ADVERTISEMENT

ദിവ പേജന്റ്സ് സംഘടിപ്പിച്ച മിസിസ് ഇന്ത്യ എംപ്രസ്സ് ഓഫ് ദ് നേഷൻ 2021 സൗന്ദര്യ മത്സരത്തിൽ ശ്രദ്ധ നേടി മലയാളി ശ്രീലക്ഷ്മി അജീഷ്. നോവലിസ്റ്റും മോഡലും ഐടി പ്രഫഷനലുമായ ശ്രീലക്ഷ്മി അജീഷ് മിസിസ് ടാലന്റ്ഡ്, മിസിസ് പോപ്പുലർ എന്നിങ്ങനെ രണ്ടു ടൈറ്റിലുകൾക്കാണ് അർഹയായത്. ഈ സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാല‌യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ശ്രീലക്ഷ്മി. 

‘ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടുപാട്ട്’  മോഹിനിയാട്ട രൂപത്തിൽ ചിട്ടപ്പെടുത്തിയാണ് ടാലന്റ് റൗണ്ടിൽ  അവതരിപ്പിച്ചത്. ഇതിന് മികച്ച പ്രതികരണം ലഭിച്ചു. പൊതു സമൂഹത്തിലുള്ള സ്വീകാര്യതയും മറ്റു കഴിവുകളും കണക്കിലെടുത്താണ് മിസിസ് പോപ്പുലർ ടൈറ്റിലിന് ശ്രീലക്ഷ്മിയെ തിരഞ്ഞെടുത്തത്. ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കാൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ശ്രീലക്ഷ്മി, ആദ്യ ശ്രമത്തിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. 

എട്ടു മാസത്തോളം നീണ്ട തയാറെടുപ്പുകൾക്കു ശേഷമാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്.  കോവിഡ‍് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആദ്യ റൗണ്ടുകൾ‌ ഓൺലൈനിൽ ആയിരുന്നു. ഗ്രാൻഡ് ഫിനാലെ പൂണെയിൽ വച്ചാണ് നടത്തിയത്. ഇതിനു മുന്നോടിയായി നാലു ദിവസം നീണ്ട ഗ്രൂമിങ്ങിൽ പങ്കെടുത്തിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ജീവിതത്തോടുള്ള കാഴ്ചപ്പാടുതന്നെ മാറ്റാൻ സഹായിച്ച ദിവസങ്ങളായിരുന്നു അതെന്ന് ശ്രീലക്ഷ്മി പറയുന്നു. ‘‘വിവാഹ ജീവിതത്തിലേക്കു കടന്ന് ഒരു അമ്മയാകുന്നതോടെ സ്ത്രീകളുടെ ജീവിതം  പൂർണമായി എന്ന കാഴ്ചപ്പാടാണ് സമൂഹത്തിനുള്ളത്. എന്നാൽ അമ്മയായതിനുശേഷം മുൻ കാലങ്ങളക്കോൾ പതിന്മടങ്ങ്  ആത്മവിശ്വാസത്തോടെ ജീവിത ലക്ഷ്യങ്ങളിലേക്ക് ചുവടുവയ്ക്കാനാവുമെന്ന ആത്മവിശ്വാസമാണ് മത്സരത്തിൽ പങ്കെടുത്തതിലൂടെ ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞത്. ഈയൊരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നു എന്നതാണ് ഇത്തരം വേദികളുടെ പ്രാധാന്യം’’– ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

sreelakshmi-1

ടാറ്റാ കൺസൾട്ടൻസി സർവീസിൽ ഉദ്യോഗസ്ഥയായ ശ്രീലക്ഷ്മി ഭർത്താവ് അജീഷും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം മൈസൂരിലാണ് താമസം. സ്ത്രീ ജീവിതങ്ങൾ മറ്റുള്ളവരുടെ നിയന്ത്രണങ്ങളിൽ  ഒതുങ്ങിപോകാതെ  ആഘോഷമാക്കാൻ ഉള്ളവയാണെന്ന സന്ദേശം നൽകുന്ന ‘ഭദ്രയുടെ നീതിസാരം’ എന്ന നോവൽ ഏതാനും മാസങ്ങൾക്കു മുൻപ് ശ്രീലക്ഷ്മിയുടേതായി പുറത്തിറങ്ങിയിരുന്നു. ‘ജലമർമ്മരങ്ങൾ’ എന്ന പുതിയ നോവലിന്റെ പണിപ്പുരയിലാണ് ശ്രീലക്ഷ്മിയിപ്പോൾ. ഇതിനുപുറമേ നൃത്തത്തിനും മോഡലിങ്ങിനും സമയം നീക്കിവയ്ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com