Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ ഓസ്കാര്‍ ഗോസ് ടു...

Oscar ഹരി ആനന്ദ്, ശാലിനി ജെയിംസ്, സമീറ സനീഷ്, പൂർണിമ ഇന്ദ്രജിത്ത്

സിനിമയുടെ മാത്രമല്ല, ഫാഷന്റെയും ലോക വേദിയാണ് ഓസ്കർ. ക്ലാസിക് സിനിമകൾക്കൊപ്പം ക്ലാസിക് ഫാഷൻ ഡിസൈനുകളും മൽസരിച്ചെത്തുന്ന വേദി. ഹോളിവുഡ് താരനിര വൈവിധ്യമാർന്ന ഡിസൈനുകളുമായി റെഡ് കാർപറ്റിലൂടെ അടിവച്ചെത്തുമ്പോൾ ലോകം നോക്കുന്നത് ആ വൈവിധ്യങ്ങളിലേക്കു കൂടിയാണ്. ലോകോത്തര ഡിസൈനർമാരുടെ കൂടി മൽസര വേദിയാണിവിടം. ഇത്തവണ ഓസ്കർ റെഡ് കാർപറ്റിൽ ഒഴുകിയെത്തിയ ഡിൈസനുകളിൽ ഏറ്റവും മികച്ചതേത്? കേരളത്തിലെ പ്രമുഖരായ നാലു ഫാഷൻ ഡിസൈനർമാർ തങ്ങൾക്കു പ്രിയപ്പെട്ട ഓസ്കർ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നു.

മഞ്ഞയിൽ മിന്നി അലീഷ്യ

(ഹരി ആനന്ദ്) ‌

Oscar അലീഷ്യ വിക്കാൻഡർ

ഓസ്കർ റെഡ് കാർപറ്റിൽ ഏറ്റവുമധികം ഫാഷൻ പരീക്ഷണങ്ങൾ അരങ്ങേറുന്നതു ഗൗണുകളിലാണ്. ഇത്തവണ പുതുമ കൊണ്ട് ആകർഷിച്ചത് അലീഷ്യ വിക്കാൻഡർ ‍തന്നെ. ആ ഗൗണിന്റെ നിറത്തിൽ തുടങ്ങുന്നു കൗതുകം. ഗൗണുകളിൽ സാധാരണ ഗോൾഡൻ, സിൽവർ, ചുവപ്പ്,നീല എന്നിങ്ങനെയുള്ള നിറങ്ങളാണു കാണുക. എന്നാൽ അലീഷ്യയുടെ ഗൗൺ സാധാരണ യൂറോപ്യൻ ശൈലിയിൽ കാണാത്ത മഞ്ഞയാണ്. ഡിസൈനിലേക്കു കടക്കുമ്പോൾ അതിന്റെ അടിഭാഗത്തെ ബലൂൺ ഹെംലൈൻ തന്നെയാണു വലിയ ആകർഷണം. മുൻവശം ഇറക്കം കുറഞ്ഞും പിറകിൽ ഇറക്കം കൂടിയും വീർത്തിരിക്കുന്ന പോലുള്ള ആ ഡിസൈൻ രസമായിട്ടുണ്ട്. ഗൗണിനെ വ്യത്യസ്തമാക്കുന്നതാണ് അതിന്റെ എംബ്രോയിഡറി വർക്കുകൾ. അതും ഇതുവരെ കാണാത്ത രീതിയിലുള്ളതാണ്. ഫ്രഞ്ച് ഡിസൈനറായ ലൂയി വിറ്റോൺ ആണ് ഇതൊരുക്കിയത്. ഇത്തവണ മികച്ച സഹനടിക്കുള്ള പുരസ്ക്കാരം നേടിയതും സ്വീഡിഷ് താരമായ ആയ അലീഷ്യയാണ്.

വെള്ളയിൽ വെട്ടിത്തിളങ്ങി നമ്മുടെ പ്രിയങ്ക

(പൂർണിമ ഇന്ദ്രജിത്ത്)

Oscar പ്രിയങ്ക ചോപ്ര

ഞാനേറെ ഇഷ്ടപ്പെടുന്ന ഫാഷൻ ഡിസൈനറാണു സുഹൈർ മുറാദും മർഷേഫയും.. ഇത്തവണത്തെ ഓസ്കർ റെഡ് കാർപറ്റിൽ എന്നെ ആകർഷിച്ചതു സുഹൈർ മുറാദ് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞെത്തിയ നമ്മുടെ സ്വന്തം പ്രിയങ്ക ചോപ്രയെയാണ്. അതിസുന്ദരിയായിരുന്നു പ്രിയങ്ക ആ വെള്ള വസ്ത്രത്തിൽ. സ്കിൻ കളർ ഒൗട്ട്ഫിറ്റിൽ ബേസിക് ഫാബ്രിക് ചെയ്തു മനോഹരമാക്കിയ ഓഫ് ഷോൾഡർ ഗൗണിൽ പ്രിയങ്ക തിളങ്ങി. ഫാഷൻ ലോകത്തെ പിന്തുടർന്നവർക്ക് ആ വസ്ത്രം കാണുമ്പോൾ തന്നെ വ്യക്തമാകും അതു സുഹൈർ മുറാദിന്റേതാണെന്ന്. അതുപോലെ എടുത്തു പറയേണ്ട മറ്റൊരു വസ്ത്രമണിഞ്ഞതു ക്രിസി ടേഗനാണ്. ഗർഭാവസ്ഥയിലുള്ള ക്രിസിയെ അതിസുന്ദരിയാക്കി ഏറെ മനോഹരമായ ആ വസ്ത്രം. വെള്ള നിറഞ്ഞു നിന്ന കാഴ്ചയാണ് റെഡ് കാർപറ്റിൽ കണ്ടത്. ഫാഷൻ വൈവിധ്യവുമായി ഏറെ തരംഗം സൃഷ്ടിക്കുന്ന ലേഡി ഗാഗ പോലും ക്ലാസിക് വസ്ത്രം ധരിച്ചെത്തിയെന്നത് അത്ഭുതമായി. അവതരാകനായെത്തിയ ക്രിസ് റോക്കിന്റെ വെള്ള വസ്ത്രവും ഇഷ്ടപ്പെട്ടു പ്രിയങ്ക ചോപ്ര പുരസ്ക്കാര ദാനത്തിനുള്ള ക്ഷണിതാവായാണു റെഡ് കാർപറ്റിൽ എത്തിയത്. മികച്ച എഡിറ്റർക്കുള്ള പുരസ്ക്കാരമാണു പ്രിയങ്ക സമ്മാനിച്ചത്.

കറുപ്പിൽ ഏഴഴകായി കെയ്റ്റ് വിൻസ്‌ലെറ്റ്

(സമീറ സനീഷ്)

Oscar കെയ്റ്റ് വിൻസ്‌ലെറ്റ്

ഓസ്കർ വേദിയിൽ സുന്ദരിക്കുട്ടിയായെത്തിയതു ടൈറ്റാനിക് നായിക തന്നെ. കറുത്ത ഗൗണിൽ അതി സുന്ദരിയായിരുന്നു റെഡ് കാർപറ്റിൽ കെയ്റ്റ് വിൻ‌സ്‌ലെറ്റ്. തിളക്കമുള്ള ഫാബ്രിക്കിൽ ഒരുക്കിയ ആ കറുത്ത ഗൗൺ കെയ്റ്റിന്റെ ഭംഗി കൂട്ടി. ഇത്തരം വേദികളിൽ തിളങ്ങാൻ കറുത്ത നിറത്തേക്കാൾ മനോഹരമായ വേറെ നിറമില്ല. അത് എങ്ങനെ മനോഹരമാക്കാമെന്നു കെയ്റ്റ് റെഡ്കാർപറ്റിൽ കാണിച്ചു തന്നു. കറുത്ത ഗൗണിൽ തിളക്കമുള്ള വർക്ക് കൂടി വന്നതോടെ കെയ്റ്റിന്റെ സൗന്ദര്യത്തിനൊത്ത് ആ വസ്ത്രവും മനോഹരമായി. ആരാണു ഡിസൈനർ എന്നറിയില്ല, എങ്കിലും റെഡ്കാർപറ്റിലേക്ക് ഒഴുകിയെത്തിയ കെയ്റ്റ് വിൻസ്‌ലെറ്റ് പതിവിലും മനോഹരിയായിരുന്നു. ഗൗണിനോടു ചേർന്നു നിൽക്കുന്ന ആഭരണങ്ങളും തിര‍ഞ്ഞെടുക്കുന്നതിലുണ്ടായ പ്രത്യേക ശ്രദ്ധയും അതിമനോഹരം . സുഹൃത്ത് ലിയനാഡോ ഡി കാപ്രിയോക്കു ഓസ്കർ ലഭിക്കുമ്പോൾ പൊട്ടിക്കരയുന്ന കെയ്റ്റ് വിൻസ്‌ലെറ്റിന്റെ ആ മുഖവും ഓർമകളുടെ ഫ്രെയിമിലേക്ക് എടുത്തു വയ്ക്കേണ്ടതു തന്നെ. കെയ്റ്റിനു മികച്ച സഹനടിക്കുള്ള നോമിഷനേഷനും ലഭിച്ചിരുന്നു. ടൈറ്റാനികിലെ നായികയായി ലോകശ്രദ്ധ നേടിയ കെയ്റ്റ് അടുത്ത സുഹൃത്തായ ഡിക്രാപ്രിയോയ്ക്കു പുരസ്ക്കാരം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ ആ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ആഗ്രഹിച്ചാണെത്തിയത്.

പർപ്പിൾ സുന്ദരിയായി ടിന ഫെ

(ശാലിനി ജയിംസ്)

Oscar ടിന ഫെ

സ്ട്രാപ്പില്ലാത്ത പർപ്പിൾ ‘വെർസെയ്സ്’ ഗൗൺ അണിഞ്ഞെത്തിയ ടിന ഫെയെയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ഇന്ദ്രനീലവും വജ്രവും ഇടകലർത്തി തയാറാക്കിയ നെക്‌ലസും ഇതിനോടു നന്നായി ചേർന്നു നിന്നു. കേശാലങ്കാരമായിരുന്നു ടിനയുടെ മറ്റൊരു ആകർഷണം. പർപ്പിൾ തന്നെയായിരുന്നു ഇക്കുറി റെഡ് കാർപ്പറ്റിൽ നിറഞ്ഞു നിന്നത്. റീസ് വിതർസ്പൂണും ടിനയോടു സാദൃശ്യമുള്ള ഡീപ്പ് പർപ്പിൾ വസ്ത്രവും ടിഫാനി ഡയമണ്ട് സ്റ്റഡുമാണു റീസ് അണിഞ്ഞത്. ഒലീവിയ മുൺ അണിഞ്ഞ ഓറഞ്ച് നിറത്തിലെ സ്റ്റെല്ലാ മക്കാർട്ടിനി ഗൗൺ അത്യാകർഷകമായിരുന്നെങ്കിലും കേശാലങ്കാരം അത്ര നന്നായില്ല. അലിഖിത നിയമങ്ങൾ പൊളിച്ചെഴുതിയതു ഷാലിസ് തേണും. റെഡ് കാർപ്പറ്റിൽ ആരും ചുവപ്പ് അണിയില്ലെന്ന പരമ്പരാഗത വിശ്വാസം അവർ ഇല്ലാതാക്കി. ഡീപ് വി നെക്‌ലൈനുള്ള ഡയർ ഗൗൺ അവർക്ക് ഏറെ നന്നായി. അമേരിക്കൻ താരമായ ടീന ഫെ പുരസ്ക്കാര ദാനത്തിനാണ് ഓസ്കറിലെത്തിയത്

Your Rating: