Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ.. ഹാൻസം ഷെഫ്

Amrit Jose അമൃത് അപ്പാടൻ

മഴവിൽ മനോരമയിൽ ദേ ഷെഫിലൂടെ ഒരുപാട് പെൺപിള്ളേരുടെ മനസ്സിൽ അടുപ്പുകല്ല് കൂട്ടിയ ഷെഫ് അമൃത് അപ്പാടൻ.

‘ഷെഫ്’ എന്നു കേട്ടാലേ ഉസ്താദ് ഹോട്ടലിൽ സുലൈമാനി മുത്തിക്കുടിച്ച് നടക്കുന്ന ചുള്ളൻ ഫൈസീടെ മൊഖം.. അമ്മാതിരി ഒരു മൊഞ്ചൻ ചെക്കനെ ഇടയ്ക്കിടയ്ക്ക് ഇങ്ങള് ടീവീല് കണ്ടിരിക്കും.. ആന്നേ, മ്മടെ അമൃത് ജോസ് അപ്പാടൻ. “എവിടുന്നാണ് എങ്ങനെയാണെന്നൊന്നുമറിയില്ല ഒരു ദിവസം രാവിലെ മഴവില്ല് ചാനലിൽ നിന്ന് വിളി വന്നു.” റിയാദിൽ ജനിച്ചു വളർന്നതിന്റെ ഭാഗമായിട്ട് ഒരിത്തിരി തപ്പിത്തടയലുള്ള മലയാളത്തിൽ അമൃത്. “തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിലെ ഷെഫാണു ഞാൻ. ചില കുക്കിങ് മത്സരങ്ങളിലൊക്കെ ജഡ്ജായിട്ടുണ്ട്, മേ ബി ദസ് ദേ ഫൗണ്ട് മീ. 1000 പേരാണ് പ്രോഗ്രാമിന്റെ ഓഡിഷനു വന്നത്. പ്ലസ്ടുവിനു പഠിക്കുന്ന കുട്ടിയും അറുപതു വയസ്സുള്ളവരും ഷോയിലുണ്ട്.” ‘നീ പ്ലെയ്റ്റ് തുടയ്ക്കാൻ പോവാണല്ലേ’ എന്നൊക്കെ പറഞ്ഞ് പണ്ട് സുഹൃത്തുക്കൾ ഒരുപാടു കളിയാക്കിയതാണ്. നല്ല ഒന്നാംതരം വികൃതികുട്ടിയായിരുന്നപ്പോൾ അമ്മയാണ് അമൃതിന് എക്സ്പിരിമെന്റ് ചെയ്യാൻ ചെമ്മീനും മീനുമൊക്കെ കൊടുത്തത്. ചെമ്മീനൊക്കെ ഒരുക്കി കഴിഞ്ഞ് പതുക്കെ പാചകത്തിലേക്ക് കയറി. ഉണ്ടാക്കുന്ന എല്ലാ ഐറ്റത്തിലും സ്വന്തം സിഗ്നേച്ചർ ഇടുക എന്നത് പണ്ടേയുള്ള ശീലമാണ്. കുക്കിങ്ങിനൊപ്പം തന്നെ ഗ്യാസ് ഓഫാക്കുക, എടുത്തതൊക്കെ അതേ സ്ഥാനത്തു വയ്ക്കുക തുടങ്ങിയ കാര്യങ്ങളിലൊക്കെയും അമൃതിന് ശ്രദ്ധയുണ്ടായിരുന്നു. (പ്ലേറ്റ് കഴുകുന്നത് മാത്രം.. കക്ഷിക്ക് അത്രയ്ക്കങ്ങു പിടിക്കുന്ന കാര്യമല്ല.)

Amrit Jose അമൃത് അപ്പാടൻ

“പുണെയിൽ നിന്നാണ് ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ചത്. പഠിക്കുന്നതിനിടയ്ക്കുള്ള വെക്കേഷൻ സമയത്ത് സൗദിയിലും ഹൈദരാബാദിലുമൊക്കെയായി ജോലി ചെയ്തിട്ടുണ്ട്. താജ്, മാരിയറ്റ് തുടങ്ങിയ ഹോട്ടലിൽ ഷെഫായിരുന്നു. എനിക്ക് 25 വയസ്സേയുള്ളൂ, ഒപ്പം ജോലി ചെയ്യുന്നവരൊക്കെ 20 വർഷത്തോളം എക്സ്പീരിയൻസ് ഉള്ളവർ. എല്ലാവരുടെയും കൈയിൽ നിന്നും എനിക്ക് പഠിക്കാനുണ്ട്. ആൻഡ് ഐ ഗ്രാസ്പ് ദെം ഓൾ. പ്രോഗ്രാമിൽ ഷെഫ് പ്രദീപിന്റെയും ഷെഫ് അഞ്ജലിയുടെയും കാര്യവും അങ്ങനെ തന്നെ.”

Amrit Jose അമൃത് അപ്പാടൻ ദേ ഷെഫ് ടീമിനൊപ്പം

കുക്കിങ് മാത്രമല്ല സൈക്ലിങ്ങും സ്വിമ്മിങ്ങും റോക്ക് ക്ലൈംബിങ്ങും ഒക്കെ അമൃതിന് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണ്. റിയാദിൽ ഓഡിറ്ററും ഹെഡ് നഴ്സും ആയിരുന്ന അച്ഛൻ ജോസ് അപ്പാടനും അമ്മ ഏലിയാമ്മയും സ്ഥലങ്ങൾ ചുറ്റിക്കണ്ടു നടന്ന് റിട്ടയേഡ് ജീവിതം ആഘോഷിക്കുന്നു. ചേട്ടൻ അജയ് ജോസ് ഇൻഫോപാർക്കിൽ എൻജിനീയറുമാണ്. എപ്പിസോഡുകൾ ഓരോന്ന് കഴിയുംതോറും അമൃതിന്റെ ഫാൻ ഫോളോവേഴ്സിന്റെ എണ്ണവും കൂടുന്നു. “മെസേജും മെയ്‌ലും ഒക്കെ അയയ്ക്കാൻ സമയം കണ്ടെത്തുന്നവർക്ക് എന്റെ ബിഗ് താങ്ക്സ്. പെൺകുട്ടികളോട് പറയാനുള്ളത് ഇത്രേയുള്ളൂ, ചില സമയം രാവിലെ 5നു ജോലിക്ക് കയറിയാൽ പിറ്റേന്ന് പകൽ 2 മണിക്കേ ഇറങ്ങാൻ പറ്റൂ.. ലവിങ് എ ഷെഫ് നീഡ്സ് കുറേ കുറേ അണ്ടർസ്റ്റാൻഡിങ്.” ഒരു കണ്ണിറുക്കിയടച്ച് ചിരിച്ചിരിക്കേ അമൃതിന്റെ നേർക്കൊരു റാപ്പിഡ് ഫയർ.

Amrit Jose അമൃത് അപ്പാടൻ

സ്വന്തമായി ഉണ്ടാക്കി കഴിക്കാനിഷ്ടമുള്ള വിഭവം?

ചീസ് കെയ്ക്ക്

അമ്മ ഉണ്ടാക്കി തരുന്നതിലേറ്റവും ഇഷ്ടം?

സ്പെഗെറ്റി ബൊളെനൈസ്

ഇതുവരെ കഴിച്ചതിൽ മറക്കാൻ പറ്റാത്ത ഒരു വിഭവം?

മനാക്കീഷ്

കഴിക്കാൻ ഇഷ്ടമല്ലാത്തത്?

ചിപ്സും കോളയും

ഭാവി വധുവിന് ആദ്യം എന്തുണ്ടാക്കി കൊടുക്കും?

പാസ്ത