Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഒരു ടോംബോയ് ടൈപ് പെൺകുട്ടി; കൃഷ്ണപ്രഭ

krishna-3 കൃഷ്ണപ്രഭ

നൃത്തം ജീവിതത്തിന്റെ ഭാഗമാക്കിയ ക്ലാസിക്കൽ നർത്തകി, ടിവി അവതാരക, ബൈക്ക് റൈഡർ, സർവ്വോപരി ന്യൂജെൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കൃഷ്ണപ്രഭയെ ഏറ്റവും കൂടുതൽ ചൊടിപ്പിക്കുന്ന ചോദ്യമാണ് , പക്കാ മോഡേൻ ലുക്കുള്ള നിങ്ങൾ ഒരു ഭരതനാട്യം നർത്തകിയാണോ എന്നത്? 3 വയസ്സ് മുതൽ നൃത്തം പഠിക്കുന്ന തനിക്ക് നൃത്തം ജീവന്റെ ഭാഗമാണ്, എന്നാൽ അത് സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ മാത്രം അറിഞ്ഞാൽ പോരെ ? അല്ലാതെ ഞാനൊരു ക്ലാസിക്കൽ നർത്തകി ആണെന്ന് കാണിക്കാൻ വട്ടപ്പൊട്ടും സാരിയും തല നിറയെ മുല്ലപ്പൂവും വച്ച് നടക്കേണ്ട കാര്യമുണ്ടോ? കൃഷ്ണ പ്രഭ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

സിനിമ തന്നെ ജീവിതം എന്നുറപ്പിച്ചോ ?

തീർച്ചയായും, സിനിമ തന്നെയാണ് ജീവിതം. ചെറിയ പ്രായം മുതലുള്ള ആഗ്രഹമായിരുന്നു ഒരു നടി ആകണമെന്ന്. സ്കൂളിൽ പഠിക്കുമ്പോൾ ആരാകണമെന്ന് അധ്യാപകർ ചോദിക്കുമ്പോൾ സിനിമാ നടി ആകണമെന്ന് മറുപടി പറയുന്ന ഏക കുട്ടി ഞാനായിരുന്നു. നായികയാകണം എന്നൊന്നുമുള്ള ആഗ്രഹമുണ്ടായിരുന്നില്ല. സിനിമയിൽ വരണം അഭിനയിക്കണം അത്രമാത്രം. ആ ആഗ്രഹം സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോൾ നല്ല നല്ല വേഷങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ , ഇനി സിനിമ വിട്ടു മറ്റൊരു കരിയർ തെരഞ്ഞെടുക്കുന്നതിനെ പറ്റി ചിന്തിക്കുന്നേയില്ല.

krishna കൃഷ്ണപ്രഭ

കോമഡി റോളുകളിൽ ഒതുങ്ങിപ്പോയി എന്ന് തോന്നുന്നുണ്ടോ ?

അങ്ങനെ ഒതുങ്ങിപ്പോയി എന്ന് പറയാനാവില്ല. എനിക്ക് കിട്ടുന്നത് കൂടുതലും കോമഡി വേഷങ്ങളാണ് . എന്നാൽ എനിക്ക് കോമഡിയിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഒട്ടും താൽപര്യമില്ല. കാര്യം കോമഡി ചെയ്യുക എന്നത് അത്ര നിസ്സാരകാര്യമല്ല. ചെയ്യുന്നത് ശരിയായില്ല എങ്കിൽ കോമഡി ട്രാജടിയാകും. കൊമേഡിയൻ എന്ന ഇമേജിൽ നിന്നും മാറി സീരിയസ് വേഷങ്ങൾ ചെയ്യണം എന്ന ആഗ്രഹമുണ്ട്. ഇന്ത്യൻ പ്രണയകഥ , ലൈഫ് ഓഫ് ജോസ്സൂട്ടി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ എനിക്ക് സീരിയസ് റോളിലേക്ക് ഒരു എൻട്രി നൽകിയവയാണ്.

കോമഡി മടുത്തു തുടങ്ങി എന്നാണോ ?

ഒരിക്കലുമല്ല, ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ഞാൻ പരമാവധി ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്. പിന്നെ, കോമഡി ചെയ്യുന്ന ആർട്ടിസ്റ്റുകൾക്ക് ഒരു പ്രശനമുണ്ട്, കാണുന്ന എല്ലാ പ്രേക്ഷകർക്കും നമ്മൾ ചെയ്യുന്നത് അത് പോലെ ദഹിക്കില്ല. നമ്മൾ ഒച്ചപ്പാടും ബഹളവുമായി എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് എന്ന് പറഞ്ഞ്‌ അതിനെ വിമർശിക്കുന്ന ഒരു വിഭാഗമുണ്ട്. അവരെ ഞാൻ കണക്കാക്കുന്നില്ല.

krishna-1 കൃഷ്ണപ്രഭ

സിനിമകളിൽ കാണുന്ന പോലെ ഒരു ഈസി ഗോയിംഗ് വ്യക്തിയാണോ ജീവിതത്തിലും ?

ഒരിക്കലുമല്ല, ഞാൻ ഒരുപാട് സംസാരിക്കും സൗഹൃദങ്ങൾ ഉണ്ട് എല്ലാം ശരിയാണ്. എന്നാൽ ഞാൻ എന്ന വ്യക്തിയിലേക്ക് ഇടിച്ചു കേറി വരാൻ ആരെയും അനുവദിക്കില്ല, സോഷ്യൽ മീഡിയയിൽ പോലും ഞാൻ എന്റെ വ്യക്തിപരമായ ആ സ്പേസ് സൂക്ഷിക്കുന്ന വ്യക്തിയാണ്. അനാവശ്യമായി ഫേസ്ബുക്കിലും മറ്റും അറിയാത്തവരെ സുഹൃത്തുക്കളായി ഞാൻ അനുവദിക്കാറില്ല .അമ്മയും എട്ടനുമാണ് ബെസ്റ്റ് ഫ്രണ്ട്സ്.

അഭിനയം , നൃത്തം , പഠനം എങ്ങനെ ഒരുമിച്ചു കൊണ്ട് പോകുന്നു?

അഭിനയം എന്റെ ജീവിതമാണ്. നൃത്തം എന്റെ താൽപര്യവും , ഞാനിപ്പോൾ അലൈൻസ് യൂണിവേഴ്സിറ്റിയിൽ എം എ ഭരതനാട്യമാണ് പഠിക്കുന്നത്. അതുകൊണ്ട് നൃത്തവും പഠനവും ഒരുമിച്ചങ്ങു പോകും. അഭിനയവും പഠനവും വരുമ്പോൾ ആണ് പ്രശ്നം (ചിരിക്കുന്നു) , പരീക്ഷ അടുക്കുമ്പോൾ ഒന്ന് വിറക്കും എങ്കിലും പിടിച്ചു നിൽക്കും. കാരണം അഭിനയത്തിന് വേണ്ടി നൃത്തവും നൃത്തത്തിന് വേണ്ടി അഭിനയവും ഒഴിവാക്കാൻ എനിക്ക് കഴിയില്ല. രണ്ടും ഞാൻ ഒരുമിച്ചു തന്നെ കൊണ്ട് പോകും.

krishna-2 കൃഷ്ണപ്രഭ

കൃഷണ പ്രഭയെ കണ്ടാൽ ഒരു ശാസ്ത്രീയ നർത്തകി ആണെന്ന് തോന്നില്ലെന്ന് ആളുകൾ പറയാറുണ്ടല്ലോ?

എനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യമാണ് അത്. ഞാൻ 3 വയസ്സ് മുതൽ നൃത്തം പഠിക്കുന്ന വ്യക്തിയാണ്. നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യുന്നു. പക്ഷെ, ഞാനൊരു നർത്തകി ആണെന്ന് കാണിക്കാൻ സാരിയും , വട്ടപ്പൊട്ടും , തല നിറയെ മുല്ലപ്പൂവും കൈകളിൽ വളകളും ഒക്കെയായി നടക്കണം എന്നുണ്ടോ ? അതൊക്കെ ജനങ്ങളുടെ തെറ്റിദ്ധാരണയാണ്. നർത്തകി , നർത്തകി ആകുന്നതു അരങ്ങിലാണ്. ഇങ്ങനെവേശം കെട്ടി നടക്കുന്നതിൽ അല്ല. കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രവണതയാണ് അത്. നൃത്തം പഠിച്ച സ്ത്രീയെയും പുരുഷനെയും വ്യത്യസ്തരായി കാണിക്കുക എന്നത്.

7. എന്താണ് കേരളത്തിൽ മാത്രം എന്ന് പറയുന്നത് ?

പുറത്ത് ഞാൻ ഇങ്ങനെയൊന്നും കണ്ടിട്ടില്ല. സ്ത്രീകളെക്കാൾ കഷ്ടമാണ് പുരുഷന്മാരുടെ അവസ്ഥ. അലൈൻസ് യൂണിവേഴ്സിറ്റിയിൽ എന്നെ നൃത്തം പഠിപ്പിക്കുന്ന അധ്യാപകരിൽ ഒരാൾക്ക്‌ പോലും ഞാൻ ഈ പറയുന്ന സ്ത്രൈണത കണ്ടിട്ടില്ല. എന്നാൽ , പുരുഷ നർത്തകർക്ക് കേരളത്തിൽ സ്ത്രൈണ ഭാവം നിർബന്ധമാണ്. എന്നാൽ നൃത്തം പഠിച്ചു എന്ന് വച്ച് പുരുഷന് സ്ത്രൈണത വരുന്നത് എങ്ങനെയാണ്. കേരളത്തിൽ നർത്തകരുടെ കാര്യത്തിൽ ഇത്തരം കാട്ടിക്കൂട്ടലുകൾ നിർബന്ധമാണ്. ഇതെല്ലാം വേഷം കെട്ടാണ് എന്നേ ഞാൻ പറയൂ.

krishna-4 കൃഷ്ണപ്രഭ

8. വിവാഹം ?

പേടിക്കണ്ട, ഉടനെ ഒന്നും കാണില്ല. കാരണം എന്റേത് ഒരു പ്രത്യേക സ്വഭാവമാണ് . അതിനു ചേർന്ന ഒരു പയ്യനെ കിട്ടുന്ന കാലത്ത് നോക്കാം. അല്ലാതെ കല്യാണം നിർബന്ധമാണ് എന്ന ചിന്തയൊന്നും എനിക്കില്ല. ഞാൻ ഒരു ടോം ബോയ്‌ ടൈപ് പെൺകുട്ടിയാണ്‌. എനിക്കിഷ്ടം ബൈക്ക് , എസ് യു വി വാഹനങ്ങളാണ്. അഭിനയം , നൃത്തം ഇവ രണ്ടും ഒരിക്കലും ആർക്കു വേണ്ടിയും ഞാൻ ഉപേക്ഷിക്കില്ല. ഇത്തരം കാര്യങ്ങൾ ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരാൾ വന്നാൽ അപ്പോൾ ആലോചിക്കാം

9. പുതിയ ചിത്രങ്ങൾ ?

മനോജ്‌ പാലോടാൻ സംവിധാനം ചെയ്യുന്ന ഇത് താൻ ടാ പോലീസ് ഷൂട്ടിങ്ങ് കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്