Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മമ്മൂക്ക പരിചയപ്പെടുത്തിയതും നായികയെന്നല്ലേ, ട്രാൻസ് എന്ന വാൽ എനിക്ക് വേണ്ട '

ട്രാൻസ് എന്ന വാൽ എനിക്ക് വേണ്ട; നിലപാട് വ്യക്തമാക്കി അഞ്ജലി അമീർ

ഇന്ത്യൻ സിനിമയും മലയാളസിനിമയും അനുദിനം പുതിയ പരീക്ഷണങ്ങളുടെയും മാറ്റത്തിന്റെയും പാതയിലാണ്. പുതിയ കഥകളും തിരക്കഥാകൃത്തുക്കളും സംവിധായകരും പുതുമുഖങ്ങളുമൊക്കെ കടന്നുവരുന്ന സിനിമാമേഖല, മൂന്നാംലിംഗം എന്ന് വിശേഷിപ്പിക്കുന്ന ട്രാൻസ്ജെൻഡർ, ട്രാൻസ് സെക്ഷ്വൽ വിഭാഗത്തിൽപ്പെട്ടവരെ അഭിനയരംഗത്ത് നിന്നും അകറ്റി നിർത്തുകയാണ് പതിവ്. ആ പതിവിന് വിപരീതമായി വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് തമിഴ് സംവിധായകൻ റാം. അതിന് കാരണമായതാകട്ടെ മമ്മൂട്ടിയും മനോരമന്യൂസും . റാം സംവിധാനം ചെയ്യുന്ന പുതിയ സിനിമ പേരമ്പിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ അവസരം കിട്ടിയതിനെക്കുറിച്ചും സിനിമയിലേക്കുള്ള ആദ്യചുവടുവെയ്പ്പിനെക്കുറിച്ചും അഞ്ജലി അമീർ സംസാരിക്കുന്നു. മോഡലിങ്ങ് രംഗത്ത് സജീവമാണ് അഞ്ജലി.

transgendermodel-anjali

എങ്ങനെയാണ് സിനിമയുടെ വാതിൽ തുറക്കുന്നത്?
സിനിമയിൽ എനിക്ക് അവസരം കിട്ടിയതിന് ആദ്യം നന്ദി പറയാനുള്ളത് മനോരമന്യൂസിനോടാണ്. മനോരമന്യൂസിലെ പുലർവേളയിൽ എന്നെക്കുറിച്ച് ഒരു വാർത്ത ഉണ്ടായിരുന്നു. അത് കണ്ടിട്ടാണ് മമ്മുക്ക എന്റെ പേര് നിർദേശിക്കുന്നത്. മോഡലിങ്ങിൽ ഞാൻ സജീവമായിരുന്നു. എങ്കിലും ജീവിതത്തിൽ വഴിത്തിരിവായത് ഈ വാർത്തയാണ്.

റാംപ് മുതൽ സിനിമ വരെയുള്ള വഴികൾ അത്ര സുഗമമമായിരുന്നോ?
ഒരിക്കലുമല്ല. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്. സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ഒരു ചാനലിലെ സീരിയലിലേക്ക് നായികയാകാൻ ക്ഷണിച്ചിരുന്നു. കുറച്ച് എപ്പിസോഡുകൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അവർ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. അന്നൊക്കെ ഒരുപാട് വിഷമം തോന്നിയിരുന്നു. മോഡലിങ്ങിൽ സജീവമാണെങ്കിലും അഭിനയിക്കണമെന്നുള്ളത് എന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അത് ഇപ്പോൾ സാധിച്ചു. ഇത് ഒരുപാട് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മമ്മൂട്ടിയോടൊപ്പമുള്ള അരങ്ങേറ്റം എങ്ങനെയുണ്ടായിരുന്നു?
എല്ലാവരെയും പോലെ എനിക്കും ആദ്യം മമ്മുക്കയോട് സംസാരിക്കാനൊക്കെ പേടിയുണ്ടായിരുന്നു. മമ്മുക്ക ഭയങ്കര ചൂടനാണെന്നൊക്കെയുള്ള സ്ഥിരം പല്ലവി കേട്ടുകൊണ്ടാണ് ഞാനും അഭിനയിക്കാൻ ചെന്നത്. പക്ഷെ ആളുകൾ പറയുന്നത് പോലെയൊന്നുമല്ല. ഒരോ സീനും മെച്ചപ്പെടുത്താൻ വേണ്ട ഉപദേശങ്ങളൊക്കെ തന്ന് വളരെ കംഫർട്ടബിൾ ആക്കിയിരുന്നു. യാതൊരു വിധത്തിലുള്ള വിവേചന മനോഭാവവും അദ്ദേഹം കാണിച്ചിരുന്നില്ല എന്നുള്ളത് ഏറെ സന്തോഷം നൽകി. ഫേസ്ബുക്കിലൂടെ എന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയപ്പോൾ ട്രാൻസ്ജെൻഡർ ട്രാൻസ് സെക്ഷ്വൽ എന്ന വാക്കുകൾ പോലും ഉപയോഗിച്ചില്ല. ഇതാണ് നായിക എന്നു പറഞ്ഞായിരുന്നു പോസ്റ്റ്. ആദ്യ സിനിമ തന്നെ മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനോടൊപ്പമായതിൽ ഒരുപാട് സന്തോഷമുണ്ട്.

transgendermodel-anjali3

സിനിമയിലായാലും സമൂഹത്തിലായാലും ഇത്തരം വിവേചനങ്ങൾ എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്?

നമ്മുടെ നാട്ടിൽ മാത്രമാണ് ഞങ്ങളോട് ഇത്രയധികം വേർതിരിവ് വരുന്നത്. മറ്റു രാജ്യങ്ങളിൽ സമൂഹത്തിൽ ഒരാളായിട്ട് മാത്രമാണ് കാണുന്നത്. ട്രാൻസ് ജെൻഡർ എന്താണ്? ട്രാൻസ് സെക്ഷ്വൽ എന്താണെന്ന് പോലും കൃത്യമായി അറിയാത്തവരാണ് സമൂഹത്തിലുള്ളത്. ഞാൻ ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായതാണ്. എന്നെ ഈ ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെടുത്തുന്നത് അൽപ്പം വിഷമമുള്ള കാര്യമാണ്. എന്റെ തിരിച്ചറിയൽ രേഖകളിലെല്ലാം സ്ത്രീ എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്ത്രീയായി മാറിക്കഴിഞ്ഞ ഒരാളെ പിന്നെയും ട്രാൻസ് എന്ന് വിളിക്കുന്നത് കഷ്ടമാണ്. എന്റെ പേരിനോടൊപ്പം അത്തരമൊരു വാൽ എനിക്ക് താൽപ്പര്യമില്ല.

ട്രാൻസ് എന്ന വാൽ എനിക്ക് വേണ്ട; നിലപാട് വ്യക്തമാക്കി അഞ്ജലി അമീർ

സാധാരണ ഒരു വ്യക്തിയായി കാണാൻ മാധ്യമങ്ങളായാലും സമൂഹമായാലും തയ്യാറാകുന്നില്ല. മോഡലിങ്ങിൽ ഒരു കരിയർ എനിക്കുണ്ടായത് സ്വദേശമായ കോഴിക്കോട്ട് നിന്നും കോയമ്പത്തൂരിൽ എത്തിയതിന് ശേഷമാണ്. ഇതിനർഥം നമ്മുടെ സമൂഹത്തിൽ മാറ്റങ്ങൾ വരുന്നില്ല എന്നല്ല. നിയമമൊക്കെ കർശനമായതോടെ ഞങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളൊക്കെ കുറഞ്ഞു വരുന്നുണ്ട്. സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാൻ പഴയതുപോലെ ബുദ്ധിമുട്ട് കാണിക്കുന്നില്ല എന്നുള്ളത് സന്തോഷമുള്ള വസ്തുതയാണ്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വരുന്നുണ്ടോ? മലയാളത്തിലേക്ക് എന്നാണ്?

തമിഴിൽ നിന്ന് ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. പേരമ്പിന് ശേഷം ശ്രാവണിന്റെ സിനിമയിലായിരിക്കും അഭിനയിക്കുന്നത്. മലയാളത്തിൽ അഭിനയിക്കണമെന്നുള്ളത് എന്റെ സ്വപ്നമാണ്. നല്ല കഥകളുമായി മലയാളം വിളിച്ചാൽ ഉറപ്പായും മലയാളത്തിലേക്ക് വരും.

കടപ്പാട് : www.manoramanews.com