Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് ലയറിലെ മജീഷ്യൻ, കിടിലൻ സ്റ്റൈലിസ്റ്റ്!

Praveen Varma പ്രവീൺ വർമ

പണ്ടുപണ്ട് വിസിആറിൽ സിനിമ കാണുന്ന കാലത്ത് സിദ്ധിഖ്- ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ് കാണുകയാണ് ഒരു പയ്യൻ. കഥയൊക്കെ കഴിഞ്ഞ് ഈ സിദ്ധിഖ്‌ലാൽ ഒരു സംഭവമാണല്ലോ എന്നു കരുതിയിരിക്കുമ്പോൾ ചേട്ടനാണു പറഞ്ഞത് മോനേ സിദ്ധിഖും ലാലും രണ്ടുപേർ ആണെന്ന്. കാലങ്ങൾ കഴിഞ്ഞു ആ പയ്യൻ യുവാവായി. ഫാഷൻ ഡിസൈനിങ് കോഴ്സെല്ലാം കഴിഞ്ഞ് അധ്യാപകനായി കഴിയുകയാണ്. സിനിമാ വസ്ത്രാലങ്കാരം എന്ന സ്വപ്നം ഏഴയലത്തു പോലും ഇല്ലാതിരുന്ന ആ കാലത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചു കണ്ട ഒരു പോസ്റ്ററാണ് എല്ലാത്തിനും വഴിത്തിരിവായത്. ബിഗ്ബിയിൽ മമ്മൂട്ടി ചുരു‌‌ട്ടും വലിച്ചു നിൽക്കുന്ന ആ പോസ്റ്റർ യുവാവിന്റെ മനസിലെങ്ങോ കൊളുത്തി. ശേഷം അധ്യാപികയുടെ നിർദ്ദേശം കണക്കിലെടുത്ത് അമൽ നീരദിനെ കണ്ടതോടെ ആ യുവാവ് ബിഗ്ബിയിലൂടെ മലയാള സിനിമയിലെ ന്യൂജെൻ കോസ്റ്റ്യൂം ഡിസൈനറായി. മലയാള സിനിയിൽ അതുവരെയുണ്ടായിരുന്ന വസ്ത്രാലങ്കാര സങ്കൽപ്പങ്ങളെ മാറ്റിമറിച്ച് പുത്തൻ തുടക്കം സൃഷ്ടിച്ച ആ യുവാവാണ് പ്രവീൺ വർമ. പതിനൊന്നാമത്തെ ചിത്രമായ കിങ് ലയറിലൂടെ പുത്തൻ ഫാഷൻ ലോകത്തെ തുറന്നു കാണിച്ച പ്രവീൺ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

ഒരുകാലത്ത് ആരാധിച്ചു നടന്ന സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്റെ ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരം ചെയ്തപ്പോൾ എന്തുതോന്നി?

അന്നൊക്കെ ആവേശത്തോടെ റാംജിറാവു സ്പീക്കിങ് കാണുമ്പോൾ ഞാൻ കരുതിയിരുന്നത് സിദ്ധിഖും ലാലും രണ്ടുപേരല്ല അത് ഒരാളുടെ പേരു തന്നെയാണെന്നാണ്. പിന്നീട് ഏട്ടനാണു പറഞ്ഞു തന്നത് അവർ രണ്ടുപേരാണെന്ന്. അൻവർ ചെയ്യുന്നതു മുതൽക്കേ ലാൽ സാറിനെ അറിയാം. പിന്നീട് അദ്ദേഹത്തിന്റെ ടൂർണമെന്റിലും ഹണിബീയിലും ഹായ് അയാം ടോണിയിലുമൊക്കെ ഞാൻ തന്നെയാണ് കോസ്റ്റ്യൂം ഡിസൈനിങ് ചെയ്തത്. ഒരു നല്ല നടൻ ​എന്നതിലുരി ജെനുവിൻ ആയ വളരെയധികം മനസിലാക്കുന്ന നല്ല മനുഷ്യനാണ് അദ്ദേഹം. 22 വർഷങ്ങള്‍ക്കു മുമ്പ് ഇവരുടെ ചിത്രങ്ങൾ ഒട്ടും ഗൗരവത്തോടെ കാണാതിരുന്ന ഒരു പയ്യൻ ഇന്ന് അവരുടെ ചിത്രത്തിനു വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്യുക എന്നു പറയുമ്പോൾ ഇതിൽപ്പരം സന്തോഷം എന്താണുള്ളത്.

Praveen Varma ബിഗ്ബി സിനിമയിലെ പോസ്റ്ററിൽ നിന്ന്

സിനിമ കണ്ടിട്ട് എല്ലാവരും എന്തു പറഞ്ഞു?

എല്ലാവർക്കും വളരെയധികം ഇഷ്ടമായി. ഫാഷനും വസ്ത്രങ്ങൾക്കും ഇത്രത്തോളം പ്രാധാന്യം നൽകിയൊരു ചിത്രമല്ലേ. കുടുംബങ്ങള്‍ ഏറെ ആസ്വദിച്ച ചിത്രമാണിത്. ഇപ്പോഴും ഫോൺ കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നു.

സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോസ്റ്റ്യൂം ഡിസൈനർക്ക് ഒരുപടി കൂടുതൽ സ്പെയ്സ് നൽകിയ ചിത്രമാണിത്?

തീർച്ചയായും. കഥ തന്നെ ഒരു ഡിസൈൻ കമ്പനിയെക്കുറിച്ചാല്ലോ, വർമ ഡിസൈന്‍സ്. അതുകൊണ്ടു തന്നെ സാധാരണ ചിത്രങ്ങളേക്കാൾ സ്പെയ്സ് ഉണ്ടായിരുന്നു. ഒരു കോസ്റ്റ്യൂം ഡിസൈനർ മനസില്‍ കൊണ്ടു നടക്കുന്ന കാര്യങ്ങളിൽ പലതും ഈ ചിത്രത്തിലൂടെ എനിക്കു ചെയ്യാൻ കഴിഞ്ഞു. റാമ്പ് ഷോ, ഫാഷൻ കോണ്ടെസ്റ്റ് എന്നിവയൊക്കെ ഏതൊരു ഫാഷൻ ഡിസൈനറുടെയും സ്വപ്നമായിരിക്കും. ആ അവസരം ഞാൻ പരമാവധി ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ട്. പിന്നെ തുടക്കത്തിൽ തന്നെ ദിലീപ് നാട്ടിൽ ഉള്ളപ്പോഴും ദുബായിലേക്കു പോകുമ്പോഴും ഉള്ള സ്റ്റൈലിങ് ഒക്കെ വ്യത്യസ്തമായിരിക്കണമെന്നു പറഞ്ഞു തന്നിരുന്നു.

praveen-5 കിങ് ലയർ ചിത്രത്തിൽ നിന്ന്

കിങ് ലയറിനെക്കുറിച്ച് സംവിധായകൻ എങ്ങനെയാണ് പരിചയപ്പെടുത്തിയത്?

മിക്ക ചിത്രങ്ങളെക്കുറിച്ചു പറയുമ്പോഴും ഈ സിനിമ ഫാഷനും വസ്ത്രങ്ങൾക്കും പ്രാധാന്യം നൽകിയുള്ള ചിത്രമാണെന്നു പറയും. എന്നാല്‍ കിങ്‌ലയർ അവയെക്കാളൊക്കെ ഒരുപടി മുന്നിലാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം മുതല്‍ തൊണ്ണൂറു ശതമാനവും ഫാഷനെ കേന്ദ്രീകരിച്ചാണു നീങ്ങുന്നത്. ഡിസൈൻ കമ്പനിയുടെ മേധാവികളെ അവതരിപ്പിക്കുന്ന ലാൽ, ആശ ശരത് എന്നിവർ മുതൽ ദിലീപ്, മഡോണ, ഹരീഷ് എന്നിവരുടെയെല്ലാം സ്റ്റൈലിങ് വ്യത്യസ്തമാണ്. ക്ലൈമാക്സ് ഉൾപ്പെ‌ടെയുള്ള ഭാഗങ്ങൾ ഫാഷൻ കോണ്ടെസ്റ്റ് ആയതുെകാണ്ട് അത്തരം വസ്ത്രങ്ങൾക്കായിരുന്നു പ്രാധാന്യം നൽകേണ്ടത്. ചിത്രത്തിൽ ഏറെ ശ്രമകരമായി ചെയ്ത ഒരു ഭാഗം കൂടിയാണത്.

ചലഞ്ചിങ് ആയ നിമിഷങ്ങൾ?

എല്ലാ സിനിമയിലേയും പോലെ തന്നെ കോസ്റ്റ്യൂം ഡിസൈനറുടെ മനസിൽ വരുന്ന കാര്യങ്ങള്‍ മികച്ച രീതിയിൽ ഫൈനൽ ഔട്ട്പുട്ട് ആയി അവതരിപ്പിക്കാൻ കഴിയുക എന്നതാണ് ഏറ്റവും ചലഞ്ചിങ് ആയ കാര്യം. പിന്നെ ലാൽ സർ എനിക്കു വളരെയധികം സ്വാതന്ത്രം തന്നിരുന്നു. കഥാപാത്രങ്ങളെ പറഞ്ഞു തരുമ്പോള്‍ അവർ എങ്ങനെയായിരിക്കണം എന്നതു നിശ്ചയിക്കാനുള്ള പൂർണ സ്വാതന്ത്രം എനിക്കു തന്നു. അതു വലിയ ഉത്തരവാദിതമാണ്.

Praveen Varma കിങ് ലയർ ചിത്രത്തിൽ നിന്ന്

ലാലിന്റെ കോസ്റ്റ്യൂംസ് ഏറെയും കറുപ്പു നിറമാണ്?

അത്രയ്ക്കും ഇന്റെൻസിറ്റി ആവശ്യപ്പെടുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ബിസിനസ് ടൈക്കൂൺ ആയാണ് അദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അപ്പോൾ അത്രത്തോളം ഗാംഭീര്യവും സ്ക്രീനിൽ തോന്നണമായിരുന്നു. അതുകൊണ്ടുതന്നെ ഡിവിയേറ്റ് ചെയ്തുപോകുന്ന നിറങ്ങൾ എടുക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മറ്റു നിറങ്ങൾ ഇല്ലെന്നല്ല പക്ഷേ കറുപ്പാണ് എടുത്തു നിൽക്കുന്നതെന്നു മാത്രം. അതിനുപകരം ചുവപ്പോ പ്രിന്റഡ് വസ്ത്രങ്ങളോ ഒക്കെ ആയിരുന്നെങ്കിൽ മനസിൽ വിചാരിക്കുന്ന ആ തീവ്രത ലഭിക്കില്ലായിരുന്നു.

സ്കാർഫുകളും സ്റ്റോളുകളും നിറഞ്ഞു നിൽക്കുന്നുണ്ട്?

അതും മുന്നെ തീരുമാനിച്ചതാണ്. കഥയുടെ പശ്ചാത്തലവും അന്തരീക്ഷവുമെല്ലാം പറയാതെ പറയുവാൻ കൂടിയാണ് സ്കാർഫുകൾ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം സ്റ്റൈലിങിൽ ഒരു സ്കാർഫിലൂടെ മാത്രം വളരെയധികം സങ്കീർണത കൊണ്ടുവരാം. എസി അപാർട്മെന്റ്സ്. ഓഫീസുകൾ എന്നിങ്ങനെ ഇവർ ജീവിക്കുന്ന പരിസരത്തിന്റെ സൂചനകൂടി നൽകുന്നുണ്ട് ഇത്തരം സ്കാർഫുകൾ. അങ്ങിനെ വച്ചു നോക്കുമ്പോൾ ഫാഷൻ എന്നതിനേക്കാൾ പാരിസ്ഥിതിക ചുറ്റുപാടിനെ പറയാതെ പറയുന്നവയാണ് സ്കാർഫുകൾ.

Praveen Varma കിങ് ലയർ ചിത്രത്തിൽ നിന്ന്

ദിലീപിന്റെ കോസ്റ്റ്യൂംസിനെക്കുറിച്ച്?

ദിലീപിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു സ്റ്റെലിങ് ചെയ്യാൻ സാധിച്ചു. ഹെയർസ്റ്റൈൽ തൊട്ട് ദിലീപിൽ വരുത്തിയ ചെറിയ മാറ്റങ്ങൾ പോലും വിഷ്വലി വലിയ മാറ്റമായി അനുഭവപ്പെട്ടു. സിനിമയുടെ ആദ്യഭാഗങ്ങളിൽ സാധാരണ യുവാവിന്റെ രൂപത്തിലും ഭാവത്തിലുമായിരുന്നു ദിലീപ് എങ്കിൽ രണ്ടാംപകുതിയോ‌ടെ സോഫിസ്റ്റിക്കേറ്റഡായ യുവാവ് എന്ന ലുക്കിൽ അവതരിപ്പിക്കാനായി.

പ്രേമത്തിലൂടെ സിമ്പിള്‍ ലുക്കിൽ വന്ന മഡോണയ്ക്ക് ഒരു മോഡലിന്റെ ലുക്ക് കൊണ്ടുവന്നപ്പോൾ എന്തൊക്കെയാണു ശ്രദ്ധിച്ചത്?

മഡോണ ഒരു മോഡൽ ആയാണു ചിത്രത്തിൽ അവതരിക്കുന്നത്. തുടക്കത്തിൽ പരാജയപ്പെടുകയും പിന്നീടു വിജയം കാണുകയും ചെയ്യുന്നൊരു മോഡൽ. അത്യാവശ്യം ഫാഷനബിൾ ആയൊരു ഫിഗർ െകാണ്ടുവരാൻ ശ്രമിച്ചിരുന്നു. സ്റ്റൈലിഷ് ആയ, നഗരത്തിൽ ജീവിക്കുന്നൊരു പക്കാ മോഡേൺ പെൺകുട്ടിയായി മഡോണയെ മാറ്റിയതിൽ പിഴവു പറ്റിയില്ലെന്നു വിശ്വസിക്കുന്നു.

King Liar മഡോണ സെബാസ്റ്റ്യൻ കിങ് ലയറിൽ

സിനിമയിലെ ബ്യൂട്ടി കോണ്ടസ്റ്റിനെക്കുറിച്ച്?

ചിത്രത്തിലെ നിർണായക ഭാഗമായിരുന്നു മഡോണയും മിസ് ഇന്ത്യ റണ്ണറപ്പ് ആയ നടാഷ സൂരിയുമൊക്കെ റാമ്പിലെത്തുന്ന ഏഷ്യൻ ബ്യൂട്ടി കോണ്ടസ്റ്റ്. ഇതിന്റെ ആദ്യ റൗണ്ടിൽ 14 മോഡലുകൾക്ക് 14 ഫാഷൻ ഡിസൈനേഴ്സിന്റെ കാഴ്ചപ്പാടിലാണ് കോസ്റ്റ്യൂംസ് തയ്യാറാക്കിയത്. രണ്ടാം റൗണ്ടാകുമ്പോൾ കൂടുതൽ മികച്ച 8 ഡിസൈനുകൾ കൂടി തീർത്തു. ഫൈനൽ റൗണ്ടിൽ രണ്ട് കോസ്റ്റ്യൂം ഡിസൈൻ ചെയ്തു. സിനിമയിലെ ഏഷ്യൻ ബ്യൂട്ടി കോണ്ടസ്റ്റിനായി മാത്രം 24 കോസ്റ്റ്യൂംസ് ചെയ്തു. ഇതു 12 ദിവസത്തിനുള്ളിലാണ് തീർത്തത്. ഷോയുടെ കാണികളായ വിദേശീയർ ഉൾപ്പെടെയുള്ള ജഡ്ജസിനുമൊക്കെ സ്റ്റൈലിങ് ചെയ്തത് മറക്കാനാവില്ല.

ഒപ്പം അഭിനയിക്കുകയും ചെയ്തു?

അതെ, മജീഷ്യന്റെ റോൾ ചെയ്തതു ഞാനാണ്. ലാൽ സാറാണ് ആ കഥാപാത്രത്തിനു വേണ്ടി എന്നെ നിർദ്ദേശിക്കുന്നത്.

Praveen Varma പ്രവീൺ വർമ

ചിത്രത്തിലെ ഡിസൈനിങ് സ്ഥാപനത്തിന്റെ പേരും വർമ ഡിസൈൻസ് ആണല്ലോ ?

അതു കോഇൻസിഡെന്റലി സംഭവിച്ചതാണ്. (ചിരിക്കുന്നു)

‌എങ്ങനെയാണ് ഫാഷന്‍ ലോകത്തേക്കുള്ള വരവ്?

പരുമല ദേവസ്വം ബോർഡ് കോളേജിലാണ് ഡിഗ്രി ചെയ്തത്. 2000ത്തിൽ ഇന്റർ കോളേജ് തലത്തിൽ കോട്ടയത്തു വച്ചു നടന്ന ഫാഷന്‍ കോൺടെസ്റ്റിൽ ഞാനും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. അതിൽ രണ്ടാം സ്ഥാനം ലഭിച്ചു. ശേഷം എറണാകുളത്തു വച്ചു നടന്ന ഫൈനൽ കോൺടെസ്റ്റിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. അന്നു ഫാഷനെക്കുറിച്ചൊന്നും വലിയ ധാരണയില്ലാതിരുന്ന കാലമായിരുന്നു. കോട്ടയത്തു നടന്ന കോണ്ടെസ്റ്റിലുണ്ടായിരുന്ന വിധികർത്താക്കളിലൊരാളാണ് ഈ മേഖല എനിക്കു പറ്റിയതാണെന്നു പറയുന്നത്. പിന്നീട് ഇന്റർനാഷണൽ അക്കാഡമി ഓഫ് ഫാഷനിൽ ഒരു വർഷത്തെ കോഴ്സ് ചെയ്തു. 2003 മുതൽ 2006 വരെ ഡിസൈനിങ് ഇൻസ്ട്രക്റ്ററായി ജോലി ചെയ്യുന്നതിനിടെ എന്റെ ഒരു അധ്യാപികയാണ് അമൽ നീരദ് ചിത്രത്തിൽ കോസ്റ്റ്യൂം ഡിസൈനറെ തോടുന്ന കാര്യം പറയുന്നത്. അങ്ങനെ അമലിനെ ചെന്നു കണ്ടെങ്കിലും അവർ കോസ്റ്റ്യൂം ഡിസൈനറെ തീരുമാനിച്ചിരുന്നു. പക്ഷേ പിന്നീടു കുറച്ചു ദിവസം കഴിഞ്ഞ് എന്നെ വീണ്ട‌ും വിളിച്ച് സെലക്റ്റ് ചെയ്ത കാര്യം പറയുകയായിരുന്നു.

Praveen Varma പ്രവീൺ വർമ കുടുംബത്തിനൊപ്പം

പുതിയ പ്രോജക്ട്സ്?

ഇപ്പോൾ ദാവൂദ് ഇബ്രാഹിം എന്ന ചിത്രമാണു ചെയ്യുന്നത്. രണ്ടുമൂന്നു ചിത്രങ്ങളുടെ ചർച്ചകൾ നടക്കുകയാണ്. കൂടുതൽ വെളിപ്പെടുത്താറായിട്ടില്ല. ഇവയ്ക്കൊക്കെ ഒപ്പം ഒരു ബൂട്ടീക് സ്റ്റുഡിയോ ആരംഭിക്കാനും തീരുമാനമുണ്ട്.

കുടുംബം?

ഭാര്യ അർച്ചന ഫാഷൻ ഡിസൈനറാണ്. മകൾ ഉത്തര നാലു വയസായി. അവള്‍ എന്നെ പല പുതിയ കാര്യങ്ങളും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തിരുവല്ലയാണ് സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ്.

ലാൽ നിങ്ങൾ മരണമാസ്സാണ്.....

Your Rating: