Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കെന്റെ സാഷ മതി, സിനിമ വേണ്ട

Zaira Shaan സൈറ ഷാൻ

ഈണങ്ങളോടു കൂട്ടുകൂടിയ ഭർത്താവ്... ഊണിലും ഉറക്കത്തിലുമെല്ലാം സംഗീതവും കൊണ്ടുനടക്കുന്ന ആ യുവ സംവിധായകന്റെ പത്നിയ്ക്കു പ്രണയം നിറങ്ങളോടായിരുന്നു. കുട്ടിക്കാലത്ത് വർണങ്ങളും ഡിസൈനുകളുമൊക്കെ ഒരു കൗതുകമായിരുന്നു. പിന്നീടെപ്പോഴോ വിവാഹം കഴിഞ്ഞ് കുടുംബിനിയായി കഴിയവേ പഴയ സ്വപ്നങ്ങളെ വീണ്ടും പൊടിതട്ടിയെടുത്തു. അങ്ങനെ ഡിസൈനിങ് ലോകത്തു പുതുപുത്തൻ മാറ്റങ്ങളുമായി അവൾ വന്നെത്തി... സംഗീത സംവിധായകൻ നമുക്കെല്ലാം സുപരിചിതനായ ഷാൻ‍ റഹ്മാനും ആ ഫാഷൻ പ്രേമി അദ്ദേഹത്തിന്റെ പ്രിയപത്നി സൈറ ഷാനുമാണ്. പരമ്പരാഗത മുസ്ലിം വസ്ത്രങ്ങളായ പര്‍ദ്ദയുടെയും അബയാസിന്റെയും ലോകത്തേയ്ക്കാണ് സൈറ തന്റെ ഡിസൈനിങ് ആഗ്രഹവുമായി കടന്നെത്തിയത്. ഇപ്പോഴിതാ സാഷാ എന്ന പേരിൽ ഒരു ബ്രാൻഡും , ഏപ്രിൽ രണ്ടിന് സാഷയുടെ പ്രദർശനവും വിൽപനയും നടക്കുകയാണ്. ഫാഷനെക്കുറിച്ചും ഷാനിനെയും കുടുംബത്തെയും കുറിച്ചുമെല്ലാം മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സൈറ ഷാൻ.

Zaira Shaan സൈറ ഷാൻ

ഞാൻ പണ്ടേ ഫാഷൻ പ്രേമി

നിറങ്ങളോടുള്ള എന്റെ പ്രണയം ഇന്നോ ഇന്നലെയോ ഉള്ളതല്ല. കുട്ടിക്കാലം മുതൽക്കേ ഭംഗിയുള്ള വസ്ത്രങ്ങൾ കണ്ടാൽ ശ്രദ്ധിക്കുമായിരുന്നു. കല്ല്യാണം കഴിഞ്ഞ സമയത്തും വെറുതെ ഇരിയ്ക്കരുതെന്നുണ്ടായിരുന്നു. കുട്ടിയുണ്ടായതിന് ശേഷം അവന്റെ പിന്നാലെ നടന്ന് ഒന്നിനും സമയമില്ലെന്ന അവസ്ഥയായി. അവൻ ഒന്നു വലുതായപ്പോഴാണ് എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണമെന്നു തോന്നിത്തുടങ്ങിയത്. പിന്നൊന്നും നോക്കിയില്ല ഫാഷൻ ഡിസൈനേഴ്സ് ആയ സുഹൃത്തുക്കളുടെ കൂടി നിർദ്ദേശങ്ങൾ കണക്കിലെടുത്ത് സാഷയ്ക്കു തുടക്കമിടാൻ തീരുമാനിച്ചു. സാഷയ്ക്കു പിന്നിൽ എന്റെ ഒത്തിരി സുഹൃത്തുക്കളുടെയും പ്രയത്നമുണ്ട്. ഓരോരുത്തരും ഞാനീ ആശയത്തെക്കുറിച്ചു പറഞ്ഞവരെല്ലാം എനിക്ക് ഓരോരോ പാഠങ്ങൾ തന്നിട്ടുണ്ട്.

ചുമ്മാ പറയുവല്ല സാഷ വെറൈറ്റിയാണ്

പെട്ടെന്നൊരു സുപ്രഭാതത്തിൽ അല്ല സാഷ തുടങ്ങാൻ തീരുമാനിക്കുന്നത്. ഞാൻ പർദ്ദകളും അബയാസും വളരെയധികം ഇഷ്ടപ്പെടുന്നയാളാണ്. പക്ഷേ ഇടുന്നവയിൽ പലതും എനിക്കു മടുത്തു തുടങ്ങി ഒന്നിലും വ്യത്യസ്തത കാണുന്നില്ല. അങ്ങനെയാണ് സ്വന്തമായി ഡിസൈൻ ചെയ്ത് ഒരു ബ്രാൻഡ് തുടങ്ങിയാൽ എന്താണെന്ന് ആലോചിയ്ക്കുന്നത്. എന്നെപ്പോലെ പലരും ആഗ്രഹിക്കുന്നുണ്ടാവില്ലേ. പിന്നെ ബ്രാൻഡിനു നല്ലൊരു പേരു കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഒത്തിരിയൊന്നും ആലോചിക്കേണ്ടി വന്നില്ല, എന്റെയും ഇക്കയുടെയും പേരുകൾ വച്ച് അതും റെഡിയാക്കി. പേരിലെ വെറൈറ്റി സാഷയുടെ ഡിസൈനിലുമുണ്ട്. മെറ്റീരിയലിൽ മാത്രമല്ല ക്വാളിറ്റിയിലും മറ്റുള്ളവയേക്കാൾ മികച്ചു നിൽക്കുന്നതാണ് സാഷ. ഡിസൈൻ കാണിച്ചു കൊടുക്കുന്ന ഉത്തരവാദിത്തമേ എനിക്കുള്ളു. ബാക്കിയെല്ലാം ചെയ്യാൻ ജോലിക്കാരുണ്ട്. ഫാഷൻ ഡിസൈനിങ് നേരത്തെ പഠിച്ചിട്ടുമില്ല , ഇതെല്ലാം ഉള്ളില്‍ കിടക്കുന്ന ആഗ്രഹങ്ങളെ പൊടിതട്ടിയെടുക്കുന്നു എന്നുമാത്രം.

Zaira Shaan സാഷയിലെ വസ്ത്രങ്ങൾ

ഇക്ക, എന്നും സപ്പോർട്ട്!

എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്, ഭര്‍ത്താവിന്റെ പിന്തുണ പറഞ്ഞറിയിക്കാൻ പറ്റില്ല എന്നൊക്കെ, എന്റെ കാര്യത്തിൽ അത് അങ്ങേ അറ്റമാണ്. ഞാൻ എന്തൊക്കെ ആഗ്രഹിച്ചിട്ടുണ്ടോ അതിനൊന്നും ഒരിക്കലും ഇക്ക എതിരു നിന്നിട്ടില്ല. എന്റെ ഓർമയിൽ ഇന്നേവരെ അദ്ദേഹം എന്നോടു നോ എന്ന വാക്കു പറഞ്ഞി‌ട്ടില്ല. ഇനി എന്നെങ്കിലും നോ പറഞ്ഞാൽ ഒരുപക്ഷേ അതെനിക്ക് വലിയ ഷോക്ക് ആകും (ചിരി). സാഷയെക്കുറിച്ചു പറഞ്ഞപ്പോഴും ധൈര്യത്തോടെ മുന്നോട്ടു പോകാനാണു പറഞ്ഞത്. പണത്തിന്റെ കാര്യത്തിലായാലും മാനസിക പിന്തുണയുടെ കാര്യത്തിലായാലും ഇക്കയിൽ നിന്നും എനിക്കതെല്ലാം വേണ്ടുവോളം കിട്ടുന്നുണ്ട്.

സംഗീതം ഫാഷൻ നോ ഫൈറ്റ്

ഫാഷനും സംഗീതവും രണ്ടു തലത്തിൽ നിൽക്കുന്നവയാണെന്നു നന്നായിട്ടറിയാം പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഇക്കയുടെ തിരക്കുകളിലേക്ക് ഞാനും എന്റെ ലോകത്തേക്ക് ഇക്കയും അനാവശ്യമായി ഇടപെടാറില്ല. പിന്നെ രണ്ട‌ുപേരും നിർദ്ദേശങ്ങളൊക്കെ നൽകാറുണ്ട് കേട്ടോ. സംഗീത സംവിധാനം ചെയ്യുന്ന സമയങ്ങളിൽ ചിലപ്പോൾ രാത്രി മുതൽ പുലർച്ചെ വരെ ഇക്ക വീടിനു താഴെയുള്ള സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നുണ്ടാവും. ഞങ്ങളെ ബുദ്ധിമുട്ടികാതിരിക്കാൻ ഹെഡ്സെറ്റ് ഉപയോഗിച്ചാണ് അദദ്ദേഹത്തിന്റെ വർക്കുകൾ.

Zaira Shaan സൈറ, മകൻ റയാൻ, ഭർത്താവ് ഷാൻ റഹ്മാൻ

പാട്ടിൽ പുലി ഫാഷനിൽ എലി

ഭർത്താവാണെന്നു പറഞ്ഞിട്ടു കാര്യമില്ല ഫാഷൻറെ കാര്യത്തിൽ ഇക്ക വളരെ പുറകിലാണ്. കൗമാരകാലത്തെ ഹെയർസ്റ്റൈൽ ആണിപ്പോഴും അതുപോലും മാറ്റാൻ സമയം കിട്ടിയിട്ടില്ലെന്നു ഞാൻ പറയാറുണ്ട്. ഇക്ക എണ്‍പതുകളുടെ സ്റ്റൈലിൽ നിന്നും ഇതുവരെയും മുന്നോട്ടു വന്നിട്ടില്ലെന്നൊക്കെ പറഞ്ഞു കളിയാക്കിയാലും കക്ഷിക്ക് അതൊരു പ്രശ്നമല്ല. പിന്നെ ചിലരില്ലേ കാര്യമായി മേക്ഓവർ ഒന്നും ചെയ്തില്ലെങ്കിലും ഫാഷനബിൾ ആയിതന്നെ തോന്നും, അതുപോലെയാണ് അദ്ദേഹം. വിവാഹം കഴി‍ഞ്ഞതിനു ശേഷം അദ്ദേഹത്തിനു വേണ്ടിയുള്ള ഷോപ്പിങ് ഒക്കെ ചെയ്യാറുള്ളത് ഞാൻ തന്നെയാണ്. ഒന്നിലും വലിയ നിർബന്ധബുദ്ധിയില്ല , അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

കോഴിക്കോട്ടുകാരോട് ഏറെയിഷ്ടം

ജനിച്ചു വളർന്നത് കൊച്ചി പോലൊരു വലിയ നഗരത്തിലാണെങ്കിലും ഞാനിന്ന് കോഴിക്കോടിന്റെ മരുമകളാണ്, അല്ല മകൾ തന്നെയാണ്. അത്രത്തോളം ഇഷ്ടമുണ്ട് വടക്കൻ കേരളത്തിലെ ഈ നാടിനോട്. എന്നോടു സംസാരിക്കുന്നവർ ഞാൻ കുറച്ചു വായാടിയാണെന്നു പറയുമെങ്കിലും ഏകാന്തത ഒത്തിരി ഇഷ്ടപ്പെടുന്നയാളാണു ഞാൻ. പുസ്തകങ്ങൾ വായിക്കാനും എന്റെ ഇഷ്ടങ്ങളറിഞ്ഞു ജീവിക്കാനുമൊക്കെ കൊച്ചിയേക്കാൾ കുറച്ചുകൂടി കംഫർട്ടബിള്‍ കോഴിക്കോടു തന്നെയാണ്. ഇവിടുത്തെ ആൾക്കാരെക്കുറിച്ചു പറഞ്ഞാൽ തീരില്ല, അത്രത്തോളം സഹായ മനസ്ഥിതിയും സ്നേവുമാണ് ഇവിടെയുള്ളവർക്ക്. സംഗീത സംവിധാനം തുടങ്ങി ഇത്രകാലമായിട്ടും ഇക്കഴിഞ്ഞ വർഷമാണ് ഇക്ക കൊച്ചിയിലേക്കു മാറിയത്. അങ്ങോട്ടും ഇങ്ങോട്ടും യാത്രകൾ െചയ്തു മടുത്തതു കൊണ്ടാണ്. അടുത്ത വർഷം ഞാനും ഇക്കയോടൊപ്പം പോകും. എന്നും പുറത്തെ ഭക്ഷണം കഴിച്ചു മതിയായെന്നു പറയുന്നുണ്ട്. മോന്റെ പഠിത്തം കാരണമാണ് അദ്ദേഹത്തിനൊപ്പം ഇവിടുന്നു മാറാൻ കഴിയാതിരുന്നത്.

Zaira Shaan സാഷയുടെ പോസ്റ്റർ

ഞാനൊരു പാവം, വലിയ സ്വപ്നങ്ങളൊന്നുമില്ല

സാഷ തുടങ്ങിയെന്നു കരുതി എനിക്കു വലിയ സ്വപ്നങ്ങളൊന്നുമില്ല. പലരും ചോദിച്ചു ഇനി സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലേക്കൊക്കെ ഒരു കൈ നോക്കാമല്ലോയെന്ന്, അതിനും താല്‍പര്യമില്ല. സാഷ എന്ന ബ്രാൻഡ് വേറിട്ടു നിൽക്കണമെന്നേയുള്ളു. ഒരു ഷോപ് ഇടുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചു തുടങ്ങുന്നേയുള്ളു. ലാഭവും ആഗ്രഹിക്കുന്നില്ല പകരം ഇക്കയിൽ നിന്നും മുടക്കിയ പണമെങ്കിലും തിരിച്ചു െകാടുക്കണമെന്നുണ്ട്. ഓരോ തവണ ഞാൻ പണം വേണമെന്നു പറയുമ്പോഴും ഒന്നും ചോദിക്കാതെ തരുന്നയാളല്ലേ. അതു മാത്രമാണ് എന്റെ ആഗ്രഹം.

കഴിവുള്ളവർ അടുക്കളയ്ക്കുള്ളിൽ ഒതുങ്ങരുത്

മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികൾ പ്രത്യേകിച്ചും മലബാറിൽ നിന്നുള്ളവർ കഴിവുകൾ ഉള്ളവരാണെങ്കിലും അതു പ്രകടിപ്പിക്കാൻ അനുവാദമില്ലാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്നവരുണ്ടെന്നു കേട്ടിട്ടുണ്ട്. എന്റെ അനുഭവത്തിൽ അങ്ങനെയുണ്ടായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ നിന്നും പൂർണ പിന്തുണയാണുള്ളത്. ഭർത്താവിനൊപ്പം തന്നെ അദ്ദേഹത്തിന്റെ അമ്മയുടെ പിന്തുണയും എടുത്തു പറയേണ്ടതാണ്. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ഇവരാരും എന്നെ തടഞ്ഞിട്ടില്ല. അങ്ങനെയാണ് എല്ലാ കുടുംബത്തിലും വേണ്ടത്. ജയിലിട്ടതുപോലെ വീട്ടുകാര്യങ്ങൾ മാത്രം നോക്കി ഇരിക്കാൻ ആരെയും നിർബന്ധിക്കരുത്. ഇനി ഒരു പെൺകുട്ടിയ്ക്കു വീട്ടുകാര്യങ്ങൾ മാത്രം നോക്കിയിരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അങ്ങനെയായിക്കോട്ടെ , എന്നുകരുതി അവളെ അങ്ങനെയെ ചെയ്യാവൂ എന്നു പറഞ്ഞ് നിർബന്ധിക്കരുത്. പിന്നെ ഇന്നു സമൂഹം ഒത്തിരി പുരോഗമിച്ചില്ലേ ഇത്തരം സാഹചര്യങ്ങൾക്കൊക്കെ മാറ്റം വന്നിട്ടുണ്ടെന്നാണു തോന്നുന്നത്.

Zaira Shaan സൈറ ഷാൻ മകൻ റയാനൊപ്പം

കുടുംബമാണ് എല്ലാം

കുടുംബത്തിന്റെ സ്നേഹവും കരുതലും പിന്തുണയുമൊന്നുമില്ലെങ്കിൽ എന്റെ സ്വപ്നം നടക്കുമായിരുന്നില്ല. എന്റെ വീട് കലൂരാണ് അവിടെ സഹോദരൻ സഹോദരി അമ്മ. ഭർത്താവിന്റെ വീട്ടിൽ സഹോദരൻ സഹോദരി അവരുടെ കുടുംബം പിന്നെ ഞാൻ എന്റെ ഭർത്താവ് ഞങ്ങളുടെ മകൻ റയാൻ ഷാൻ. അവന്‍ ഇപ്പോൾ എൽകെജിയിലാണ്. ഇവിടെ എപ്പോഴും ബഹളമയമാണ്. ഞാനതു വളരെയധികം ആസ്വദിക്കുന്നുണ്ട്.