ADVERTISEMENT

മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനിങ് ജോലികൾ പൂർത്തിയാക്കിയപ്പോൾ ഉറക്കമില്ലാത്ത രാത്രികളുടെയും തിരക്കുകളുടെയും കൂടെ സുജിത്ത് സുധാകരൻ സ്വന്തമാക്കിയതു മറ്റൊന്നു കൂടിയാണ് – കൊച്ചിയിലൊരു ഹാൻഡ് ഡൈയിങ് – ബ്ലോക്ക് പ്രിന്റിങ് യൂണിറ്റ്. സിനിമയിലേക്കുള്ള വസ്ത്രങ്ങൾ മറ്റെവിടെയെങ്കിലും ഡൈ ചെയ്തെടുക്കാമായിരുന്നെങ്കിലും ഏറ്റെടുത്ത ജോലിയുടെ മികവിൽ വിട്ടുവീഴ്ച പറ്റില്ലെന്നു നിർബന്ധമായിരുന്നു സുജിത്തിന്. ചരിത്ര സിനിമയ്ക്കു വസ്ത്രങ്ങളൊരുക്കുമ്പോൾ ചെറിയ കാര്യങ്ങളിൽ പോലും കൃത്യത വേണം, അതിനു വേണ്ടിയായിരുന്നു സ്വന്തം ഡൈയിങ് യൂണിറ്റ് തുടങ്ങിയത്. കഠിനാധ്വാനത്തിന്റെ നാളുകൾക്ക് അർഹിക്കുന്ന പുരസ്കാരം തന്നെ സുജിത്തിനെ തേടിയെത്തി – മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം.

പുരസ്കാരത്തിളക്കത്തിൽ പുതിയ ചിത്രങ്ങളുടെ ജോലികൾ തുടങ്ങിയെങ്കിലും കൊച്ചിയിൽ കാക്കനാട്ടുള്ള ഡൈയിങ് – പ്രിന്റിങ് യൂണിറ്റിന്റെ സാധ്യതകൾ ഉൾപ്പെടുത്തി സ്വന്തം ഡിസൈനർ ലേബലിന്റെതായി (Conlang) സാരി കലക്‌ഷൻ ഒരുക്കുകയെന്ന മോഹത്തിനു പിന്നാലെയായിരുന്നു സുജിത്ത്. കരവിരുതിന്റെ വൈദഗ്ധ്യം കയ്യൊപ്പിടുന്ന ഹാൻഡ്‌ലൂം– ഹാൻഡ് പ്രിന്റഡ് സാരികളുടെ ശേഖരം ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. 30 വ്യത്യസ്ത ഡിസൈൻ ഉൾപ്പെടുന്ന ഈ കലക്‌ഷനിൽ ചന്ദേരി സിൽക്ക്, മൊഡാൽ സാരികളാണുള്ളത്.

കണ്ടു പരിചയിച്ച രാജസ്ഥാൻ ബ്ലോക്ക് പ്രിന്റ് മോട്ടിഫുകളിൽ നിന്നു വ്യത്യസ്തമായി തനതായ പ്രിന്റുകളാണ് ഇവയുടേത്. സുജിത്ത് ഒരുക്കിയ ഓരോ ഡിസൈനും മരത്തിന്റെ ബ്ലോക്കുകളിലേക്കു കൊത്തിയെടുത്തു പ്രത്യേകമായ പ്രിന്റിങ് ബ്ലോക്കുകൾ തയാറാക്കുകയായിരുന്നു. ഓരോ സാരിയും ഇത്തരത്തിൽ സമാനതകളില്ലാത്ത ഫാഷൻ അനുഭവം സമ്മാനിക്കുന്നതായിരിക്കുമെന്നു ഡിസൈനറുടെ സാക്ഷ്യം.

saree-collection-1

‘‘ഈ ഹാൻഡ് മെയ്ഡ് കലക്‌ഷനിലെ ചന്ദേരി സിൽക്ക് സാരികൾക്കു മറ്റൊരു സവിശേഷതയുമുണ്ട്. തീർത്തും സോഫ്റ്റായ ഫാബ്രിക് ആണിവ. പൊതുവെ ചന്ദേരി സാരിയെന്നാൽ ഡൈ ചെയ്തെടുത്ത നൂലുകൾ ഉപയോഗിച്ചു നെയ്തെടുക്കുകയാണ്. ഡൈ ചെയ്ത നൂലാകുമ്പോൾ ചെറിയ രീതിയിൽ ബലമുള്ളതാകും. നെയ്തതിനു ശേഷം സാരികൾ ഡൈ ചെയ്യുകയാണു ഞങ്ങൾ ചെയ്തിട്ടുള്ളത്. അതിനാൽ അതിലേറെ മൃദുലമായിരിക്കും, പൂർണമായും ലൈറ്റ് വെയ്റ്റ്. തിളക്കമുള്ള നിറങ്ങളും പ്രത്യേകതയാണ്.’’, സുജിത്ത് സുധാകരൻ പറഞ്ഞു.

വ്യത്യസ്ത നിറങ്ങളും ഓംബ്രെ പോലുള്ള ഡൈയിങ് വ്യത്യസ്തതകളും കണ്ടുപരിചയിച്ചിട്ടില്ലാത്ത ഹാൻഡ് പ്രിന്റുകളും മെറ്റാലിക് ഗോൾഡ് പ്രിന്റുകളും ഈ സാരികളുടെ പ്രത്യേകതയാണ്. ദേശീയ പുരസ്കാര ജേതാവിന്റെ കയ്യൊപ്പുള്ള സാരികൾ കാണാനും കയ്യിലെടുക്കാനും സ്വന്തമാക്കാനും ഇനി കാത്തിരിപ്പു വേണ്ട .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com