ADVERTISEMENT

ഹൈഹീൽ പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കും ഉപയോഗിക്കാമെന്ന തരത്തിലേക്ക് ഫാഷൻ ലോകം മാറിയിട്ടു വർഷങ്ങളായി. എന്നാൽ, ഫാഷൻ സ്റ്റോറുകളിൽ യൂണിസെക്സ് അല്ലെങ്കിൽ ജെൻഡർ ന്യൂട്രൽ വസ്ത്രശേഖരങ്ങൾ പ്രമുഖ ബ്രാൻഡുകൾ ഒരുക്കാൻ തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. ആൺകുട്ടികളുടെ ഡെനിമും ടി–ഷർട്ടും ധരിച്ചെത്തുന്ന പെൺകുട്ടികൾ സാധാരണമായതുപോലെ സ്ത്രീകളുടേതെന്നു കരുതുന്ന വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ആൺകുട്ടികളും നോർമലൈസ് ചെയ്യപ്പെടുമ്പോൾ മാത്രമേ യഥാർഥ ജെൻഡർ ന്യൂട്രൽ വസ്ത്രധാരണം പൂർണമാകൂ. കണ്ണെഴുതാനും മേക് അപ് ചെയ്യാനും മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ലിംഗവ്യത്യാസം കൂടാതെ സാധ്യമാകുക എന്നതാണ് ശരിയായ വസ്ത്ര സ്വാതന്ത്ര്യം. പുസ്തകത്തിന്റെ പുറംചട്ട കാണുമ്പോഴേക്കും വിമർശനത്തിന്റെ അമ്പെയ്യുന്നവർ ഇനി മാറി നിന്നേ പറ്റൂ. ഇപ്പോഴത്തെ തലമുറ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറ്റൊരു മുഖമാണ് വസ്ത്ര സ്വാതന്ത്ര്യവും.

മെൻസ് വെയർ, വിമൻസ് വെയർ എന്നതിനുമപ്പുറം യൂണിസെക്സ് വസ്ത്രങ്ങളാണ് ഇപ്പോൾ ട്രെൻഡ്. നിറങ്ങളിലും ഫാബ്രിക്കുകളിലും മാത്രമല്ല, ഡിസൈനും ഇപ്പോൾ യൂണിസെക്സ് ആകുന്നു. ആയുഷ്മാൻ ഖുറാനയും രൺവീർ സിങ്ങും മാത്രമല്ല, സാധാരണക്കാരും തങ്ങളുടെ പ്രിയപ്പെട്ട നിറങ്ങളും ഡിസൈനുകളും തിര‍ഞ്ഞെടുക്കുമ്പോൾ പിറവിയെടുക്കുന്നത് പുത്തൻ ഫാഷൻ ലോകമായിരിക്കും എന്നതിൽ സംശയമില്ല.വധുവിന്റെ വസ്ത്രങ്ങൾക്കുപയോഗിച്ച അതേ ഫാബ്രിക്കും നിറങ്ങളും ഉപയോഗിച്ചുകൊണ്ട് വരനും വസ്ത്രങ്ങൾ‍ നിർമിച്ചെടുക്കാൻ ഡിസൈനർമാരെ പ്രേരിപ്പിക്കുന്നതും ഇത്തരം ഇഷ്ടങ്ങൾ തന്നെ. സബ്യസാചിയുടെ ഹൈഹീൽ ധരിച്ചെത്തിയ പുരുഷ മോഡലുകൾ വളരെ പെട്ടെന്ന് വൈറലായതും അതുകൊണ്ടുതന്നെ. ജെൻ‍ സെഡ് ബ്രാൻഡിന്റെ 56 ശതമാനം ഉപഭോക്താക്കളും 2019ൽ തിരഞ്ഞെടുത്തതും അവരുടെ ‘മേഖലകൾക്കു’ പുറമേയായിരുന്നു.

മാന്യമായ വസ്ത്രധാരണത്തിലെ മാന്യത ആപേക്ഷികമാണ്. അതുപോലെത്തന്നെയാണ് ഇഷ്ടമുള്ള വസ്ത്രമെന്നതും. നോൺ–ബൈനറി, ജെൻഡർ ന്യൂട്രൽ, ജെൻഡർ ഫ്ലൂയിഡ്, അൻഡ്രോജിനസ് തുടങ്ങി ഒട്ടേറെ പേരുകളിലാണ് യൂണിസെക്സ് വസ്ത്രങ്ങൾ അറിയപ്പെടുന്നത്. ഹോമോഫോബിയ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതു വളരെ വ്യക്തമായ കാര്യമാണ്. അതുകൊണ്ടു തന്നെ, ട്രെൻഡ് ആകുന്ന യൂണിസെക്സ് വസ്ത്രങ്ങളെ ക്വീർ വിഭാഗത്തിലുൾപ്പെട്ടവർ പിന്തുണയ്ക്കുമ്പോൾ വസ്ത്രത്തിനും ലഭിക്കുന്നു രാഷ്ട്രീയ ബോധ്യം. വസ്ത്രം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം കൂടിയാകുമ്പോൾ അംഗീകരിക്കപ്പെടുക പാർശ്വവൽക്കരിക്കപ്പെട്ട പല വിഭാഗങ്ങൾ കൂടിയായിരിക്കും. ഏഷ്യൻ രാജ്യങ്ങളിൽ ജെൻഡർ ലെസ് ഫാഷൻ ജപ്പാനിൽ നിന്നാരംഭിച്ചു എന്നാണു കരുതപ്പെടുന്നത്. 2016നു ശേഷം ജെൻഡറിനെ വസ്ത്രവും മേക് അപ്പുമായി കൂട്ടിയിണക്കുന്നതിനെതിരെ വൻ പ്രതിഷേധങ്ങളാണു പല രാജ്യങ്ങളിലും നടന്നത്. കൊറിയയിലെ സ്ത്രീകൾ അവരുടെ ‘പെർഫക്ട് മോഡലുകൾ’ക്കെതിരെ രംഗത്തു വന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇഷ്ടമുള്ള സൈസാണ് യൂണിസെക്സ് വസ്ത്രങ്ങളുടെ ഒരു പ്രത്യേകത. ഇറുകിയ, ശരീരവടിവുകൾക്കൊത്ത വസ്ത്രധാരണമെന്ന സങ്കൽപം ഇതോടെ ഇല്ലാതെയായി. ഇഷ്ടമുള്ള സൈസ് തരംഗമായതോടെ വസ്ത്രങ്ങൾ കൂടുതൽ കംഫർട്ടബിളുമായി.

പ്രിന്റഡ് ഫാബ്രിക്കുകളാണ് മറ്റൊന്ന്. സ്ത്രീകൾക്കു മാത്രമായുള്ള പ്രിന്റഡ് തുണിത്തരങ്ങൾ ആദ്യം സെലിബ്രിറ്റികളിലേക്കും പിന്നീട് സ്റ്റോറുകളിലേക്കും എത്തിത്തുടങ്ങി. നരച്ച നിറങ്ങൾക്കിടയിൽ പുരുഷന്മാർക്ക് പ്രിന്റഡ് തുണിത്തരങ്ങൾ നല്ല ഓപ്ക്ഷനാകുകയും ചെയ്തു.

പിങ്ക് നിറത്തിനോടുള്ള വിരോധം പതിയെയെങ്കിലും ഇല്ലാതായത് യൂണിസെക്സ് വസ്ത്രങ്ങൾ വന്നതിൽ പിന്നെയാണ്. നിയോൺ നിറങ്ങൾ മാത്രമല്ല, പുരുഷ സങ്കൽ‍പ നിറങ്ങളെയൊക്കെ മാറ്റിമറിച്ചാണ് യൂണിസെക്സ് വസ്ത്രങ്ങൾ‍ തരംഗമാകുന്നത്. അധികം വൈകാതെ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ വിപണിയൊട്ടാകെ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ഫാഷൻ ലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com