Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയ്ക്കും ലോഹിതദാസ് ഒരു വിസ്മയം!

Author Details
ദീപിക ഇളയ മകൻ ദർശൻ മൂത്തമകൻ ദീപു മരുമകൾ ഹർഷ എന്നിവരോടൊപ്പം ദീപിക

സിനിമ – സീരിയല്‍ രംഗത്തേക്കു കടന്നുവരാന്‍  നിമിത്തമായത് അന്നത്തെ ബാലതാരമായിരുന്ന മകന്‍ ദര്‍ശന്‍ ആയിരുന്നുവെന്ന് നടി ദീപിക ഒാര്‍ക്കുന്നു.  ഒരു പരസ്യച്ചിത്രത്തിന്‍റെ ലൊക്കേഷനില്‍ അവിചാരിതമായി പുതിയ സിനിമയെക്കുറിച്ച് ചര്‍ച്ച നടന്ന സമയം. ജഗതി ശ്രീകുമാറിന്‍റെ ഭാര്യയായി അഭിനയിക്കാന്‍ മുപ്പതു വയസ്സുള്ള ഒരു പുതുമുഖ നടിയെ വേണം. ചര്‍ച്ചയ്ക്കിടയില്‍ ആരില്‍നിന്നോ ഒരു നിര്‍ദേശമുണ്ടായി. ‘ അത് നമ്മുടെ ദര്‍ശന്‍റെ അമ്മ ആയാലോ? ’ എല്ലാവരും അതിനെ പിന്തുണച്ചു. അങ്ങനെയാണ് സ്കൂള്‍ – കോളജ് തലങ്ങളില്‍ ഡാന്‍സിലും നാടകത്തിലും തിളങ്ങിയിരുന്ന ദീപികയ്ക്കു നറക്കു വീണത്.  ദീപിക ആദ്യമായി അഭിനയിച്ച ആ മലയാള സിനിമയുടെ പേര് – സി. െഎ. മഹാദേവന്‍ അഞ്ചടി നാലിഞ്ച്. 

പിന്നീട് 170 സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദീപിക പ്രശസ്തിയിലേക്കുയര്‍ന്നു. സൂത്രധാരന്‍, ഷേക്സ്പിയര്‍ എംഎ മലയാളം, പ്രണയമണിത്തൂവല്‍, സിെഎഡി മൂസ, ഉദയനാണു താരം,  എന്നിവയിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷേക്സ്പിയറില്‍ മനസ്സിന്‍റെ സമനില നഷ്ടമായ ഒരു സ്ത്രീയെയാണ് ദീപിക അവതരിപ്പിച്ചത്. പിന്നീട് അസുഖത്തില്‍നിന്നു മോചനം നേടുകയാണ്. ഈ രണ്ടു ഭാവങ്ങളിലും അസാമാന്യമായ അഭിനയശേഷിയാണ് ദീപികയില്‍നിന്നു പുറത്തുവന്നത്. 

ദീപിക ദീപിക

‘‘സിനിമയിലെ അഭിനയം കണ്ടാണ് എന്നെ സീരിയലിലേക്കു വിളിക്കുന്നത്. അമ്മ വേഷങ്ങളായിരുന്നു എല്ലാം. എന്നെക്കാളും പ്രായമുള്ളവരുടെ അമ്മയായി അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. ഒാമനത്തിങ്കള്‍പക്ഷി, നിലവിളക്ക് , സ്ത്രീ, വെളുത്ത ചെമ്പരത്തി, സമദൂരം, സഹധര്‍മിണി, അവള്‍ അറിയാതെ തുടങ്ങിയ സീരിയലുകളില്‍ നല്ല വേഷങ്ങള്‍ കിട്ടി. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ‘മിഴി രണ്ടി’ലുമാണ്.’

അമ്മയ്ക്ക് അഭിനയരംഗത്തേക്കു വഴിതുറന്നുകൊടുത്ത മകന്‍ ദര്‍ശന്‍ ഗ്രാജുവേഷനും എംബിഎയും കഴിഞ്ഞ് ഇപ്പോള്‍ ചെെെന്നയില്‍ അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇതുവരെ ഇരുപതു സിനിമകളില്‍ ദര്‍ശന്‍ അഭിനയിച്ചു. ഏറ്റവും ഒടുവില്‍ ചെയ്തത് ‘രാസലീല’യാണ്. അമ്മയും മകനും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചു. ജോസ് തോമസിന്‍റെ ‘സ്നേഹിതനി’ല്‍. സിനിമയിലും അമ്മയും മകനുമാകാന്‍ ഇരുവര്‍ക്കും ഭാഗ്യം ലഭിച്ചു. 

രണ്ട് ആണ്‍മക്കളാണ് ദീപികയ്ക്ക്. മൂത്ത മകന്‍ ദീപു  ഖത്തറില്‍ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ ഹര്‍ഷ ഖത്തറിൽ എയര്‍നോട്ടിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നു. 

ഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുമ്പോഴായിരുന്നു ദീപികയുടെ വിവാഹം. എറണാകുളത്തുകാരന്‍ എന്‍.വി. മഹാദേവനാണ് ജീവിതപങ്കാളിയായി വന്നത്. അഭിനയരംഗത്ത് ഭാര്യയ്ക്ക് പൂര്‍ണ പിന്തുണയേകിയ കലാസ്വാദകന്‍കൂടിയായിരുന്നു മഹാദേവന്‍. പക്ഷേ, വിധിയുടെ കണ്ണുപൊത്തിക്കളിയില്‍ ദീപികയ്ക്ക് പ്രിയപ്പട്ടവനെ നഷ്ടമായി. ആറു വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്ന് മഹാദേവന്‍ മരിച്ചു. സൗദിയില്‍ ഉദ്യാഗസ്ഥനായിരുന്ന മഹാദേവന്‍ നാട്ടിലെത്തി ബിസിനസ്സുകാര്യങ്ങളില്‍ സജീവമായ വേളയിലായിരുന്നു അന്ത്യം. 

എറണാകുളം അയ്യപ്പന്‍കാവില്‍ ഭര്‍ത്താവ് പണികഴിയിപ്പിച്ച ‘അശ്വതി’ യിലാണ് ദീപിക  ഇപ്പോള്‍ താമസം. പത്തൊന്‍പതു വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ മനസ്സു വിഷമിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ദീപികയ്ക്ക്. നവാഗതരായ ചുരുക്കം ചില ആര്‍ട്ടിസ്റ്റുകളുടെ ഞാന്‍ എന്ന ഭാവം. പഴയ ആര്‍ട്ടിസ്റ്റുകളോടുള്ള പുച്ഛം. അതേക്കുറിച്ച് ദീപികയുടെ തുറന്നുപറച്ചില്‍:

‘‘ഞങ്ങള്‍ എല്ലാം തികഞ്ഞവര്‍, നിങ്ങള്‍ ഞങ്ങളുടെ മുന്‍പില്‍ ഒന്നുമല്ല എന്നാണവരുടെ ഭാവം. അത് ആണായാലും പെണ്ണായാലും !   അതേസമയം പഴയകാല ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു മാറ്റവുമില്ല. അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴെല്ലാം ആ സ്നേഹം തൊട്ടറിഞ്ഞിട്ടുണ്ട്. പഴയകാലത്തെ സൂപ്പര്‍ താരങ്ങള്‍ ചെറിയ ആര്‍ട്ടിസ്റ്റുകളാണെങ്കില്‍പോലും അവരെ അംഗീകരിക്കാന്‍ ഒരു മടിയും കാണിക്കാറില്ല. ’’ സിനിമാ ജീവിതത്തിനിടയില്‍ ദീപികയെ വിസ്മയിപ്പിച്ച സംവിധായകനാണ് ലോഹിതദാസ്. 

‘‘ ഒരു കഥാപാത്രത്തെ അഭിനേതാവിലേക്ക് ആവാഹിക്കാന്‍ പ്രത്യേക സിദ്ധിയുള്ള ആളായിരുന്നു ലോഹിസാര്‍. പുതുമുഖമാണെങ്കിലും കഥാപാത്രത്ത നമ്മളിലേക്ക് എത്തിച്ചുത്തരികയാണ് ചെയ്യുന്നത്. നടനും നടിക്കും ഒരോന്നും പറഞ്ഞുകൊടുക്കുന്ന രീതിയാണ് അദേഹത്തെ വ്യത്യസ്തനാക്കുന്നത്. ലോഹിസാറിന്‍റെ നിര്‍ദേശങ്ങള്‍ക്കൊപ്പം അഭിനയിച്ച ആ നിമിഷങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. 

മാതൃഭൂമിയുടെ റിപ്പോര്‍ട്ടറായിരുന്ന കെവി രവീന്ദ്രനാഥിന്‍റെയും മുക്കം ഗവ. യുപി സ്കൂളില്‍നിന്നു ഹെഡ്മിസ്ട്രസായി വിരമിച്ച ശാന്തയുടെയും മകളാണ് ദീപിക എന്ന ഈ കലാകാരി. 

Your Rating: