ADVERTISEMENT

പോരാട്ടത്തിന്റെ സൗന്ദര്യമെന്ന് നടി അഞ്ജലി അമീറിനെ വിശേഷിപ്പിക്കാം. പൊതുബോധത്തോടു പോരാടി ആൺശരീരത്തിൽനിന്നും സ്ത്രീത്വത്തിലേക്ക്, പിന്നീട് മോഡലും നടിയുമായി ഗംഭീര പ്രകടനം, ഇപ്പോൾ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാനുള്ള നിരന്തരമായ പരിശ്രമം.... അഞ്ജലി തന്റെ കുതിപ്പ് തുടരുകയാണ്. 

ഫാഷൻ പ്രേമികളെയും സൗന്ദര്യാരാധകരെയും ആകർഷിക്കുന്നതാണ് താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍. മനോഹരമായി വസ്ത്രം ധരിച്ച്, അതിസുന്ദരിയായി ഒരുങ്ങിയ അഞ്ജലിയുടെ ചിത്രങ്ങൾ ഇതിൽ കാണാം. സിംപിൾ വസ്ത്രങ്ങളില്‍ പ്രൗഢിയോടെ തിളങ്ങാൻ താരത്തിന് അറിയാം. അഞ്ജലിയുടെ വസ്ത്ര–സൗന്ദര്യ വിശേഷങ്ങളിലൂടെ.

∙ വളരെ മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ് അഞ്ജലി. എങ്ങനെയുള്ള വസ്ത്രങ്ങളോടാണു താൽപര്യം?

എന്റെ വസ്ത്രധാരണം സാഹചര്യം അനുസരിച്ചുള്ളതാണ്. ഉദ്ഘാടനത്തിന് പോവുകയാണെങ്കിൽ സാരി ആയിരിക്കും മിക്കവാറും ധരിക്കുക. ഔട്ടിങ്ങിനാണെങ്കിൽ വെസ്റ്റേൺ വസ്ത്രങ്ങൾ. ജീൻസും ടോപ്പും ആണ് കൂടുതൽ ഇഷ്ടം. മേക്കപ് ഒന്നും ഉപയോഗിക്കാതെ വളരെ കാഷ്വൽ ആയാണ് കൂടുതലും പുറത്തുപോകുക. ഒരുപാട് വളകളും കൊലുസും ഇടണമെന്നും മുതിരുമ്പോൾ സാരി ഉടുക്കണമെന്നും കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു. സാരി ധരിക്കുമ്പോൾ എല്ലാവർക്കും പ്രത്യേക ഭംഗി തോന്നും. മുതിർന്നപ്പോൾ പക്ഷേ വർക്കിന് അനുസരിച്ചായി വസ്ത്രധാരണം. ദാവണി ധരിക്കുകയാണെങ്കിൽ കുപ്പിവളയും കൊലുസും ഇടും. ഇപ്പോൾ അത്തരം ആഭരണങ്ങളോടുള്ള താൽപര്യം നഷ്ടപ്പെട്ടു. മിക്കവാറും ഒരു വാച്ച് മാത്രം ആയിരിക്കും ധരിക്കുക. ഇതിനു പ്രധാന കാരണം മടിയാണ്. കയ്യിൽ കിട്ടുന്നത് എടുത്ത് ഇട്ടു പോകുന്നതാണല്ലോ എളുപ്പം.

anjali-ameer-2

∙ ഷോപ്പിങ് 

ഷോപ്പിങ്ങിന് ഒറ്റയ്ക്ക് ആണു പോകുക. ആരെങ്കിലും ഒപ്പമുണ്ടായാലും ഞാൻ അവരെ സഹായത്തിനു വിളിക്കാറില്ല. ഡ്രസ് സ്വയം തിരഞ്ഞെടുക്കുന്നതാണ് ഇഷ്ടം. ആരെങ്കിലും പറഞ്ഞതു കേട്ട് വാങ്ങിയാലും എനിക്ക് കുറച്ചു കഴിയുമ്പോൾ ഇഷ്ടമാകാതെ വരും. പിന്നെ ഇടില്ല. അതുകൊണ്ട് ഷോപ്പിങ്ങിനു പോകുമ്പോൾ ആരെയും കൂട്ടാറില്ല.

∙ പെൺകുട്ടികളുടെ വസ്ത്രപ്രപഞ്ചം 

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‌ഞാൻ കസിൻസിന്റെ ഫ്രോക്കുകൾ ഇട്ടു നോക്കുമായിരുന്നു. അതെല്ലാം ഇപ്പോഴും ഓർമയുണ്ട്. പതിനഞ്ചോ, പതിനാറോ വയസുള്ളപ്പോഴാണ് ശസ്ത്രക്രിയയ്ക്കു വിധേയയാകാൻ തീരുമാനിച്ച് വീട്ടിൽനിന്നും ഇറങ്ങുന്നത്. അതിനു മുൻപേ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുമായിരുന്നു. അതുകൊണ്ട് ശസ്ത്രക്രിയയ്ക്കുശേഷം വസ്ത്രങ്ങളുടെ കാര്യത്തിൽ പുതുമയൊന്നും തോന്നിയില്ല. എന്നും ഇഷ്ടം നിറങ്ങളുടെ ലോകവും പെൺകുട്ടികളുടെ വൈവിധ്യമാർന്ന വസ്ത്രപ്രപഞ്ചവുമായിരുന്നു.

anjali-ameer-4

∙ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു? 

എന്റെ ചെറുപ്പത്തിലേ ഉമ്മ മരിച്ചു. ഞാൻ തറവാട്ടിലാണു വളർന്നത്. ചെറുപ്പം മുതലേ ഞാൻ മെഹന്ദിയും നെയിൽ പോളിഷും ഉപയോഗിച്ചിരുന്നു. ചെറിയകുട്ടി ആയിരുന്നതിനാൽ ആരും എതിരു പറഞ്ഞില്ല. പത്താം ക്ലാസ് ആയപ്പോഴേക്കും ഞാൻ എന്റെ വഴി തിരഞ്ഞെടുത്തല്ലോ. പിന്നീട് ആരോടും ഉത്തരം പറയേണ്ടി വന്നിട്ടില്ല.

∙ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സാഹചര്യം ഇന്നും നമ്മുടെ സമൂഹത്തിലുണ്ടോ?

എന്തു വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടേയും താൽപര്യമാണ്. മറ്റുള്ളവർ പറയുന്നതിനനുസരിച്ചല്ല നമ്മൾ വസ്ത്രം ധരിക്കേണ്ടത്. എന്നെ സംബന്ധിച്ചാണെങ്കിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ആരെങ്കിലും ‘എടീ, ഈ ഡ്രസ് നിനക്ക് ചേരുന്നില്ല, ഇതു മാറ്റി വേറെ ഇടൂ’ എന്നു പറഞ്ഞാൽ ഞാൻ അനുസരിക്കും. അല്ലാതെ വിമർശനങ്ങൾക്ക് ചെവികൊടുക്കാറില്ല. ഞാൻ എന്ത് ധരിക്കണം എന്നു ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. മാനസിക സന്തോഷത്തിനു വേണ്ടിയാണു ഞാൻ ഇഷ്ടവസ്ത്രം ധരിക്കുന്നത്. അതല്ലാതെ മറ്റുള്ളവരെ പ്രകോപിപ്പിക്കുകയോ ഇഷ്ടപ്പെടുത്തുകയോ ലക്ഷ്യമല്ല. 

anjali-ameer-6

∙ ഇഷ്ടനിറം

വെള്ളയും കറുപ്പുമാണ് ഇഷ്ടനിറങ്ങൾ. രണ്ടും ഒരുപോലെ ഇഷ്ടമാണ്. എന്റെ വസ്ത്രങ്ങളിൽ കൂടുതലും ഈ നിറങ്ങളിലുള്ളവയാണ്. വെസ്റ്റേൺ ഡ്രസ്സുകളിൽ ബ്രാൻഡ് നോക്കാറില്ല. വ്യത്യസ്തമായ വസ്ത്രങ്ങൾ വേണമെങ്കിൽ ബ്രാൻഡ് നോക്കിയാൽ നടക്കില്ല.  

∙ സ്കിൻ – ഹെയർ കെയർ 

അങ്ങനെ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. സമയം കിട്ടുമ്പോൾ നന്നായി ഉറങ്ങും. ധാരാളം വെള്ളം കുടിക്കും. ഇഷ്ടമുള്ള ആഹാരം കഴിക്കും. എന്നാൽ ഒന്നും വാരിവലിച്ചു കഴിക്കില്ല. ഒരോ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് അവിടത്തെ ഭക്ഷണം കഴിച്ചു നോക്കാൻ ഇഷ്ടമാണ്. മുടിക്ക് എപ്പോഴെങ്കിലും ഒരു ഓയിൽ മസാജ് ചെയ്യും. ഷാംപൂ, കണ്ടീഷനർ എന്നിവ ഇടയ്ക്കിടെ മാറ്റില്ല. സ്ഥിരമായി ഒരേ പ്രൊഡക്ട് ആണ് ഉപയോഗിക്കുന്നത്. സ്പാ ചെയ്യാറുണ്ട്. വണ്ണം കൂടാതെ നോക്കാറുണ്ട്. എന്നാൽ തടിച്ചെന്ന് കരുതി ദുഃഖിക്കാറില്ല. കുറച്ചൊക്കെ വണ്ണമുള്ളതാണ് എനിക്കിഷ്ടം. എന്തെങ്കിലുമൊക്കെ വ്യായാമം വല്ലപ്പോഴും ചെയ്യാറുണ്ട്. 

∙ ഒരുപാട് പൊരുതിയാണ് അഞ്ജലി ഇവിടെ എത്തിയത്. എന്തായിരുന്നു കരുത്തായത്?

എതിരെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ കൂടുതൽ ഊർജസ്വലയാകും. പ്രതിബന്ധങ്ങളായിരുന്നു എന്റെ കരുത്ത്. അവയോട് പൊരുതി മുന്നോട്ടുവരും. ഇത് എന്നെ കൂടുതൽ കരുത്തയാക്കും.

∙ ഒരു ട്രാൻസ് വ്യക്തിക്ക് മോഡലിങ്, സിനിമ മേഖലകളിൽ എത്തിപ്പെടുക എന്നത് എത്ര കഠിനമാണ്? 

anjali-ameer-5

മോഡലിങ്ങിലും സിനിമയിലും എത്തിപ്പെടുക എന്നതിനേക്കാൾ അതു തുടർന്നുകൊണ്ട് പോകാനാണ് പ്രയാസം. വരുന്ന കഥാപാത്രങ്ങൾ എല്ലാം ട്രാൻസ് വുമണിന്റേത് ആയാൽ മുന്നോട്ടു പോകാനാവില്ല. മാറി ചിന്തിക്കണം എന്നുള്ളതുകൊണ്ട് ഞാൻ എല്ലാത്തരം വേഷങ്ങളും ചെയ്യാറുണ്ട്. വിവിധതരം വേഷങ്ങൾ നൽകാൻ സംവിധായകരും നിർമാതാക്കളും തയാറാകണം. അതൊരു വലിയ വെല്ലുവിളി തന്നെയാണ്.  

∙ പ്രണയം 

എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. അങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കിൽ അയാളുടെ സ്വകാര്യത കൂടി ഞാൻ പരിഗണിക്കണമല്ലോ. ഇഷ്ടങ്ങൾ എല്ലാ വ്യക്തികൾക്കും ഉണ്ടാകും. അത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവർ അതിൽ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.

∙ ഹോബി 

ബുക്ക് വായിക്കാൻ ഇഷ്ടമാണ്. ഒരുപാട് യാത്ര ചെയ്യും. ബാഡ്മിന്റൻ കളിക്കാറുണ്ട്. മനസ്സിൽ തോന്നുന്നതെല്ലാം എഴുതാനും ഇഷ്ടമാണ്.

∙ സ്വപ്‌നം 

നല്ലൊരു വ്യക്തിയെ വിവാഹം ചെയ്യണം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. ദുബായിൽ സെറ്റിൽ ആകണം. ഒരു വീട് വയ്ക്കണം. എല്ലാ സ്ത്രീകളെയും പോലെ ഇതൊക്കെയാണ് എന്റെയും ആഗ്രഹം. 

∙ യുഎഇ ഗോൾഡൻ വിസ ലഭിച്ചതിനെക്കുറിച്ച്

anjali-ameer-7

ദുബായിയോടുള്ള ഇഷ്ടം ഞാൻ പറഞ്ഞല്ലോ. അതുകൊണ്ടു ഗോൾഡൻ വിസ ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ദുബായിലെ സർക്കാർ സേവനദാതാക്കളായ ഇസിഎച്ച് ആണ് വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചത്. ഇസിഎച്ചിലെ ഇഖ്ബാൽ, ഫാരിസ്, റസൽ എന്നിവരുടെ സഹായം ഉള്ളതുകൊണ്ട് വളരെ എളുപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി. എല്ലാവരോടും നന്ദിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com