Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യടിക്കാൻ അമ്മായിയമ്മ;ഐശ്വര്യ വീണ്ടും റാംപിൽ

Aishwarya Rai ഐശ്വര്യ റായ് പ്രശസ്ത കോസ്റ്റ്യൂം സ്റ്റൈലിസ്റ്റും ഡയറക്ടറുമായ മനീഷ് മൽഹോത്രയ്ക്കൊപ്പം

അക്ബറിന്റെ പ്രിയ പത്നി ജോധ, രാജസദസ്സിനെ കോരിത്തരിപ്പിച്ച നർത്തകി ഉമ്റാവോ ജാൻ, ദേവദാസിന്റെ പ്രിയപ്പെട്ട പാറോ...ഇങ്ങനെ രാജകീയ വേഷങ്ങളെന്തും ഏറ്റവും ഭംഗിയായി തനിക്കു ചേരുമെന്നു തെളിയിച്ച അഭിനേത്രിയാണ് ഐശ്വര്യ റായ്. റാംപിലൂടെ ലോകസുന്ദരിയായി നമുക്കു മുന്നിലേക്കെത്തിയ ഐശ്വര്യ പക്ഷേ കഴിഞ്ഞ അഞ്ചു വർഷമായി ഫാഷൻ ലോകത്തേക്ക് കാര്യമായ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല. 2011ൽ അമ്മയായതിനു ശേഷം മകൾ ആരാധ്യയുടെ സ്വന്തം ‘ഫാഷൻ ഡിസൈനറായി’ ജീവിക്കുകയായിരുന്നു ഈ താരസുന്ദരി. അതിനിടെയാണ് ബോളിവുഡിന്റെ പ്രശസ്ത കോസ്റ്റ്യൂം സ്റ്റൈലിസ്റ്റും ഡയറക്ടറുമായ മനിഷ് മൽഹോത്ര ഫാഷൻ മേഖലയിൽ തന്റെ സിൽവർ ജൂബിലി ആഘോഷിക്കാൻ തീരുമാനിച്ചത്. മനിഷ് മൽഹോത്ര ലേബൽ വസ്ത്രങ്ങൾ വിപണിയിലെത്താൻ തുടങ്ങിയിട്ട് 10 വർഷവുമായി. അതിനോടനുബന്ധിച്ച് ആമസോൺ ഇന്ത്യ കുറ്റ്വ്ർ വീക്ക്–2015ൽ‌ തന്റെ ഏറ്റവും പുതിയ കലക്‌ഷൻ ‘എംപ്രസ് സ്റ്റോറി’യും അവതരിപ്പിച്ചു അദ്ദേഹം. പേരുപോലെത്തന്നെ രാജകീയമായ വസ്ത്രങ്ങൾ. അതിനു പറ്റിയ മോഡലിനെ അന്വേഷിച്ചപ്പോൾ ഐശ്വര്യ റായിയെപ്പോലെ വേറെയാരും മനസ്സിലേക്കു വന്നുമില്ല. കാര്യം പറഞ്ഞപ്പോൾ ഐശ്വര്യയ്ക്കും സന്തോഷം-

Aishwarya Rai

‘ഞാൻ റാംപിൽ ചുവടു വച്ച നാൾ മുതൽ മനിഷിനൊപ്പം വർക്ക് ചെയ്യുന്നതാണ്. പിന്നീട് സിനിമയിലെത്തിയപ്പോഴും ഫാഷൻ ഉപദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. മനിഷിന്റെ ഓരോ ഡിസൈനും സ്പെഷലായിരിക്കും. അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർഥതയ്ക്കുള്ള എന്റെ പിന്തുണ കൂടിയാണ് റാംപിലെ ഈ തിരിച്ചുവരവ്’----ഐശ്വര്യ പറയുന്നു. ഡൽഹിയിൽ നടന്ന ഫാഷൻ വീക്കിന്റെ അവസാനദിവസം ബോളിവുഡ് രംഗത്തെ ഒട്ടേറെപ്പേരാണ് എത്തിയത്. റോസ് ഗാർഡന്റെ മാതൃകയിലൊരുക്കിയ റാംപിലൂടെ അന്നനടയുമായെത്തിയപ്പോൾ ഐശ്വര്യയെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കാൻ ഒപ്പം വന്നതാകട്ടെ അമ്മായിയമ്മയായ ജയ ബച്ചനും. ജയയുടെ പോര് സഹിക്കാനാകാതെ ഐശ്വര്യ വീട് മാറാൻ പോകുകയാണെന്ന മട്ടിൽ ദീർഘകാലമായി പ്രചരിച്ചിരുന്ന ഗോസിപ്പിനും അതോടെ വിരാമം.

ഇന്ത്യയുടെ പഴയകാല കരകൗശല വിദ്യയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു മനിഷ് ഐശ്വര്യയ്ക്കുള്ള വസ്ത്രമൊരുക്കിയത്. മനിഷ് മൽഹോത്ര ലണ്ടൻ ലേബൽ എന്ന ലിമിറ്റഡ് എഡിഷൻ കലക്‌ഷനിൽ പെട്ടതായിരുന്നു ചോക്കലേറ്റ് ബ്രൗൺ നിറമുള്ള ഈ ലഹങ്ക. ഒപ്പം സ്വർണവർണമുള്ള അലങ്കാരങ്ങൾ നിറഞ്ഞ ജാക്കറ്റും. പ്രായം തോന്നിപ്പിക്കാത്ത വിധം ചീകിയൊതുക്കിയ ഹെയർ സ്റ്റൈൽ കൂടിയായതോടെ ഐശ്വര്യയുടെ റാംപിലേക്കുള്ള തിരിച്ചുവരവ് അക്ഷരാർഥത്തിൽ രാജകീയമായി. 2010ൽ കുറ്റ്വ്ർ വീക്കിൽത്തന്നെ അവസാനമായി റാംപിലെത്തിയപ്പോഴും മനിഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു ഐശ്വര്യ അണിഞ്ഞിരുന്നത്. നായികയെന്ന നിലയിലും തിരിച്ചുവരവിനൊരുങ്ങുകയാണ് ഐശ്വര്യ ഇപ്പോൾ. സഞ്ജയ് ഗുപ്തയുടെ ചിത്രം ജസ്ബാ ഒക്ടോബർ ഒൻപതിനാണു റിലീസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.