ADVERTISEMENT

ഫ്രാൻസിൽ നടക്കുന്ന ഈ വർഷത്തെ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിൽ പങ്കെടുത്ത് അമൃത ഫഡ്നാവിസ്. ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായാണ് അമൃത കാൻ വേദിയിലെത്തിയത്. മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണ് അമൃത.

കറുത്ത ഗൗൺ അണിഞ്ഞെത്തിയ അമൃതയുടെ കാ‍ൻ വേദിയിലെ ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. ഐവറി കോസ്റ്റിലെ പ്രഥമവനിത ഡൊമിനിക് ഘട്ടാര, ജോർ‌ദാനിലെ ഘിഡ‍ രാജകുമാരി, ഹോളിവുഡ‍് നടി ഷാരോ‍ൺ സ്റ്റോൺ, ചാർലി ചാപ്ലിന്റെ പേരക്കുട്ടിയായ കിയാര ചാപ്ലിൻ എന്നിവരും അമൃതയ്ക്കൊപ്പം റെഡ് കാർപറ്റ് പങ്കിട്ടു. പ്രശസ്ത ഡിസൈനർ അഡ മാലിക് ഒരുക്കിയ പ്രത്യേക സ്ട്രാപ്‌ലെസ് ബ്ലാക് ഗൗണാണ് അമൃത ധരിച്ചത്. വജ്രങ്ങൾ പതിപ്പിച്ച കമ്മലുകളും അവർ അണിഞ്ഞു.

നാഗ്പുരിലാണു 43 കാരിയായ അമൃത ഫഡ്നാവിസിന്റെ ജനനം. നാഗ്പുരിലെ ജിഎസ് കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിലെ ബിരുദപഠനത്തിനു ശേഷം എംബിഎ നേടുകയും പുണെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് ടാക്സേഷൻ നിയമത്തിൽ ബിരുദം നേടി. ആക്സിസ് ബാങ്കിൽ 2002ൽ ജോലിയിൽ പ്രവേശിച്ച അമൃത ഇപ്പോൾ ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്. 2005ലാണ് അമൃത ദേവേന്ദ്ര ഫഡ്നാവിസിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ദിവീജ എന്ന മകളുമുണ്ട്.

പഠനകാലത്ത് ടെന്നിസിൽ പ്രാവീണ്യമുണ്ടായിരുന്ന അമൃത ഗായിക കൂടിയാണ്. ജയ് ഗംഗാജൽ, സംഘർഷ് യാത്ര തുടങ്ങിയ സിനിമകളിൽ ഇവർ പാടിയിട്ടുണ്ട്. ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനുമായി ചേർന്ന് അമൃത പുറത്തിറക്കിയ ഫിർ സേ എന്ന ആൽബം ഒറ്റദിനത്തിൽ തന്നെ ഏഴുലക്ഷത്തിലധികം പേർ കണ്ടിരുന്നു. നിരവധി സന്നദ്ധപ്രവർത്തനങ്ങളിലും മറ്റ് പൊതുപരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായ അമൃത വിവാദങ്ങളുമുണ്ടാക്കിയിട്ടുണ്ട്.

2018ൽ ഇന്ത്യയുടെ ആദ്യ ലക്ഷ്വറി ക്രൂയിസ് ലൈനറായ ആംഗ്രിയയുടെ ഉദ്ഘാടനച്ചടങ്ങിൽ സെൽഫിയെടുക്കാനായി അപകടകരമായ വശത്ത് നിന്ന അമൃതയുടെ ചിത്രങ്ങൾ വിവാദമായിരുന്നു. സുരക്ഷാ ജീവനക്കാർ സുരക്ഷിത സ്ഥാനത്തേക്കു മാറാൻ പറഞ്ഞെങ്കിലും ഇതിനു കൂട്ടാക്കാതെ അമൃത സെൽഫിയെടുക്കുന്നത് തുടരുകയായിരുന്നു. ഇതു വാർത്തയായതിനെത്തുടർന്ന് അമൃത ക്ഷമാപണം നടത്തി.

പ്രശസ്തമായ കാൻ ചലച്ചിത്രമേളയുടെ 75ാം വാർഷികം കൂടിയാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യയെ ഇത്തവണ കൺട്രി ഓഫ് ഓണറായും കാനിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇത്തവണത്തെ ജൂറിയിൽ നടി ദീപിക പദുകോണും ഉൾപ്പെട്ടത് ഇന്ത്യയ്ക്ക് അഭിമാനമായി. ഐശ്വര്യ റായി, നർഗീസ് ഫക്രി, മാധവൻ, തമന്ന തുടങ്ങി ഒ‍ട്ടേറെ ഇന്ത്യൻ താരങ്ങൾ ഇത്തവണ കാൻ ചലച്ചിത്രമേളയുടെ റെഡ്കാർപറ്റിൽ എത്തിയിരുന്നു.

 

English Summary: Amruta Fadnavis walks the Cannes 2022 red carpet in gorgeous black gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com