ആ സ്വപ്നം സാധ്യമാകുമോ ? സബ്യസാചി വരുമോ കൊച്ചിയിൽ ?

HIGHLIGHTS
  • സബ്യസാചി ബ്രാൻഡിന്റെ 51% ഓഹരി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയ്‌ൽ ലിമിറ്റഡിന്
  • ഇന്ത്യൻ ഫാഷന്റെ വളർച്ചയ്ക്കു കുതിപ്പേകുന്നതാകും പുതിയ നീക്കം
aditya-birla-fashion-to-acquire-stake-in-brand-sabyasachi
SHARE

‘സബ്യസാചി’ എന്നാൽ വികാരവും സ്വപ്നവുമാണ് ഇന്ത്യൻ വധുക്കൾക്ക്. വിവാഹം = സബ്യസാചി വധു എന്ന സമവാക്യം ഒരുക്കി പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും അനുഷ്ക ഷെട്ടിയും വിവാഹവേഷത്തിൽ തിളങ്ങുമ്പോൾ, സബ്യ ബ്രൈഡ് ആകാൻ സ്വപ്നം കാണുന്നു ഇന്ത്യൻ പെൺമനം. പക്ഷേ, ആ സ്വപ്നത്തിന് അൽപം ദൂരക്കൂടുതലുണ്ടായിരുന്നു ഇതുവരെ. ലോകമറിയുന്ന ഇന്ത്യൻ ഫാഷൻ ഡിസൈനർമാരിൽ മുൻനിരക്കാരനും വിവാഹ ഫാഷൻ വിപണിയിലെ താരസാന്നിധ്യവുമാണെങ്കിലും സബ്യസാചി മുഖർജിക്കു രാജ്യത്താകെയുള്ളത് 4 സ്റ്റോർ മാത്രം. സബ്യസാചി എന്ന ബ്രാൻഡ് വാങ്ങണമെങ്കിൽ നാലു നഗരങ്ങളിലെത്തണം – ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത !

‘‘എനിക്കിവിടെ 50 –100 സ്റ്റോറുകൾ വേണം. ആളുകൾക്ക് താങ്ങാനാകുന്ന വിലയിലുള്ള, വാഷിങ് മെഷീനിൽ കഴുകിയെടുക്കാനാവുന്ന വസ്ത്രങ്ങൾ വിൽക്കണം. പക്ഷേ അതിനു കഴിയാത്തവിധം പാവപ്പെട്ടവനാണ് ഞാനിപ്പോൾ’’, 2016ൽ ഒരു അഭിമുഖത്തിനിടെ സബ്യസാചി മുഖർജി മനസു തുറന്നു. വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള പാതയിലാണ് അദ്ദേഹം. ‘പാവപ്പെട്ടവൻ’ എന്നു പറഞ്ഞൊഴിഞ്ഞ ആ സ്വപ്നം സാധ്യമാക്കാൻ, സബ്യസാചിയെന്ന ബ്രാൻഡ് 15,000 സ്റ്റോറുകളിലേക്കെത്തിക്കാൻ കരുത്തുള്ള പങ്കാളിക്കൊപ്പമുള്ള പുതുയാത്ര. ഇന്ത്യൻ ഫാഷൻ വിപണിയിലെ ഏറ്റവും വലിയ ഡീൽ എന്ന പെരുമയോടെ ആദിത്യ ബിർള ഫാഷനും സബ്യസാചിയും ഒരുമിക്കുകയാണ്. 398  കോടി രൂപയുടെ വ്യാപാര ധാരണയനുസരിച്ച് സബ്യസാചി ബ്രാൻഡിന്റെ 51% ഓഹരി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയ്‌ൽ ലിമിറ്റഡിനാണ്.

ഇന്ത്യൻ ഫാഷന് പുത്തനുണർവ്

കോവിഡ് കാലത്തു സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യൻ ഫാഷൻ രംഗത്തിനു പുത്തനുണർവു പകരുന്നതായി ആദിത്യ ബിർള – സബ്യസാചി വ്യാപാരധാരണ. ഇന്ത്യൻ ഫാഷന്റെ വളർച്ചയ്ക്കു കുതിപ്പേകുന്നതാകും പുതിയ നീക്കമെന്ന ആവേശത്തിലാണ് ഈ രംഗത്തുള്ളവർ. ഫാഷൻ കൺസൽട്ടന്റായ രമേഷ് മേനോൻ വിശദമാക്കുന്നു, ‘‘കഴിഞ്ഞ 25 വർഷമായി ഇന്ത്യൻ ഫാഷൻ രംഗം വളരുന്നതേയുള്ളു. ഇപ്പോഴും 95 ശതമാനവും ഓർഗനൈസ്ഡ് അല്ലാതെ പ്രവർത്തിക്കുന്ന രംഗമാണിത്. ഡിസൈനിങ് മാത്രമല്ല പിആറും മാർക്കറ്റിങ്ങും വിതരണവും ഉൾപ്പെടെ ഡിസൈനർ തന്നെ ചെയ്യേണ്ടി വരുന്ന പരിമിത സാഹചര്യമാണ്. ബിർള ഗ്രൂപ്പ് വരുന്നതോടെ വലിയൊരു വളർച്ച സബ്യസാചിക്കു സാധിക്കും. ഒപ്പം മറ്റു രംഗങ്ങളിലേക്കുള്ള വൈവിധ്യവൽക്കരണവും അദ്ദേഹത്തിനു സാധ്യമാകും. ഫാഷൻ രംഗത്തു വളർച്ച വേണമെങ്കിൽ സാമ്പത്തിക മുതൽമുടക്കും അതിനൊപ്പം പ്രഫഷനലായ മാനേജ്മെന്റും വേണം’’ 

വൈവിദ്ധ്യവൽക്കരണം

ഏറെക്കാലമായി ബ്രാൻഡിന്റെ വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുവരികയാണ് സബ്യസാചി. 2017ൽ അദ്ദേഹം ‘സബ്യസാചി ജ്വല്ലറി’ക്കു തുടക്കമിട്ടു. ഗുചിയും ഡിയോറും പോലെ പല രാജ്യാന്തര ഫാഷൻ ബ്രാൻഡുകളും ആഭരണ മേഖലയിലും സാന്നിധ്യമുറപ്പിക്കുമ്പോൾ ഇന്ത്യയിൽ അത്തരം മാതൃക സൃഷ്ടിച്ചത് സബ്യസാചിയാണ്. മറ്റു ചില ഡിസൈനർമാരും ആഭരണരംഗത്തു കൈവച്ചെങ്കിലും അതു ക്യാംപ്സൂൾ കലക്ഷനുകൾക്കും വിവിധ കൊളാബൊറേഷനുകൾക്കും മാത്രമായി ഒതുങ്ങി. 

sabyasachi-3

ആഗോള ഫാഷൻ ബ്രാൻഡുകളുമായി ചേർന്ന് വ്യത്യസ്തമായ ഡിസൈൻ മേഖലകളിലും സബ്യസാചി കൈവച്ചു. ഫ്രഞ്ച് ലക്ഷ്വറി ഫുട്‌വെയർ ബ്രാൻഡ് ക്രിസ്ത്യൻ ലുബുട്ടിനു വേണ്ടി ഷൂ കലക്ഷനും, യുഎസ് ഹോം ഫർണിഷിങ് ചെയിൻ പോട്ടറി ബാണിനൊപ്പം വിന്റേജ് ഹോംവെയറും, ഹോങ്കോങ് കേന്ദ്രമായുള്ള ലക്ഷ്വറി റീട്ടെയ്‌ൽ സ്റ്റോർ ലെയിൻ ക്രോഫോഡിനായി ആദ്യ വൈറ്റ് വെഡ്ഡിങ് കലക്ഷനും സബ്യസാചി ഒരുക്കി.

‘ഇന്ത്യൻ ചാനൽ’

രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പടുമ്പോഴും റാൽഫ് ലൊറെയ്ൻ, കാൽവീൻ ക്ലീൻ, ടോം ഫോർഡ്, ടോമി ഹിൽഫിഗർ എന്നിവരുടേതു പോലെ ആഗോള ഫാഷൻ ബ്രാൻഡ് സൃഷ്ടിക്കണമെന്ന ആഗ്രഹം സബ്യസാചി സൂക്ഷിച്ചിരുന്നു. ‘‘എനിക്കുറപ്പുണ്ട്, ഭാവിയിൽ സബ്യസാചി രാജ്യാന്തര തലത്തിൽ ‘ഇന്ത്യൻ ചാനൽ’ ആകും’’, ഈയൊരു തീപ്പൊരി മനസ്സിൽ കാത്തുവച്ചുള്ള ചുവടുവയ്പ്പുകളാണ് അദ്ദേഹം നടത്തിയത്.

ന്യൂയോർക്കിലെ പ്രശസ്ത ലക്ഷ്വറി ജ്വല്ലറി സ്റ്റോറിൽ തന്റെ 65 ആഭരണങ്ങൾ ലോഞ്ച് ചെയ്താണ് സബ്യസാചി 2020നു തുടക്കമിട്ടത്. തൊട്ടുപിന്നാലെ രാജ്യന്തര ഫാഷൻ ബ്രാൻഡായ എച്ച് ആൻഡ് എമ്മിനൊപ്പം ലിമിറ്റഡ് എഡിഷൻ കലക്‌ഷൻ ‘വാണ്ടർലസ്റ്റ്’ ഒരുക്കുന്നതിന്റെ പ്രഖ്യാപനവുമെത്തി. കഴിഞ്ഞവർഷം ഏപ്രിലിൽ പുറത്തിറങ്ങേണ്ടിയിരുന്ന ഈ കലക്ഷൻ നീണ്ടുപോയത് കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ്. മാന്ദ്യത്തിലായ വിപണിയ്ക്കു പ്രതീക്ഷയേകി ഒടുവിൽ ഇന്ത്യൻ ഫാഷൻ രംഗത്തെ ഏറ്റവും വലിയ വ്യാപാര ധാരണയുടെ പ്രഖ്യാപനമെത്തി – സബ്യസാചിയിൽ മുതൽമുടക്കാൻ ആദ്യതി ബിർള ഫാഷൻ റീട്ടെയ്‌ൽ ലിമിറ്റഡ്.

ലക്ഷ്യത്തിലേക്ക് 

ലോകമറിയുന്ന ഡിസൈനർ ആയാലും ലക്ഷങ്ങൾ വിലയിടുന്ന വസ്ത്രങ്ങൾ ഒരുക്കിയാലും സ്വന്തമായ ബ്രാൻഡ് വളർച്ചയ്ക്ക് ഏറെ പരിമിതികളുണ്ട്. ക്രിയേറ്റിവായാൽ മാത്രം പോര ബിസിനസ് ലക്ഷ്യങ്ങളും വേണമെന്നു നേരത്തെ തന്നെ മനസിലാക്കിയതാണ് സബ്യസാചി. പക്ഷേ രണ്ടുതവണ വ്യാപാര കരാറുകൾക്കു ശ്രമിച്ചപ്പോഴും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. 2011 –12ൽ ലൂയിസ് വിൽറ്റൺ (എൽവി) സബ്യസാചിയിൽ മുതൽമുടക്കാനും വ്യാപാരധാരണയ്ക്കും ശ്രമിച്ചിരുന്നു. എന്നാൽ അതുസംബന്ധിച്ച ചർച്ചകളുടെ അവസാനഘട്ടത്തിൽ എൽവി പിന്മാറി.

സബ്യസാചി ഫ്ലാഗ്ഷിപ് സ്റ്റോർ ന്യൂയോർക്കിൽ തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ആഗ്രഹം. ഇന്ത്യൻ ഫാഷൻ ഡിസൈനർമാരിൽ അനിത ദോംഗ്രെക്കു മാത്രമാണ് ഇത്തരത്തിൽ രാജ്യാന്തര സാന്നിധ്യമുള്ളത്. കിഷോർ ബിയാനിയുടെ ഫ്യൂച്ചർഗ്രൂപ്പിന്റെ മുതൽമുടക്കിൽ നിന്നുള്ള ഊർജത്താലാണ് അനിത ദോംഗ്രെ ആദ്യകാല ബ്രാൻഡ് വളർച്ചയ്ക്കു തുടക്കമിട്ടത്. രാജ്യത്തങ്ങോളമിങ്ങോളമുള്ള മാളുകളിലും സ്റ്റോറുകളിലും അവർ സാന്നിധ്യമറിയിച്ചു. താങ്ങാനാകുന്ന ലക്ഷ്വറി ഫാഷൻ എന്ന വിശേഷണത്തോടെ ആൻഡ്, ഗ്ലോബൽ ദേശി എന്നീ ബ്രാൻഡുകൾക്കും തുടക്കമിട്ടു. പിന്നീട് 2013ൽ യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ലഭിച്ചതോടെ ആഗോളതലത്തിൽ വലിയ വളർച്ചയും അനിത ദോംഗ്രെക്കു സാധ്യമായി. 

കോർപറേറ്റ് ഇൻവെസ്റ്റ്മെന്റിലൂടെ ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം തന്റെ ആഗോള ജൈത്രയാത്രയ്ക്കു തുടക്കമിടുകയാണ് സബ്യസാചി മുഖർജിയും. ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിനും ലഭ്യതയ്ക്കും കുതിപ്പേകാൻ ഇനി സബ്യസാചിക്കു കഴിയും. ഇന്ത്യൻ ഫാഷന്റെ ഭാവിക്കു മുതൽക്കൂട്ടാകുന്ന ആ നീക്കങ്ങളറിയാൻ ഡിസൈനർ ലോകത്തിന്റെ ശ്രദ്ധ ഇനി ഈ നാൽപത്താറുകാരൻ കൊൽക്കത്ത സ്വദേശിയിലാകും.

sabyasachi-2

വരുമോ കൊച്ചിയിൽ ?

നാലു വർഷം മുമ്പ് ഇന്ത്യ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ സബ്യസാചിയോടു ചോദിച്ചു, ‘‘ എന്നാണ് കേരളത്തിലേക്ക് സബ്യസാചി ബ്രാൻഡ് എത്തുക ?’’ കൊൽക്കൊത്തയുടെ സ്വന്തം ഡിസൈനറുടെ മറുപടിയിൽ നിറഞ്ഞത് കേരളത്തിന്റെ സാസ്കാരിക പൈതൃകത്തോടുള്ള ആരാധന. ‘‘എനിക്കേറെ ആഗ്രഹമുണ്ട് കേരളത്തിലെത്താൻ. എന്നെങ്കിലും ഇവിടെ സ്റ്റോർ തുറക്കാൻ സാധിക്കുമെങ്കിൽ അതു മട്ടാഞ്ചേരിയിലാകും’’.  

അതിനായി കാത്തിരിക്കാം, ഇനി ഏറെ വൈകില്ലെന്നുറപ്പ് !!

English Summary : Aditya Birla Fashion buys 51% stake in Sabyasachi for Rs 398 crore

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA