Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കള്ളീ നീ കേക്ക് മുഴുവൻ കഴിച്ചു തീർത്തല്ലേ?’, ലാലങ്കിളിന്റെ നായികയായ ത്രില്ലിൽ അക്ഷര

Akshara Kishore അക്ഷര കിഷോർ, മോഹൻ ലാൽ

ഈ ക്രിസ്മസിനെന്താ പരിപാടി... ലാലങ്കിൾ ചോദിച്ചപ്പോൾ അക്ഷര കിഷോർ അമ്പരന്നു പോയി. ടിവിയിൽ മാത്രം കണ്ടു പരിചയമുള്ള ഒരാൾ ഇത്ര അടുപ്പത്തോടെ ഇടപെടുന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഈ ക്രിസ്മസ് അക്ഷരമോൾക്ക് വളരെ പ്രിയപ്പെട്ടതാണ്...

നിഷ്കളങ്കമായ ചിരിയുമായി പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്ന കുഞ്ഞുമിടുക്കി അക്ഷരയെ അറിയില്ലേ. സിനിമയിലും സീരിയലിലുമെല്ലാം തിളങ്ങുന്ന അക്ഷര അങ്ങനെ മോഹൻലാലിന്റെ നായികയുമായി. നായികയെന്ന് പറയാമോ എന്നു ചോദിച്ചാൽ അവൾ കള്ളച്ചിരിയോടെ പറയും, ഡെയ്‌ലി ഡിലൈറ്റ് കേക്കിന്റെ പരസ്യത്തിൽ ഞാനും ലാലേട്ടനും മാത്രമല്ലേ ഉള്ളൂ... അപ്പൊ ഞാനല്ലേ നായിക..!!!

മോഹൻലാൽ ഫെയ്സ്ബുക്കിലെ ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്തതോടെ പരസ്യം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി. രണ്ടു ദിവസം കൊണ്ടു തന്നെ അഞ്ചു ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. എന്നാൽ കൊച്ച് അക്ഷയ്ക്ക് ആദ്യമായി ലാലേട്ടനുമായി അഭിനയിച്ചതിന്റെ സന്തോഷമാണ് വാക്കുകളിൽ നിറയെ. നേരത്തെ ഒരു സ്‌റ്റേജ് ഷോയിൽ ലാലേട്ടനുമൊത്ത് വേദി പങ്കിട്ടിരുന്നു. അഭിനയം ആദ്യമാണ്. എങ്കിലും നോ ടെൻഷൻ!

‘‘തമാശകൾ പറഞ്ഞ് ഈസിയായാണ് ലാലങ്കിൾ അഭിനയിക്കുന്നത്. അത് കൊണ്ട് എനിക്ക് പേടിയേ തോന്നിയില്ല. ബ്രേക്കിന്റെ സമയത്ത് എന്നെ ഓരോ തമാശയൊക്കെ പറഞ്ഞു ചിരിപ്പിക്കും. കുറെ ചിരിച്ചു. നല്ല രസമായിരുന്നു. പിന്നെ കേക്കിന്റെ പരസ്യമായിരുന്നത് കൊണ്ട് ഞാൻ ഹാപ്പിയായിരുന്നു. പ്ലം കേക്കും ബ്ലാക്ക് ഫോറസ്റ്റും ആണ് ഏറ്റവും ഇഷ്ടം. ഷൂട്ടിന് കൊണ്ട് വന്ന കേക്കൊക്കെ ഞാൻ കഴിച്ചു തീർത്തു. എന്നിട്ട് ലാലങ്കിളിനോട് പറഞ്ഞു. കേക്ക് സൂപ്പർ!അപ്പോൾ ലാലങ്കിൾ കണ്ണിറുക്കി ചോദിച്ചു... എടീ... കള്ളീ... നീ ഇത് മുഴുവൻ ഒറ്റയ്ക്ക് കഴിച്ചു തീർത്തോ?– അക്ഷര പറയുന്നു.

ഷൂട്ട് കഴിഞ്ഞു പിരിയാൻ നേരം ലാലങ്കിൽ അച്ഛനോടു പറഞ്ഞു, മോൾടെ അഭിനയം കൊള്ളാം... മിടുക്കിയാണ്... ഭാവിയുണ്ട്... ഉടൻ അക്ഷരയും കൊടുത്തു കോംപ്ലിമെന്റൊന്ന്.. ലാലങ്കിൾ, പുലിമുരുകൻ സൂപ്പർ...!!!
 

Your Rating: