Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവാര്യരെ മോഡേണാക്കി, കിട്ടിയത് സംസ്ഥാന അവാർഡ്!

Nisar നിസാർ മണ്ണാർക്കാട്

സിനിമ കാഴ്ചകള്‍ പണ്ടത്തെപ്പോലെയല്ല ഇന്ന്. അന്നൊക്കെ നടിയും നടനും സംവിധായകനും കഥയുമായാൽ ഒരു സാധാരണ കാഴ്ച്ചക്കാരനു സിനിമയായി. ഇന്നങ്ങനെയല്ല ഒരു സിനിമ കണ്ടാൽ അതിലെ കഥയെയും കഥാപാത്രങ്ങളെയുംപോലെ പ്രധാന്യമുണ്ട് കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമൊക്കെ. ഒരു ചിത്രം ഇറങ്ങിയാലുടന്‍ ആ പേരിലുള്ള വസ്ത്രങ്ങൾ പുറത്തിറങ്ങും. ഇതു സിനിമയുടെ മാത്രമല്ല കാഴ്ചക്കാരുടെ മനസിന്റെ വിജയം കൂടിയാണ്. ഇഷ്ടതാരങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് അവരെ കോപ്പി ചെയ്തു നടക്കാനിഷ്ടമുള്ളവരും ഏറെയാണ്. പറഞ്ഞു വരുന്നത് സിനിമയിലെ വസ്ത്രാലങ്കാരവും ചില്ലറയല്ലെന്നാണ്. നിറങ്ങള്‍ െകാണ്ട് നടീനടന്മാരുടെ ഭാവപ്പകർച്ചകൾ മാറ്റുന്ന വസ്ത്രാലങ്കാരകർ ഇന്നു ജനകീയമായിക്കഴിഞ്ഞിരിക്കുന്നു. പുരസ്കാരങ്ങൾ മധുരവും പ്രചോദനവുമാണ്, ഇത്തവണത്തെ സംസ്ഥാന പുരസ്കാരം നേടിയ വസ്ത്രാലങ്കാരകനു പക്ഷേ ഇത് ഇരട്ടി മധുരമാണ്. ജോ ആൻ ദി ബോയ് എന്ന ആദ്യ സ്വതന്ത്ര ചിത്രത്തിനു തന്നെ പുരസ്കാരം, ഇതിൽപ്പരെ മറ്റെന്തു വേണം. തയ്യല്‍ക്കാരനിൽ നിന്നും തുടങ്ങി ഇന്നു നാലാളറിയുന്ന സംസ്ഥാന പുരസ്കാര ജേതാവിലേക്ക് എത്തിയ നിസാർ മണ്ണാർക്കാട് എന്ന വസ്ത്രാലങ്കാരകൻ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ആദ്യചിത്രത്തിനു തന്നെ പുരസ്കാരം എന്തു തോന്നുന്നു?

ഒരുപാടു സന്തോഷം തോന്നി. ലോര്‍ഡ് ലിവിങ്സ്റ്റൺ, പത്തേമാരി, ചാർളി, എന്നു നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങൾക്കൊപ്പമാണു മത്സരമെന്നറിഞ്ഞപ്പോൾ തീരെ പ്രതീക്ഷ ഇല്ലായിരുന്നു. പിന്നെ ഇത്രയും മികച്ച സിനിമകളോടൊപ്പം മത്സരിക്കാൻ പറ്റിയല്ലോ ഏന്ന സന്തോഷമാണുണ്ടായിരുന്നത്. ഇപ്പോൾ വർക് ചെയ്യുന്ന അവരുടെ രാവുകൾ എന്ന ഷൂട്ടിങ് ലൊക്കേഷനിടയിലാണ് അവാര്‍ഡ് ഉണ്ടെന്നറിയുന്നത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. എന്നെപ്പോലൊരു സാധാരണ പയ്യൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല സിനിമാ മേഖലയിൽ എത്തിപ്പെടുമെന്നു പോലും. കുമാർ എടപ്പാളിനോ സമീറ സനീഷിനോ ഒക്കെയായിരിക്കും അവാർഡ് എന്നാണു കരുതിയിരുന്നത്. സിനിമ പണ്ടേ എന്റെ സ്വപ്നങ്ങളുടെ ഏഴയലത്തുപോലും ഇല്ലായിരുന്നു.

Nisar നിസാർ മണ്ണാർക്കാട്

എങ്ങനെയുണ്ടായിരുന്നു േജാ ആൻ ദി ബോയ് ടീമിനൊപ്പമുള്ള അനുഭവം?

ഫിലിപ്സ് ആ്‍ ദ് മങ്കി പെൻ ടീമിലെ റോജിൻ തോമസ് എടുത്ത ചിത്രമാണ് ജോ ആൻ ദ് ബോയ്. വളരെ നല്ല ഒരു എക്സ്പീരിയൻസ് ആണ് എനിക്ക് അവിടെ നിന്നും കിട്ടിയത്. പ്രത്യേകിച്ച് സ്വതന്ത്രമായി വസ്ത്രാലങ്കാരം ചെയ്യുന്ന ആദ്യത്തെ സിനിമ എന്ന നിലയിൽ ടെൻഷനും ഉത്തരവാദിത്തവും നന്നായുണ്ടായിരുന്നു. ടീമിലെ എല്ലാവരും വളരെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. വസ്ത്രാലങ്കാര സഹായിയായി നാൽപതോളം ചിത്രങ്ങളിൽ പ്രവർത്തിച്ചതിനു ശേഷമുള്ള എന്റെ ആദ്യചിത്രം. എന്നെപ്പോലൊരു തുടക്കക്കാരന് ഇത്രയും നല്ലൊരു ചിത്രം നൽകിയതിനു റോജിനോടു ഒരുപാട് നന്ദിയുണ്ട്. ഇത്രയും വലിയൊരു പടം ചെയ്യാൻ കിട്ടുക എന്നതുതന്നെ വലിയ അംഗീകാരമാണ്. പിന്നെ ചിത്രത്തിലെ നടീനടന്മാർ മുതൽ ക്രൂവിലെ ഓരോ അംഗങ്ങളും എന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഫലമാണ് ഈ അവാർഡ്. ഇത് എനിക്കു മാത്രം അർഹതപ്പെട്ടതല്ല. സംവിധായകൻ, ക്യാമറാമാൻ, അഭിനേതാക്കൾ പ്രത്യേകിച്ച് എന്റെ സഹായികൾ ഇവരുടെയൊക്കെ പരിപൂർണ സഹകരണം കൊണ്ടാണ് എനിക്ക് എന്റെ ജോലി ഭംഗിയായി പൂർത്തീകരിക്കാൻ കഴിഞ്ഞത്. അവരെല്ലാം ഒരുേപാലെ പിന്തുണച്ചില്ലായിരുന്നുവെങ്കിൽ ഈ പുരസ്കാരത്തിന് ഞാൻ അർഹനാകുമായിരുന്നില്ല.

എങ്ങനെയാണ് വസ്ത്രാലങ്കാരത്തിലേക്കു വരുന്നത്?

തുടക്കം മുതൽ പറഞ്ഞാൽ അടിസ്ഥാനപരമായി ഞാനൊരു സാധാരണ തയ്യൽക്കാരൻ ആയിരുന്നു. ഞങ്ങളുടെ മദ്റസയിലെ ഉസ്താദിനു ഗുരുദക്ഷിണ നൽകിയാണ് ഈ തൊഴിലിൽ പ്രവേശിക്കുന്നത്. തയ്യല്‍ നന്നായി പോകുന്നതിനിടയ്ക്ക് എറണാകുളത്ത് ഒരു സുഹൃത്തിനൊപ്പം ഷോപ് ഇട്ടു. അങ്ങനെയിരിക്കെയാണ് കോസ്റ്റ്യൂം ഡിസൈനർ കുക്കു ജീവനെ ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ ചിത്രശലഭങ്ങളുടെ വീട് എന്ന ചിത്രത്തിൽ സഹായിയായി. പക്ഷേ അന്ന് മാക്ടയിലെ മെമ്പർഷിപ് എടുക്കാനുള്ള പണമൊന്നും കയ്യിൽ ഇല്ലായിരുന്നു. പിന്നീടു മുഴുവനായി ചെയ്ത ചിത്രമാണ് കടാക്ഷം. അതിൽ എസ് ബി സതീഷ് എന്ന േകാസ്റ്റ്യൂം ഡിസൈനർക്കൊപ്പമായിരുന്നു. അദ്ദേഹമാണ് ഫെഫ്കയുടെ മെമ്പർഷിപ് എടുത്തു തരുന്നത്. ഞാൻ ഏറ്റവുമധികം വർക് ചെയ്തി‌ട്ടുള്ളത് കുമാർ എടപ്പാളിനൊപ്പമാണ്. അദ്ദേഹം തന്ന പിന്തുണയും പറഞ്ഞറിയിക്കാനാവില്ല. ഈ ഗുരുക്കന്മാരെയെല്ലാം വിളിച്ച് അനുഗ്രഹം വാങ്ങിയാണു പുതിയ പ്രൊജക്ട് ഏറ്റെടുത്തത്. ഫാഷന്‍ ഡിസൈനിങ് മോഹം മനസിലുണ്ടായിരുന്നെങ്കിലും പ്രൊഫഷണലായി പഠിക്കാനുള്ള സാഹചര്യം ലഭിച്ചിട്ടുമില്ല. എല്ലാ സ്വന്തമായി പഠിച്ചെ‌ടുത്തതു തന്നെയാണ്.

Nisar നിസാർ മണ്ണാർക്കാട്

പൊതുവേ സ്വാധീനിക്കാൻ ആളുകളുള്ളവർക്കു മാത്രം എത്തപ്പെടാൻ പറ്റിയ മേഖലയാണു സിനിമയെന്നു പറച്ചിലുണ്ട്?

അതു വെറുതെയാണെന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെയായിരുന്നെങ്കിൽ എനിക്കൊരിക്കലും സിനിമയിലേക്കു വരാൻ പറ്റുമായിരുന്നില്ല. പിന്നെ നമ്മൾ എന്തൊക്കെ കരുതിവച്ചാലും ദൈവം നിയോഗിക്കുന്നതുപോലെയേ നടക്കൂ എന്നു വിശ്വസിക്കുന്നയാളാണു ഞാൻ.

പുരസ്കാരത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ എന്തു പറഞ്ഞു?

എല്ലാവർക്കും സന്തോഷമുണ്ട്. പിന്നെ എന്റെ സ്ഥലം മണ്ണാർക്കാടാണ്. അവിടെ ഒത്തിരിപേർക്കൊന്നും കോസ്റ്റ്യൂം ഡിസൈനിങിനെക്കുറിച്ചു വലിയ ധാരണയൊന്നുമില്ല. എനിക്കൊരു അവാർഡ് കിട്ടി അതില്‍ സന്തോഷമറിയിക്കുന്നവരാണ് ഏറെയും. വീട്ടുകാരും നാട്ടുകാരുമൊക്കെ അവരുടെ സന്തോഷം വിളിച്ചറിയിച്ചു.

നാടൻ കഥാപാത്രങ്ങളിലാണ് മഞ്ജുവിനെ പ്രേക്ഷകർ ഏറെയും കണ്ടിട്ടുള്ളത്. ആ മഞ്ജുവിനു വേണ്ടി പാശ്ചാത്യ വേഷങ്ങൾ ഒരുക്കുമ്പോൾ ടെൻഷൻ തോന്നിയിരുന്നോ ?

ആദ്യമായി സ്വതന്ത്രമായി ചെയ്യുന്ന ചിത്രം എന്ന ടെൻഷനേ ഉണ്ടായിരുന്നുള്ളു. റോജിൻ ആദ്യമേ പറഞ്ഞിരുന്നു പാശ്ചാത്യ വസ്ത്രങ്ങളാണു വേണ്ടത് ഒരു ഇംഗ്ലീഷ് മൂവീ ടോണിലാണു പോവേണ്ടത് എന്നൊക്കെ. പിന്നെ ഇതിനു വേണ്ടി രണ്ടുമാസം മുമ്പേ റിസർച്ച് ചെയ്തു തുടങ്ങിയിരുന്നു. മഞ്ജു ചേച്ചി വളരെ കൂൾ ആയിരുന്നു. ചേച്ചി മാത്രമല്ല ലാലു അലക്സ് ചേട്ടനും കലാരഞ്ജിനി ചേച്ചിയും രേഖ ചേച്ചിയുമൊക്കെ വസ്ത്രങ്ങൾ നന്നായിട്ടുണ്ടെന്ന് എപ്പോഴും പറയുമായിരുന്നു. റോജിൻ എനിക്കു പരമാവധി സ്വാതന്ത്രവും തന്നിട്ടുണ്ട്. ഓ‍ഡിയോ ലോഞ്ചിനു വന്നപ്പോൾ റോജിനും പറഞ്ഞു വസ്ത്രങ്ങൾ കൊള്ളാമെന്ന്.

Nisar ജോ ആൻ ദ് ബോയ് എന്ന ചിത്രത്തിൽ മഞ്ജു വാര്യറും സനൂപും

സഹായിയില്‍ നിന്നും മാറി സ്വതന്ത്രനായപ്പോഴുണ്ടായ മാറ്റം?

സഹായിയാകുമ്പോൾ ചെയ്യുന്നതിനേക്കാൾ ഉത്തരവദിത്തം കൂടുതലായിരിക്കുമല്ലോ.‍ അസിസ്റ്റന്റ് ആയരുന്നതുപോലല്ലോ ഇതിനിടയിൽ പ്രശ്നമെന്തെങ്കിലും വന്നാല്‍ നമുക്കാണു പൂർണ ഉത്തരവാദിത്തം.

ചലഞ്ചിങ് ആയ നിമിഷം?

ഓരോ നിമിഷവും ചലഞ്ചിങ് തന്നെയായിരുന്നു. പ്രത്യേകിച്ചും ചിത്രത്തില്‍ ഒരു ആനിമേറ്റഡ് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത്. അതു അത്യാവശ്യം ചലഞ്ചിങ് ആയി ചെയ്തതു തന്നെയാണ്.

മറ്റു പ്രൊജക്ടുകൾ?

ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് മങ്കി പെൻ ടീമിലെ ഷാനിൽ മുഹമ്മദിന്റെ അവരുടെ രാവുകൾ ആണ്. ഇനി വരാനിരിക്കുന്നത് ജിബു ജേക്കബിന്റെ ഒരു മോഹൻ ലാൽ ചിത്രവും.

Nisar ജോ ആൻ ദ് ബോയ് എന്ന ചിത്രത്തിൽ മഞ്ജു വാര്യറും സനൂപും

പുതിയ വിശേഷങ്ങൾ?

ഏറ്റവും പുതിയ വിശേഷം വരുന്ന മാർച്ച് പതിനെട്ടിന് എന്റെ വിവാഹമാണ്. ഒരു ചിത്രമെങ്കിലും സ്വതന്ത്രമായി ചെയ്തതിനു ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്നുണ്ടായിരുന്നു. ഇതിപ്പോൾ ഇരട്ടിമധുരമായി. സ്വതന്ത്രമായി വസ്ത്രാലങ്കാരം ചെയ്യുകയും ചെയ്തു അതിനു പുരസ്കാരവും കിട്ടി.

കുടുംബം?

വീട്ടിൽ അമ്മ, അച്ഛൻ, രണ്ടു സഹോദരിമാർ. ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോൾ വീണു കിടപ്പിലായതാണ് അച്ഛൻ. പിന്നെ സഹോദരിമാരെ പഠിപ്പിക്കുക, വിവാഹം കഴിച്ചയക്കുക അങ്ങനെ ഉത്തരവാദിത്തങ്ങളെല്ലാം എന്റെ ചുമലിലായിരുന്നു. ദൈവം സഹായിച്ച് ഇപ്പോൾ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.

സ്വപ്നങ്ങള്‍

അങ്ങനെ ഒരുപാടു സ്വപ്നങ്ങളൊന്നുമില്ല, നല്ല സിനിമകളുടെ ഭാഗമാകുവാൻ കഴിയണം അത്രതന്നെ. അന്യഭാഷാ സിനിമകളും വന്നാൽ ചെയ്യും.

Your Rating: