ADVERTISEMENT

പ്രശസ്ത ബ്രിട്ടിഷ് മോഡലും സംരംഭകയുമായ കെയ്റ്റ് മോസിന്റെ മകൾ ലില ഗ്രേസ് മോസ് മിലാൻ ഫാഷൻ വീക്കിന്റെ റാംപിലെത്തിയത് ഇൻസുലിൻ പമ്പുമായി. ടൈപ്പ് വൺ പ്രമേഹ രോഗിയായ ലിലയുടെ ഇടത്തു തുടയിലാണ് ഇൻസുലി‍ൻ പമ്പ് സ്ഥാപിച്ചിട്ടുള്ളത്. ഇതുമായി റാംപിലൂടെ നടക്കുന്ന ലിലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ക്രോപ് ജാക്കറ്റും ബോഡി സ്യൂട്ടുമായിരുന്നു ലിലയുടെ വേഷം. ബോഡി സ്യൂട്ടിന്റെ ഡിസൈനുള്ള ഒരു ബാഗ് കയ്യിലുണ്ടായിരുന്നു. മനോഹരമായാണു താരത്തെ ഒരുക്കിയിരുന്നത്. എങ്കിലും ഇൻസുലിൻ പമ്പ് ആണ് ഫാഷൻ ലോകത്തും സമൂഹമാധ്യമങ്ങളിലും ചർച്ചയായത്.

പ്രമേഹ രോഗിയാണെന്നു വെളിപ്പെടുത്താൻ മടിക്കാത്ത, ഇൻസുലിൻ പമ്പ് മറ്റുള്ളവർ കാണുന്നതിൽ ആശങ്കയില്ലെന്നു വ്യക്തമാക്കുന്ന 19കാരിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തി. ഒരുപാട് പേർക്ക് ലില പ്രചോദനം ആകുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

ഇൻസുലിൻ പമ്പ്

പ്രമേഹ ചികിൽസാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വന്നത് ഇൻസുലിൻ പമ്പിന്റെ ഉപയോഗത്തോടെയാണ്. ഇൻസുലിൻ പമ്പ് ഒരു ബാറ്ററിയുടെ സഹായത്തോടെ 

പ്രവർത്തിപ്പിക്കാവുന്ന, പേജറിന്റെ വലിപ്പമുള്ള ലളിതമായ ഒരു ഉപകരണമാണ്. ഇത് ശരീരത്തിനു പുറത്തു തന്നെ ഘടിപ്പിക്കാം എന്നതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ല. 

ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥി പ്രവർത്തിക്കുന്നതു പോലെ, ഇതിൽ ഘടിപ്പിക്കുന്ന ഒരു സിറിഞ്ചിൽനിന്നു തുടർച്ചയായി ചെറിയ അളവിൽ ഇൻസുലിൻ ശരീരത്തിൽ വയ്ക്കുന്ന ഒരു പ്ലാസ്റ്റിക് ട്യൂബിലൂടെ കടത്തിവിടുന്നു.

ഇതു കൂടാതെ ഭക്ഷണത്തിന് അനുസരിച്ച് ഇൻസുലിൻ ആവശ്യാനുസരണം അതത് സമയങ്ങളിൽ‌ രോഗിക്കു തന്നെ ക്രമീകരിക്കുകയും ചെയ്യാം.

ഈ ട്യൂബ് വഴി ഇൻസുലിന്റെ അളവു രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്ക് അനുസരിച്ചു ഡോക്ടറുടെ നിർദേശപ്രകാരം ക്രമീകരിക്കാൻ കഴിയും. പമ്പിൽ ഘടിപ്പിച്ചിരിക്കുന്ന സിറിഞ്ചും ശരീരത്തിലെ ട്യൂബും ഏകദേശം മൂന്നു ദിവസം കൂടുമ്പോൾ ഉപയോഗിക്കുന്ന ആൾക്കു തന്നെ വേദനയില്ലാതെ മാറ്റാം. അതുകൊണ്ടു നിത്യേനയുള്ള കുത്തിവയ്പ് ആവശ്യമായി വരുന്നില്ല.

പഞ്ചസാരയുടെ അളവു പ്രതീക്ഷിക്കാതെ കൂടുകയും കുറയുകയും ചെയ്യുന്നതു രോഗിയെ അറിയിക്കുകയും പരിധിവിട്ട് കുറയാൻ സാധ്യതയുണ്ടെങ്കിൽ ഇൻസുലിൻ ശരീരത്തിലേക്കു പോകുന്നതു തനിയെ നിർത്തുകയും ചെയ്യും.

അതിനാൽ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രണത്തിലാക്കാൻ ഇൻസുലിൻ പമ്പ് വഴി സാധിക്കും. പഞ്ചസാരയുടെ അളവു കുറയുന്നതു മൂലമുള്ള അപകടത്തിൽനിന്ന് രോഗിക്കു രക്ഷ ലഭിക്കുകയും ചെയ്യും.

English Summary : Kate Moss' daughter Lila walks runway with insulin pump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com