Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം മാറ്റിമറിച്ചത് മോഹൻലാലിനൊപ്പമുള്ള ആ മൂന്നു മിനിറ്റ്!

SINI PRASAD സിനി

മൂന്നു മിനിറ്റിന്റെ ഒരൊറ്റ സീൻ. മോഹൻലാലുമൊത്തുള്ള കോംബിനേഷൻ രംഗം –  ബ്ലെസ്സിയുടെ ‘ഭ്രമര’ത്തിലേക്കു നടി സിനി പ്രസാദിനു വിളി വന്നത് അങ്ങനെയായിരുന്നു. ബ്ലെസ്സിയെന്നും മോഹൻലാലെന്നും കേട്ടപ്പോഴേ താരം ഞെട്ടി. ‘ഞാൻ ചെയ്താൽ ശരിയാകുമോ... വെറുതെ അവിടെ വന്നു നാണംകെടണോ?’ അസോസിയേറ്റ് ഡയറക്ടർ ഹരീഷിനോടു സിനി സ്വന്തം ആശങ്ക വിനീത സ്വരത്തിൽ അറിയിച്ചു. ഏതായാലും ഫോട്ടോ അയയ്ക്കൂ എന്നായിരുന്നു മറുപടി. ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും വിളി. സംവിധായകൻ നേരിൽ കാണാൻ ആവശ്യപ്പെടുന്നു. സിനി ഈശ്വരന്മാരെ വിളിച്ചു. പിന്നെ, മടിച്ചു മടിച്ച് സംവിധായകൻ ബ്ലെസ്സിയുടെ അടുത്തേക്ക്. 

ആണുങ്ങളെ വളച്ചു വലയിലാക്കുന്ന പൊള്ളാച്ചിക്കാരിയുടെ വേഷമാണ് സിനി ചെയ്യേണ്ടത്.. നായകന്‍ അവളെ ഒാട്ടോറിക്ഷയിൽനിന്നു തള്ളിയിടുന്നതാണ് രംഗം.  മൂന്നു മിനിറ്റിൽ തീരും ഈ സീൻ. എന്താ, ചെയ്യാമോ? എങ്ങനെയോ കിട്ടിയ ഊർജത്തിന്റെ ബലത്തിൽ സിനി പെട്ടെന്ന് പറഞ്ഞു: ‘ചെയ്യാം സാർ.’

SINI സിനി

‘‘ചിത്രീകരണത്തിനിടയിൽ ലാലേട്ടൻ എന്നെ ഒാട്ടോറിക്ഷയിൽനിന്നു തള്ളി താഴെയിട്ടു. ടേക്ക് ഒറ്റയടിക്ക് ഒാകെയായി. ഒാട്ടോയിൽ നിന്നിറങ്ങിയ ലാലേട്ടൻ ആദ്യം ചോദിച്ചത് ഒന്നും പറ്റിയില്ലല്ലോ എന്നായിരുന്നു. പിന്നെ പറഞ്ഞു, സിനി കഴിവുള്ള ആർട്ടിസ്റ്റാണ്. നന്നായി അഭിനയിച്ചു. ലാലേട്ടന്റെ വാക്കുകൾ അവാർഡ് കിട്ടിയതുപോലെയായിരിന്നു എനിക്ക്. ഒരൊറ്റ സീനേ ഉള്ളുവെങ്കിലും അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇതിൽ അഭിനയിക്കാൻ പോയില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിൽ അതൊരു തീരാനഷ്ടമായി മാറുമായിരുന്നു. 

ഭ്രമരത്തിനുശേഷം ഏയ്ഞ്ചൽ ജോൺ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി.’’

‘അടുക്കളപ്പുറം’ എന്ന ടിവി പരിപാടിയിലൂടെയാണ് സിനി പ്രസാദ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. അഞ്ചു പെൺകുട്ടികൾ പങ്കെടുത്ത ഈ ആക്ഷേപഹാസ്യ പരിപാടിയിൽ ൈമന എന്ന കഥാപാത്രമായി സിനി വേറിട്ട അഭിനയ‌ൈശലിയാണു കാഴ്ചവച്ചത്. 

 സീരിയലിലും സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ കലാകാരിയുടെ ആദ്യ തട്ടകം നാടകവേദികളായിരുന്നു. അഞ്ചു വർഷത്തെ നാടകാഭിനയത്തിനു ശേഷമാണു സിനി പ്രസാദ് ക്യാമറയുടെ മുന്നിലെത്തുന്നത്. കെപിഎസി, ചങ്ങനാശ്ശേരി ഗീഥ, കായംകുളം സംസ്കാര, തിരുവനന്തപുരം സചേതന എന്നീ ട്രൂപ്പുകളുടെ നാടകങ്ങളിൽ സിനി ശ്രദ്ധാർഹമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘എന്റെ സൗപർണിക’ ആയിരുന്നു ആദ്യ നാടകം. ഇത് 150 സ്‌റ്റേജുകളിൽ അരങ്ങേറി. 

ഇപ്പോൾ സീരിയൽ രംഗത്തു സജീവമായ സിനി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ്. നല്ല വീട്ടമ്മയായും പകയുള്ള വില്ലത്തിയായും  സഹോദരിയായുമൊക്കെ ഇതിനകം മിന്നുന്ന പ്രകടനമാണു സിനി കാഴ്ചവച്ചത്. മഴവിൽ മനോരമയിലെ ‘ആത്മസഖി’ സിനിയുടെ നടനമികവ് തെളിയിക്കുന്ന സീരിയലാണ്. പണത്തിനോടു ആർത്തിയുള്ള ഭർത്താവിന്റെയും തരികിടക്കാരനായ മകന്റെയും ഇടയ്ക്കുനിന്ന് അഗ്നിപരീക്ഷണങ്ങളെ നേരിടുന്ന അമ്മയെ സിനി ഉജ്വലമാക്കി. അതുപോലെ ‘രാത്രിമഴ’യിലെ കള്ളു കാർത്ത്യായനിയും സിനിയുടെ അഭിനയ‌ചാതുര്യംകൊണ്ടു തകർത്തുവാരി. 

എട്ടു സുന്ദരികളും ഞാനും, വാസ്തവം, മിന്നുക്കെട്ട്, നിലവിളക്ക്, മൂന്നുമണി തുടങ്ങിയ സീരിയലുകളിലും സിനി അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. കറുത്തപക്ഷികൾ, ചക്കരമുത്ത് എന്നിവയാണു സിനി അഭിനയിച്ച മറ്റു സിനിമകൾ. 

പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിലാണു സിനി ജനിച്ചു വളർന്നത്. ബിസിനസ്സുകാരനായ സിദ്ധാർഥന്റെയും രാജമ്മയുടെയും മകളാണ്. സ്കൂൾ പഠനക്കാലത്തു ഡാൻസിലും നാടകങ്ങളിലും തിളങ്ങിനിന്ന കലാകാരിയാണു സിനി പ്രസാദ്. നടനും ചിത്രകാരനുമായ ‌രതിപ്രസാദാണു ഭർത്താവ്. രണ്ടു ആൺമക്കൾ. കലേഷും കല്യാണും. പ്ലസ് ടു കഴിഞ്ഞ് ആനിമേഷൻ കോഴ്സിനു ചേർന്ന കല്യാൺ ഒരു കലാകാരൻ കൂടിയാണ്. ‘ബാലഗണപതി’ സീരിയലിൽ മക്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കല്യാൺ സ്വന്തം കഴിവു തെളിയിച്ചുക്കഴിഞ്ഞു. ഇപ്പോഴും ഒാഫറുകൾ വരുന്നുണ്ട്.

അഭിനയജീവിതത്തിനിടയിൽ മനസ്സിനു നൊമ്പരമുണ്ടാക്കിയ അനുഭവങ്ങള്‍ സിനി മറച്ചുവച്ചില്ല. ആരംഭകാലത്തു സീനിയർ ആർട്ടിസ്റ്റുകളിൽനിന്നുള്ള അവഗണനയും കുത്തുവാക്കുകളും മനസ്സിനെ മുറിവേൽപിച്ചിരുന്നു. അന്ന് ആരും കാണാതെ പൊട്ടിക്കരഞ്ഞ ദിവസങ്ങൾ ഇന്നും സിനിയുടെ ഒാർമയിലുണ്ട്. കലയോടുള്ള ആരാധനയും സാമ്പത്തികപ്രശ്നങ്ങളുമാണ് എല്ലാം സഹിച്ച് ഈ രംഗത്തു തുടരാൻ കാരണമായതെന്നു സിനിയുടെ വെളിപ്പെടുത്തൽ.