Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലിന്റെ ഈ മുടിചൂടാമന്നന് വേണം ഒരു മലയാളി വധു

Sabyasachi Mukherji സബ്യാസാചി മുഖർജി

മുംബൈയിൽ ലാക്മേ ഫാഷൻ വീക്ക് 2016ന് സമാപനം കുറിച്ച ‘സബ്യസാചി’ റൺവേ മായാജാലത്തിനു ശേഷം പിറ്റേയാഴ്ച സബ്യാസാചി മുഖർജിയുടെ യാത്ര കൊച്ചിയിലേക്കായിരുന്നു. സ്വന്തം നാടു പോലെ തന്നെയെന്ന് കേരളത്തോടു പ്രിയമുള്ള ഒരാൾ.. കുത്തരിച്ചോറും ആലപ്പുഴ മീൻകറിയും നാവിലെ രസമുകുളങ്ങളെ ഉണർത്തി രുചിച്ചു കഴിക്കുന്നയാൾ. ‘‘From local, straight to red carpet വരെ കയറിച്ചെല്ലാവുന്ന പവർ ഡ്രെസ്സിങ്ങാണ് കേരള കസവു സാരിയെന്നു പറയുമ്പോൾ സബ്യസാചിയുടെ വാക്കുകളിൽ ‘എള്ളോളമില്ല പൊളിവചനം’.

കാരണം രാജ്യാന്തര ഡിസൈനർ ഫാഷൻ രംഗത്തെ മുടിചൂടാമന്നനാണെങ്കിലും പാരമ്പര്യത്തെയും നാടിന്റെ തനിമയെയും വിട്ടൊരു കളിയില്ല അദ്ദേഹത്തിന്. അതു ഫാഷനിൽ മാത്രമല്ല ജീവിതത്തിലും പകർത്തുന്നയാളുമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെത്തിയാൽ, ഒരു ദിസവമോ ഒരാഴ്ചയോ ആണ് തങ്ങുന്നതെങ്കിലും കേരളത്തിന്റെ രുചിയല്ലാതെ ചൈനീസോ കോൺടിനെന്റലോ തേടിപ്പോകില്ല അദ്ദേഹം. കൊച്ചിയിലെത്തിയ ഡിസൈനർ ഫാഷൻ ഗുരു പങ്കുവയ്ക്കുന്ന ചില ഫാഷൻ ചിന്തകൾ.

Sabyasachi Mukherji സബ്യാസാചി മുഖർജി

വേണം ഒരു മലയാളി വധു

സ്വകാര്യ ചാനലിനു വേണ്ടി ചെയ്യുന്ന പോപ്യൂലർ ഷോ ‘ബാന്‍ഡ് ബാചോ ബ്രൈഡ്’ ഇപ്പോൾ സബ്യസാചി ബ്രൈഡ് എന്നാണ് അറിയപ്പെടുന്നത്. വിവിധ നാടുകളുടെ വൈവിധ്യവും തനിമയും ഇഴചേരുന്ന വസ്ത്രങ്ങളാണതിൽ ചെയ്യുന്നത്. ശരിയാണ് ഇതുവരെ ഒരു മലയാളി വധുവിനെ കിട്ടിയിട്ടില്ല. സബ്യസാചി വസ്ത്രം അണിഞ്ഞു വിവാഹപന്തലിൽ കയറാൻ ആഗ്രഹിക്കുന്ന മലയാളിപ്പെൺകുട്ടികൾ വൈകാതെ അപേക്ഷ അയയ്ക്കൂ. നമുക്കു നേരിൽക്കാണാം. നിങ്ങളുടെ വിവാഹവസ്ത്രം ഞാൻ ഒരുക്കാം.

പവർഡ്രെസിങ്

കേരള കസവു സാരി എനിക്കു വളരെ പ്രിയപ്പെട്ടതാണ്. കംപ്ലീറ്റ് പവർ ഡ്രസിങ് ആണത്. നാട്ടിലെ ചെറിയ ചടങ്ങു മുതൽ ലോകം മുഴുവനും റെഡ് കാർപറ്റ് വരെയും കസവുസാരിയുടുത്തു കടന്നു ചെല്ലാം. അത്രയും പവർഫുൾ ആണ് ആ ഒരൊറ്റ വസ്ത്രം. അതിന്റെ ക്രീം ആൻഡ് ഗോൾഡൻ എന്ന കളർ കോംബിനേഷൻ ആകർഷകമാണ്. നാടിന്റെ തനതു വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾ ധരിക്കുന്നത് വെറും ഫാഷൻ മാത്രമല്ല, നാടിന്റെ സംസ്കാരം കൂടിയാണ്.

സബ്യസാചി കയ്യൊപ്പിട്ട കസവുസാരി

ഉവ്വ്, ഞാൻ പലതവണ കേരള കസവുസാരി എന്റെ കലക്ഷനുകളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്റയർ കലക്ഷൻ തന്നെ ചെയ്തിട്ടുണ്ട്. ബോളിവുഡ് നടിയും സുഹൃത്തുമായ റാണി മുഖർജിക്കു വേണ്ടി കേരള കസവുതുണിത്തരം ഉപയോഗിച്ചുള്ള സാരികൾ ചെയ്തിട്ടുണ്ട്. പാരമ്പര്യത്തനിമയുള്ളതും മികച്ചതുമായ തുണിത്തരമാണ് കേരള കൈത്തറി.

Sabyasachi Mukherji സബ്യാസാചി മുഖർജി

നിറങ്ങളിൽ പ്രിയം

ഇഷ്ടപ്പെട്ട നിറങ്ങൾ വെള്ളയും ക്രീമും.

കേരളീയർ ഫാഷൻ പിന്തുടരുന്നതിൽ പിന്നിലാണോ ?

എനിക്കു മലയാളി കസ്റ്റമേഴ്സ് ധാരാളം ഉണ്ട്. ഫാഷൻ പിന്തുടരുന്നതിനു പിന്നിലാണ് എന്നു പറയുന്നത് സത്യത്തിൽ നല്ല കാര്യമാണ്. മാറ്റം നല്ലതിനാണ് എന്നാണ് പൊതുവെയുള്ള ധാരണ. സൗത്ത് ഇന്ത്യയിലേക്കു വരുമ്പോൾ മാത്രമാണ് നമ്മുടെ സംസ്കാരം നശിപ്പിക്കാതെ നിലനിർത്തിയിരിക്കുന്നതു കാണാൻ പറ്റുക. ഫാഷന്റെ കാര്യത്തിൽ ഫ്രാൻസിനേക്കാൾ പാരമ്പര്യം ഉണ്ട് നമുക്ക്. മുഗൾകാലഘട്ടം തുടങ്ങി ചരിത്രപഥങ്ങളിൽ അതു കണ്ടെത്താം. ഈ പാരമ്പര്യത്തിൽ നമ്മൾ അഭിമാനം കൊള്ളണം. Arrogant ആയാൽ പോലും നല്ല കാര്യമാണ്. Authenticity ഇവിടെയല്ലാതെ വേറെയെവിടെയുണ്ട്. ലോകം ഇവിടേക്കാണു വരേണ്ടത്.

ഇല്യൂമിനേറ്റ്

ലാക്മേ ഫാഷൻവീക്ക് 2016 വിന്റർ /ഫെസ്റ്റീവ് സീസണിൽ സമാപന ഷോ ആയാണ് ‘ഇല്യൂമിനേറ്റ്’ ചെയ്തത്. ലാക്മേ ആണ് ഷോയുടെ തീം നിർദേശിക്കുന്നത്. ‘ഇല്യൂമിനേറ്റ് ’ ഡിസൈനർ വസ്ത്രങ്ങൾ വ്യത്യസ്തമായി ചെയ്തതാണ്. അതിലെ നിറങ്ങളെല്ലാം അൽപം ഡാർക്ക് ആൻഡ് ഡസ്റ്റി ആണ്. പതിവു പോലെ ധാരാളം അലങ്കാരങ്ങളും ആഭരണങ്ങളുമെല്ലാം ഉപയോഗിച്ചിട്ടുണ്ട്. കേരളത്തനിമയുള്ള ആഭരണങ്ങളുമെല്ലാം അതിലുണ്ട്. 104 ഡിഗ്രി പനിയായിരുന്നു എനിക്കന്ന്. പോരാതെ മുംബൈയിൽ കനത്ത മഴയും. ഞാനാണെങ്കിൽ ഫാഷൻ ഷോ ചെയ്യുന്നത് ഇപ്പോൾ കുറവാണ്. അതുകൊണ്ടു തന്നെ ആശങ്കയുണ്ടായിരുന്നു. മഴ മാറിനിന്നാൽ മതിയെന്നു മനസിൽ ദൈവത്തോടു പറഞ്ഞു. വൈകിട്ട് ഇരുണ്ടുമൂടി നിന്ന ആകാശം പക്ഷേ പിന്നീട് പ്രശ്നമുണ്ടാക്കിയില്ല.

ദ് ഷോ സ്റ്റോപ്പർ

കരീനയുമൊത്ത് ആദ്യമായാണ് ഒരു ഷോ ചെയ്യുന്നത്. അതുകൊണ്ടു ഞങ്ങൾ രണ്ടു പേരും ഒരുപോലെ ആശങ്കാകുലരായിരുന്നു. പക്ഷേ ഷോ തുടങ്ങുന്നതിനു മുമ്പു കരീന മാധ്യമങ്ങളെ കാണുകയും ഇതേക്കുറിച്ചു പറയുകയും ചെയ്തു. അതിനിടെയിലാണ് ഞാൻ എത്തിയത്. അവിടെ വച്ച് ഞങ്ങൾ രണ്ടു പേരും കണ്ടു, പെട്ടെന്നു തന്നെ പൊട്ടിച്ചിരിക്കുകയും ചെയ്തു. അതോടെ ആദ്യത്തെ ആശങ്കൾ മാറി. അവർ കൂടുതൽ Glowing and beautiful ആയിരുന്നു. ഞങ്ങളുടെ ഷോയും മികച്ച രീതിയിൽ ചെയ്യാനായി.

സബ്യസാചി കൊച്ചി സ്റ്റോർ

തീർച്ചയായും കേരളത്തിലേക്കു വരും. ഒന്നു രണ്ടു വർഷത്തിനുള്ളിൽ കൊച്ചിയിൽ തന്നെ സബ്യസാചി സ്റ്റോർ തുറക്കും. പഴമയുടെ പ്രൗഡി ചോരാത്ത ഒരു കെട്ടിടം കണ്ടെത്തുകയേ വേണ്ടൂ.

Your Rating: