ADVERTISEMENT

ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് ഡിയോറിന്റെ 2022 ഫാൾ കലക്‌ഷനില്‍ അവതരിപ്പിച്ച പാവാട ‘കോപ്പി’ അടിച്ചതെന്ന് ആരോപണം. ചൈനയിലെ മിങ് വംശത്തിന്റെ പരമ്പരാഗത വസ്ത്രത്തിന്റെ അനുകരണമാണ് ഇതെന്നാണു വാദം. ഡിയോർ ‘സാംസ്കാരിക അപഹരണം’ നടത്തിയെന്ന് ആരോപിച്ച് ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലി പത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിൽ ലേഖനം പ്രത്യക്ഷപ്പെട്ടു. പാരിസിലെ ക്രിസ്ത്യന്‍ ഡിയോര്‍ സ്റ്റോറിന് മുന്നിൽ ചൈനീസ് യുവാക്കൾ പ്രതിഷേധം സംഘടിപ്പിച്ചതോടെ വിവാദം ചൂടുപിടിച്ചു.

ഡിയോറിന്റെ ഞൊറിയുള്ള  പാവാടയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഈ പാവാടയ്ക്ക് നാലു സ്ലിറ്റുകളുമുണ്ട്. ‘സമൂഹത്തിന്‍റെയും സഹോദരീഭാവത്തിന്‍റെയും ആശയങ്ങൾ സമന്വയിക്കുന്ന സ്കൂള്‍ യൂണിഫോം. ആകര്‍ഷണീയതയുള്ള വസ്ത്രം’ എന്ന‌ാണ് ഡിയോർ ഈ പാവാടയ്ക്ക് നൽകിയ വിശേഷണം. 3800 ഡോളര്‍(3,03,088 രൂപ) ആണ് വില. 

മിങ് രാജവംശത്തിന്‍റെ പരമ്പരാഗത വസ്ത്രമായ മാമിയന്‍ അഥവാ കുതിരമുഖ പാവാടയുടെ അനുകരണമാണിതെന്ന് ചൈനയിലുള്ളവര്‍ പറയുന്നു. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചിരുന്ന രാജവംശമാണ് മിങ് വംശം. സോങ് രാജവംശത്തിന്‍റെ കാലം മുതൽ കുതിര മുഖ പാവാടകള്‍ നിലവിലുണ്ട്. പിന്നീട് മിങ് രാജവംശത്തിന്റെ കാലത്തു പ്രചാരം നേടി. കുതിരയെ ഓടിക്കുമ്പോൾ അണിയാനാവുന്ന അനുയോജ്യമായ വേഷമായിരുന്നു കുതിരമുഖ പാവാട. 

കുതിരമുഖ പാവാടയുടെ പല വിശദാംശങ്ങളോട് സമാനമായിരിക്കുമ്പോൾ  പുതിയ ഡിസൈന്‍ എന്ന പേരില്‍ ഈ പാവാട അവതരിപ്പിക്കാൻ ഡിയോറിന് എങ്ങനെ സാധിക്കുന്നുവെന്ന് പീപ്പിള്‍. സിഎന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചോദിക്കുന്നു. ഡിയോറിന്‍റെ പാവാട കാല്‍വണ്ണ വരെ നീളമുള്ളതാണെങ്കില്‍ ചൈനീസ് പരമ്പരാഗത വേഷം തറ വരെ നീളുന്നതാണെന്ന ഒറ്റ വ്യത്യാസം മാത്രമേയുള്ളൂ എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. തെറ്റ് തിരുത്താന്‍ ഡിയോര്‍ തയാറായില്ലെങ്കില്‍ സമാനമായ സമരങ്ങൾ ന്യൂയോര്‍ക്കിലും ലണ്ടനിലും സംഘടിപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com