ADVERTISEMENT

ഇന്ത്യൻ പ്രതിഭകൾക്കു മുന്നിൽ കൂടുതൽ രാജ്യാന്തര വേദികൾ തുറന്നുകിട്ടുകയും അവിടെയെല്ലാം മികവിന്റെ മുദ്ര പതിപ്പിച്ചു മലയാളികൾ ശ്രദ്ധനേടുകയും ചെയ്യുന്ന നാളുകളാണിത്. ലണ്ടൻ ഫാഷൻ വീക്ക് വേദിയിൽ കഴിഞ്ഞദിവസം അംഗീകാരം നേടി തലയുയർത്തി നിന്നതൊരു മലയാളി പെൺകുട്ടിയാണ്. കൊച്ചിയിൽ നിന്നു ഫാഷൻ സ്വപ്നവുമായി ലണ്ടനിലേക്കു പോയ ദേവ ദുർഗയെന്ന ഇരുപത്തിരണ്ടുകാരി പഠനം പൂർത്തിയാക്കും മുമ്പേയാണ് രാജ്യാന്തര വേദിയിൽ തിളങ്ങിയത്.

 

ലോകത്തെ മികച്ച സ്പോർട്സ് ബ്രാൻഡുകളിലൊന്നായ ‘പ്യൂമ’ ലണ്ടൻ ഫാഷൻ വീക്കിനോടനുബന്ധിച്ച് ഒരുക്കിയ മത്സര ഇവന്റിലാണ് ദേവ ശ്രദ്ധാകേന്ദ്രമായത്. ലണ്ടനിലെ വിവിധ ഫാഷൻ കോളജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തു മത്സരാർഥികളിലൊരാൾ എന്ന അഭിമുഖപ്പെടുത്തൽ ഉടൻ തന്നെ രാജ്യാന്തര മത്സരവേദിയിലെ വിജയി എന്നായി മാറി. വേദിയിൽ പ്രദർശിപ്പിച്ച പത്തു ഡിസൈനുകളിൽ നിന്നു കാഴ്ചക്കാർ വോട്ട് ചെയ്തു തിരഞ്ഞെടുത്ത മികച്ച ഡിസൈൻ ദേവ ദുർഗയുടേതായിരുന്നു. ‘എനിക്കിപ്പോഴും ഇത് അവിശ്വസനീയമാണ്. പ്യൂമയുടെ വേദി ലഭിച്ചതു തന്നെ എനിക്കു വലിയ നേട്ടമാണ്. തിരഞ്ഞെടുക്കപ്പെട്ട ഡിസൈൻ എന്റേതായിരുന്നു എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്റെ ജോലി ഇഷ്ടപ്പെട്ടവർ അവിടെയുണ്ടായി, അവർ എന്നെ പിന്തുണച്ചു എന്നതു വലിയ കാര്യമാണ്. എനിക്ക് ഇതു വാക്കുകളിൽ പ്രകടിപ്പിക്കാനാകില്ല’’, ലണ്ടനിൽ നിന്നു ഫോണിലൂടെ ദേവ പറഞ്ഞതിങ്ങനെ.

deva-durga-2
ദേവ ദുർഗ ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റ് (ഇടത്). ഇവന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 മത്സരാർഥികൾ (വലത്)

 

പ്യുമ, എസോസ് എന്നീ ലേബലുകൾ ചേർന്ന് പ്യൂമയുടെ പുതിയ സ്നീക്കർ ‘ടെവെറിസ് നിട്രോ’യുടെ ലോഞ്ചുമായി ബന്ധപ്പെട്ടു നടത്തിയ ഔട്‌ഫിറ്റ് ഡിസൈനിങ് മത്സരത്തിലാണ് ദേവയുടെ നേട്ടം. പുതിയ ഉത്പന്നവുമായി ചേർന്നു പോകുന്ന ഡിസൈൻ വേണമെന്നായിരുന്നു നിർദേശം. ‘‘ ആ ഷൂ കണ്ടപ്പോൾ എനിക്കു തോന്നിയത് ‘ഇറ്റ്സ് വെരി സിംപിൾ, യെറ്റ് ഇഫെക്റ്റീവ്’’, ചെറിയ ഡ്രാമയുണ്ട്, ലെയറിങ് ഉണ്ട്, പക്ഷേ അപ്പോഴും സിംപിൾ ആണ്. അതു തന്നെയാണ് എന്റെ ഡിസൈനിലും ചെയ്യാൻ ശ്രമിച്ചത്. വലിയ സ്‌ലീവ് ഉള്ള ഓവർസൈസ്ഡ് കോട്ട്, ബെൽറ്റ്, വ്യത്യസ്തമായ ഫിറ്റിങ്ങോടു കൂടിയ ട്രൗസർ, വെസ്റ്റ്, ഡ്രോപ് ഷോൾഡർ റിലാക്സ്ഡ് ഫിറ്റ് ടീഷർട്ട് എന്നിവയാണ് ഡിസൈനിലുള്ളത്’’, ദേവ പറയുന്നു.

 

‘‘എന്റെ വികാരങ്ങളും വിചാരങ്ങളും തോന്നലുകളും പ്രകടിപ്പിക്കാനുള്ള വഴിയാണ് എനിക്കു ഫാഷൻ. ലോകത്തെ വ്യത്യസ്തമായ കണ്ണുകളിലൂടെ കാണാനുള്ള എന്റെ ശ്രമമാണ് അതെന്നു പറയാം. എന്റെ ഡിസൈനുകൾ അവയ്ക്കു വേണ്ടി തന്നെ സംസാരിച്ചുകൊള്ളും എന്നാണു വിശ്വാസം’’, ദേവ തന്റെ പാഷനെ നിർവചിക്കുന്നതിങ്ങനെയാണ്. 

 

കുട്ടിക്കാലത്തു തന്നെ നിറങ്ങളോടും വസ്ത്രങ്ങളോടും കൂട്ടുകൂടിയതാണ് ദേവ. അതിനു പിന്നിലെ പ്രചോദനം അമ്മ ദീപയാണ്. ഫാഷൻ ഡിസൈനറായ അമ്മയ്ക്കൊപ്പം ഫാബ്രിക് തേടിയുള്ള കുട്ടിക്കാലത്തെ യാത്രകളെക്കുറിച്ച് ദേവ ഓർക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ നിറങ്ങളും പ്രിന്റുകളും മനസ്സിൽ ഇടംപിടിച്ചു. കൂട്ടുകുടുംബത്തിൽ വളർന്നതും തന്റെ അഭിരുചിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ദേവ കരുതുന്നു. ‘‘എന്റെ ഒരു ആന്റി നന്നായി വരയ്ക്കും, മറ്റൊരാൾ ക്രാഫ്റ്റിൽ മിടുക്കിയാണ്, വേറെയൊരാൾ സംഗീതമേഖയിലാണ്, അതെല്ലാം എന്റെ ജീവിതത്തിലെ ഇൻപുട്സ് ആണ്. എന്റെ ആഗ്രഹങ്ങൾക്കു വലിയ പിന്തുണയാണ് അച്ഛനും അമ്മയും നൽകിയതും. ടോക് എച്ച് സ്കൂളിലെയും ഫാഷൻ ഡിപ്ലോമ പഠിച്ച ജെഡി ഇൻസ്റ്റിറ്യൂട്ടിലെയും അധ്യാപകർ എപ്പോഴും വലിയ പ്രചോദനമാണ്’’

 

ലണ്ടനിലെ നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ് ദേവ ദുർഗ ഡി തങ്കൻ. അച്ഛൻ ദീപു തങ്കൻ ഹൈക്കോടതി അഭിഭാഷകനാണ്. അമ്മ ദീപ ഇടപ്പള്ളിയിൽ ‘ദിപാലി’ എന്ന ബുത്തീക് നടത്തുന്നു. കരിയറിൽ പുതിയ ഉയരം തേടാൻ എന്നും താങ്ങായി കൂട്ടുകാരുടെയും വീട്ടുകാരുടെയും ‘സേഫ് നെറ്റ്’ ഉള്ളതാണ് തന്റെ ആത്മവിശ്വാസമെന്നു പറയുന്നു ദേവ. ‘‘എനിക്ക് എത്ര ഉയരത്തിലേക്കു ചാടാനും ആഗ്രഹങ്ങൾക്കൊത്ത് ശ്രമിക്കാനും അവരുടെ പിന്തുണയുണ്ട്. വീഴാതെ താങ്ങാൻ ‘സേഫ് നെറ്റു’മായി അവരുണ്ടല്ലോ!’’ ദേവ പറഞ്ഞുനിർത്തുന്നു. കൂടുതൽ രാജ്യാന്തര വേദികളിൽ ശ്രദ്ധിക്കപ്പെടാനും കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്ക് ചിറകുവിടർത്താനും ഒരുങ്ങുകയാണ് ഈ മിടുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com