ADVERTISEMENT

ഓണം ഉണ്ടും ഉടുത്തും ആഘോഷിച്ചാണു മലയാളിക്കു ശീലം. ഓണക്കോടിയില്ലാതെ  ഓണാഘോഷവുമില്ല. ഓണത്തിന് എന്തുടുക്കും എന്ന് ആലോചിക്കും മുൻപേ പൂക്കളത്തിലെ നിറങ്ങളെല്ലാം തന്നെ ഓണവസ്ത്രങ്ങളിലും എത്തിക്കഴിഞ്ഞു.

കസവും കരയും 

ഓണക്കാലത്തു പരമ്പരാഗത വസ്ത്രങ്ങൾക്കു തന്നെ മുൻതൂക്കം. കസവും കരയും ചേരുന്ന സെറ്റ് മുണ്ടും സാരിയും ഡബിൾ മുണ്ടും പതിവുപോലെ ചേന്ദമംഗലം തറികളിലൊരുങ്ങി. പ്രളയത്തിൽ മുങ്ങിപ്പൊങ്ങിയതിന്റെ പുതുപ്പാഠങ്ങളും പുതുനിറങ്ങളും ഉൾക്കൊണ്ടാണ് തറികളിൽ ഇക്കുറി ഓണവസ്ത്രങ്ങൾ ഒരുങ്ങിയത്. കോവിഡ് കാലമായതിനാൽ കൈത്തറി മാസ്ക്കുകളും ലഭ്യം. 

 കോടി എഡിറ്റ്

ഓണക്കോടിയല്ലേ, കസവിന്റെ പൊൻ തിളക്കം വേണം, ഒപ്പം പുതുമയും എന്നാഗ്രഹിക്കുന്നവർക്കും ഓണവിപണിയിൽ ഇടമുണ്ട്. ചേന്ദമംഗലം കൈത്തറിയിൽ കന്റംപ്രറി ട്വിസ്റ്റ് നൽകിയ സാരികൾ അവതരിപ്പിക്കുന്നത് ഡിസൈനർ ശ്രീജിത്ത് ജീവൻ (റൗക്ക). ‘‘ഓണം കഴിഞ്ഞും ഉപയോഗിക്കാവുന്ന ‘ടൈംലെസ്’ വസ്ത്രങ്ങൾ എന്ന ആശയമാണ് ചേന്ദമംഗലം കൈത്തറിയിൽ ചെയ്തത്. ‘ഊടും പാവും’ എന്ന പേരിൽ നെയ്ത്തുകാരുടെ കൂട്ടായ്മയൊരുക്കിയും സാരികൾ ചെയ്തു. ജീപ്പും ബോട്ടും മോട്ടിഫുകൾ തുന്നിച്ചേർത്ത് ഫൺ ടച്ച് നൽകിയ ഡബിൾ മുണ്ടുകളുമുണ്ട്’’, ശ്രീജിത്ത് പറഞ്ഞു

 ഖാദിയിൽ മാവേലി

ഖാദി വസ്ത്രങ്ങളിൽ ഇക്കുറി ഓണം സ്പെഷൽ പ്രിന്റുകളാണ്. മാവേലിത്തമ്പുരാന്റെ ചിത്രവും ഓലക്കുടയും തെങ്ങിൻ പൂക്കുലയുമെല്ലാം തുണികളിലുണ്ട്. ഓണപ്രിന്റുകൾ ഉൾപ്പെടുത്തി പുതുതലമുറയുടെ ഇഷ്ടമനുസരിച്ചു ഡിസൈൻ ചെയ്ത ത്രീ ടയർ പലോസോയും കോട്ടൺ ടോപ്പും ശ്രദ്ധ നേടും. 30% റിബേറ്റുള്ള തുണികളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുത്താൽ മികച്ച ഡിസൈനർ വസ്ത്രങ്ങളൊരുക്കി നൽകാൻ ഖാദി ഭവനിൽ കൽപതരു ഫാഷൻ സ്റ്റുഡിയോയും സജ്ജമാണെന്ന് ട്രിവാൻഡ്രം സർവോദയ സംഘം വൈസ് പ്രസിഡന്റ് അനുഷ മാർട്ടിൻ പറയുന്നു. 

ഓണപ്പൂക്കളം വസ്ത്രങ്ങളിൽ

ചേന്ദമംഗലത്തെ തറികളുടെ നവീകരണവുമായി ചേർന്നു പ്രവർത്തിച്ച സേവ് ദ് ലൂം നടിയും മോഡലുമായ അമാൽഡ ലിസിന്റെ (കമ്മട്ടിപ്പാടം ഫെയിം) പ്രകൃതിദത്ത ഹാൻഡ് ഡൈ ഉപയോഗിക്കുന്ന ബ്രാൻഡുമായി ചേരുമ്പോൾ പിറവിയെടുത്തത് നാട്ടുപൂക്കൾ വർണപ്പൂക്കളമിട്ട ഓണ വസ്ത്രങ്ങൾ. കേരളത്തിന്റെ തനതു സസ്യ സമൃദ്ധിയിൽ ഏതാണ്ട് അറുന്നൂറിലേറെ പൂക്കൾക്ക് ഔഷധ ഗുണവുമുണ്ട്. ഈ തനിമയും ഗുണവും വസ്ത്രങ്ങളിലേക്കു നിറക്കൂട്ടായി ചേർക്കുകയാണ് സേവ് ദ് ലൂം – ക്ലോത്‌സ് വിതൗട്ട് ബോർഡേഴ്സ് സാരികൾ.  ‘അമാൽഡ’ എന്നു പേരിട്ട ഈ കലക്ഷനിൽ ഒരുങ്ങുന്നത് ചേന്ദമംഗലത്തെ തറികളിൽ നെയ്തെടുത്ത സാരികളാണ്. നാട്ടുപൂക്കളായ  ചെത്തിയും ചെമ്പരത്തിയും ചെണ്ടുമല്ലിയുമെല്ലാം  ഈ സാരികൾക്കു നിറം പകരുന്നു. ഹാൻഡ് ഡൈ ചെയ്തെടുക്കുന്നതിനാൽ ഒരേപോലുള്ള വസ്ത്രങ്ങളുണ്ടാകില്ല, ഓരോന്നും വ്യത്യസ്തം. ‘‘പല ഉപയോഗങ്ങൾക്കും ശേഷമുള്ള പൂക്കൾ പാഴാക്കാതെ പ്രകൃതിദത്ത ഡൈ ചെയ്യാനായി ഉപയോഗപ്പെടുത്താം. ഈ വസ്ത്രങ്ങൾക്കു വീഗൻ സർട്ടിഫിക്കേഷനും ലഭ്യമാണ്’’ ഫാഷൻ കൺസൽറ്റന്റ് ആയ രമേഷ് മേനോൻ പറഞ്ഞു.

 ചിത്രത്തുന്നൽ,  കസവു തിളക്കം

പ്രൗഢിയും പാരമ്പര്യവും ഇഴചേരുന്ന ‘ഗോൾഡൻ– ക്രീം’ നിറക്കൂട്ടിനോടാണ് ഡിസൈനർ വസ്ത്രങ്ങളുടെ ചായ്‌വ്. ഓഫ്‌ വൈറ്റ് നിറമുള്ള തുണിയിൽ സ്വർണവർണ ചിത്രത്തുന്നൽ ചേരുമ്പോൾ ഭംഗിയേറെ. 

ഡിസൈനർ വസ്ത്രങ്ങളിൽ ഫാബ്രിക്കിലും അലങ്കാരങ്ങളിലുമാണ് വ്യത്യസ്തകൾ. കോട്ടൺ, മിക്സ് കോട്ട, ബ്രോക്കേഡ്, ചന്ദേരി തുണിത്തരങ്ങൾ ഡിസൈനർ ഭംഗിതേടുന്നു. ഇവയിൽ പേളും ഷുഗർ ബീഡ്സും ട്യൂബ് ബീഡ്സും അലങ്കാരത്തുന്നലുകളും ചേർക്കുന്നതായി കാക്കനാട്ടെ എതീരിയൽ ബുത്തീക്കിലെ ഡിസൈനർ മിനു ജോബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com