Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുപ്പിനഴകിൽ കരീന

lakme-fashion

ആവേശത്തിന്റെ അഴകലകളുയർത്തിയ അഞ്ചുനാളുകൾക്കൊടുവിൽ ലാക്മെ ഫാഷൻ വീക്കിന് തിരശ്ശീല. സുന്ദരന്മാരും സുന്ദരികളും തിളക്കമേറ്റിയ റാംപിൽ അവസാനദിവസം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയും സമ്മാനിച്ചെത്തിയത് ബോളിവുഡിന്റെ സ്വപ്നനായിക കരീന കപൂർ. ഫാഷൻ ലോകത്ത് ഒരു ദശാബ്ദം പിന്നിടുന്ന ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഏറ്റവും പുതിയ കലക്‌ഷനുമണിഞ്ഞായിരുന്നു കരീന എത്തിയത്. മുപ്പത്തിനാലുകാരിയായ ഈ ബോളിവുഡ് സുന്ദരി ഇതാദ്യമായാണ് ഗൗരവുമായി റാംപിൽ കൈകോർക്കുന്നത്.

ജെനീലിയ ഡിസൂസ, അദിഥി റാവു ഹൈദരി, ശ്രദ്ധ കപൂർ, ശ്രിയ ശരൺ, ശിൽപ ഷെട്ടി, മലൈക അറോറ, എമി ജാക്സൺ, ഇഷ ഗുപ്ത, അർജുൻ റാംപാൽ, ഉപെൻ പട്ടേൽ, സൂരജ് പഞ്ചോളി തുടങ്ങി ബോളിവുഡിൽ പിച്ചവച്ചുതുടങ്ങിയവരും ഒരുവിധം പിടിച്ചുനിൽക്കുന്നവരുമെല്ലാമായി വലിയൊരു പങ്ക് താരനിര തന്നെ ഓഗസ്റ്റ് 26 മുതൽ ഫാഷൻ വീക്കിന്റെ റാംപിലെത്തിയിരുന്നു. അവർക്കെല്ലാം മേലെയെന്ന പ്രഖ്യാപനവുമായിട്ടായിരുന്നു കരീനയുടെ ‘ക്ലാസിക്’ വരവ്.

kareena

ഓരോ ഇഞ്ചിലും ഡിസൈനറുടെ സ്റ്റൈൽ പതിഞ്ഞ, ഫ്രില്ലുകൾ പതിപ്പിച്ച, ഒഴുകിയിറങ്ങുന്ന കറുത്ത ഗൗണുമണിഞ്ഞായിരുന്നു കരീന റാംപിൽ ചുവടുവച്ചത്. ലാക്മെയുടെ സ്കൾപ്റ്റ് ലൈനുമായി ചേർന്നായിരുന്നു ഗൗരവ് ഈ ഡിസൈനുകളെല്ലാം തയാറാക്കിയത്. അതുകൊണ്ടുതന്നെ ഫിനിഷിങ്ങിന്റെ കാര്യത്തിന്റെ ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഗൗരവിനെപ്പോലുള്ള പുത്തൻ ആശയങ്ങളുമായി വരുന്നവരോടൊപ്പം ഫാഷനിൽ കൈകോർക്കാൻ താൻ ഏറെയിഷ്ടപ്പെടുന്നുവെന്ന് ഷോയ്ക്കു ശേഷം കരീന പറഞ്ഞു. ഫാഷൻലോകം എന്നും പുതുപുത്തനായിരിക്കാൻ ഇതുപോലെ ചിലരെ അത്യാവശ്യമാണെന്നും പറഞ്ഞുകളഞ്ഞു കക്ഷി. ആദ്യമായി ഒരു ഫാഷൻ ഷോയുടെ സമാപനത്തിൽ തന്റെ ഡിസൈനുകൾ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലായിരുന്നു ഗൗരവ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ഡിസൈനുകളൊരുക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ കരീനയെ ആരാധകർ അഭിനന്ദനം കൊണ്ട് മൂടുകയായിരുന്നു. അതിനിടെ ഈ അഭിനന്ദനം മുഴുവൻ ഭർത്താവ് സെയ്ഫിനുള്ളതാണെന്നും കരീന വ്യക്തമാക്കി. ലാക്മെ ഫാഷൻ ഷോയിൽ മുൻകാമുകൻ ഷാഹിദ് കപൂർ ഭാര്യ മീരയുമായെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കരീനയുടെ ഗ്ലാമറസ് വരവ്. അർജുൻ കപൂറിനൊപ്പം കി ആൻഡ് ക എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ കരീന. ഒരു വീട്ടമ്മയുടെ വേഷമാണത്രേ ചിത്രത്തിൽ കരീനയ്ക്ക്. വൈകാതെ പുറത്തിറങ്ങുന്ന ഷാഹിദ് കപൂറും ആലിയ ഭട്ടും മുഖ്യവേഷത്തിലെത്തുന്ന ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷത്തിലുമെത്തുന്നുണ്ട് കരീന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.