Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ, ധർമജൻ കോമ്പത്ത്...

darmajan

ഓണക്കാലത്തെ പാരഡി കാസറ്റുകൾക്ക് സ്ക്രിപ്റ്റ് എഴുതാൻ അവസരം തേടി പോകുമ്പോൾ ധർമജന്റെ മനസ്സിൽ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു...

ഒരോണക്കാലത്താണ് ഞാൻ ആക്ഷേപഹാസ്യ കഥാകൃത്ത് തോമസ് തോപ്പിൽക്കുടിയെ കാണാൻ പോകുന്നത്. ദേ, മാവേലി കൊമ്പത്ത് എന്ന കാസറ്റിന് സ്ക്രിപ്റ്റ് എഴുതി ആളങ്ങനെ തിളങ്ങി നിൽക്കുകയാണ്. എന്റെയും ലക്ഷ്യം അതുതന്നെയാണ്, ദേ മാവേലി കൊമ്പത്ത് ടീമിനൊപ്പം പ്രവർത്തിക്കണം. അബിയിക്ക, നാദിർഷ, ദിലീപേട്ടൻ എന്നിവരാണ് കാസറ്റിന്റെ രാജാക്കന്മാർ. ദിലീപേട്ടൻ താരതമ്യേന തുടക്കക്കാരനാണ് അന്ന്. എന്റെ കൈയ്യിൽ രണ്ടു സ്ക്രിപ്റ്റുണ്ട്. അദ്ദേഹം അതു വാങ്ങി വായിച്ചു. എന്റെ മുഖത്തേക്കൊന്നു നോക്കി. തോളിൽ തട്ടി പറഞ്ഞു. ഒപ്പം നിന്നോളൂ. അഞ്ചു സുന്ദരികളും ഞാനും എന്ന സീരിയൽ വരെ നീണ്ട ഒരു യാത്രയ്ക്ക് അവിടെയാണ് തുടക്കമിട്ടത്. എന്റെ ആഗ്രഹങ്ങളും ലളിതമായിരുന്നു. പത്തു പേർ അറിയണം, തരപ്പെട്ടാൽ വിമാനത്തിൽ കയറി ഗൾഫിൽ ഒന്നു പോകണം. ദൈവം സഹായിച്ച് എല്ലാം നടന്നു.

മുളവുകാട്ടെ സൂപ്പർതാരങ്ങൾ

സെന്റ് ആൻണീസ് പള്ളിക്ക് കാവൽ നിൽക്കും പോലെ രണ്ടു ഹിന്ദു വീടുകളാണ് അന്ന് മുളവുകാട്ടുണ്ടായിരുന്നത്. അതിൽ ഒന്ന് ഞങ്ങളുടേതായിരുന്നു. ഓണം കേരളീയതയുടെ ദേശീയാഘോഷമാണ് എന്നൊക്കെ പറയുമെങ്കിലും അഷ്ടിക്കു വകയില്ലാത്ത മുളവുകാട്ടുകാർക്ക് അങ്ങനെയായിരുന്നില്ല. ആ പ്രദേശത്ത് ഞങ്ങൾ ചുരുക്കം ചിലർക്ക് മാത്രമായിരുന്നു അന്ന് ഓണം. അത് ധനികരായിരുന്നതിലാൽ അല്ല, കൃഷിഭൂമിയുണ്ട്, അതുകൊണ്ട് നെല്ലുമുണ്ട്. ഓണത്തിന് ഓടിയെത്തുന്നത് അച്ഛന്റെ ഓർമകളാണ്. ഓണം ആഘോഷമായിരുന്നത് അക്കാലത്താണ്. ഇല്ലായ്മകൾ ഉണ്ടായിരുന്നു. പക്ഷേ, പട്ടിണി ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് രണ്ടേക്കറോളം പൊക്കാളി കൃഷിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വർഷം മുഴുവനുമുള്ള അരിയുണ്ടായിരുന്നു.

തിരുവോണത്തിന് വീട്ടിൽ വലിയ ആഘോഷമായിരുന്നു. അവലും പുന്നെല്ലും ചേർത്ത് ഒരു പ്രസാദമുണ്ടാക്കും. അച്ഛനാണ് ഇതു തയാറാക്കുക. ഇതിനൊപ്പമാണ് ഓണക്കോടി നൽകിയിരുന്നത്. മിക്കവാറും മുണ്ടാവും തരിക. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഇതിനു മുടക്കം വരുത്തിയിട്ടില്ല. ആദ്യം അമ്മയ്ക്കും പിന്നെ ചേട്ടനും അവസാനമായി എനിക്കുമാണ് നൽകുക.

വീടിനു പുറത്തുപോയുള്ള ആഘോഷങ്ങൾക്ക് അച്ഛൻ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആഘോഷങ്ങൾ തറവാട്ടിലായിരുന്നു. മുളവുകാട് വടക്കുംഭാഗം വലിയ പറമ്പ് ഭാഗത്തായിരുന്നു തറവാട്. അവിടെ കൊച്ചിൻ അനുപമ എന്നൊരു കൈകൊട്ടിക്കളി സംഘമുണ്ടായിരുന്നു. വൈപ്പിൻ മുൻ എംഎൽഎ, വികെ ബാബു, സുധാകരൻ, സതീശൻ, കമലാക്ഷൻ ചേട്ടൻ, അപ്പുച്ചേട്ടൻ, മുരുകേശൻ, ലാലൻ, ചിത്രൻ തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവർക്ക് അക്കാലത്ത് സിനിമാ നടന്മാരുടെ പദവിയായിരുന്നു. ഇവരുടെ കൈക്കൊട്ടിക്കളി ഉണ്ടെന്നു കേട്ടാൽ ആളിടിച്ചു കയറും. എവിടെ മത്സരിക്കാൻ പോയാലും ഇവർക്കായിരുന്നു ട്രോഫി.

നിരണത്തു പള്ളിയുടെ ട്രോഫിയൊക്കെ ആൾപ്പൊക്കമുണ്ട്. ഇവരോടുള്ള ആരാധന മൂത്ത് കളിക്കാൻ ഇറങ്ങിയ ഞാനുൾപ്പെടുന്ന കുട്ടികളുടെ സംഘത്തിന് കിട്ടിയത് കൂക്കുവിളിയും കാലിൽ നീരുമാണ്. അന്നാണ് ഇത് ഇത്രയും ബുദ്ധിമുട്ടാണെന്നു മനസിലായത്. അച്ഛൻ വിലക്കിയതിനാൽ പിന്നെ വീട്ടിൽ നിന്ന് ഇതിന് ഇറങ്ങാനും കഴിഞ്ഞിട്ടില്ല.