Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരു മിനിറ്റിൽ' ഇനി ഫൈനൽ

'ഒരു മിനിറ്റിൽ' ഇനി ഫൈനൽ ഫിനാലെ മത്സരാർത്ഥികൾക്കെ‌ാപ്പം നൈല ഉഷ

ജീവിതത്തിൽ ഒരു മിനിറ്റിന്റെ വില അറിയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. എന്നാൽ ആ 'ഒരു മിനിറ്റ്' കൊണ്ട് നേട്ടങ്ങൾ കൊയ്യാമെന്നു കേരളക്കര അറിഞ്ഞത് 'മിനിറ്റ് ടു വിൻ ഇറ്റ്' എന്ന ഗെയിം ഷോയിലൂടെ ആണ്. ഒരു രാജ്യാന്തര ഷോയുടെ എല്ലാ മികവും പുലർത്തി 'മിനിറ്റ് ടു വിൻ ഇറ്റ്' അതിന്റെ അന്തിമ ഘട്ടത്തിൽ എത്തുമ്പോൾ, കേരളം ഇനി സാക്ഷിയാകുന്നത് ഒട്ടും കളിയല്ലാത്ത ഒരു 'ഗ്രാൻഡ് ഫിനാലെയിലേക്ക്'.

കേവലം ഒരു മിനിറ്റ് മാത്രം നീണ്ട് നിൽക്കുന്ന കളികൾ, അത് ഇത്ര ജനശ്രദ്ധയും പ്രേക്ഷകപ്രീതിയും സമ്പാദിച്ചതിനു പിന്നിൽ ഒരു കാരണം മാത്രം- നൈല ഉഷ. അവതാരക എന്ന നിലയിലുപരി, തന്റെ സ്വതസിദ്ധമായ ആശയ വിനിമയ പാടവത്താൽ 'അയലത്തെ കുട്ടി' എന്ന സംബോധന ചുരുങ്ങിയ കാലംകൊണ്ട് നൈല ഉഷ സ്വന്തമാക്കി. നമുക്ക് ചുറ്റും കാണുന്ന വസ്തുക്കൾ; അതിൽ പലതും നിത്യോപയോഗ സാധനങ്ങൾ; ആ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഏവരിലും ആവേശം ജനിപ്പിക്കുന്ന രസകരമായ കളികൾ. അതിൽ കളിച്ചു ജയിച്ചാൽ നേടുന്നതോ ലക്ഷങ്ങളും! പക്ഷെ അതിനുള്ള സമയം ഒരു മിനിറ്റ് മാത്രം. ആ മിനിറ്റിനെ അതിജീവിക്കാൻ ഒരുപാട് മത്സരാർത്ഥികൾ സമയത്തോട് പോരാടി...

കൃത്യമായ ലക്ഷ്യത്തോടെയും ആത്മവിശ്വാസത്തോടെയും സമയത്തിനെതിരെ കളിക്കാൻ എത്തിയവരിൽ നിന്നും മൂന്നുപേർ ഫൈനൽ പോരാട്ടത്തിനായ് വീണ്ടും മിനിറ്റിന്റെ വേദിയിൽ നേർക്കുനേർ എത്തുന്നു. മുംബൈയിൽ നിന്നുമെത്തിയ മോഡൽ രാഹുൽ രാജശേഖരൻ, മിനിറ്റ് ടു വിൻ ഇറ്റിലെ ആദ്യ മത്സരാർത്ഥി ഡോ. മുഹമ്മദ് അഷീൽ, തൃശ്ശൂരിൽ നിന്നെത്തി മികച്ച മത്സരം കാഴ്ച വെച്ച ഇമ്മാനുവേൽ എന്നിവരാണ് ഫിനാലെ മത്സരാർത്ഥികൾ.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്നും വിനോദത്തിന്‍റെ പുതിയ ദൃശ്യ- ശ്രാവ്യ അനുഭൂതി പകർന്ന മഴവിൽ മനോരമയിലെ 'മിനിറ്റ് ടു വിൻ ഇറ്റ്' അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബാക്കിയാക്കുന്നത് ആകാക്ഷയുടെയും പ്രാർത്ഥനയുടെയും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ. മിനിറ്റിന്റെ വേദിയിൽ അവസാന പോരാട്ട കാഹളമുയരുമ്പോൾ, ആകാംക്ഷയോടെ അറിയാൻ ഒരു കാര്യം മാത്രം ബാക്കി, 'മിനിറ്റിന്റെ വേദി ആർക്ക് സ്വന്തം'? മറക്കാതെ കാണുക 'മിനിറ്റ് ടു വിൻ ഇറ്റ് ഫിനാലെ' ഈ ശനിയും ഞായറും രാത്രി 8.30 ന് മഴവിൽ മനോരമയിൽ!