Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സബ്യസാചിയുടെ ഡിസൈനിൽ റാംപിൽ അതിസുന്ദരിയായി കരീന

Kareena Kapoor

തുന്നൽപ്പണികൾ നിറഞ്ഞ ഒലീവ് പച്ച ലെഹങ്ക, കുർത്തി പാറ്റേൺ ചോളി, ദുപ്പട്ട... സബ്യസാചി മുഖർജി മെനഞ്ഞ വസ്ത്രങ്ങളിൽ ഒറ്റനോട്ടത്തിൽ ഒരു രാജകീയവധുവിനെ ഓർമിപ്പിച്ചു കരീന കപൂർ ഖാൻ. ലാക്മേ ഫാഷൻ വീക്കിലെ റാംപിൽ കരീന ചുവടുവച്ചത് നിറവയറോടെയായിരുന്നു. താനും കുഞ്ഞും ആദ്യമായി ഒരു റാംപില്‍ ഒന്നിച്ചു ചുവടുവയ്ക്കുന്ന ഈ നിമിഷം അവിസ്മരണീയമാണെന്നു കരീന പറഞ്ഞു. ഇതോടെ നിറവയറുമായി റാംപിൽ ചുവടുവെക്കുന്ന ആദ്യ ബോളിവുഡ് നടി എന്ന ബഹുമതിയും കരീനയ്ക്കു സ്വന്തം.

Kareena Kapoor

പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ അതിസുന്ദരിയായാണ് കരീന റാംപിൽ പതിയെ നടന്നത്. ഇന്ത്യൻ എംബ്രോയ്ഡറി വർക്കിനൊപ്പം വെസ്റ്റേൺ ‌ശൈലി കൂടി കൂട്ടിയിണക്കിയ വസ്ത്രമാണ് സബ്യസാചി കരീനയ്ക്കു വേണ്ടി തയാറാക്കിയത്. ഷിമ്മറി ഡൾ ഗ്രേ ലെഹങ്കയിൽ നറുപുഞ്ചിരിയോടെ ക‌ടന്നുവന്ന കരീനയെ പ്രോത്സാഹിപ്പിക്കാൻ മുൻനിരയിൽത്തന്നെ സഹോദരി കരിഷ്മയും ദീപിക പദുക്കോൺ, ബിപാഷ ബസു തുടങ്ങിയ താരങ്ങളുമുണ്ടായിരുന്നു.

Kareena Kapoor

സബ്യസാചിക്കു വേണ്ടി ചുവടുവയ്ക്കാനായതിന്റെ സന്തോഷവും കരീന പങ്കുവച്ചു. താനിതുവരെ സബ്യസാചിക്കൊപ്പം പ്രവർത്തിച്ചിട്ടില്ല. ഈ നിമിഷം വളരെ സ്പെഷലാണ്. ഇതു ചരിത്രത്തിൽ ഇടം നേടുന്ന നിമിഷമാണ്. സബ്യസാചി ഡിസൈനർ മാത്രമല്ല ആർട്ടിസ്റ്റ് കൂടിയാണെന്നും ആ കലാകാരന്‍ മെനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാൻ കഴിഞ്ഞതിനാൽ താൻ ആദരിക്കപ്പെട്ടുവെന്നും കരീന പറഞ്ഞു.

Kareena Kapoor

കുഞ്ഞു ജനിച്ചാൽ അഭിനയത്തോടു വിടപറയുമോ എന്ന ചോദ്യത്തിന് കരീന നല്‍കിയ മറുപടിയും കി‌ടിലനായിരുന്നു. മരണം വരെയും താൻ ജോലി ചെയ്യും. അഭിനയം തന്റെ പാഷനാണ്. പുറത്തേക്കിറങ്ങുമ്പോഴെല്ലാം എങ്ങനെ സുന്ദരിയാകാം എന്നോർത്ത് എനര്‍ജി കളയുന്നതിനപ്പുറം, അഭിനയത്തിനും കഥാപാത്രങ്ങൾക്കുമായിരിക്കും താൻ പ്രാമുഖ്യം നൽകുക. സാധാരണ പെൺകുട്ടികളെപ്പോലെ തന്നെയാണു താനും. സുന്ദരമായ മുഖം എന്ന് അറിയപ്പെടുന്നതിനേക്കാൾ തന്റെ ജോലി മികച്ചതാണ് എന്ന രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹം. ചിലപ്പോൾ വെറും സ്ലിപ്പേഴ്സ് ധരിച്ചു പുറത്തേക്കിറങ്ങാറുണ്ട്. ഫാഷൻ ഐക്കണായി എപ്പോഴും നടക്കാന്‍ പറ്റിയെന്നു വരില്ല.

Kareena Kapoor

ഡിജിറ്റൽ യുഗമാണു നടിമാരെ അവരുടെ ലുക്കിൽ കൂടുതൽ ബോധവതികളാക്കുന്നത്. നൂറോളം ക്യാമറകളാണു പലപ്പോഴും ക്ലിക്ക് ചെയ്യാനായി മുന്നിലേക്കു വരിക. പലരും അനുവാദം പോലും ചോദിക്കില്ല. എല്ലാവരും അവനവന്റെ കമന്റുകളും വാദങ്ങളും ചേർത്ത് അവ ഷെയർ ചെയ്യുന്നു. ഇതാണ് അഭിനേതാക്കളെ എപ്പോഴും സുന്ദരികളും സുന്ദരന്മാരുമായി നടക്കുവാന്‍ നിർബന്ധിതരാക്കുന്നത്.

Kareena Kapoor

വസ്ത്രധാരണം കംഫർട്ടബിൾ ആണോ എന്നതാണു പ്രധാനം. നിങ്ങൾ ധരിക്കുന്നതെന്തായാലും അതു കംഫർട്ടബിൾ ആയിരിക്കണം, അല്ലാത്തപക്ഷം കാഴ്ചക്കാർക്ക് അരോചകമായി തോന്നുമെന്നും കരീന പറഞ്ഞു. അമ്മയാകുന്നതോടെ ക്യാമറക്കണ്ണുകളോടു ഗുഡ്ബൈ പറയുന്നവരുടെ കൂട്ടത്തിൽ താനുണ്ടാകില്ലെന്നു വ്യക്തമാക്കുകയാണു കരീന.

Your Rating: