Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ഭീകരർക്കു നേരെ ‘ഫാഷൻ അറ്റാക്ക്’

fashion-attack

വാളെടുത്തു വീശല്ലേ ഞാനത് മുരിക്കിൻ പൂവാക്കും.... എന്ന് പണ്ടാരോ പാടിയതിന്റെ ലൈനിലാണ് ഇറാഖിൽ നിന്നൊരു വാർത്ത. മനുഷ്യരെ കഴുത്തറുത്തും വെടിവച്ചും വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ ഐഎസ് എന്ന ഭീകരസംഘടനയ്ക്കു നേരെ ഒരുഗ്രൻ ഫാഷൻ അമ്പെയ്തിരിക്കുകയാണ് ഒരു വനിതാഫാഷൻ ഡിസൈനർ. അതും ഇറാഖിസേനയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട്.

fashion-attack-2

ബാഗ്ദാദിലെ ഹണ്ടിങ് ക്ലബിൽ നടന്ന ഫാഷൻ ഷോയിലാണ് ഇറാഖ് പട്ടാളത്തിന്റെ വേഷത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട വസ്ത്രങ്ങളുമായി വഫ അൽ–ഷത്താർ എന്ന ഡിസൈനർ കയ്യടി നേടിയത്. ഐഎസിനെതിരെ പോരാടുന്ന തങ്ങളുടെ പട്ടാളത്തിനുള്ള പിന്തുണ കൂടിയാണ് ഇതിലൂടെ പ്രഖ്യാപിച്ചതെന്നും വഫ വ്യക്തമാക്കുന്നു. പുതുപുത്തൻ ഡിസൈനുകളിലൂടെ ഇറാഖിന്റെ ഫാഷൻ ലോകം ഒരുവിധത്തിൽ ക്ലച്ചുപിടിച്ചു വരുന്നതിനിടെയായിരുന്നു ഐഎസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം ആരംഭിച്ചത്. അതോടെ ഫാഷൻ മേഖലയുടെ നിറമാകെ മങ്ങിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഫാഷനും രാജ്യത്തിനും ഒരേവേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വഫയുടെ വരവ്.

fashion-attack-1

‌മോഡേൺ, ബാഗ്ദാദി, കുർദിഷ്, ഹിസ്റ്റോറിക് ആൻഡ് ഫോക്‌ലോർ എന്നീ കലക്‌ഷനുകൾക്കൊപ്പമായിരുന്നു പട്ടാളത്തിന് പിന്തുണയർപ്പിച്ചുള്ള വസ്ത്രങ്ങളും വഫ റാംപിലെത്തിച്ചത്. പട്ടാളവസ്ത്രത്തെ അനുസ്മരിപ്പിക്കുന്ന ഡിസൈനുകളുമായി മോഡലുകൾ റാംപിലൂടെ നീങ്ങിയപ്പോൾ കയ്യടികളോടെയായിരുന്നു കാഴ്ചക്കാർ സ്വീകരിച്ചത്. ഇറാഖി സൈനികരുടെ മാത്രമല്ല രാജ്യത്തെ ചെറുപ്പക്കാരുടെ ആത്മവിശ്വാസവും ഇതുവഴി കൂട്ടുകയാണ് തന്റെ ലക്ഷ്യമെന്നും വഫ പറയുന്നു.

fashion-attack-3

സൈനികവേഷത്തിനൊപ്പം പുരുഷ മോഡലുകളെല്ലാം പോരാട്ടത്തിന്റെ സൂചന നൽകി തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുടെ മാതൃകകളും അണിഞ്ഞിരുന്നു. മിലിറ്ററി യൂണിഫോമിന്റെ നിറവും ഡിസൈനുകളും ചേർന്ന വസ്ത്രങ്ങളായിരുന്നു വനിതാമോഡലുകൾക്കായി തയാറാക്കിയത്. ഇറാഖിന്റെ നിർണായക പ്രദേശങ്ങളെല്ലാം കയ്യടക്കി ഐഎസ് മുന്നേറുന്നതിനിടെയാണ് വഫായുടെ ഈ ധീരമായ നീക്കം.

Fashion Attack

നേരത്തെയും വ്യത്യസ്തങ്ങളായ ഡിസൈനുകളൊരുക്കി ഫാഷൻ ലോകത്ത് ശ്രദ്ധേയയാണ് ഇവർ. നിലവിൽ ലോക ഫാഷൻ ഭൂപടത്തിൽ നിന്ന് ഏകദേശം തുടച്ചുമാറ്റപ്പെട്ട നിലയിലാണ് ഇറാഖ്. വ്യത്യസ്തങ്ങളായ ആശയങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ ഇറാഖിലെത്തിക്കാനും കൂടിയാണ് ഇവിടത്തെ ഫാഷൻ ഡിസൈനർമാരുടെ ശ്രമം.

fashion attack