Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സുന്ദര നടൻ സകലകലാവല്ലഭൻ!

Sarath Das ശരത്

അഭിനയത്തനിമയിൽ കെങ്കേമൻ. സംഗീതത്തിൽ അപാര ജ്ഞാനി. മൃദംഗത്തിലും വയലിനിലും തികഞ്ഞ പ്രാവീണ്യം. പേരെടുത്ത ഡബ്ബിങ് ആർട്ടിസ്റ്റ്. അവതാരകന്‍. കണ്ടാലോ സുന്ദരൻ. മനസ്സും സുന്ദരം. സ്വരമാണെങ്കിൽ അതിലും സുന്ദരം.

നടൻ ശരത്ദാസിന് ഈ വിശേഷണങ്ങൾ ഒട്ടും അധികമാകുന്നില്ല. കഥകളി സംഗീത‍ജ്ഞൻ വെൺമണി ഹരിദാസിന്റെ മകനെക്കുറിച്ചു പറയുമ്പോൾ വിശേഷണങ്ങൾ എപ്പോഴും ബാക്കിയാവും. ശരത് ആദ്യമായി ക്യാമറയ്ക്കു മുൻപിലെത്തുന്നതു സിനിമയ്ക്കു വേണ്ടിയാണ്. ഷാജി. എൻ. കരുൺ സംവിധാനം ചെയ്ത ‘സ്വം’ എന്ന ചിത്രത്തിൽ അഭിനയിക്കു മ്പോൾ ശരത് ദാസിനു പതിനാലു വയസ്സ്.

‘ഈ ചിത്രത്തിൽ അച്ഛന് ഒരു വേഷമുണ്ടായിരുന്നു. ചായക്കടക്കാൻ രാമയ്യൻ. ഈ കഥാപാത്രത്തിന്റെ മകനായി വേഷമിടാൻ നറുക്കു വീണത് എനിക്കായിരുന്നു. കണ്ണൻ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. അങ്ങനെ സിനിമയിലും അച്ഛനും മകനുമായി അഭിനയിക്കാൻ. ഭാഗ്യം ലഭിച്ചു. അതൊരു വല്ലാത്ത അനുഭവമായി ഞാനിന്നും മനസ്സിൽ സൂക്ഷിക്കുന്നു.’

Sarath Das ശരത്

ശരത് ഇതുവരെ ഇരുപത്തഞ്ചു സിനിമകൾ‌ ചെയ്തു. സ്വമ്മി നുശേഷം സി.പി. പദ്മകുമാറിന്റെ സമ്മോഹനത്തിലാണ് ശരത് അഭിനയിച്ചത്. ഭരത് മുരളി, അർച്ചന എന്നിവരായിരുന്നു നായികാനായകന്മാർ. അമ്പു എന്ന ഇതിലെ കഥാപാത്രവും മികച്ചതായി. അതിനു ശേഷം ജോഷിയുടെ ‘പത്ര’ത്തില്‍. ചെറിയ വേഷം. അതു ശ്രദ്ധിക്കപ്പെട്ടു. മധുരനൊമ്പരക്കാറ്റ്, ഇന്ദ്രിയം, ദേവദൂതൻ, നാട്ടുരാജാവ്, എന്റെ ജാനകിക്കുട്ടിക്ക്, ചക്കരമുത്ത് തുടങ്ങിയവയാണു ശരത് ദാസ് അഭിനയിച്ച മറ്റു സിനിമകൾ. ‍ഏറ്റവും ഒടുവിൽ ചെയ്തത് സു സു സുധിവാത്മീകം.

ശരത്ദാസിന്റെ ആദ്യ സീരിയൽ ശ്രീകുമാരൻ തമ്പിയുടെ ‘മോഹനദർശന’മാണ്. പിന്നീടു നൂറിലധികം സീരിയലുകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. ‘ശ്രീമഹാഭാഗവതത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായാണു ശരത് അഭിനയിച്ചത്. ഇഷ്ട ദൈവത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിനെക്കുറിച്ചു ശരത് ദാസ് പറഞ്ഞതിങ്ങനെ.

‘ശ്രീമഹാഭാഗവതത്തിൽ ശ്രീകൃഷ്ണനെ വളരെ ഭക്ത്യാദര പൂർവമാണു ഞാൻ അവതരിപ്പച്ചത്. അക്കാലത്ത് ക്ഷേത്രങ്ങളിലെ പല ചടങ്ങുകൾക്കും എന്നെ ക്ഷണിക്കുമായിരുന്നു. അവിടെ ചെന്നാൽ വയസ്സായ സ്ത്രീജനങ്ങളെല്ലാം അടുത്തു വരും. ഭക്തിയോടെ കാൽക്കൽ വീഴും. ഭഗവാൻ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടപോലെയാണവർക്ക്. ചിലർ അനുഗ്രഹം വാങ്ങിയേ പിൻവാങ്ങൂ.’

Sarath Das ശരത് ഭാര്യ മഞ്ജുവിനൊപ്പം

ശരത് ദാസിന്റെ ആദ്യ മെഗാസീരിയൽ ‘മനസ്സ്’ ആണ്. അതി നു ശേഷം മിനിസ്ക്രീനിൽ ധാരാളം അവസരങ്ങൾ ശരത്തിനു ലഭിച്ചു. അലാവുദീന്റെ അദ്ഭുതവിളക്ക്, ഹരിചന്ദനം, അമ്മ, മിന്നുകെട്ട്, ശ്രീഗുരുവായൂരപ്പൻ, പറയി പെറ്റ പന്തിരുകുലം, കളിപ്പാട്ടങ്ങൾ, മാനസപുത്രി, അങ്ങാടിപ്പാട്ട് തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷങ്ങൾ‌ ചെയ്തു. കൂടുതലും നന്മയുളള കഥാപാത്രങ്ങൾ. ശ്രീകുമാരൻ തമ്പിയുടെ ‘ബന്ധുവാര് ശത്രു വാര്’ ആണു ശരത്ദാസ് ഏറ്റവുമൊടുവിൽ ചെയ്ത സീരിയൽ. ഗൾഫിൽ നിന്നു മടങ്ങിയെത്തിയവരുടെ കഥയാണിത്.

അഭിനയത്തിനു അവാർഡ് ലഭിച്ചില്ലെങ്കിലും ഡബ്ബിങ്ങിനു സംസ്ഥാന അവാർഡുകൾ ശരത്തിനെ തേടിയെത്തി. 2005 ൽ ‘അച്ചുവിന്റെ അമ്മ’യിൽ നരേനു ശബ്ദം നൽകിയതിന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള ഇത്തവണത്തെ സംസ്ഥാന അവാർഡും ശരത്തി നായിരുന്നു. ‘ഇടവപ്പാതി’യിൽ കേന്ദ്രകഥാപാത്രമായ സിദ്ധാർഥ് ലാമയ്ക്കു ശബ്ദം നൽകിയതിനാണ് ഈ അംഗീകാരം. ശരത് ഇതുവരെ 110 ചിത്രങ്ങൾക്കു ശബ്ദം നൽകിയിട്ടുണ്ട്. ആരെയും ആകർഷിക്കുന്ന ശബ്ദസൗകുമാര്യത്തിനുടമയാണ് ഈ കലാകാരൻ. ‘നമ്മൾ’ എന്ന സിനിമയിൽ സിദ്ധാർഥ് ഭരതനു ശബ്ദം നൽകിയത് ശരത്താണ്. പ്രശസ്ത നടന്മാരായ ബാല, ഉണ്ണിമുകുന്ദൻ, നിഷാൻ എന്നിവർക്കും ശബ്ദം നൽകിയിട്ടുണ്ട്.

Sarath Das ശരത് ഭാര്യ മഞ്ജുവിനും മക്കളായ വേദയ്ക്കും ധ്യാനയ്ക്കുമൊപ്പം

ശബ്ദമാധുര്യം പാരമ്പര്യമായി കിട്ടിയതാവാം. ശരത്തിന്റെ വല്യച്ഛൻ വെൺമണി വിഷ്ണു മികച്ച ഡ‍ബ്ബിങ് ആർട്ടിസ്റ്റായിരുന്നു. ‘ദേശാടനം,’ ‘അഗ്നിസാക്ഷി’ എന്നീ സിനിമകൾക്കു സംസ്ഥാന ചലച്ചിത്ര അവാര്‍‍ഡ് നേടിയിട്ടുണ്ട്. അച്ഛൻ വെൺമണി ഹരിദാസ് ‘ദേശാടന’ത്തിൽ കൈതപ്രം നമ്പൂതിരിക്കു ശബ്ദം നൽകിയിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും ‘പ്രഭാതം’ പത്രത്തിന്റെ പ്രിന്റർ ആൻഡ് പബ്ലിഷറുമായിരുന്ന ഐ.സി.പി. നമ്പൂതിരിയുടെ കൊച്ചുമകൾ മഞ്ജുവാണു ശരത്തിന്റെ ഭാര്യ. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഓഡിയോളജിസ്റ്റാണു മഞ്ജു. ഇവർക്ക് രണ്ടു പെൺകുട്ടികൾ. നാലാം ക്ലാസിൽ പഠിക്കുന്ന വേദ, യുകെജിക്കാരി ധ്യാന. പാടാനുളള കഴിവുണ്ട് വേദയ്ക്ക്. ഡാൻസാണു ധ്യാനയ്ക്കു പ്രിയം. ശരത്തിന്റെ അമ്മ സരസ്വതി. സഹോദരൻ ഹരിത്.
 

Your Rating: