Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബിന്റെ സ്വർഗ്ഗരാജ്യം, സ്റ്റൈലിന്റെയും!

Jacobinte Swargarajyam ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിന്ന്

വിനീത് ശ്രീനിവാസൻ ചിത്രമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യം കഥാതന്തുവിലും അവതരണത്തിലും മാത്രമല്ല വ്യത്യസ്തമാകുന്നത്. മറിച്ച്, ചിത്രത്തിലെ കോസ്ട്യൂമുകളുടെ വൈവിധ്യം കൊണ്ടും ഈ ചിത്രം ശ്രദ്ധേയമാകുകയാണ്. ഇടക്കാലത്തിറങ്ങിയ മറ്റു ചിത്രങ്ങളെ പോലെ തന്നെ, താരങ്ങളുടെ വസ്ത്രധാരണം, ആക്സസറീസ് എന്നിവയിൽ പുതുമ കൊണ്ട് വരാൻ ചിത്രത്തിൻറെ കൊസ്റ്റ്യൂം ഡിസൈനറായ സമീറാ സനീഷ് ശ്രദ്ധിച്ചിട്ടുണ്ട്. 

ഹൈലൈറ്റ് ചെയ്യാൻ ഒരു താരത്തിനു മാത്രം പ്രത്യേക സ്റ്റൈൽ കൊണ്ട് വരാതെ, എല്ലാ താരങ്ങളെയും ഓരോ വിധത്തിൽ വ്യത്യസ്തമാക്കുക എന്ന രീതിയാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുന്നത്‌. നിവിൻ പോളി, ശ്രീനാഥ് ഭാസി , ഐമ സെബാസ്റ്റ്യൻ എന്നിവരുടെ വസ്ത്രധാരണം എടുത്തു പറയാതെ വയ്യ. സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണം അർഹിക്കുന്ന വസ്ത്രങ്ങളാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഉടനീളം കാണാൻ കഴിയുന്നത്‌. 

ദുബായ്, ഫാഷന്റെ നഗരം

Jacobinte Swargarajyam ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിന്ന്

ദുബായ് നഗരത്തിന്റെ ഫാഷൻ ഭ്രമം അതുപോലെ കാണിച്ചുകൊണ്ടാണ്‌ ചിത്രത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. നായകനായ നിവിൻ പോളിയും അനുജനായി എത്തുന്ന ശ്രീനാഥ് ഭാസിയും സ്ഥിരം ജീൻസുകളിൽ നിന്നും കളർഫുൾ ജീന്സുകളിലേക്കും ലോ-വെയിസ്റ്റ് പാന്റുകളിലേക്കും ചുവടുമാറിയിരിക്കുന്നു. ചിത്രത്തിൽ പലയിടത്തും ഇവർ ജീൻസിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എങ്കിലും, ഫാഷൻ ലോകത്ത് ഹൈലൈറ്റ് ചെയ്യപ്പെടുന്നത് നിറമുള്ള പാന്റ്സിൽ തന്നെ. 

കൂൾ ശ്രീനാഥ്, ഡിഫറന്റ് ഐമ

Jacobinte Swargarajyam ‌ശ്രീനാഥ് ഭാസി, ഐമ

ഐമയെ സുന്ദരിയാക്കുന്നത് ഡെനിം കളർ സ്കിൻഫിറ്റ് ജീൻസ് തന്നെയാണ്. കൂടെ ആ കറുത്ത കട്ടി കണ്ണട കൂടിയാകുമ്പോൾ തീര്ത്തും ഡിഫറന്റ്. അത്തരം അർദ്ധവൃത്താകൃതിയിലുള്ള കറുത്ത കട്ടി കണ്ണടകൾക്ക് ഇപ്പോ മാർക്കറ്റിൽ വൻ ഡിമാന്റാണ്. പണ്ടൊക്കെ കണ്ണട വച്ചാൽ മുഖത്തിന്റെ ഭംഗി പോയി എന്ന് പറഞ്ഞിരുന്ന പെൺകുട്ടികൾ ഇന്ന് കണ്ണട വയ്ക്കാൻ കാരണം കാത്തിരിക്കുകയാണ്. അർദ്ധവൃത്താകൃതിയിലുള്ള കറുത്ത കട്ടി കണ്ണടകൾ ഒരു ഹോട്ട് ലുക്ക്‌ നൽകുന്നു എന്ന് സ്റ്റൈലിസ്റ്റുകൾ തന്നെ പറയുന്നു. ഒപ്പം ശ്രീനാഥിന്റെ കൂളിംഗ് ഗ്ലാസിന്റെ ഭംഗിയും എടുത്തു പറയാതെ വയ്യ.

കോണ്ട്രാസ്റ്റ് കളറുകളാണ് ട്രെൻഡ്

Jacobinte Swargarajyam ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിന്ന്

കോണ്ട്രാസ്റ്റ് കളറുകൾ ഉപയോഗിച്ചാണ് കോസ്റ്റ്യൂമിന്റെ ഏറിയ പങ്കും ഡിസൈൻ ചെയ്തിരിക്കുനത്. ഇത് ഒരു ഫ്രഷ്‌ ലുക്ക്‌ നൽകുന്നു എന്ന് മാത്രമല്ല, ചിത്രത്തിലുടനീളം യുവത്വത്തിന്റെതായ ഒരു പ്രസരിപ്പ് ഫീൽ ചെയ്യിക്കുകയും ചെയ്യുന്നു. നീല , ഓറഞ്ച് , പച്ച നിറങ്ങളുടെ മികവ് ചിത്രത്തിൽ എടുത്തു നിൽക്കുന്നു. ചിത്രത്തിലെ മറ്റൊരു പുതുമ നായകന്മാർ ഉപയോഗിച്ചിരിക്കുന്ന ഓപ്പൺ പുൾ ഓവറുകൾ ആണ്. ഹൈ-നെക്ക് ആൻഡ്‌ നെക്ക് ലെസ്സ് ഓപ്പൺ പുൾ ഓവറുകൾ ചിത്രത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ അൽപ -സ്വൽപം ഫാഷൻ ഭ്രമം ഉള്ളവർക്ക് പരീക്ഷിക്കാൻ ഒത്തിരിയുണ്ട് ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ.