Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാജിനെ പോലൊരു ഭർത്താവ് എന്റെ ഭാഗ്യം

sabitha-jayaraj-1 സബിത ജയരാജ്

വിവാഹിതരാകുന്നതോടെ സിനിമേയാട് ഗുഡ്ബൈ പറയുന്ന സ്ത്രീജനങ്ങള്‍ക്ക് അപവാദമാണ് സബിത ജയരാജ്. കാരണം സബിത സിനിമാ രംഗത്തേക്കു പ്രവേശിക്കുന്നതു തന്നെ വിവാഹിതയായതിനു ശേഷമാണ്. സംവിധായകൻ ജയരാജിന്റെ ഭാര്യ എന്നതിലപ്പുറം മികച്ച വസ്ത്രാലങ്കാരകയും അഭിനേത്രിയുമായാണ് സബിതയെ ജനങ്ങൾ തിരിച്ചറിയുന്നത്. 2001ല്‍ കണ്ണകി എന്ന ചിത്രത്തിന് മികച്ച വസ്ത്രാലങ്കകയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. എട്ടു വർഷത്തോളം വസ്ത്രാലങ്കാര രംഗത്തു തന്നെ നിലനിന്നു. ഇതിനിടയിൽ ഫോർ ദ പീപ്പിൾ, ഗുൽമോഹർ, പകർന്നാട്ടം, ദി ട്രെയിൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. നിറങ്ങളെയും വസ്ത്രങ്ങളെയും അഭിനയത്തെയും കൂട്ടുപിടിച്ചു മുന്നേറിയ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുകയാണ് സബിത.

സബിത ജയരാജ് എന്ന സാധാരണ പെണ്‍കുട്ടി സിനിമാ വസ്ത്രാലങ്കാര രംഗത്തേക്കു വരുന്നതെങ്ങനെയാണ്?

ജയരാജ് ആണ് എന്നോടു പറയുന്നത് വസ്ത്രാലങ്കാരം ശ്രമിച്ചുകൂടെയെന്ന്. കല്യാണം കഴിയുമ്പോൾ ഞാൻ ഡിഗ്രി ചെയ്യുകയാണ്. പിന്നെ പിജി ചെയ്തു, ഇതിനിടയിൽ മക്കൾ ആയി അങ്ങനെ കുറേസമയം വീട്ടിൽ വെറുതെയിരുന്നപ്പോഴാണ് ജയരാജ് ഇക്കാര്യം പറയുന്നത്. നല്ല കളർ സെൻസൊക്കെ ഉള്ളയാളാണല്ലോ നമുക്കൊന്നു ശ്രമിച്ചു നോക്കാമ‌െന്നു പറയുകയായിരുന്നു അങ്ങനെ ഡൽഹിയിൽ പോയി ഫാഷൻ ഡിസൈനിംഗ് േകാഴ്സ് ചെയ്തു. മാത്രമല്ല ഇതാകുമ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും ഒരേ ഫീൽഡിൽ തന്നെ പ്രവർത്തിക്കാമല്ലോയെന്നും തോന്നലുണ്ടായിരുന്നു.

sabitha സബിത ജയരാജ്

പിന്നീടെപ്പോഴോ അഭിനയത്തിലേക്കും വഴിമാറി?

അഭിനയം മോഹം എനിക്കു കുട്ടിക്കാലത്തേയുണ്ടായിരുന്നു. ടീനേജ് സമയത്തൊക്കെ സിനിമ എന്നുവച്ചാല്‍ ഭ്രാന്തായിരുന്നു, അതൊക്കെ ആ പ്രായത്തിലെ കൗതുകമായിരിക്കുമെന്നു കരുതി പിന്നീടു വിട്ടു. പിന്നെ ജയരാജിന്റെയൊപ്പെ മിക്ക ലൊക്കേഷനുകളിലും പോകുമ്പോൾ മറ്റുള്ളവരുടെ അഭിനയം കണ്ടപ്പോഴാണ് ഒന്നു ശ്രമിച്ചാലെന്താ എന്നു തോന്നുന്നത്. ഞാൻ തന്നെയാണ് എനിക്കൊരു ചിത്രത്തിലെങ്കിലും അഭിനയിച്ചാൽ കൊള്ളാമെന്നുണ്ടെന്നു ജയരാജിനോടു പറയുന്നത്. അത്രത്തോളം ആഗ്രഹമായിരുന്നു.

സിനിമാ ഫീല്‍ഡിൽ വിവാഹം ഒരു തടസമാണെന്നു കരുതുന്നവരാണ് ഭൂരിഭാഗം പേരും?

എനിക്കങ്ങനെ തോന്നിയിട്ടില്ല. പിന്നെ കുറേയൊക്കെ വിവാഹ പ്രായമെത്തിയ ശേഷം ഫീൽഡിൽ നിനന്ു പോകുന്നവരാണ്. കുട്ടികളൊക്കെ സ്വന്തം കാര്യങ്ങള്‍ ചെയ്യാൻ പ്രായമാകുമ്പോൾ തിരിച്ചു വരാവുന്നതാണ്. ഞാൻ നേരത്തെ വിവാഹം കഴിച്ചയാളാണ്, ഏതെങ്കിലും ഒരു പ്രഫഷനിൽ എനിക്കു ഉറച്ചു നിൽക്കണമായിരുന്നു അങ്ങനെയാണ് സിനിമാ ഫീൽഡിലേക്കു തന്നെ വരാൻ തീരുമാനിക്കുന്നത്. കഴിവുള്ളവർ തിരിച്ചു വരണമെന്നു തന്നെയാണ് എന്റെ അഭിപ്രായം.

മികച്ച വസ്ത്രാലങ്കാരയ്ക്കുള്ള സംസ്ഥാന പുരസ്കാരം, അന്താരാഷ്ട്ര ചലചിത്ര മേളയിലെ പുരസ്കാരം എന്നിവയെല്ലാം നേടി. എന്നിട്ടും പിന്നീടങ്ങോട്ട് ഈ രംഗത്ത് സജീവമായി കണ്ടില്ല?

സത്യത്തില്‍ സബിത ജയരാജ് എന്ന നടി ജയരാജിന്റെ ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കൂ എന്നു കരുതുന്ന പലരുമുണ്ട്. എ‌ട്ടോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. കുഞ്ഞ് തീരെ ചെറുതായിരുന്നതിനാൽ മുഴുവൻ സമയം ലൊക്കേഷനിൽ ഇരിക്കാന്‍ പറ്റുമായിരുന്നില്ല. കുഞ്ഞിന് അസുഖം വന്നാലൊക്കെ എത്രനേരം മറ്റുള്ളവരെ ഏൽപ്പിച്ചു പോരും. പിന്നെ മികച്ച വസ്ത്രാലങ്കാരക എന്നറിയുന്നതിനേക്കാൾ നല്ലൊരു അഭിനേത്രി ആയി അറിയപ്പെടാനാണ് ആഗ്രഹം.

ഭർത്താവിന്റെ ചിത്രങ്ങൾക്കു മാത്രമേ വസ്ത്രാലങ്കാരം ചെയ്യൂ എന്നാണോ?

അതിനു കാരണം മറ്റൊന്നുമല്ല. ഭര്‍ത്താവിന്റെ ചിത്രങ്ങളാകുമ്പോൾ നമുക്ക് ആവശ്യത്തിന് സമയമെടുക്കാം. മറ്റൊരാളുടേതാകുമ്പോൾ ഒരിക്കലും എക്സിക്യൂസ് പറയാൻ പറ്റില്ല. എന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് നീക്കി െവയ്ക്കാനും പറ്റില്ല. നമ്മൾ മുഴുവന്‍ സമയം അവെയ്‍ലബിൾ ആയിരിക്കണം, അതൊരു ഉത്തരവാദിത്തം ആയി ഏറ്റെടുക്കുകയല്ലേ.

സംവിധായകനായ ഭർത്താവിന്റെ പിന്തുണ എത്രത്തോളമുണ്ട്?

നൂറുശതമാനമുണ്ട്. ഇത്രയും സപ്പോർട്ടീവ് ആയൊരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ലോകം എന്താണ് എന്നറിയാത്ത പ്രായത്തില്‍ വിവാഹിതയായ എനിക്ക് പലകാര്യങ്ങളും പഠിപ്പിച്ചുതന്നത് ജയരാജാണ്. ഒരിക്കലും ഭർത്താവിന്റെ കീഴില്‍ കഴിയുന്ന ഭാര്യയാകരുത് നീ, എന്നേക്കാൾ സ്മാർട്ടായ എന്നേക്കാൾ കഴിവുള്ള ഭാര്യയെയാണ് ഞാനിഷ്ടപ്പെടുന്നത് എന്ന് ​എപ്പോഴും പറയുമായിരുന്നു. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പൂർണ പിന്തുണ കൊണ്ടു മാത്രമാണ്.

sabi-jayaraj ജയരാജും സബിത ജയരാജും ഐഎഫ്എഫ്കെ വേദിയിൽ

മാധ്യമ പ്രവർത്തകയാകുവാനായിരുന്നു ആഗ്രഹം എന്നു കേട്ടിട്ടുണ്ട്?

അതു ശരിയാണ്. ബിഎ ലിറ്ററേച്ചർ ആയിരുന്നു ഞാൻ. ജേണലിസം ചെയ്യണമെന്നു തന്നെയായിരുന്നു ആഗ്രഹം. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് . ജേണലിസത്തിൽ ത്രില്ലിങ് എക്സ്പീരിയൻസും ആയിരിക്കുമല്ലോ. പക്ഷേ വീട്ടുകാർക്ക് അതിനോടത്ര താൽപര്യമുണ്ടായിരുന്നില്ല. രാത്രിയെന്നോ പകലെന്നോയില്ലാത്ത ജോലി വേണ്ടെന്നായിരുന്നു അവർക്ക്. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു.

വസ്ത്രാലങ്കാരം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടം?

വ്യക്തിപരമായി ഏറ്റവും ഇഷ്ടം അത്ഭുതം എന്നൊരു ചിത്രം ചെയ്തിരുന്നു അതാണ്. അതിലെ കോസ്റ്റ്യൂസം കുറച്ചു പാടുപെട്ടു ചെയ്തതാണ്, അതുകൊണ്ടു തന്നെ ഏറെ സംതൃപ്തിയും തന്ന ചിത്രമാണത്. പിന്നെ എനിക്കു പേരെടുത്തു തന്ന ചിത്രം തിളക്കമാണ്. അതിൽ കാവ്യയ്ക്കു വേണ്ടി ചെയ്ത വസ്ത്രങ്ങള്‍ ഒത്തിരി പ്രശസ്തി നേടിത്തന്നു. ചെയ്ത ചിത്രങ്ങളിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയത് ഫോർ ദ പീപ്പിൾ ആണ്.

sabitha-jayaraj സബിത ജയരാജ്

വസ്ത്രാലങ്കാരകയായി, നടിയായി, ഇനി സംവിധാനരംഗത്തേയ്ക്കു പ്രതീക്ഷിക്കാമോ?

അതിനു യാതൊരു സാധ്യതയുമില്ല. അത്രയും വലിയ ഭാരം ചുമക്കാൻ എനിക്കു കഴിയില്ല. മാത്രമല്ല അതിനുമാത്രം ക്ഷമയുമില്ല. ഞാൻ എപ്പോഴും ജയരാജിനോടു ചോദിക്കാറുണ്ട് എങ്ങനെയാണ് ഈ ഉത്തരവാദിത്തം ഇത്ര പെർഫെക്റ്റ് ആയി ചെയ്യുന്നതെന്ന്.

പീരിയോഡിക്കൽ ചിത്രങ്ങൾക്കു വസ്ത്രാലങ്കാരം ചെ‌യ്യാനാണോ അതോ കൊമേഴ്സ്യൽ സിനിമകൾക്കു ചെയ്യാനാണോ കൂടുതൽ ഇഷ്ടം?

പീരിയോഡിക്കൽ ചിത്രങ്ങൾ ചെയ്യാനാണു കൂ‌ടുതലിഷ്ടം. കാരണം അത്തരം ചിത്രങ്ങൾക്കു വേണ്ടി ചെയ്യുമ്പോൾ കാലഘട്ടത്തെയും വ്യക്തികളെയും കുറിച്ചൊക്കെ ധാരാളം റിസർച്ച് ചെയ്യേണ്ടതായി വരും. അത് ത്രില്ലിങ് ആണ്. കൊമേഴ്സ്യൽ ചിത്രങ്ങളാവുമ്പോ നമ്മുടേതായിട്ടുള്ള പഠനങ്ങളും ഇൻപുട്സും അത്ര വേണ്ട.

ഇനിയുള്ള മോഹങ്ങൾ?

നല്ല കുറച്ചു പടങ്ങളുടെ ഭാഗകമാകണമെന്നു ആഗ്രഹമുണ്ട്. ജയരാജിന്റെ പടങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീന്‍ ആയാൽപ്പോലും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമാകണമെന്നുണ്ട്.

കുടുംബം?

sabitha-jayaraj (2) ജയരാജും സബിതയും

രണ്ടു മക്കളാണുള്ളത്. മൂത്തത് മോളാണ് ധനു അവൾ ഡിഗ്രി ചെയ്യുന്നു. രണ്ടാമത്തെയാൾ മോനാണ് കേശവ് അവൻ അഞ്ചിൽ പഠിക്കുന്നു.