Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകത്തോടു നോ പറയുന്നവർ കണ്ടുപഠിക്കണം ഈ മിടുക്കിയെ

Aneeta അനീറ്റ

പാചകം എന്നു കേട്ടാൽ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന യുവതലമുറകളിൽ നിന്നും തികച്ചും വ്യത്യസ്തയാണ് അനീറ്റ എന്ന പെൺകുട്ടി. മഴവിൽ മനോരമയിലെ കുക്കിങ് റിയാലിറ്റി ഷോ ആയ ദേ ഷെഫിലൂടെയാണ് അനീറ്റ എന്ന ഈ പതിനെട്ടുകാരി യുവ തലമുറയ്ക്ക് മാതൃകയാകുന്നത്‌. ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന അനീറ്റ ദേ ഷെഫിലെ പ്രായം കുറഞ്ഞ മത്സരാർഥിയാണ്. കണ്ടു പഠിക്കണം ഈ കൊച്ചു മിടുക്കിയെ...

എന്തൊക്കെയാണ് അനീറ്റയുടെ വിശേഷങ്ങൾ

നല്ല വിശേഷം. ആലപ്പുഴയിലാണ് വീട്. വീട്ടിൽ അച്ഛനും അമ്മയും രണ്ട് അനിയന്മാരുമാണ് ഉള്ളത്. വീട്ടിൽ എന്നും നല്ല രസമാണ്. എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം അനിയന്മാരോടാണ്. എന്നെ ചേച്ചിയമ്മ എന്ന് ആണ് അവർ വിളിക്കുന്നത്‌. വീട്ടിൽ ആര് വഴക്ക് പറഞ്ഞാലും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് അവരാണ്.

Aneeta അനീറ്റ

ഈ ചെറിയ പ്രായത്തിലും പാചകത്തോട് താൽപര്യം തോന്നാൻ കാരണം?

ഞാൻ ആദ്യമായി കുക്ക് ചെയ്യാൻ തുടങ്ങിയത് എന്റെ എട്ടാമത്തെ വയസ്സിലാണ് . ചായയാണ് അന്ന് ആദ്യമായി പരീക്ഷിച്ചത്. അച്ഛന്റെ അമ്മയെ കണ്ടാണ്‌ ഞാൻ കുക്കിങ് പഠിച്ചത്. വല്യമ്മച്ചി എന്ത് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്. യഥാർത്ഥത്തിൽ കുക്കിങ്ങിൽ താൽപര്യം തോന്നാൻ മറ്റൊരു കാരണം കൂടി ഉണ്ട്. ഒരിക്കൽ എന്റെ പപ്പയുടെ പിറന്നാളിന് ഞാൻ ഒരു കേക്ക് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ വിചാരിച്ചത്രയും അതു നന്നായില്ല. അന്നു വീട്ടിൽ ഉള്ള എല്ലാവരും എന്നെ കളിയാക്കി (ചിരിക്കുന്നു). അന്നു മുതലാണ്‌ കുക്കിങ് പഠിക്കണം എന്നൊരു വാശി എന്റെ ഉള്ളിൽ ഉണ്ടായത്.

ദേ ഷെഫിൽ എത്തിയത് എങ്ങനെ ?

തികച്ചും യാദൃശ്ചികമായിയാണ് ദേ ഷെഫിൽ എത്തിയത്. ഒരു ടിപ്പിക്കൽ ക്രിസ്ത്യൻ കുടുംബമാണ് എന്റേത്. അതുകൊണ്ട് തന്നെ വളരെ കൺസർവേറ്റീവ് ആണ് ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരും. ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോകണം സ്കൂൾ പ്രോഗ്രാംസിൽ പാർട്ടിസിപ്പേറ്റ് ചെയ്യണം എന്നൊക്കെ എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷേ, വീട്ടിൽ നിന്നും പലപ്പോഴും വിടാറില്ല എന്നതാണു സത്യം. ഒരു ദിവസം അമ്മയാണ് ദേ ഷെഫിന്റെ പരസ്യം കണ്ടിട്ട് എന്നോട് ആപ്ലിക്കേഷൻ അയക്കാൻ പറഞ്ഞത്. അമ്മ തന്നെയാണോ ഇതു പറയുന്നത് എന്നോർത്തു ഞാൻ ചെറുതായി ഒന്ന് ഞെട്ടി (ചിരിക്കുന്നു). ആദ്യം ഞാൻ വേണ്ടാ യെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു. അമ്മ തന്നെയാണ് എനിക്ക് വേണ്ടി ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അയച്ചത്.

Aneeta അനീറ്റ

പ്രോഗ്രാമിൽ വന്നപ്പോൾ പേടി ഉണ്ടായിരുന്നോ ?

ഓഡിഷനു വന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല. കാരണം ഞാൻ നോക്കിയപ്പോൾ കൂടുതലും മത്സരിക്കാൻ വന്നിരിക്കുന്നത് എന്നെക്കാളും പ്രായമുള്ള ആളുകളായിരുന്നു . അവരെയൊക്കെ കണ്ടപ്പോൾ ഞാൻ കുറച്ചു നേർവസ് ആയി. തിരിച്ചു പോയാലോ എന്നു പോലും തോന്നി. പിന്നെ അമ്മയാണ് എനിക്കു ധൈര്യം തന്നത്. സെലക്ഷൻ കിട്ടുമെന്നും ഇത്രയും ഘട്ടങ്ങൾ ജയിച്ച് ഇവിടം വരെ എത്താൻ സാധിക്കും എന്നൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പ്രായത്തിലുള്ളവർക്ക് ഒന്നു ശ്രമിച്ചാൽ മുതിർന്നവരുമായി മത്സരിച്ചു പിടിച്ചു നിൽക്കാൻ സാധിക്കും എന്ന് ഈ ഷോയിലൂടെ മനസിലായി.

പാചകത്തിലെ സ്വന്തം കണ്ടുപിടിത്തങ്ങൾ?

എന്റെതായ രീതിയിൽ ഞാൻ പല വിഭവങ്ങളും വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. അതിനെല്ലാം തന്നെ ഞാൻ വ്യത്യസ്തമായ പേരുകളും ഇടാറുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് ഞാൻ ഒരു സ്വീറ്റ് ഡിഷ്‌ ഉണ്ടാക്കിയിരുന്നു. അതിനു ഞാൻ ഇട്ട പേര് "അനീറ്റാസ് ട്വിസ്റ്റ്‌ ഉണ്ട" എന്നായിരുന്നു (ചിരിക്കുന്നു).

Aneeta അനീറ്റ അനുജന്മാർക്കൊപ്പം

ദേ ഷെഫിൽ വന്നതിനു ശേഷം ഉണ്ടായ രസകരമായ സംഭവങ്ങൾ ?

ഷൂട്ടിന്റെ തിരക്കു കാരണം കഴിഞ്ഞ അക്കൗണ്ടൻസിയുടെ വൈവയ്ക്ക് നന്നായി പഠിക്കാൻ കഴിഞ്ഞില്ല . അതുകൊണ്ട് തന്നെ പരീക്ഷയ്ക്കു പോകുമ്പോൾ നല്ല പേടിയുണ്ടായിരുന്നു . പക്ഷെ, അവിടെ ചെന്നപ്പോൾ സാർ എന്നോട് ചോദിച്ചത് മുഴുവൻ ദേ ഷെഫിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. പലപ്പോഴും ക്ലാസ്സിലിരിക്കുമ്പോൾ അറിയാതെ ദേ ഷെഫിനെക്കുറിച്ച് ഓർത്തു കൊണ്ടിരിക്കും. അപ്പോഴെല്ലാം ടീച്ചേഴ്സ് വന്നു വഴക്ക് പറയാറുണ്ട്.

കൂടെയുള്ള കൺടെസ്റ്റൻസ്സിൽ ഏറ്റവും ഇഷ്ടം ?

അയ്യോ...(ചിരിച്ചു കൊണ്ട് ആലോചിക്കുന്നു). എല്ലാവരെയും ഇഷ്ടമാണ്. കൂട്ടത്തിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ജബിൻ ആയിരുന്നു. അവൾ എലിമിനേറ്റ് ആയപ്പോൾ വളരെ വിഷമം തോന്നി. ഷൂട്ടിനിടയിൽ പലപ്പോഴും ഞാൻ അവളെ മിസ്സ്‌ ചെയ്തിട്ടുണ്ട്.

Aneeta ദേ ഷെഫ് മത്സരാർഥികൾ ദിലീപിനൊപ്പം

ജീവിത സ്വപ്നം ?

ഒരു എക്സിക്യൂട്ടീവ് ഷെഫ് ആകണം എന്നുള്ളതാണ് കുട്ടിക്കാലം മുതലുള്ള എന്റെ ആഗ്രഹം. പ്ലസ്‌ ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഐ.എച്.എം. ഗവൺമെന്റ് ഇൻസ്റ്റിറ്റ്യുട്ടിൽ അപ്ലൈ ചെയ്തിരിക്കുകയാണ്. ഭാവിയിൽ ഒരു ഹോട്ടൽ തുടങ്ങണം എന്നതാണ് ഇപ്പോഴുള്ള എന്റെ സ്വപ്നം.

Your Rating: