Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം കൊണ്ടൊരു രുചിക്കൂട്ട്...

Chef Pradeep ഷെഫ്‌ പ്രദീപ്‌

ഭക്ഷണം രുചിയോടെ ഉണ്ടാക്കാനും സന്തോഷത്തോടെ വിളമ്പാനും സംതൃപ്തിയോടെ കഴിക്കാനും സാധിക്കുക എന്നത് ഒരു ഭാഗൃം തന്നെയാണ്. രുചിയോടെ ഉണ്ടാക്കാന്‍ അറിഞ്ഞാലും കഴിക്കുന്നവനു തൃപ്തിയാവണമെങ്കിൽ അതു വിളമ്പുന്നതിലും വേണം നൈപുണ്യം. പാചകകലയെ തന്റെ ജീവിതം തന്നെയായി കാണുന്ന ഷെഫ്‌ പ്രദീപിന്റെ വാക്കുകളാണിത്. മഴവില്‍ മനോരമയിലെ 'ദേ ഷെഫ്‌‌' എന്ന ജനപ്രിയ കുക്കിംഗ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ പരിചിതനാണ് ഷെഫ്‌ പ്രദീപ്‌. ദുബായിലെ പ്രശസ്ത ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ്‌ ആയിരിക്കെ 2007 ലും 2009 ലും 515 വിഭവങ്ങൾ ഉൾപ്പെടുത്തിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുഫേ തയ്യാറാക്കി എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് അദ്ദേഹം അർഹനായി. രുചിയുടെ പുത്തൻ സ്വാദ് സ്നേഹത്തോടെ ആവശ്യക്കാർക്ക് വിളമ്പിയ അദ്ദേഹത്തിന്റെ ജീവിതവും രുചിഭേദങ്ങളുടെ മിശ്രിതമായിരുന്നു. വായനക്കാർക്കായി ഷെഫ്‌ പ്രദീപ്‌ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.

എന്റെ തുടക്കം

പാലക്കാട്ടെ സാധാരണ ഒരു നാട്ടിൻപുറത്തുകാരായ അച്ഛനും അമ്മയും. ഞങ്ങളുടെ ജീവിതമാർഗമായിരുന്നു ഒരു കൊച്ചു ചായക്കട. എന്റെ ലോകം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഞാൻ എന്നും കാണുന്നതും ഈ ചായക്കടയും പാചകവും തന്നെയായിരുന്നു. പിന്നെ ചെറുപ്പം തൊട്ടെ ഞാനൊരു ഭക്ഷണപ്രിയനായിരുന്നു. ഭക്ഷണം എളുപ്പത്തിൽ കിട്ടുന്ന സ്ഥലമാണല്ലൊ ഹോട്ടൽ. അപ്പോൾ അവിടെ ജോലി ചെയ്തു കഴിഞ്ഞാൽ നമുക്ക് ആവശ്യത്തിനുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കാമല്ലൊ എന്നൊക്കെ‌‌‌‌‌‌‌‌‌‌‌‌‍‍‍‍‌‌‌‌യുളള ചിന്തയാണ് എന്നെയിവിടെ എത്തിച്ചത്.

Chef Pradeep 'ദേ ഷെഫ്‌' എന്ന പരിപാടിക്ക് പ്രതിക്ഷിച്ചതിനെക്കാളും ജനപ്രീതിയാണ് ലഭിച്ചത്. നമ്മുടെ കേരളത്തിൽ ഇത്രയധികം പ്രാഗല്ഭ്യത്തോടെ പാചകം ചെയ്യുന്ന ആളുകളുണ്ടെന്നു ലോകമറിഞ്ഞത് 'ദേ ഷെഫി'ലൂടെയാണ്.

അനുഭവങ്ങളുടെ, രുചി ഭേദങ്ങളുടെ പഠനകാലം

പഠനത്തോടൊപ്പം ജോലി ചെയ്യുക എന്നതായിരുന്നു എന്റെ രീതി. പത്തു കഴിഞ്ഞതു മുതൽ ഞാൻ പാർട്ട്‌ ടൈം ജോലി ചെയ്തുതുടങ്ങിയതാണ്. ഒന്നുകിൽ രാവിലയൊ വൈകീട്ടോ അല്ലെങ്കിൽ രാത്രിയോ ക്ലാസ്സിനു പോകും‌, അതിനനുസരിച്ച് ജോലിയും ചെയ്യും. മുംബൈ ദാദാർ കേറ്ററിംഗ് കോളേജിലെ പഠനവും അങ്ങനെ തന്നെയായിരുന്നു. രുചിയുടെ രസക്കൂട്ടുകളും ജീവിതത്തിന്റെ തീക്ഷ്ണതയും അനുഭവിച്ചറിഞ്ഞത് അവിടെവെച്ചാണ്. പിന്നീടു ദുബായിൽ എത്തിയപ്പോൾ ഒരു കോളേജിൽ പഠിക്കാനും പഠിപ്പിക്കാനും സാധിച്ചു. എന്റെ ജോലിയും പഠിത്തവും എല്ലാം ഇതു തന്നെയായിരുന്നു. പിന്നെ, വേറെ എന്തെങ്കിലും അറിയാമോ എന്ന് ചോദിച്ചാൽ ഒന്നും അറിയില്ല (ചിരി).

ജോബ്‌ കംസ് ഫസ്റ്റ്

ഓരോ പടി ഉയരാൻ എന്നെ സഹായിച്ചത് എന്റെ ജോലിയാണ്. ഒരു എക്സിക്യൂട്ടീവ് ഷെഫ്‌ ആകണമേന്നോ ബിസിനസ്‌ രംഗത്തേക്ക് പ്രവേശിക്കണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. ഇതൊക്കെ എന്നെ തേടി വരികയായിരുന്നു. ഒരു പക്ഷെ എന്റെ കഠിനാധ്വാനമാകാം ഇതിനൊക്കെ കാരണം. ഇപ്പോഴും ഞാൻ മുഴുവൻ സമയവും ഇതിനു വേണ്ടി തന്നെ ചെലവഴിക്കുന്നു എന്നു വേണം പറയാൻ. എനിക്ക് എന്റെ കുടുംബം പോലും രണ്ടാമതാണ്‌. ബാക്കി എല്ലാവരും പറയുമായിരിക്കും ഫാമിലി ഫസ്റ്റ് പ്രൊഫഷൻ സെക്കന്റ്‌ എന്ന്. എന്നാൽ എനിക്ക് എപ്പോഴും എന്റെ ജോലി തന്നെയാണ് ഒന്നാമത്.

Chef Pradeep ഷെഫ് പ്രദീപ് ദേ ഷെഫ് ടീമിനൊപ്പം

എന്റെ ഒരു ദിവസം

ചിലർ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നത് രാവിലെ അഞ്ചു മണിക്കായിരിക്കും. അപ്പോൾ അതിനു മുന്‍പേ കൂടെയുള്ളവർക്കൊപ്പം ഞാൻ എന്റെ ജോലിയും തുടങ്ങും. ഒന്നുങ്കിൽ ആഹാരം ഉണ്ടാക്കാൻ കൂടുക അല്ലെങ്കിൽ അതിന്റെ രുചി നോക്കുക. രാവിലെ നാലു മണി മുതൽ പത്തു മണി വരെ ടേസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ദിവസങ്ങൾ പോലുമുണ്ടാകും. ചിലപ്പോൾ വ്യതസ്ത ഹോട്ടലുകളിലെ ചുമതല ഒരേ സമയത്തു ഏറ്റെടുക്കേണ്ടി വരും. അപ്പോൾ അഞ്ചു മണിക്ക് ഒരു ഹോട്ടലിൽ തുടങ്ങി ആറുമണിക്ക് വേറെ ഹോട്ടലിൽ പോകേണ്ടി വരും. അവിടെ ആഹാരം ടേസ്റ്റ് ചെയ്തു നോക്കേണ്ടിയും വരും. മറ്റുള്ളവർക്ക് കൊടുക്കുന്നതിനു മുന്‍പേ അത് കഴിക്കാൻ പറ്റുന്നതാണോയെന്ന് ഉറപ്പുവരുത്തുന്നതു നല്ലതാണ്. പിന്നെ ഒരു പത്തു മണിക്ക് ശേഷം ലഞ്ചിനുള്ള തയാറെടുപ്പ് തുടങ്ങും. ചിലപ്പോൾ അതു മൂന്നുമണിയാകുമ്പോഴാകും അവസാനിക്കുക. പിന്നെ സ്നാക്ക്സ്, ഡിന്നർ ഇതൊക്കെ കഴിയുമ്പോൾ രാത്രി ഏകദേശം പന്ത്രണ്ടു മണിയാകും. ന്യൂ ഇയർ പോലുള്ള ഫെസ്റ്റിവൽ സമയത്ത് നമ്മൾ മുഴുവൻ സമയവും ഇതിന്റെ കൂടെയായിരിക്കും. പലപ്പോഴും ഉറങ്ങാൻ പോലും സമയം കിട്ടിയില്ലെന്നുവരും.

ഗുണനിലവാരം ഉറപ്പുവരുത്താൻ വളരെ എളുപ്പം

എല്ലാ ചേരുവകളും ഉപയോഗിക്കുന്നതിനു മുൻപുതന്നെ അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുക എന്നൊന്നുണ്ട്. ഇപ്പോൾ പച്ചക്കറിയാണെങ്കിൽ അത് എവിടെനിന്ന് വരുന്നു, അതിൽ ബാക്ടീരിയ ഉണ്ടോ, അതിന്റെ ശുചീകരണ പ്രക്രിയ നടത്തുക പിന്നെ ലാബ് ടെസ്റ്റ്‌ ചെയ്യുക ഇതൊക്കെ ക്വാളിറ്റി ഉറപ്പു വരുത്താൻ ചെയ്യാറുണ്ട്. 'ഫാം ടു ഫോർക്ക്' എന്നൊരു രീതിയുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങുമ്പോഴും നമുക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഈ പച്ചക്കറികൾ എവിടെനിന്ന് വരുന്നു എന്ന് മനസിലാക്കാൻ സാധിച്ചാൽ തന്നെ നമുക്ക് അതിന്റെ ഗുണനിലവാരം മനസിലാക്കാൻ സാധിക്കും. പിന്നെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം അത് നന്നായി കഴുകിയെടുക്കുക എന്നതാണ്. പലരും ഇതൊക്കെ വെറുതെ വെള്ളത്തിൽ കഴുകി ഉപയോഗിക്കും. അങ്ങനെയല്ല ചെയ്യേണ്ടത്. കറിവേപ്പിലയാണെങ്കിൽപ്പോലും അത് തണുത്ത വെള്ളത്തിൽ ഇട്ടുവെച്ചാൽ അതിലെ ബാക്ടീരിയയും പൊടിയുമെല്ലാം പോകും. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയുന്നത് ഉചിതമാണ്. ഇലവർഗങ്ങൾ കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും തണുത്ത വെള്ളത്തിൽ ഇട്ടുവെയ്ക്കണം. സോഫ്റ്റ്‌ സ്കിന്നുള്ള പഴവർഗങ്ങളും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം രണ്ടു മണിക്കൂർ ഐസ് വെള്ളത്തിൽ ഇട്ടുവെച്ചതിനു ശേഷം ഫ്രഷ്‌ വാട്ടറിൽ കഴുകിയിട്ടു മാത്രമെ ഉപയോഗിക്കാവു.

Chef Pradeep ഷെഫ് പ്രദീപ് ദേ ഷെഫ് ടീമിനൊപ്പം

ആവശ്യം അറിഞ്ഞു വിളമ്പുക

ഏതു ഭക്ഷണമായാലും അത് ആവശ്യക്കാരന് കൊടുക്കുമ്പോഴാണ് സംതൃപ്തി ലഭിക്കുന്നത്. സ്ഥിരം കഴിക്കുന്നവരാണെങ്കിൽ അതിലൊരു വ്യത്യസ്‌തതയോ പ്രത്യേകതയോ ഉണ്ടാകില്ല. ആവശ്യക്കാർക്ക് കിട്ടുമ്പോഴാണ് അതിന്റെ മൂല്യം അറിയു. ആവശൃമില്ലാത്തവർക്കു കിട്ടിയാൽ അവർക്ക് അതിൽ ഒരു വിലയും കാണില്ല. നന്നായി ആഗ്രഹിച്ച് ആസ്വദിച്ച് കഴിക്കുന്നതു കാണുമ്പോൾ വിളമ്പുന്നവന്റെയും വയറു നിറയും.

ദേ...ഷെഫ്‌ ജനപ്രിയം

'ദേ ഷെഫ്‌' എന്ന പരിപാടിക്ക് പ്രതിക്ഷിച്ചതിനെക്കാളും ജനപ്രീതിയാണ് ലഭിച്ചത്. നമ്മുടെ കേരളത്തിൽ ഇത്രയധികം പ്രാഗല്ഭ്യത്തോടെ പാചകം ചെയ്യുന്ന ആളുകളുണ്ടെന്നു ലോകമറിഞ്ഞത് 'ദേ ഷെഫി'ലൂടെയാണ്. 'ദേ ഷെഫ്‌' തീർച്ചയായും പാചക ലോകത്തെ പ്രഗത്ഭർക്ക് വളരാനും അറിയാനും നല്ലൊരു വേദികൂടിയാണ്.

സ്നേഹത്തിൽ ചാലിച്ച പൊടിക്കൈ!!

നമ്മൾ ഏതു പ്രവൃത്തി ചെയ്താലും ആത്മാർത്ഥതയോടെ ചെയ്യുക. പാചകത്തിന്റെ കാര്യത്തിലും ഇത് ആവശ്യമാണ്. എല്ലാം ചേരേണ്ട പോലെ ചേർത്താലേ ഉണ്ടാക്കുന്ന ഭക്ഷണത്തിനു രുചിയുണ്ടാകു ; അല്പ്പം സ്നേഹം കൂടെ ചേർത്താൽ പൂർണ്ണമാകും!

Your Rating: