നതായിരുന്നു രീതി. എന്നാലിപ്പോൾ മാസ്ക്കുകളിലേക്ക് ഫാഷൻ അതിവേഗം പടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാഷൻ ഡിസൈനർമാര്‍ അതിനുവേണ്ടി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കോവിഡിൽ തകർന്ന വിപണിയെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.

fashion-mask

കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾ പ്രചാരം നേടിയത് സർജിക്കൽ മാസ്കുകൾക്കാണ്. വില കുറഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ ഇത്തരം മാസ്കുകൾ പൊതുവെ വെള്ള, നീല നിറങ്ങളിലാണ് കാണപ്പെടുന്നത്. ഇവയുടെ ലഭ്യതക്കുറവ് രാജ്യങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നു വരെ തോന്നിച്ചിരുന്നു. എന്നാൽ വമ്പന്‍ ഫാഷൻ ബ്രാൻഡുകൾ മാസ്ക്കുകളുടെ നിർമാണത്തിലേക്ക് കടന്നതോടെ ഈ പ്രതിസന്ധി നീങ്ങി.

സാധാരണ മാസ്ക്കുകൾ സൗജന്യമായി നിർമിച്ചു തുടങ്ങിയ ബ്രാൻഡുകൾ പലതും കൂടുതൽ മെച്ചപ്പെട്ട മാസ്കുകളിലേക്ക് തിരിയുന്നതാണ് പിന്നീട് കണ്ടത്. ഇതാണ് പല നിറവും ഡിസൈനുകളുമുള്ള ഫാഷൻ മാസ്ക്കുകൾ കൂടുതൽ നിർമിക്കപ്പെടാൻ കാരണമായത്.

വസ്ത്രങ്ങൾക്ക് അനുയോജ്യമായ മാസ്ക്കുകളുമായി വിപണി കീഴടക്കാനാണ് പ്രമുഖ ഫാഷൻ കമ്പനികളുടെ ഇപ്പോഴത്തെ ശ്രമം. ലോകോത്തര ഫാഷൻ ബ്രാൻഡുകള്‍ ഫാഷൻ മാസ്ക്കുകളുടെ ഓൺലൈൻ വിൽപന ആരംഭിച്ചിട്ടുണ്ട്. മാസ്ക്കുകൾക്ക് ഒപ്പം ധരിക്കാന്‍ അതേ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കയ്യിലുള്ള വസ്ത്രങ്ങൾക്ക് അനുയോജ്യമായി മാസ്ക്കുകൾ ഡിസൈൻ ചെയ്യാനും ഇവർ റെഡി!

‘‘കോവിഡിന്റെ വരവോടെ ഫാഷൻ ലോകം തകർന്നടിഞ്ഞു. കടകളും ഔട്ട്ലൈറ്റുകളും മാളുകളും അടഞ്ഞുകിടക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഫാഷൻ കമ്പനികൾ കടന്നുപോകുന്നത്. ഒരു പരീക്ഷണം എന്ന നിലയിലാണ് മാസ്ക് നിർമാണം ആരംഭിച്ചത്. പക്ഷേ ഉപഭോക്താക്കൾ ഞങ്ങളെ ഞെട്ടിച്ചു. കുറഞ്ഞ സമയം കൊണ്ടു ഫാഷൻ മാസ്ക്കുകൾക്ക് വൻ സ്വീകാര്യത ലഭിച്ചു’’– ഫാഷൻ കമ്പനിയായ ഇറ്റോകിൻ ഇന്റർനാഷനലിന്റെ മാർക്കറ്റിങ് മാനേജർ റമിഡ റസൽ ഒരു ഫാഷന്‍ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോവിഡ് പ്രതിസന്ധികൾ നീങ്ങുമ്പോൾ വിപണിയെ ഉണർത്താൻ പുത്തൻ മോഡലുകളുമായി ഫാഷൻ മാസ്ക്കുകൾ കേരള വിപണിയിലും എത്തുമെന്ന് ഉറപ്പാണ്. ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന വസ്തുവിനെ ഫാഷൻ കീഴടക്കുന്നതിൽ ആശങ്കപ്പെടുന്നവരുണ്ട്. എന്നാൽ ഫാഷന്റെ കടന്നു വരവ് മാസ്കിനെ കൂടുതൽ ജനപ്രിയമാക്കുമെന്നും നിത്യോപയോഗത്തിന് പ്രേരിപ്പിക്കുമെന്ന മറുവാദവുമുണ്ട്.

English Summary : Fashion Mask gain popularity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com