ADVERTISEMENT

കോവിഡും ലോക്ഡൗണുമായി ജനം വീട്ടിലിരുന്ന സമയത്ത് ഓൺലൈൻ ഷോപ്പിങ് രീതികളുടെ സ്വഭാവം തന്നെ മാറിയതായി ഇ കൊമേഴ്സ് സൈറ്റുകളിലെ കണക്കുകൾ‌ വ്യക്തമാക്കുന്നു. സാരിയെ ഓൺലൈൻ ഷോപ്പിങ്ങിൽ നിന്ന് അകറ്റിനിർത്തിയിരുന്ന ജനത വിവാഹ സാരികൾ പോലും ഓൺലൈനിൽ വാങ്ങാൻ തുടങ്ങി. ടയർ 2,3,4 വിഭാഗത്തിൽ വരുന്ന താരതമ്യേന ചെറിയ പട്ടണങ്ങളിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ ഓൺലൈനിലേക്കു ചുവടുമാറി. ആളുകളെ ആകർഷിക്കാൻ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നു, വിവാഹ മാർക്കറ്റിൽ റെന്റഡ് വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും പ്രിയമേറുന്നു തുടങ്ങി ഓൺലൈൻ ഫാഷൻ വിപണിയിൽ കോവിഡ് കാലം പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ്. 

∙ ഹിറ്റായി ബ്ലൂടൂത്ത് ഹെഡ് സെറ്റ്

വർക് ഫ്രം ഹോം രീതിയിലും അല്ലാതെയും ജനം വീട്ടിലിരുന്നതോടെ ഓൺലൈൻ ഷോപ്പിങ്ങിന്റെ മുൻഗണനാ ക്രമത്തിലും വന്നു മാറ്റം. ഒടിടി പ്ലാറ്റ്ഫോമുകളും വർക് ഫ്രം ഹോമും സജീവമായപ്പോൾ 45 ലക്ഷം ബ്ലൂടൂത്ത് ഹെഡ്സെറ്റുകളാണ് 2021ൽ ഓൺലൈനിൽ വിറ്റുപോയത്. 17 ലക്ഷം ചോപ്പേഴ്സും പീലേഴ്സും വിറ്റുപോയപ്പോൾ, സാരി, കുർത്ത, പ്രിന്റഡ് കിടക്കവിരികൾ എന്നിവയും ഏറ്റവും വിൽപന നടന്ന ആദ്യ 5ൽ സ്ഥാനം പിടിച്ചു.

ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഷോപ്പിങ് നടത്തിയ ദിവസങ്ങളിലുമുണ്ട് പ്രത്യേകത. സ്ത്രീകൾ ബുധനാഴ്ചകൾ ഓൺലൈൻ ഷോപ്പിങ്ങിനായി തിരഞ്ഞെടുത്തപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഞായറാഴ്ചകളിലാണ് പുരുഷൻമാരുടെ ഷോപ്പിങ്. ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയം ഉച്ചയൂണ് കഴിഞ്ഞുള്ള 2 മുതൽ 3 വരെ.

∙ ‘കളറായി’ വിവാഹസാരി വിൽപന

ഓൺലൈൻ ഷോപ്പിങ്ങിലേക്കു ചുവടുമാറിയപ്പോഴും ജനം സാരി പോലുള്ള ചില വസ്ത്രങ്ങളെ ഓൺലൈൻ പരിധിയിൽ നിന്നു മാറ്റി നിർത്തിയിരിക്കുകയായിരുന്നു. കടയിൽ പോയി, ദേഹത്തുവച്ചു നിറം ചേരുന്നുണ്ടോയെന്നു നോക്കി, മെറ്റീരിയലിനെ അറിഞ്ഞ് സാരി തിരഞ്ഞെടുക്കുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും ഓൺലൈനിൽ വാങ്ങുമ്പോൾ ഇല്ലെന്നുള്ളതു തന്നെ പ്രധാന കാരണം. എന്നാൽ ഇപ്പോൾ കോവിഡ് കാലത്തോടെ വിവാഹ സാരി പോലും ഓൺലൈനായി വാങ്ങുകയാണ്. ലെഹംഗ, ഗൗൺ തുടങ്ങിയ വസ്ത്രങ്ങളെ പിന്തള്ളി കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാരി വധുവിനെ ചുറ്റിയെടുത്തതായി ഇ കൊമേഴ്സ് മാർക്കറ്റുകൾ പറയുന്നു. വിവാഹ വസ്ത്രത്തിൽ ആഡംബരവും പ്രൗഢിയും നിറയണമെന്നു വാശിയുള്ള  മണവാട്ടികൾ ഓൺലൈനിലാണെങ്കിലും സാരിത്തുമ്പ് വിടുന്നില്ല.

സാരികളിൽ ഭൂരിഭാഗം പേരും കാഞ്ചീപുരം, ബനാറസ് പട്ടിന്റെ പ്രൗഢി തിരഞ്ഞെടുക്കുമ്പോൾ പൈതൃകമായി കൈമാറി കിട്ടിയ സാരിയെ സ്നേഹിക്കുന്നവരും കുറവല്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി വിവാഹത്തിന് അണിഞ്ഞത് അമ്മയുടെ വിവാഹ സാരി കൂടി ചേർത്തുവച്ചു ഡിസൈൻ ചെയ്ത സാരിയായിരുന്നു. പുതുമ വിടാനും പാടില്ല, പഴയ തനിമ വേണം താനും എന്ന നിർബന്ധം വിവാഹ മാർക്കറ്റിൽ‌ ഇന്നും ശക്തമായി നിലകൊള്ളുമ്പോൾ കണ്ടംപററി, ക്ലാസിക് കോംബിനേഷനുകൾക്കാണ് വിവാഹ മാർക്കറ്റിൽ കൂടുതൽ ഡിമാൻഡ്. പാർട്ടിവെയർ സാരികൾ എന്ന നിലയിൽ കോട്ടൺ, ഷിഫോൺ, നെറ്റ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നവരും കുറവല്ല.

∙ വളരുന്ന വിവാഹ സാരി വിപണി

വിവാഹ സാരികൾ ഓൺലൈനായി വാങ്ങുന്ന ട്രെൻഡ് കഴിഞ്ഞ രണ്ടു വർഷമായി അനുദിനം വളർന്നുവരികയാണ്. 2020 ജൂലൈ മുതൽ വിവാഹസാരി വിൽപന കുത്തനെ ഉയർന്നു, പ്രത്യേകിച്ച് വിവാഹ സീസണുകളിൽ. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുകൾ നോക്കിയാൽ ഓൺലൈൻ ഷോപ്പിങ് ആപ്പായ ‘മീഷോ’യിൽ  മാത്രം സാരി വിൽപനയിൽ 3 മടങ്ങ് വർധനയുണ്ടായതായി ആപ് വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായുമായ ഉത്കൃഷ്ട കുമാർ പറഞ്ഞു. മീഷോ ആപ് വഴി ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന 5 ഉൽപന്നങ്ങളിൽ ഒന്ന് സാരിയാണ്.

തിരുവനന്തപുരവും, കോഴിക്കോടും ഉൾപ്പെടുന്ന ടയർ 4 വിഭാഗത്തിൽ വരുന്ന നഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. വിവാഹ സീസൺ ആരംഭിക്കുന്ന ഒക്ടോബർ മാസം മുതൽ കഴിഞ്ഞ വർഷം വിവാഹ വസ്ത്ര ഓർഡറുകളിൽ വൻ കുതിച്ചുചാട്ടമുണ്ടായി മീഷോ ആപ്പിനു ലഭിച്ച വിവാഹ വസ്ത്ര ഓർഡറിന്റെ പകുതി ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്.

ജോർജറ്റ്, ബനാറസി, ആർട് സിൽക്കിനാണ് ഓൺലൈൻ വിപണിയിൽ കൂടുതൽ ഇഷ്ടക്കാർ എങ്കിലും ടയർ 2, 3, 4 വിഭാഗത്തിൽ വരുന്ന സിറ്റികളിൽ ഷിഫോൺ, നെറ്റ്, കോട്ടൺ മെറ്റീരിയലുകൾക്കും ആവശ്യക്കാർ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കോട്ടൺ സിൽക്, ബനാറസി സിൽക്, സാറ്റിൻ സിൽക്, പ്രിന്റഡ് കോട്ടൺ, എംബ്രോയ്‌ഡറി, എംബല്ലിഷ്ഡ് പാറ്റേണുകൾ ഉപഭോക്താക്കളുടെ ഇഷ്ട ചോയ്സാണ്. സെലിബ്രിറ്റി ധരിച്ച വസ്ത്രങ്ങളിലുള്ള പാറ്റേണിനും ആവശ്യക്കാർ ഏറെയുണ്ട്.

∙ 2034 ൽ രണ്ടാംസ്ഥാനം ലക്ഷ്യമിട്ട്

1500 കോടി ഡോളറിന്റെ വിൽപനയാണ് ടയർ 2,3 സിറ്റികളിൽ നിന്നായി വരും വർഷങ്ങളിൽ ഇ കൊമേഴ്സ് ആപ്പുകൾ പ്രതീക്ഷിക്കുന്നത്. 2034 ആകുമ്പോഴേക്കും അമേരിക്കയ്ക്കു പിന്നിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇ കൊമേഴ്സ് വിപണിയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ ഷോപ്പിങ്ങിൽ ഏറ്റവും വലിയ മാർക്കറ്റ് ആകുന്നത് ഫാഷൻ, ഗ്രോസറി വിപണിയാണ്. ടയർ 2, 3 സിറ്റികളിലുള്ള 75 ശതമാനം ഉപഭോക്താക്കളും ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ കൂടുതൽ ലോക്കൽ ബ്രാൻഡുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഓൺലൈൻ ഷോപ്പിങ് ആപ്പുകൾ. അതുകൊണ്ടു തന്നെ ചെറു പട്ടണങ്ങളിലെ റീട്ടെയ്ൽ കടക്കാർ കടകൾ വഴിയുള്ള വിൽപനയ്ക്കൊപ്പം തന്നെ ഓൺലൈൻ സാധ്യതകളും തേടുന്നു.

∙ ഓൺലൈനിൽ വിലസാൻ ത്രീഡിയും ആനിമേഷനും

ത്രീഡി, ആനിമേഷൻ സാങ്കേതിക വിദ്യകളുടെ വൻ പ്രഭാവം വരും ദിനങ്ങളിൽ ഷോപ്പിങ് ആപ്പുകളിൽ പ്രകടമാകുമെന്നാണു വിലയിരുത്തൽ. ഓൺലൈൻ ഷോപ്പിങ്ങിൽ നിൽക്കുന്ന ന്യൂനത വസ്ത്രങ്ങൾ നേരിട്ടു കണ്ട് ധരിച്ചു നോക്കി തിരഞ്ഞെടുക്കാനാവില്ല എന്നതാണ്. എന്നാൽ ഇതിനെ മറികടക്കാൻ കഴിയുന്ന തരത്തിൽ ഓഗ്മെന്റ് റിയാലിറ്റി, ത്രീഡി സാധ്യതകൾ തേടുകയാണ് ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ. വിർച്വൽ ട്രയൽ റൂമുകളും വസ്ത്രത്തിന്റെ സൈസ് കൃത്യമായി നിർണയിച്ചു വിവരങ്ങൾ കൈമാറുന്ന ത്രീഡി സംവിധാനവും വരുന്നതോടെ ഓൺലൈൻ– ഓഫ് ലൈൻ ഷോപ്പിങ്ങിനെ വേർതിരിക്കുന്ന അതിർ വരമ്പുകൾ വരും വർഷങ്ങളില്ലാതാകാനാണു സാധ്യത. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ചു വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്തു നൽകുന്ന സംവിധാനങ്ങൾ ഭൂരിഭാഗം ആപ്പുകളും ഇപ്പോൾ തന്നെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

∙ വിവാഹ മാർക്കറ്റിൽ റെന്റൽ വസ്ത്രങ്ങളും ഹിറ്റ്

വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കു നൽകുന്ന ഓൺലൈൻ വിപണിയും അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെന്നു കണക്കുകൾ പറയുന്നു. പ്രധാന നഗരങ്ങളിൽ റെന്റൽ വസ്ത്ര സ്റ്റോറുകൾ കളംപിടിക്കുന്നത് ഇതിന്റെ വളരുന്ന വിപണി സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. റെന്റൽ ഫാഷൻ വിപണി ഇന്ത്യയിൽ വേര് ഉറപ്പിച്ചിട്ട് അധിക കാലമായിട്ടില്ലെങ്കിലും  ഇതിനോടകം 12,000 കോടി രൂപയുടെ വളർച്ച നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ദിവസത്തേക്കു മാത്രമായി സാരിയും ഗൗണും ആഭരണങ്ങളും മോഹവില കൊടുത്ത് വാങ്ങാൻ താൽപര്യമില്ലാത്തവരെ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് വിവാഹ വസ്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന വെബ്സൈറ്റുകളും സ്റ്റോറുകളും. കോവിഡ് വന്നതോടെ വച്ചടിവച്ചടി കയറ്റത്തിലാണ്  ഈ രംഗം.  റെന്റൽ വിവാഹ വസ്ത്രങ്ങൾക്കായി മാത്രമുള്ള വെബ്സൈറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വൻ കുതിപ്പാണുണ്ടായത്. സബ്യസാചി, മനീഷ് മൽഹോത്ര തുടങ്ങിയ സെലിബ്രറ്റി ഡിസൈനർമാരുടെ ഡിസൈനർ വെയർ ലെഹംഗയോ സാരിയോ വിവാഹദിനത്തിൽ അണിയാൻ കൊതിക്കുന്നവർക്ക് അതിനുള്ള അവസരവും ഈ റെന്റൽ വസ്ത്ര വെബ്സൈറ്റുകളും ആപ്പുകളും ഒരുക്കുന്നുണ്ട്. 75,000– 1,00,000 രൂപ വില വരുന്ന സബ്യസാചി സാരി  15,000– 40,000 രൂപയ്ക്ക് ഒരു ദിവസത്തേക്ക് വാടകയ്ക്കെടുത്ത് ഉപയോഗിക്കാമെന്നതാണ് നേട്ടം.  ഇന്ത്യയിൽ റെന്റൽ ഫാഷൻ മാർക്കറ്റ് 2023ൽ 15.56 കോടി ഡോളറിന്റെ വിപണി മൂല്യം കൈവരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. 2017–2023 കാലഘട്ടത്തിലെ കണക്കെടുത്താൽ വാർഷിക വളർച്ചാ നിരക്ക് 10.6 ശതമാനം. 

∙ പ്രീമിയം ബ്രാൻഡുകളുമായി കൊച്ചിയും

കേരളത്തിലെ ഫാഷൻ ഹബ്ബായ കൊച്ചിയിലും പാർട്ടിവെയർ വസ്ത്രങ്ങളുടെ റെന്റൽ കലക്ഷൻ സ്റ്റോറുകൾ സജീവമാകുകയാണ്. കേരളത്തിൽ റെന്റൽ വസ്ത്രവിപണിക്ക് വൻ ഡിമാൻഡ് ഉണ്ടെന്ന് റെന്റൽ ഒക്കേഷൻ വെയർ സ്റ്റോർ ഉടമയായ താര ജോർജ് പറയുന്നു. കൊച്ചിയിലാണ് സ്റ്റോർ എങ്കിലും തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു തുടങ്ങിയ സിറ്റികളിലേക്കു പോലും താരയുടെ സ്റ്റോറിൽ നിന്നുള്ള കലക്ഷനുകൾ പറക്കുന്നു.

കാഷ്വൽ, പാർട്ടി, ബ്രൈഡൽ വെയറുകൾ, ആക്സസറീസ് എന്നിവയുടെ ലക്ഷ്വറി ബ്രാൻഡുകളുടെയും അല്ലാത്തവയുടെയും കലക്ഷനാണ് ‘ചോസൺ വൺസ്’ എന്ന സ്റ്റോറിലുള്ളത്. ഓൺലൈൻ, ഓഫ്‌ലൈൻ വിൽപനയുണ്ട്. കൂടുതലും ഓൺലൈനായാണ് വിൽപന. റെന്റൽ വെയർ എന്ന ആശയത്തിലൂടെ വസ്ത്രമാലിന്യങ്ങൾ പരമാവധി കുറച്ച് പരിസ്ഥിതി സൗഹാർദ്ദ നയമാണ് നടപ്പാക്കുന്നതെന്നു താര പറഞ്ഞു. ഒരു ദിവസത്തെ ഉപയോഗത്തിനായി ലക്ഷങ്ങൾ മുടക്കി വസ്ത്രം വാങ്ങാതെ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാനും, കുളു, മണാലി യാത്രയ്ക്കായി  ജാക്കറ്റ് റെന്റിന് എടുത്ത് ഉപയോഗിക്കാനും താൽപര്യപ്പെടുന്ന തരത്തിൽ മലയാളികളുടെ മനോഭാവം മാറി കഴിഞ്ഞു.

Englis Summary : COVID-19 has changed online shopping forever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com