ADVERTISEMENT

അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങൾക്കൊപ്പം ആകർഷകമായ ആക്സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളിൽ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടുന്നു. സാരിയാണ് ഹണിക്കു കൂടുതൽ ചേർച്ചയെന്നും ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ സുന്ദരിയാകുന്നുവെന്നും ആരാധകർ പറയുന്നു. എന്നാൽ സാരിയോട് ഹണിക്ക് അത്ര താൽപര്യമില്ല എന്നതാണ് സത്യം. മുടി കളർ ചെയ്യാൻ ഇഷ്ടമാണെങ്കിലും അതും ഇപ്പോൾ താരം ഒഴിവാക്കുന്നു. ഹണി റോസിന്റെ കൂടുതൽ ഫാഷൻ, ബ്യൂട്ടി വിശേഷങ്ങൾ അറിയാം.

∙ സാരി ഇഷ്ടമല്ല

സാരിയിൽ ഞാൻ സുന്ദരിയാണെന്നു പറയുന്നവരുണ്ട്. പക്ഷേ എനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുത്തു നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർഥിക്കാറുണ്ട്. ഗൗൺ ഇഷ്ടമാണ്. കുറെ നാൾ ഗൗൺ ആയിരുന്നു വേഷം. ബോറടിച്ചപ്പോൾ അതു മാറ്റി. ജീൻസ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്സ് ധരിച്ചു തുടങ്ങി. ജീൻസിനെക്കാൾ പാന്റ്സ് ആണ് കംഫർട്ടബിൾ.  

actress-honey-rose-on-her-fashion-choices-and-beauty-tips-5

∙ ആക്‌സസറി ഡ്രസ്സിന്

എന്റെ ശ്രദ്ധ കൂടുതലും വസ്ത്രത്തിലാണ്. അതിനു യോജിക്കുന്നവ ആക്‌സസറൈസ് ചെയ്യും. ഇങ്ങനെ ആഭരണങ്ങളും ഷൂസും പെയർ ചെയ്ത് ലുക്ക് സൃഷ്ടിക്കാനാണ് ശ്രമിക്കാറുള്ളത്. ചില കടകൾ കേർട്ട്സി എന്ന നിലയിൽ വസ്ത്രങ്ങൾ തരാൻ സന്നദ്ധത അറിയിക്കും. എന്നാൽ വാങ്ങാറില്ല. വസ്ത്രങ്ങളിൽ കൂടുതലും ഞാൻ പണം കൊടുത്തു വാങ്ങിയവയാണ്. അതാകുമ്പോൾ നമ്മുടെ ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ച് വാങ്ങാമല്ലോ. എനിക്ക് ഷിബു എന്നൊരു കോസ്റ്റ്യൂമർ ഉണ്ട്. ഞാൻ ആവശ്യപ്പെടുന്ന മോഡലിലുള്ള വസ്ത്രം അദ്ദേഹം മനോഹരമായി ചെയ്തു തരും. എന്റെ വസ്ത്രം ഡിസൈൻ ചെയ്യാൻ ഇപ്പോൾ ഒരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. 

∙ ഷോപ്പിങ് പാർട്നർ അമ്മ

കടയിൽ പോയി സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. അമ്മയാണ് ഷോപ്പിങ്ങിന് ഒപ്പം വരുക. ഞങ്ങൾ അവിടെയുള്ള എല്ലാം എടുത്തു നോക്കും. അതിൽ രണ്ടുപേർക്കും ഇഷ്ടപ്പെടുന്നതു വാങ്ങും. അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോകുന്നത് രസകരമാണ്. 

ബ്രാൻഡഡ് സാധനങ്ങൾ അധികം ഉപയോഗിക്കുന്ന ആളല്ല ഞാൻ. ധരിക്കുമ്പോൾ കംഫർട്ട് ലഭിക്കുന്ന വസ്ത്രം ഏതു ബ്രാൻഡിന്റെ ആണെങ്കിലും ഉപയോഗിക്കും.

actress-honey-rose-on-her-fashion-choices-and-beauty-tips-6

∙ ചർമ സംരക്ഷണം 

ജോലിയുടെ ഭാഗമായി ചർമവും മുടിയും ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ ചർമം വളരെ സെൻസിറ്റീവ് ആണ്. മുഖം െക്ലൻസിങ്ങും ടോണിങ്ങും ചെയ്ത് മോയിസ്ചറൈസർ പുരട്ടി സണ്‍സ്ക്രീൻ ഇടണമെന്നു പറയുന്ന ചില വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും ചെയ്തിട്ട് എനിക്ക് യാതൊരു ഫലവും ലഭിച്ചട്ടില്ല. ഞാൻ എന്തെങ്കിലും ചെയ്താൽ ചര്‍മം പെട്ടെന്നു മോശമാകാനും ഇടയുണ്ട്. ഓരോ ഉത്പന്നത്തിന്റെയും റിയാക്‌ഷൻ എങ്ങനെയാണെന്ന് അറിയില്ലല്ലോ. അമിതമായി എന്തെങ്കിലും ഉപയോഗിച്ചാൽ അത് ചർമത്തെ വളരെ വേഗം ബാധിക്കും. എപ്പോഴും നമ്മുടെ ചർമത്തിനു ചേരുന്ന സാധനങ്ങൾ ഉപയോഗിക്കുക. ചെറുപ്പത്തിൽ വീട്ടിൽ നിൽക്കുമ്പോൾ കടലമാവും തൈരുമൊക്കെ മുഖത്തിടുമായിരുന്നു. ഇപ്പോൾ അതിനെല്ലാം മടിയാണ്. ഷൂട്ടിങ് തിരക്കുകൾ കാരണം വീട്ടിൽവന്ന് എന്തെങ്കിലും ചെയ്തു നോക്കാൻ സമയം കിട്ടാറില്ല. ഇതൊക്കെ ചെയ്തതു കൊണ്ട് വലിയ വ്യത്യാസം ഉണ്ടാകുമെന്നു തോന്നിയിട്ടുമില്ല. നമ്മുടെ ഡയറ്റാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന സാധനങ്ങള്‍ നമ്മുടെ ശരീരത്തിൽ പ്രതിഫലിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാനും വർക്ക് ഔട്ട് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്.‌

actress-honey-rose-on-her-fashion-choices-and-beauty-tips-2

∙ മുടിയിൽ ‘നോ’ പരീക്ഷണം

മുടിയിൽ ഒന്നും ചെയ്യാറില്ല. ഹെയർസ്റ്റൈൽ പരീക്ഷണങ്ങൾ ചില കഥാപാത്രങ്ങൾക്കു ചെയ്യേണ്ടി വരുമ്പോൾ ബുദ്ധിമുട്ടാകും. മുടിക്ക് നിറം നൽകുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ ഞാൻ എപ്പോൾ കളർ ചെയ്താലും അടുത്ത സിനിമ വരുമ്പോൾ കറുപ്പിക്കേണ്ടി വരും. അടുത്തിടെ കളർ ചെയ്തിരുന്നു. പക്ഷേ പിന്നാലെ വന്ന തെലുങ്ക് സിനിമയിൽ ഒരു നാടൻ കഥാപാത്രമാണ്. അതോടെ മുടിയുടെ നിറം മാറ്റേണ്ടി വന്നു. അധികം കെമിക്കൽ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നതും മുടിയിൽ പരീക്ഷണങ്ങൾ ഒഴിവാക്കാൻ കാരണമാണ്. 

∙ മേക്കപ്പ് 

മഞ്ജു കലൂണ, രജിഷ എന്നിവരാണ് ഹെയർ സ്റ്റൈലിങ് ചെയ്യുന്നത്. ഇവരോടൊപ്പം രാഹുൽ എന്ന മേക്കപ്പ് ആർട്ടിസ്റ്റ് കൂടി ചേർന്നാണ് എന്റെ ലുക്ക് ഒരുക്കുന്നത്. ഷൂട്ടിങ്ങിന് അല്ലാതെ പുറത്തു പോകുമ്പോൾ സ്വയം മേക്കപ് ചെയ്യും. അതാണ് കംഫർട്ട്. ഉദ്ഘാടന പരിപാടികൾക്ക് പോകുമ്പോൾ മേക്കപ്പ് ഇടാറുണ്ട്. നല്ല കോസ്റ്റ്യൂം ഇടുമ്പോൾ മേക്കപ്പ് ഇല്ലെങ്കിൽ ശരിയാകില്ല. അപ്പോഴെല്ലാം ഞാൻ സ്വയമാണ് മേക്കപ്പ് ഇടുന്നത്. എന്റെ മുഖത്ത് എന്തൊക്കെ വേണം എന്നതിൽ എനിക്കു നല്ല ധാരണയുണ്ട്. ഇപ്പോൾ ചെയ്യുന്ന തെലുങ്ക് സിനിമയിലും മേക്കപ്പ് സ്വയം ചെയ്യുകയാണ്. എനിക്ക് തൃപ്തിയാകുന്നതു പോലെ ചെയ്യുക. അത് ചിലപ്പോൾ മികച്ചതാകണമെന്നില്ല. പക്ഷേ ഞാൻ അതിൽ കംഫർട്ട് ആണ്.

actress-honey-rose-on-her-fashion-choices-and-beauty-tips-3

∙ കമന്റുകൾക്ക് ഇടമില്ല

സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഗൗരവമായി എടുക്കാറില്ല. എങ്കിലേ ജോലിയിൽ ശ്രദ്ധിച്ച് മുന്നോട്ടു പോകാനാകൂ. ചില കമന്റുകൾ ആദ്യമൊക്കെ എന്നെ നടുക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം തമാശയായി കാണാൻ തുടങ്ങി.

കോവിഡും ലോക്ഡൗണും ആളുകളെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടു. സോഷ്യൽ മീഡിയയിൽ അസഭ്യം പറയുമ്പോൾ അങ്ങനെയുള്ളവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആകട്ടെ. മറ്റുള്ളവരുടെ ജീവിതത്തിൽ കയറി കമന്റ് പറയുന്നത് ചിലർക്കു രസമാണ്.   

ഇത്തരം കമന്റുകൾ ഗൗരവമായി എടുക്കുന്ന ആളായിരുന്നു ഞാൻ. ചങ്ക്സ് സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് നെഗറ്റീവ് കമന്റുകൾ ഉണ്ടായി. അത് എന്നെ ഒരുപാടു ബാധിച്ചു. പിന്നെ സിനിമ തിരഞ്ഞെടുക്കാൻ പേടിയായിരുന്നു. അങ്ങനെ പല അവസരങ്ങളും വേണ്ടെന്നു വച്ചു. തുടർന്നാണ് ബ്രേക്ക് എടുക്കുന്നത്. അത് വിവരക്കേടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. നമ്മൾ ശ്രദ്ധിക്കപ്പെടുമ്പോഴാണ് കമന്റുകളും ട്രോളുകളും കൂടുന്നത്. അതു ഭയന്ന് ഒളിച്ചിരുന്നാൽ ജോലിയില്ലാതെ വീട്ടിൽ പോയിരിക്കാം. അപ്പോൾ നമുക്കു തന്നെയാണു നഷ്ടം. ഈ കമന്റുകൾ ഒന്നും ശ്രദ്ധിക്കാൻ പോകേണ്ടതില്ല. കാരണം അതിൽ നമുക്ക് ഒന്നും ചെയ്യാനില്ല. ആരുടെയും വായ മൂടിക്കെട്ടാൻ പറ്റില്ല. ഇത് എന്റെ അനുഭവം പഠിപ്പിച്ച പാഠമാണ്.

actress-honey-rose-on-her-fashion-choices-and-beauty-tips-4

∙ മനസ്സ് നന്നായിരിക്കട്ടെ

വർക്കൗട്ട് ചെയ്യുക. നല്ല ഭക്ഷണം കഴിക്കുക. സ്വസ്ഥതയോടും സന്തോഷത്തോടും ഇരിക്കുക. മാനസികാരോഗ്യത്തെക്കുറിച്ചാണ് നമ്മള്‍ കൂടുതൽ ചർച്ച ചെയ്യേണ്ടത്. മാനസികമായി ആരോഗ്യത്തോടെയിരുന്നാൽ അത് ശരീരത്തിലും പ്രതിഫലിക്കും. കോവിഡ് സാമ്പത്തികമായും മാനസികമായും നമ്മുടെ സമൂഹത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്. നമ്മൾ തിരിച്ചറിയാതെ പോകുന്ന, മാനസിക പ്രയാസം നേരിടുന്ന ഒരുപാടു പേർ ചുറ്റിലുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com