Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി. എസ്‌. പ്രദീപിനും രാഹുൽ ഈശ്വറിനുമൊപ്പം മത്സരിക്കണം: ഇപ്പു

Ippu

മഴവിൽ മനോരമയിലെ പുതിയ റിയാലിറ്റി ഷോ 'കുട്ടികളോടാണോ കളി?'യിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിപ്പോരാളികളിൽ ഒരാളാണ് ഇപ്പു. തൊടുപുഴയുടെ അഭിമാനമായ ഇപ്പു തൊണ്ടിപ്പുഴ ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അറിവും അനുകരണവും ഒരേപോലെ കയ്യടക്കിയ ഇപ്പു തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുന്നു.

ഇപ്പോൾ ഒരു കൊച്ചു സെലിബ്രിറ്റി ആയില്ലേ ? എന്തു തോന്നുന്നു ?

പുറത്തോട്ടു പോകുമ്പോൾ ഒരുപാടുപേര്‍ എന്നെ തിരിച്ചറിയുന്നുണ്ട്. എല്ലാവരും ഷോയെക്കുറിച്ച് ചോദിക്കും, വീട്ടിലെ വിശേഷങ്ങൾ ചോദിക്കും, അടുത്ത എപ്പിസോഡ് എപ്പോഴാണ് എന്നുവരെ ചോദിക്കാറുണ്ട്. പിന്നെ ക്ലാസിലെ കുട്ടികളൊക്കെ എന്റെ ഓട്ടോഗ്രാഫ് മേടിക്കും (ചിരിക്കുന്നു ), അങ്ങനെ പോകുന്നു 'കുട്ടികളോടാണോ കളി?'യിൽ വന്നതിനു ശേഷമുള്ള എന്റെ പുതിയ അനുഭവങ്ങൾ.

'കുട്ടികളോടാണോ കളി' എന്ന ഷോയെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

നല്ല ഷോയാണ്. ഞങ്ങൾ കുട്ടികളോടു മത്സരിക്കാൻ വരുന്നവർ ഒട്ടും മോശക്കാരല്ല.. എല്ലാവരും നല്ല അറിവുള്ളവരാണ്. ടീം സ്പിരിറ്റ് മത്സരിക്കുന്ന രണ്ട് ടീമിനും ഉള്ളതു കൊണ്ടുതന്നെ ഈ ഷോയിൽ മത്സരിക്കാൻ നല്ല രസമാണ്. പിന്നെ ഷോയിലെ ആങ്കർ പൂർണിമ ചേച്ചി ഞങ്ങളുമായി നല്ല കൂട്ടാണ്. ചേച്ചിയോടു സംസാരിക്കാൻ നല്ല രസമാണ്.

Ippu

ഈ ഷോയെക്കുറിച്ച്ഏറ്റവും കൂടുതൽ കേൾക്കുന്ന കമൻറ് " ചോദ്യം പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ കുട്ടികൾ എങ്ങനെയാണ് ബസർ അമർത്തി ഉത്തരങ്ങൾ പറയുന്നത് " എന്നാണ്?

ഒരു ക്വിസ് കോംപെറ്റിഷൻ എങ്ങനെയാണ് സാധാരണയായി നടക്കാറുള്ളത് അതുപോലെത്തന്നെയാണ് ഈ ഷോയും. ഞങ്ങളുടെ കൂട്ടത്തിലുള്ള ഓരോ കുട്ടിയും പല ക്വിസ് കോംപറ്റീഷൻസിൽ പങ്കെടുത്തു ശീലമുള്ളവർ തന്നെയാണ്. ഞങ്ങൾ പലപ്പോഴും ചോദ്യങ്ങൾ മുഴുവൻ കേൾക്കുന്നതിനു മുമ്പുതന്നെ ഉത്തരങ്ങൾ പറയാറുണ്ടെങ്കിലും, എല്ലായ്പ്പോഴും അതു ശരി ആകാറില്ല. ഞങ്ങളുടെ ഒരു ഊഹം വച്ചിട്ടാണ് ചിലപ്പോഴൊക്കെ ഞങ്ങൾ ഉത്തരങ്ങൾ പറയാറുള്ളത്. അല്ലാതെ നൂറു ശതമാനം ഉറപ്പ് ആർക്കും ഉണ്ടാകാറില്ല. കൂടാതെ, നമുക്ക് നന്നായി അറിയുന്ന വിഷയങ്ങൾ ആണെങ്കിൽ, അതിലെ ചില പ്രധാന വാക്കുകൾ കേൾക്കുമ്പോൾ തന്നെ നമുക്കു ചോദ്യം മുഴുവനായും കേൾക്കാതെ അതിന്റെ ഉത്തരങ്ങൾ ഉറച്ചു പറയാൻ സാധിക്കും.

ഇങ്ങനെയുള്ള കമന്റ്സ് പറയുന്നവരോട് ഇപ്പുവിന് എന്താണ് പറയാനുള്ളത് ?

അവരുടെ ഉള്ളിൽ ഇങ്ങനെ ഒരു സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ, അതു ഞങ്ങളോടു ചോദിക്കുന്ന ചില ചോദ്യങ്ങൾക്കു ഞങ്ങൾ ശരിയായ മറുപടി കൊടുക്കുന്നതു കൊണ്ടാണല്ലോ ? അതു ഞങ്ങളെ സംബന്ധിച്ച് ഒരു ക്രെഡിറ്റാണ്. ഞങ്ങൾക്കു ചോദ്യങ്ങൾ ആദ്യമേ തന്നെ തരുന്നില്ല എന്നതു ബോധ്യമാകണമെന്നുണ്ടെങ്കിൽ അവർ ഈ ഷോ നേരിട്ട് കാണാൻ വരികയോ അല്ലെങ്കിൽ ഞങ്ങളുമായി മത്സരിക്കുകയോ ചെയ്യാം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതു ഞങ്ങൾക്കും സന്തോഷം.

മുതിർന്നവരുമായി ഏറ്റുമുട്ടാൻ കുട്ടികളുടെ ടീം ഏതെല്ലാം രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്താറുള്ളത് ?

ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ കഴിവതും ഏറ്റവും വീക്ക് ആയിട്ടുള്ള വിഷയങ്ങളെക്കുറിച്ച് പഠിക്കാനാണ് ശ്രമിക്കാറുള്ളത്. അതിനു വേണ്ടി ആ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഞങ്ങൾ വായിക്കാറുണ്ട്. പിന്നെ ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾ ഏതു വിഷയത്തിലാണോ സ്ട്രോങ്ങ്, ആ വിഷയങ്ങളെക്കുറിച്ച് മറ്റുള്ളവരുമായി പങ്കു വയ്ക്കും.

ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടോ ?

കുറേ ക്വിസ് മത്സരങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ വരെ പോയിട്ടുണ്ട്. പക്ഷേ സമ്മാനങ്ങൾ ഒന്നും കിട്ടിയിട്ടില്ല.

മുതിർന്നവരുമായി ഏറ്റുമുട്ടി തോൽക്കുമ്പോൾ നിങ്ങൾ കുട്ടികൾ എന്തിനാണു വിഷമിക്കുന്നത് ?

ഞങ്ങൾ എല്ലാവരും ചെറിയ കുട്ടികളാണ്. അതുകൊണ്ടുതന്നെ തയ്യാറെടുപ്പുകൾ എടുക്കുന്ന സമയങ്ങളിൽ മുതിർന്നവരേക്കാൾ കൂടുതലായി കഷ്ടപ്പെടേണ്ടി വരാറുണ്ട്. അപ്പോൾ തോൽക്കേണ്ടി വരുന്ന അവസരങ്ങളിൽ സ്വാഭാവികമായി ആർക്കും വിഷമം തോന്നും.

Ippu

ഇപ്പുവിന്റെ ഹോബീസ് എന്തൊക്കെയാണ് ?

പുസ്തകം വായന, പ്രസംഗം, കവിതയെഴുത്ത്. ഇവയൊക്കെയാണ് എന്റെ മെയിൻ ഹോബീസ്. വെറുതെയിരിക്കുമ്പോൾ ഞാൻ കവിതയെഴുത്ത് തുടങ്ങും. അങ്ങനെ ഇരിക്കെ ഞാൻ ഒരിക്കൽ അമ്മയെപ്പറ്റി ഒരു കവിതയെഴുതിയിരുന്നു. അതിന് ഞാൻ ഇട്ട പേരാണ് "പ്രണാമം". ഈ മൂന്നു ഹോബീസ് കഴിഞ്ഞാൽ എനിക്ക് ഇഷ്ടം ഷട്ടിലാണ്.

ഇപ്പു എന്ന പേരിൽ അറിയപ്പെടാനാണോ അതോ അൽഫിദ് എന്ന പേരിൽ അറിയപ്പെടാനാണോ താത്പര്യം?

ഇപ്പു എന്ന പേരിൽ അറിയപ്പെടാനാണ് എനിക്കിഷ്ട്ടം. കാരണം അൽഫിദ് എന്ന പേര് കേൾക്കുമ്പോൾ ചിലർ അതിന്റെ അർത്ഥം ചോദിക്കും മറ്റു ചിലർക്ക് സ്പെല്ലിങ് വരെ പറഞ്ഞു കൊടുക്കേണ്ടതായി വരാറുണ്ട്. പക്ഷേ, ഇപ്പു എന്ന പേര് പെട്ടന്ന് എല്ലാവർക്കും മനസിലാകും അതുപോലെ മറ്റുള്ളവർക്ക് ഓർത്തിരിക്കാനും എളുപ്പമാണ്.

കുട്ടിപ്പോരാളികളുടെ കൂട്ടത്തിലെ ബഹളക്കാരൻ ഇപ്പുവാണെന്നു കേട്ടല്ലോ? ശരിയാണോ ?

(നിർത്താതെ ചിരിക്കുന്നു ). ഏയ് അങ്ങനെ ഒന്നുമില്ല. ഞങ്ങളെല്ലാവരും നല്ല കൂട്ടാണ്. അതുകൊണ്ടു ഷൂട്ടിങ് സെറ്റിൽ എല്ലാവരും തന്നെ അത്യാവശ്യം ബഹളങ്ങൾ ഉണ്ടാക്കാറുണ്ട്.

'കുട്ടികളോടാണോ കളി?' യുടെ വേദിയിൽ ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്ന പ്രഗത്ഭരായ വ്യക്തികൾ ആരെല്ലാം?

(ഒരു ചെറിയ ആലോചനയ്ക്കു ശേഷം). ജി. എസ്‌. പ്രദീപുമായും രാഹുൽ ഈശ്വറുമായും മത്സരിക്കണം എന്നാണ് എന്റെ ആഗ്രഹം. അതുനടന്നാൽ സന്തോഷം.

എന്താണു ഭാവി സ്വപ്നം ?

എനിക്ക് ഒരു ജേർണലിസ്റ്റ് ആകണം എന്നാണ് ആഗ്രഹം. ആദ്യം ഒരു റിപ്പോർട്ടർ എന്ന നിലയിൽ തുടങ്ങി അതിൽ വിജയിച്ചതിനു ശേഷം ന്യൂസ് റീഡർ ആകാനാണ് എന്റെ പ്ലാൻ.

'കുട്ടികളോടാണോ കളി ?' ഇനി മുതൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ.

Your Rating: