Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യുന്നതങ്ങളിലെ നഗ്നതയ്ക്ക് വിലക്ക്!!!

topless

സ്ത്രീകൾ അരയ്ക്കു മുകളിലേക്ക് വസ്ത്രമില്ലാതെ നടക്കുന്നത് ന്യൂയോർക്കിൽ ഒരു കുറ്റമല്ല; നഗ്നതാപ്രദർശനത്തിന്റെ പേരും പറഞ്ഞ് ആരും അവരെ പിടികൂടി ജയിലിൽ അടയ്ക്കുകയുമില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ അഭിമാനമായ ഒരു കെട്ടിടത്തിനു മുകളിൽ കയറി നഗ്നതാപ്രദര്‍ശനം നടത്തിയാൽ മോഡലിനു പ്രശ്നമൊന്നുമുണ്ടാകില്ല, പക്ഷേ ആ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറോട് മേലാൽ കെട്ടിടത്തിലേക്ക് കാലെടുത്തു വച്ചേക്കരുതെന്ന് ശാസിച്ചു കളയും കോടതി. 40 വർഷത്തോളം ലോകത്തിലേ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡും നെഞ്ചിലേറ്റി നിന്ന എംപയർ സ്റ്റേറ്റ് ബിൽഡിങ്ങാണ് ഈ സംഭവത്തിന്റെ ലൊക്കേഷൻ.

topless-photography

അമേരിക്കയിലെ പ്രശസ്തനായ ഫാഷൻ ഫോട്ടോഗ്രാഫർ അലൻ ഹെൻസൺ രണ്ടുവർഷം മുൻപ് ഈ ബിൽഡിങ്ങിലെത്തി ഒരു പണിയൊപ്പിച്ചു. കെട്ടിടത്തിന്റെ എൺപത്തിയാറാം നിലയിലെ ഒബ്സർവേറ്ററിയിൽ നിന്നു നോക്കിയാൽ ന്യൂയോർക്ക് നഗരത്തെ അതിന്റെ ഏല്ലാ ഭംഗിയോടെയും കാണാം. തന്റെ പുതിയ ഫോട്ടോഗ്രാഫിക് ക്യാംപെയിന്റെ ഭാഗമായി ന്യൂയോർക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അർധനഗ്നരായ മോഡലുകളുടെ ഫോട്ടോ പകർത്തുകയായിരുന്നു അലൻ. അതിന്റെ ഭാഗമായാണ് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിലുമെത്തിയത്. കയ്യിൽ പക്ഷേ ഒരു മൊബൈൽ ക്യാമറയേ ഉണ്ടായിരുന്നുള്ളൂ. അതുപയോഗിച്ച്, ഒബ്സർവേറ്ററിയിലെ ടൂറിസ്റ്റുകൾക്കിടയിൽ ടോപ്‌ലസ് മോഡലുകളെ നിർത്തി കക്ഷി ചില ഫോട്ടോകളുമെടുത്തു. അതെല്ലാം തന്റെ വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അതോടെ ബിൽഡിങ് അധികൃതർക്ക് ഹാലിളകി.

allen

വാണിജ്യപരമായ ആവശ്യത്തിന് തങ്ങളുടെ കെട്ടിടം അനുവാദമില്ലാതെ ഉപയോഗിച്ചെന്നും പറഞ്ഞ് അവർ അലനെതിരെ കോടതിയിൽ കേസുകൊടുത്തു. സുരക്ഷിതമായി കുടുംബത്തോടൊപ്പം സന്ദർശിക്കാവുന്ന മാന്യമായ ടൂറിസ്റ്റ് കേന്ദ്രം എന്ന പേര് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് നഷ്ടമാകുന്ന വിധത്തിലായിരുന്നു അലന്റെ ഫോട്ടോഷൂട്ട് എന്നും അവർ കോടതിയെ ബോധിപ്പിച്ചു. 10 ലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ആ കേസ് ഇപ്പോഴും പരിഗണനയിലാണ്. അപ്പോഴാണ് കഴിഞ്ഞ മാസം അലന്റെ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റ്: ‘ന്യൂയോർക്ക് നഗരത്തിന്റെ അത്യുന്നതങ്ങളെ പേടിയില്ലാത്ത ഒരു മോഡലിനെ ആവശ്യമുണ്ട്...’എന്നായിരുന്നു അത്. അതോടെ ബിൽഡിങ് അധികാരികൾ ഉറപ്പിച്ചു–അലൻ വീണ്ടും ടോപ്‌ലസ് ഫൊട്ടോഗ്രഫിക്കായി മോഡലുകളുമായി വരാനുള്ള തയാറെടുപ്പിലാണ്. എന്തുവില കൊടുത്തും അത് തടയണം.

അങ്ങനെയാണ് അടിയന്തരപ്രാധാന്യമുള്ള വിഷയമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് മാൻഹട്ടൻ സുപ്രീം കോടതിയിൽ അവർ പുതിയ പരാതി ഫയൽ ചെയ്തത്. ബിൽഡിങ്ങിന്റെ മാനം പോകാതിരിക്കണമെങ്കിൽ അലൻ അവിടേക്കു കടക്കുന്നതു തടയണമെന്നായിരുന്നു ആവശ്യം. തങ്ങളുടെ വിധിയെ പുല്ലുവില കൽപിച്ച സാഹചര്യത്തിൽ കോടതിയും അലന് പ്രതികൂല നിലപാടെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ വിട്ടുകൊടുക്കാൻ കക്ഷി തയാറല്ല. ജൂലൈ 23ന് അൻപത് ടോപ്‌ലസ് മോഡലുകളുമൊത്ത് കോടതിയിലേക്കൊരു പ്രതിഷേധ പരേഡ് നടത്താനുള്ള ശ്രമത്തിലാണ് അലൻ. അതിലേക്കായി മോഡലുകളെ ആവശ്യമുണ്ടെന്ന പോസ്റ്റും പ്രചരിപ്പിച്ചുകഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.