ADVERTISEMENT

മിണ്ടുന്നതെല്ലാം വിവാദമാക്കും, പക്ഷേ തൊടുന്നതെല്ലാം പൊന്നാക്കും. സിനിമയുടെ കാര്യത്തിൽ മാത്രമല്ല, ഫാഷന്റെ കാര്യത്തിലായാലും കങ്കണ റനൗട്ട് ‘തലൈവി’ തന്നെ. നവരാത്രി പൂജ നടക്കുന്ന കാലമായതിനാൽ ഉത്തരേന്ത്യയിൽ പരമ്പരാഗത വസ്ത്രങ്ങളും നിറങ്ങളുമാണ് ധരിക്കുക. പൂജ നടക്കുന്ന ഓരോ ദിവസവും ഓരോ നിറങ്ങൾക്കും പ്രത്യേകതയുണ്ടെന്നാണു വിശ്വാസം. അതിനിടെ കേരള കസവു സാരിയുടുത്താണ് കങ്കണ ശ്രദ്ധനേടിയത്. 

സ്വർണക്കരയും കസവുമുള്ള കൈത്തറി സാരിയ്ക്കൊപ്പം സർക്കുലാർ സൺ ഗ്ലാസും കിടിലൻ മിനോഡിയറും (കയ്യിൽ പിടിക്കുന്ന സ്റ്റേറ്റ്മെന്റ് ബാഗ്) ആക്സസറീസ്! ചുരുണ്ട മുടി അലസമായി ബൺ ചെയ്തുയർത്തി, ചുറ്റും മുല്ലൂപ്പൂമാല ചുറ്റി. മേക്കപ് ലളിതമാക്കിയെങ്കിലും കടുംചുവപ്പ് ലിപ്ഷേഡ് ധരിച്ചതോടെ കങ്കണയുടെ ലുക്കിന് മാസ്മരിക ഭംഗി. കസവുസാരിക്കാണോ കങ്കണയ്ക്കാണോ ഭംഗി, മുഖത്തെ സർക്കുലാർ സണ്ണിയിൽ നിന്നു കയ്യിലെ മിനോഡിയറിലേക്കു നോക്കണ്ടേ, കഴുത്തിലെയും കാതിലെയും ആഭരണങ്ങൾ കാണണ്ടേ എന്നൊക്കെ കാണുന്നവരെ ആശയക്കുഴപ്പത്തിലാക്കിക്കളഞ്ഞു, താരത്തിന്റെ ആ കസവുസാരി അവതാരം. 

kangana-ranaut-kerala-saree-fashion-article-image-two
Photo Credit: Instagram

മുംബൈയിലെ വീടിന്റെ ബാൽക്കണിയി‍ൽ നിന്നെടുത്ത ചിത്രങ്ങളിൽ സാരി പലരീതിയിൽ സ്റ്റൈൽ ചെയ്തിട്ടുണ്ട് കങ്കണ. ഒരു ചിത്രത്തിൽ തോളിലൂടെ സാരിത്തലപ്പു മുന്നിലേക്കു വലിച്ചിട്ട് അതിലെ കസവു ഡിസൈനുകൾക്കു ശ്രദ്ധ നൽകിയെങ്കിൽ, മറ്റൊന്നിൽ സ്ലീവ്‌ലെസ് ബ്ലൗസിന്റെ ഭംഗിയും സാരിയിലെ സ്വർണബൂട്ട നെയ്ത്തും കാണുംവിധമാണ് ഡ്രേപിങ്.

കേരള സാരിയുടുക്കാൻ കങ്കണയെ നോക്കിപ്പഠിക്കണം എന്നു പറഞ്ഞാൽ പോലും തെറ്റില്ല. കാരണം കേരള സാരിയെ ഗ്ലാമറാക്കാനും സിംപിളാക്കാനും കങ്കണയെ പോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല. സബ്യസാചി മുഖർജിയുടെ ഡിസൈനർ സാരിയെന്ന പോലെ കേരളസാരിയുടുക്കാമെന്നും ട്രഡിഷനൽ കസവു സാരിയിൽ ഗ്ലാമറസാകാമെന്നും പലപ്പോഴായി തെളിയിച്ചിട്ടുണ്ട് കങ്കണ. 

kangana-ranaut-kerala-saree-fashion-article-image-three
Photo Credit: Instagram

ഓരോ തവണയും കങ്കണ കേരള സാരിയുടുത്തപ്പോൾ അതിനെല്ലാം സ്റ്റൈലിങ്ങിൽ വ്യത്യസ്തത കൊണ്ടുവന്നു.. എയർപോർട്ട് ലുക്കിൽ പോലും കേരള കസവു സാരി ഉൾപ്പെടുത്തി ഫാഷനീസ്റ്റകളെ ഞെട്ടിച്ചിട്ടുണ്ട് താരം. പുതിയ ചിത്രം തലൈവിയുടെ പ്രമോഷൻ തിരക്കുകൾക്കിടെ കഴിഞ്ഞമാസവും കസവുസാരി ധരിച്ചൊരു ചിത്രം കങ്കണ പങ്കുവച്ചിരുന്നു. സ്വകാര്യജെറ്റിൽ ഉദയ്‌പൂരിലേക്കു പറക്കാൻ എത്തിയപ്പോഴാണ് താരം കേരളസാരിയുടുത്തത്. ഐവറി സാരിക്കൊപ്പം വെള്ള നിറത്തിലുള്ള ബ്ലൗസ് ധരിച്ചു ലളിതമായ നിറച്ചേർച്ചകളെ ഒത്തൊരുമിപ്പിച്ചാണ് അന്നു ശ്രദ്ധനേടിയത്. അന്നു മുടിക്കെട്ടിൽ മുല്ലപ്പൂവിനു പകരം, വലിയ വെള്ളപ്പൂക്കളാണ് അലങ്കാരമാക്കിയത്.

English Summary : Graceful saree looks of Kangana Ranaut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com