Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' എന്നെ ഞാനാക്കിയ സൽമാൻ, ബിഗ്ബി അതുക്കും മേലെ '

phadnis-salman-bigb എംഫോർമാരി വെഡ്ഡിങ് വീക്കിന്റെ ആദ്യദിനത്തിൽ കൊച്ചിയിലെ ഫാഷൻ പ്രേമികൾ കണ്ട ആദ്യ വിവാഹവസ്ത്രശേഖരം വിക്രമിന്റേതാണ്. ബോളിവുഡിനെക്കുറിച്ചും ഇരുപത്തിയഞ്ചു വർഷത്തെ  ഫാഷൻ മേഖലയിലെ അനുഭവങ്ങളുമെല്ലാം വിക്രം പങ്കുവെക്കുന്നു.

കോറിയോഗ്രഫറായ ഫാഷൻ ഡിസൈനർ  എന്ന നിർവചനമായിരിക്കും ബോളിവുഡിന്റെ ഇഷ്ട ഡിസൈനര്‍ വിക്രം ഫഡ്നിസിന് ഏറെ ചേരുക. ഫാഷൻ സ്കൂളുകളിൽ പഠിച്ചിട്ടില്ലെങ്കിലും ഫാഷന്‍ പാഷനായി കൊണ്ടുനടന്ന ആ യുവാവിന്റെ കലാവിരുത് ഇന്നലെ കൊച്ചിയും കണ്ടു. എംഫോർമാരി വെഡ്ഡിങ് വീക്കിന്റെ ആദ്യദിനത്തിൽ കൊച്ചിയിലെ ഫാഷൻ പ്രേമികൾ കണ്ട ആദ്യ വിവാഹവസ്ത്ര ശേഖരം വിക്രമിന്റേതാണ്. ബ്രൈഡൽ വസ്ത്രങ്ങൾക്കു കിട്ടിയ പിന്തുണ കണ്ടപ്പോൾ വിക്രമിനു തന്നെ തോന്നിക്കാണും ദൈവത്തിന്റെ സ്വന്തം നാട്ടിൽ വരാൻ താൻ ഇത്ര വൈകിയതെന്തേ എന്ന്. ബോളിവുഡിനെക്കുറിച്ചും ഇരുപത്തിയഞ്ചു വർഷത്തെ ഫാഷൻ മേഖലയിലെ അനുഭവങ്ങളുമെല്ലാം വിക്രം പങ്കുവെക്കുന്നു.

കേരളം കിടു...

മനോഹരമാണ് ഈ നാട്. ധാരാളം ഷോപിങ് ചെയ്യണം, അമ്മയ്ക്കു സാരി വാങ്ങണം, കായലുകൾ കാണണം അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങൾ ലിസ്റ്റിലുണ്ട്. കേരളത്തിന്റെ സ്പെഷൽ കൈത്തറി എന്തായാലും വാങ്ങണം. തീർന്നില്ല അടുത്ത ഷോയില്‍ തീർച്ചയായും കേരളത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട കളക്ഷനും ഉണ്ടായിരിക്കും. 

അന്നു കോറിയോഗ്രഫർ  ഇന്നു ഫാഷൻ ഡിസൈനർ..

vikram-in-ramp

കോറിയോഗ്രഫറായി തുടങ്ങി ഫാഷൻ ഡിസൈനറിലേക്കുള്ളള മാറ്റം തീർത്തും സ്വാഭാവികമായിരുന്നു. ഞാനൊരിക്കലും ഒരിടത്തു തന്നെ നിൽക്കാന്‍ ആഗ്രഹിച്ചിരുന്നില്ല, വളർച്ചയെ എന്നും ആഗ്രഹിച്ചിരുന്നയാളാണ്. കുട്ടിക്കാലം മുതലേ അംബീഷ്യസ് ആയിരുന്നു. കോറിയോഗ്രാഫി ദിനങ്ങളില്‍ പലപ്പോഴും സ്റ്റേജിനു പുറകിൽ പോയി വിവിധ രീതിയിലുള്ള വസ്ത്രങ്ങള്‍ കാണുമ്പോള്‍ വളരെ സന്തോഷമായിരുന്നു. അന്നേ മനസിലാക്കി തന്റെയുള്ളിൽ ഒരു ഫാഷന്‍ ഡിസൈനറുണ്ടെന്ന്.

പഠിച്ചതു മെഡിസിൻ, പഠിക്കാത്തതു ഫാഷൻ

അച്ഛനും അമ്മയും ഡോക്ടർമാർ ആയതുകൊണ്ട് സ്വാഭാവികമായും മെഡിസിനു തന്നെയാണ് ചേർന്നത്. രണ്ടുവർഷം ആ മേഖലയിൽ തന്നെയായിരുന്നു. പക്ഷേ അപ്പോഴൊക്കെയും തനിക്ക് എങ്ങനെയെങ്കിലും ഫാഷൻ രംഗത്തേക്ക് എത്തിപ്പെടണമെന്നു തന്നെയായിരുന്നു ആഗ്രഹം. പക്ഷേ ഒരു ഡോക്ടർകുടുംബത്തിൽ പഠനം പാതിയാക്കി ഫാഷൻഡിസൈനറാകുവാൻ പോവുകയാണെന്നു പറഞ്ഞാലുള്ള കാര്യം  അറിയാമല്ലോ? വീട്ടുകാരെയൊക്കെ ബോധ്യപ്പെടുത്താൻ കുറച്ചുകാലമെടുത്തു. ആദ്യപടിയെന്ന നിലയ്ക്കാണ് കോറിയോഗ്രാഫിയിലേക്കു തിരിഞ്ഞത്. ബോളിവുഡിലും ഫാഷൻ വീക്കുകളിലും തിളങ്ങുന്നുണ്ടെങ്കിലും വിക്രം ഒരു ഫാഷന്‍ സ്കൂളിലും പഠിച്ചിട്ടില്ല. പതിയെയാണ് ഫാഷൻ രംഗത്തു നിലനിൽക്കേണ്ടത് എങ്ങനെയാണെന്നൊക്കെ മനസിലാക്കിയത്.  

സല്യൂട്ട് സൽമാൻ, ബിഗ്ബി..

ബോളിവുഡിന് ഇന്ന് ഈ മികച്ച ഫാഷൻ ഡിസൈനറെ ലഭിച്ചതിൽ സൽമാൻ ഖാനും വലിയ സ്ഥാനമുണ്ട്. താനിന്ന് ഈ നിലയിൽ എത്തിയതിനു കാരണം സൽമാന്‍ ഖാന്‍ ആണെന്നു പറയുന്നു വിക്രം. ഒരു ദിവസം രാത്രി പതിനൊന്നരയൊക്കെ ആയ സമയത്ത് സൽമാൻ വിളിച്ചു ചോദിച്ചു താങ്കൾക്ക് എന്റെ കൂടെ പ്രവർത്തിക്കാൻ താൽപര്യമുണ്ടോയെന്ന്. അപ്പോൾ തന്നെ ലോണാവാലയിലേക്കു വരാനും അദ്ദേഹം പറഞ്ഞു. അന്നു തൊട്ടുള്ള സൗഹൃദമാണ്. 

ബിഗ്ബിയോടുള്ളള നന്ദിയും എത്ര  പറഞ്ഞാലും തീരില്ല. ഇരുപത്തിയഞ്ചു വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അദ്ധ്വാൻ എന്ന ഷോയ്ക്കു വേണ്ടി ക്ഷണിക്കാനാണ് അന്ന് അമിതാഭ് ബച്ചനെ കാണാൻ പോയത്. തീയതിയും സമയവുമൊക്കെ പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങോട്ടു പറയുകയായിരുന്നു ഞാൻ താങ്കൾക്കു വേണ്ടി റാംപിൽ നടക്കാമെന്ന്. ആ സമയത്തെ ഞെട്ടലിൽ അയ്യോ, സാർ പരിപാടിക്കു വന്നാൽ തന്നെ സന്തോഷമാകുമെന്നു പറഞ്ഞു. അപ്പോൾ അദ്ദേഹമാണു ചോദിച്ചത് ഈ ആഘോഷവേളയിൽ താങ്കൾക്കു വേണ്ടി ഞാൻ ഷോസ്റ്റോപർ ആകാം എന്ന്. എന്തു പറയണമെന്നു തന്നെ അറിയില്ലായിരുന്നു. അത്രയ്ക്കും സന്തോഷം തോന്നി. ഇന്നും താൻ ഏതു കാര്യങ്ങള്‍ക്കു ക്ഷണിച്ചാലും അദ്ദേഹം എന്നും എന്നോടൊപ്പം ഉണ്ടാകുമെന്നുറപ്പാണ്.

അംബിക പിള്ള ബെസ്റ്റ് ഫ്രണ്ട്

phadnis with ambika pillai

നിങ്ങൾക്ക് അംബിക പിള്ള ഹെയർ മേക്അപ് ആർട്ടിസ്റ്റും കലയിലും ക്രിയേറ്റിവിറ്റിയിലുമൊക്കെ അതുല്യ വൈദഗ്ധ്യം പുലർത്തുന്നയാളുമൊക്കെയായിരിക്കും, പക്ഷേ എനിക്ക് നല്ല സുഹൃത്താണ്. തന്റെ വളർച്ചയുടെ ആദ്യകാലം മുതൽ അംബികയുടെ പിന്തുണ ആവോളമുണ്ട്. അന്ന് അവർ ഡൽഹിയിലും താൻ ബോംബെയിലുമായിരുന്നു. ഒരുപാടു പ്രാവശ്യം ഒന്നിച്ചു പ്രവർത്തിച്ചിട്ടുമില്ല. പക്ഷേ എന്റെ ഇരുപത്തിയഞ്ചു വർഷം ആഘോഷിക്കുന്ന വേളയില്‍ ആദ്യം വിളിച്ചത് അംബിക പിള്ളയെയാണ്. ഇപ്പോഴും ഓർമയുണ്ട് ഡല്‍ഹിയിൽ വച്ചുനടന്ന ആദ്യഫാഷന്‍ വീക് സമയത്ത് ഞാന്‍ ഭയങ്കര  ഇൻസെക്യൂര്‍ ആയിരുന്നു. ഡൽഹിയിലെ  ആളുകള്‍ സഹായമനസ്കരല്ലെന്നൊക്കെ പൊതുവെ  ഒരു പറച്ചിലുണ്ട്, അതൊക്കെ തകർക്കുകയായിരുന്നു അംബിക.–വിക്രം പറയുന്നു. 

സിനിമ ഉടൻ...

രണ്ടു വർഷം മുമ്പ് സിനിമ സംവിധാനം ചെയ്യുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. വരുന്ന ഡിസംബറില്‍  അതിന്റെ പരിപാടികൾ ആരംഭിക്കും. താൻ ചെയ്യുന്ന സിനിമ ആയതുകൊണ്ട്  ഫാഷനോ ഡാൻസോ ഒക്കെയായിരിക്കും ആശയം എന്നായിരിക്കും പലരുടെയും ധാരണ, എന്നാൽ അങ്ങനെയല്ല ബന്ധങ്ങളെക്കുറിച്ചു പറയുന്ന ഒരു ചിത്രം ആയിരിക്കും അത്. കാൻസർ ബാധിച്ചു മരിച്ച ഒരു എട്ടുവയസുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. അഭിനേതാക്കളെയും മറ്റും തീരുമാനിച്ചു വരുന്നതേയുള്ളു. 

  

ട്രെൻഡോ? അങ്ങനെയൊന്നില്ല..

phadnis-bipasha-dia

ട്രെൻഡ് എന്ന വാക്കിൽ തനിക്കു വിശ്വാസമേയില്ലെന്നു പറയുന്നു വിക്രം. കാരണം താന്‍ ബ്ലാക് നിറം തിരഞ്ഞെടുത്തു മറ്റൊരാള്‍ വേറൊന്നാണു ധരിക്കുന്നതെങ്കിൽ അയാൾ ഔട്ഡേറ്റഡ് ആണെന്നു പറയാന്‍ പറ്റില്ല. അവനവൻ തന്നെയാണ് ട്രെൻഡ്സ് തീരുമാനിക്കേണ്ടത്. ഫാഷൻ ഓരോരുത്തരിലും വ്യത്യസ്തപ്പെട്ടിരിക്കും, ഓരോരുത്തരുടെയും ശരീരഘടനയ്ക്കും നിറത്തിനും ഒക്കെ ചേരുന്നതാണ് തിരഞ്ഞെടുക്കുക. കംഫർട്ടബിള്‍ ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. എല്ലാക്കാലത്തും സാരിയും ലെഹങ്കയും ഷെർവാണിയുമൊക്കെ തന്നെയാണ് താൻ ഡിസൈൻ ചെയ്യുന്നത്, പക്ഷേ അവയിൽ  കൊണ്ടുവരുന്ന വ്യത്യസ്തതയിലാണു കാര്യം.