Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യമായിട്ടാണ് ഒരാളെ തല്ലുന്നത്, ഇത്തിരി കൂടിപ്പോയെന്നു മനസിലായത് കൈത്തലം കണ്ടപ്പോൾ !

Tanvi സീരിയലിലേക്കു വഴി തുറന്നപ്പോള്‍ പതിനെട്ടാം വയസ്സില്‍ സ്വന്തമാക്കിയ എയര്‍ലൈന്‍സിലെ ജോലിയാണ് തന്‍‍വി വേണ്ടെന്നുവച്ചത്.

സീരിയലിലും സിനിമയിലും അഭിനയിക്കാനുള്ള മോഹം കലശലായപ്പോള്‍ ജോലിവരെ ഉപേക്ഷിക്കാന്‍ തയാറായ ഒരു കലാകാരി – കാസര്‍കോട് ബേഡടുക്ക‍ക്കാരി തന്‍‍വി. സീരിയലിലേക്കു വഴി തുറന്നപ്പോള്‍ പതിനെട്ടാം വയസ്സില്‍ സ്വന്തമാക്കിയ എയര്‍ലൈന്‍സിലെ ജോലിയാണ് തന്‍‍വി വേണ്ടെന്നുവച്ചത്. ‘മൂന്നുമണി’യില്‍നിന്നു സ്വപ്നങ്ങളുടെ വര്‍ണക്കുടയും ചൂടി ‘രാത്രിമഴ’യിലേക്കിറങ്ങിയ പെണ്‍കുട്ടി ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകാം, താനെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്. ഈ രംഗത്തു തുടക്ക‍ക്കാരിയാണെങ്കിലും ഇരുത്തം വന്ന അഭിനയമികവോടെ നടി നേടിയെടുത്തത് കുടുംബപ്രേക്ഷകരുടെ കയ്യടി!

സ്കൂള്‍ പഠനകാലത്തു സിനിമാജ്വരം ആവേശിച്ചതാണ് ഈ കലാകാരിയെ. ക്ലാസ് കട്ട് ചെയ്തു കൂട്ടുകാരികളോടൊപ്പം സിനിമ കാണാന്‍ പോയ നാളുകള്‍. വീട്ടില്‍ വന്നാല്‍ കണ്ണാടിക്കു മുന്നില്‍ നടിമാരെ അനുകരിച്ചുള്ള ആവേശപ്രകടനം. എന്തായാലും കുഞ്ഞുന്നാളിലെ ആ മനസ്സു മുഴുവന്‍ അഭിനയമോഹമായിരുന്നു. കാലക്രമേണ ഡാന്‍സിലും പാട്ടിലും നാടകങ്ങളിലും മോഡലിങ്ങിലും തന്‍‍വി തിളങ്ങി. അവതാരക എന്ന നിലയ്ക്കും ശ്രദ്ധിക്കപ്പെട്ടു. പ്ലസ് ടു പഠനം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ജോലികിട്ടി. തിരുവനന്തപുരം ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിട്ടായിരുന്നു നിയമനം. മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷമാണു തന്‍‍വി ജോലി രാജിവച്ചത്.

Tanvi കരയുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലാത്ത കലാകാരിയാണു തന്‍‍വി. എപ്പോഴും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളോടാണ് ഇഷ്ടക്കൂടുതല്‍.

‘മൂന്നുമണി’യിലെ അരുന്ധതി എന്ന കഥാപാത്രത്തെ ഉജ്വലമാക്കാന്‍ ഈ കലാകാരിക്കു സാധിച്ചു. എന്നാല്‍ അരുന്ധതിയില്‍നിന്നു രേവതിയിലേക്കുള്ള കൂടുമാറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതേക്കുറിച്ച് തന്‍‍വി: ‘അച്ഛനോടു മാത്രം ഇഷ്ടമുള്ള കഥാപാത്രമാണു രേവതി. കുശുമ്പും കുന്നായ്മയുമാണു െെകമുതല്‍. അച്ഛനു മുന്‍പില്‍ പെരുംനുണയുടെ കെട്ടഴിച്ച് നിരപരാധിയായ അര്‍ച്ചനയെ പീഡിപ്പിക്കുന്നതാണു ഹോബി. ഒരു വില്ലത്തിയാണെങ്കിലും എന്റെ അഭിനയം മോശമായിട്ടില്ല എന്നാണു കുടുംബപ്രേക്ഷകരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞദിവസം അര്‍ച്ചനയെ ഞാന്‍ തല്ലുന്ന സീന്‍ ചിത്രീകരിച്ചു. അഭിനയത്തിനിടയില്‍ എന്റെ അടിയുടെ ശക്തി അറിഞ്ഞതേയില്ല. സീന്‍ കഴിഞ്ഞപ്പോഴാണു ഞാനെന്റെ കയ്യിലേക്കു നോക്കിയത് കൈവെള്ള ചുവന്നുതുടുത്തിരിക്കുന്നു.

അര്‍ച്ചനയായി അഭിനയിക്കുന്ന ശ്രീകലച്ചേച്ചിയെ ഞാന്‍ നോക്കി. പാവം ചിരിക്കുകയാണോ, കരയുകയാണോ? ഇതാദ്യമായാണ് ഒരാളെ തല്ലുന്ന സീനില്‍ ഞാന്‍ അഭിനയിക്കുന്നത്. ശ്രീകലച്ചേച്ചി ഒരു പാവമാണ്, അര്‍ച്ചനയെപ്പോലെ. സീരിയലില്‍ ഞാന്‍ ചേച്ചിയുടെ ശത്രുവാണെങ്കിലും ഷൂട്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ കൂട്ടുകാരികളാണ്.’ കരയുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലാത്ത കലാകാരിയാണു തന്‍‍വി. എപ്പോഴും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളോടാണ് ഇഷ്ടക്കൂടുതല്‍. ചിരിസിനിമകേളാടും പണ്ടുമുതലേ ഇഷ്ടമാണ്. കിലുക്കം, വന്ദനം തുടങ്ങിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ കാണും. ഇതിനിടയില്‍ ഒരു സിനിമയിലും തന്‍‍വി അഭിനയിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന ‘ലൈഫ് ഡയറി‘യില്‍.

Tanvi അഞ്ചുവര്‍ഷം മുന്‍പുവരെ തന്‍‍വിയുടെ പേര് സുരഭി എന്നായിരുന്നു. ന്യൂമറോളജിയനുസരിച്ച് യഥാര്‍ഥ പേരു മാറ്റി തന്‍‍വി എന്നാക്കിയതാണ്.

ഷാര്‍ജയില്‍ ജോലിയുള്ള മൊട്ടമ്മല്‍ രവീന്ദ്രന്റെയും സാവിത്രിയുടെയും മൂത്തമകളാണ് ഈ കലാകാരി. ഒരനുജത്തിയും അനുജനുമുണ്ട്. അനുജത്തി അശ്വനി ഫാഷന്‍ ഡിസൈനിങ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ തിരുവനന്തപുരത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ജോലിചെയ്യുന്നു. അനുജന്‍ ശ്രേയസ് കൃഷ്ണ ഏഴില്‍ പഠിക്കുന്നു.

അമ്മയാണു തന്‍‍വിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നത്. തന്‍‍വി പറയുന്നത് അമ്മ തനിക്കു കൂട്ടുകാരിയെപ്പോലെയാണെന്നാണ്. ജീവിതത്തില്‍ കിട്ടിയ എല്ലാ പ്രണയലേഖനങ്ങളും തന്‍‍വി ആദ്യം കാണിക്കുന്നത് അമ്മയെയാണ്. ഇപ്പോള്‍ മറ്റൊരമ്മയെക്കൂടി തന്‍‍വിക്കു കിട്ടിയിരിക്കുന്നു. ‘രാത്രിമഴ’യിലെ അമ്മ ശ്യാമള, തന്‍‍വിക്കു സ്വന്തം അമ്മയെപ്പോലെയാണ്. ഇനി ഒരു രഹസ്യം : അഞ്ചുവര്‍ഷം മുന്‍പുവരെ തന്‍‍വിയുടെ പേര് സുരഭി എന്നായിരുന്നു. ന്യൂമറോളജിയനുസരിച്ച് യഥാര്‍ഥ പേരു മാറ്റി തന്‍‍വി എന്നാക്കിയതാണ്. ‘എന്താ, തന്‍‍വി ഒരു കിടിലന്‍ പേരല്ലേ...?’

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.