ADVERTISEMENT

‘ഫാഷൻ ഒക്കെ ചെറുപ്പക്കാർക്ക് പറഞ്ഞിട്ടുള്ളതാ’ എന്നു പരിതപിക്കുന്നവരോട് ഐറിസ് അപ്ഫെൽ എന്നു കേട്ടിട്ടുണ്ടോ എന്നു ചോദിക്കാം. കാരണം 100 ാം വയസ്സിലും ഐറിസ് ഫാഷൻ ഐക്കണ്‍ ആണ്. വമ്പൻ ബ്രാൻഡുകൾ മോഡലാക്കാൻ മത്സരിക്കുന്ന, ഫാഷൻ മാഗസിനുകൾ ഫോട്ടോഷൂട്ടിനായി കാത്തിരിക്കുന്ന വ്യക്തി. ഫാഷൻ എന്നത് പാഷനും ആത്മവിശ്വാസവുമാണ്. അവിടെ പ്രായത്തിനൊന്നും യാതൊരു സ്ഥാനവുമില്ലെന്ന് ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറും കൂടിയായ ഈ അമേരിക്കൻ മുത്തശ്ശി തീർത്തു പറയും. 

ചെറുപ്പം മുതലേ ഫാഷനോട് താൽപര്യം പുലർത്തിയിരുന്ന ഐറിസ് പിന്നീട് ടെക്സ്റ്റൈൽ വ്യവസായത്തിൽ തന്റെ കഴിവ് തെളിയിച്ചു. ഇക്കാലയളവിൽ അമേരിക്കൻ പ്രസിഡന്റുമാർക്കു വേണ്ടി വരെ വസ്ത്രം ഒരുക്കിയിട്ടുണ്ട്. ജോലിത്തിരക്കിനിടയിലും സ്വന്തമായി ഒരു സ്റ്റൈൽ പിന്തുടർന്നു. ഇതു നിരവധി ആരാധകരെയാണു സൃഷ്ടിച്ചത്.

ന്യൂയോർക്കിലെ ‘ദി മെറ്റ്’ ഐറിസിന്റെ ഫാഷൻ പരമ്പര്യത്തെ കുറിച്ചു നടത്തിയ എക്സിബിഷൻ ശ്രദ്ധേയമായതോടെ മുത്തശ്ശി ലോകത്തിന് സുപരിചിതയായി.

2019ൽ തന്റെ 97–ാം വയസ്സിൽ ഇന്റർനാഷനൽ മാനേജ്മെന്റ് ഗ്രൂപ്പിന്റെ മോഡലാകാനുള്ള കരാർ ഒപ്പിട്ട് ഐറിസ് മുത്തശ്ശി ഫാഷൻ ലോകത്തെ ഞെട്ടിച്ചു. തുടർന്ന് വേറെയും ബ്രാൻഡുകൾ ഐറിസ് മുത്തശ്ശിയെ മോഡൽ ആക്കി. നിലവിൽ ഇൻസ്റ്റഗ്രാമിൽ 21 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. 

2021 ഓഗസ്റ്റ് 29ന് ആയിരുന്നു മുത്തശ്ശിയുടെ 100ാം ജന്മദിനം. ബന്ധുക്കൾ ഒരുക്കിയ പാർട്ടിയിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയാണ് മുത്തശ്ശി കേക്ക് മുറിച്ച് മടങ്ങിയത്. ജന്മദിനത്തോട് അനുബന്ധിച്ച് ഒരു ഫാഷൻ ഫോട്ടോഷൂട്ടും സംഘടിപ്പിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com